പ്രമുഖ തമിഴ് നടന്‍ ആര്‍എസ് ശിവാജി അന്തരിച്ചു

പ്രമുഖ തമിഴ് നടന്‍ ആര്‍എസ് ശിവാജി അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് നടന്‍ ആര്‍എസ് ശിവാജി അന്തരിച്ചു. 66 വയസായിരുന്നു. തിങ്കളാഴ്ച ചെന്നെയില്‍ വച്ചായിരുന്നു അന്ത്യം. നിരവധി തമിഴ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

നടനും നിര്‍മാതാവുമായ എംആര്‍ സന്താനത്തിന്റെ മകനായി 1956ലാണ് ജനനം. 1980കളിലാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ശിവാജി നിരവധി കാരക്റ്റര്‍ റോളുകളിലും എത്തി. നടന്‍ കമല്‍ഹാസനുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. നിരവധി കമല്‍ സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. അഭിനയം കൂടാതെ അസിസ്റ്റന്റ് ഡയറക്ടര്‍, സൗണ്ട് ഡിസൈന്‍, ലൈന്‍ പ്രൊഡക്ഷന്‍ എന്നീ മേഖലകളിലും കൈവച്ചു.

വിക്രം, അപൂര്‍വ സഹോദരങ്ങള്‍, കൊലമാവ് കോകില, ധാരാള പ്രഭു തുടങ്ങിയ നിരവധി സിനിമകളില്‍ വേഷമിട്ടു. ഇന്നലെ റിലീസ് ചെയ്ത യോഗി ബാബു ചിത്രം ലക്കിമാന്‍ ആണ് അവസാന ചിത്രം. ശിവാജിയുടെ സഹോദരന്‍ സന്താന ഭാരതിയും തമിഴില്‍ അറിയപ്പെടുന്ന നടനാണ്.

കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; ബഹ്‌റൈനില്‍ നാലു മലയാളികള്‍ മരിച്ചു

കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; ബഹ്‌റൈനില്‍ നാലു മലയാളികള്‍ മരിച്ചു

മനാമ: ബഹ്‌റൈനില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. മുഹറഖിലെ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററിലെ ജീവനക്കാരാണ് മരിച്ച അഞ്ചുപേരും. കോഴിക്കോട് സ്വദേശി വിപി മഹേഷ്, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തലശേരി സ്വദേശി അഖില്‍ രഘു എന്നിവരാണ് മരിച്ച മലയാളികള്‍. തെലങ്കാന സ്വദേശി സുമന്‍ രാജണ്ണയാണ് മരിച്ച അഞ്ചാമന്‍.

ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി 10 മണിയോടെ സല്‍മാബാദില്‍ നിന്ന് മുഹറഖിലേക്കു പോകുമ്പോഴാണ് മലയാളികള്‍ ഉള്‍പ്പെട്ട സംഘം അപകടത്തില്‍പ്പെട്ടത്. മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു.

സൂര്യതേജസ്സിലേക്ക്; ആദിത്യ കുതിപ്പു തുടങ്ങി

സൂര്യതേജസ്സിലേക്ക്; ആദിത്യ കുതിപ്പു തുടങ്ങി

ചെന്നൈ: രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1 ലക്ഷ്യത്തിലേക്കു കുതിപ്പു തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പിഎസ്എല്‍വി സി57 റോക്കറ്റ് ഉപഗ്രഹവുമായി കുതിച്ചുയര്‍ന്നു.

ഇന്നലെയാണ് ആദിത്യ വിക്ഷേപണത്തിനുള്ള 23 മണിക്കൂര്‍ 40 മിനിറ്റ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എല്‍1)വിനു ചുറ്റുമുള്ള സാങ്കല്‍പ്പിക ഭ്രമണപഥത്തിലാണ് ആദിത്യ എല്‍1 എത്തുക. ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലെഗ്രാഞ്ചേ പോയിന്റില്‍ നിന്നാണ് പേടകം സൂര്യനെ പഠിക്കുക.

മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയില്‍ എത്തുക. സൗരവാതങ്ങള്‍, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗരപ്രതിഭാസങ്ങളെ പറ്റി പഠിക്കുകയാണ് ലക്ഷ്യം. ഇതിനായി ഏഴു പേലോഡുകള്‍ ആദിത്യയിലുണ്ട്.

സൗരാന്തരീക്ഷത്തിന്റെ മുകള്‍ഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷന്‍ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും. ആദിത്യ എല്‍1 ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണമായി തദ്ദേശീയമായി നിര്‍മിച്ചതാണ്.

ജെറ്റ് എയര്‍വേയ്സ് മേധാവി നരേഷ് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തു

ജെറ്റ് എയര്‍വേയ്സ് മേധാവി നരേഷ് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 538 കോടിയുടെ ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ആണ് നടപടി. എട്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരമാണ് 74 കാരനായ ഗോയലിനെ ഇഡി കസ്റ്റഡിയിലെടുത്തത്. ഗോയലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കനറാ ബാങ്കില്‍ 538 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഗോയലിനെതിരെ കള്ളപ്പണ ഇടപാട് ആരോപണം ഉയരുന്നത്. നേരത്തെ നരേഷ് ഗോയലിന്റെ വീട്ടിലും ജെറ്റ് എയർവെയ്സ് ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു.

സൂര്യനെ പഠിക്കാൻ ആദിത്യ എൽ 1; വിക്ഷേപണം നാളെ

സൂര്യനെ പഠിക്കാൻ ആദിത്യ എൽ 1; വിക്ഷേപണം നാളെ

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൗരപഠന ഉപഗ്രഹം ആദിത്യ എൽ വണ്ണിന്റെ വിക്ഷേപണം നാളെ. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50നാണ് വിക്ഷേപണം. പിഎസ്എൽവിയാണ് ആദിത്യ എൽ വണ്ണിനെ ബഹിരാകാശത്ത് എത്തിക്കുക. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സൽ ഇന്നലെ പൂർത്തിയാക്കിയിരുന്നു. കൗണ്ട് ഡൗൺ ഇന്ന് തുടങ്ങും. വിക്ഷേപണം കഴിഞ്ഞ് നാല് മാസമെടുക്കും ഉപഗ്രഹം ലക്ഷസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലെത്താൻ.

യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലെഗ്രാഞ്ച് ഒന്നിൽ ആണ് ആദിത്യ എത്തുക. സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണ ബലത്തിന്റെ പിടിവലി ഇവിടെ ഏകദേശം തുല്യമാണ്. ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ നിന്ന് മറ്റൊരു തടസവും കൂടാതെ സൂര്യനെ നിരീക്ഷിക്കാം.

ഭൂമിയുമായുള്ള ആശയവിനിമയവും തടസമില്ലാതെ നടക്കും. ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലാണ് പേടകത്തെ സ്ഥാപിക്കുക. ഭൂമിയുടെ സഞ്ചാരത്തിനൊപ്പം ലഗ്രാഞ്ച് പോയിന്‍റും മാറുന്നതിനാൽ 365 ദിവസം കൊണ്ട് ആദിത്യ എൽ വണ്ണും സൂര്യനെ ചുറ്റി വരും. ശാസ്ത്രലോകത്തെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള സൗര സ്ഫോടനങ്ങളടക്കമുള്ളവയുടെ പുത്തൻ വിവരങ്ങൾ ആദിത്യ എൽ വൺ നൽകുമെന്നാണ് പ്രതീക്ഷ.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; സമിതിക്ക് രൂപം നല്‍കി, രാം നാഥ് കോവിന്ദ് അധ്യക്ഷന്‍

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; സമിതിക്ക് രൂപം നല്‍കി, രാം നാഥ് കോവിന്ദ് അധ്യക്ഷന്‍

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ സമിതിക്ക് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് അധ്യക്ഷന്‍. രണ്ട് വിരമിച്ച ജഡ്ജിമാരും സമിതിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്രതീക്ഷിതമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ ലക്ഷ്യമിട്ട് പാര്‍ലമെന്റില്‍ ഉടന്‍ തന്നെ ബില്‍ കൊണ്ടുവരാനാണ് പ്രത്യേക സമ്മേളനം വിളിച്ചത് എന്ന തരത്തില്‍ ഇന്നലെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

അഞ്ചുദിവസമാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുക. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക സമ്മേളനം. ക്രിയാത്മക ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പതിനേഴാമത് ലോക്‌സഭയുടെ പതിമൂന്നാമത് സമ്മേളനവും രാജ്യസഭയുടെ 261-മത് സമ്മേളനവും സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ അഞ്ച് ദിവസമായി നടക്കും. പാര്‍ലമെന്റില്‍ ഫലപ്രദമായ ചര്‍ച്ചകളും സംവാദങ്ങളും നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആയിരിക്കും സമ്മേളനം ചേരുകയെന്ന് സൂചനയുണ്ട്. ജി 20 ഉച്ചകോടി കഴിയുന്നതിന് തൊട്ടുപിന്നാലെയാണ് പാര്‍ലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്.