by Midhun HP News | Aug 5, 2023 | Latest News, ദേശീയ വാർത്ത
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനുമായ ഇമ്രാന്‍ ഖാന് അഴിമതിക്കേസില്‍ മൂന്നു വര്‍ഷം തടവു ശിക്ഷ. പ്രധാനമന്ത്രിയായിരുന്ന കാലത്ത് രാജ്യത്തിനു ലഭിച്ച പാരിതോഷികങ്ങള്‍ വിറ്റെന്ന കേസിലാണ് (തോഷഖാന കേസ്) കോടതി വിധി. ഇതോടെ ഇമ്രാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അഞ്ചു വര്‍ഷത്തേക്കു വിലക്കു വരും.
തടവു ശിക്ഷയ്ക്കു പുറമേ ഇമ്രാന്‍ ഒരു ലക്ഷം രൂപ പിഴ ഒടുക്കണമെന്നും അഡീഷനല്‍ ജഡ്ജി ഹൂമയൂണ്‍ ദിലാവാര്‍ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം. കോടതി വിധി വന്നതിനു പിന്നാലെ ഇമ്രാനെ അറസ്റ്റ് ചെയ്ത് ജയിലിലേക്കു മാറ്റി.
പാകിസ്ഥാന്‍ ഇലക്ഷന്‍ കമ്മിഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. നേരത്തെ ഇതേ വിഷയം ചൂണ്ടിക്കാട്ടി ഇലക്ഷന്‍ കമ്മിഷന്‍ ഇമ്രാന് അയോഗ്യത ഏര്‍പ്പെടുത്തിയിരുന്നു. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മിഷന്റെ കണ്ടെത്തല്‍.
ഭരണാധികാരികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്ന പാരിതോഷികങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വകുപ്പാണ് തോഷഖാന.
by Midhun HP News | Aug 5, 2023 | Latest News, ദേശീയ വാർത്ത
ലണ്ടൻ: കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഇജി 5.1 യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ റെസ്‌പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവ സാമ്പിളിൽ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തി. ‘ഏരിസ്’ എന്നാണ് പുതിയ വകഭേദത്തെ അറിയപ്പെടുന്നത്.
ജൂലൈ 31നാണ് ഏരിസിനെ പുതിയ വകഭേദമായി തരംതിരിച്ചത്. യുകെയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കോവിഡ് കേസുകളും ഏരിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കോവിഡ് വകഭേദങ്ങളുടെ പട്ടികയിൽ ഇജി 5.1 ഉണ്ട്. എക്സ്ബിബി.1.5, എക്സ്ബിബി.1.16, ബിഎ.2.75, സിഎച്ച്.1.1, എക്സ്ബിബി, എക്സ്ബിബി1.9.1, എക്സ്ബിബി 1.9.2, എക്സ്ബിബി.2.3 എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റ് വകഭേദങ്ങള്‍.
ജൂലൈ രണ്ടാം വാരത്തിൽ യുകെയിലെ സീക്വൻസുകളിൽ 11.8 ശതമാനത്തിലും ഏരിസ് സാന്നിധ്യം കണ്ടെത്തിയെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ വെബ്സൈറ്റില്‍ പറയുന്നത്. അമേരിക്കയിലും കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിന് ശേഷം 10 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് സിഡിസി പറയുന്നു.
by Midhun HP News | Aug 5, 2023 | Latest News, ദേശീയ വാർത്ത
മണിപ്പൂരിൽ സംഘർഷത്തിനു അയവില്ല. ബിഷ്ണുപൂരിൽ മൂന്ന് പേർ വെടിയേറ്റു മരിച്ചു. മെയ്തി വിഭാഗക്കാരാണ് മരിച്ചത്. ബിഷ്ണുപുർ- ചുരാചന്ദ്പുർ അതിർത്തിയിലാണ് വ്യാപക ആക്രമണം.
സംഘർഷത്തിൽ നിരവധി വീടുകൾ തകർത്തു. കുക്കി, മെയ്തി വിഭഗക്കാരുടെ വീടുകൾ ഒരുപോലെ തകർക്കപ്പെട്ടു. ക്വക്ത ഗ്രാമത്തിലെ മെയ്തി വിഭാഗത്തിന്റെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പിന്നാലെയാണ് തിരിച്ചും ആക്രമണം നടന്നത്. വീടുകൾ തീ വച്ച് നശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സെഞ്ചാം ചിരാംഗിലും ആക്രമണമുണ്ടായിരുന്നു. ഒരു പൊലീസുകാരൻ വെടിയേറ്റു മരിച്ചു. അതിനിടെ അക്രമി സംഘം ബിഷ്ണുപൂരില്‍ പൊലീസിന്റെ രണ്ട് സെക്യൂരിറ്റി പോസ്റ്റ് ആക്രമിച്ച സംഘം തോക്കുകള്‍ അടക്കം ആയുധങ്ങള്‍ കവര്‍ന്നു. മണിപ്പൂര്‍ പൊലീസിന്റെ കൈരന്‍ഫാബി, തംഗലാവായി ഔട്ട് പോസ്റ്റുകളാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സംഘം ആക്രമിച്ച് കൊള്ളയടിച്ചത്.
ഹെയ്ംഗാഗ്, സിംഗ്ജാമെ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കാന്‍ ആള്‍ക്കൂട്ടം എത്തിയെങ്കിലും സുരക്ഷാസേന അവരെ തുരത്തി. സുരക്ഷാസേനയും അക്രമികളും തമ്മില്‍ കൗട്രുക്, ഹരോത്തെല്‍, സെഞ്ചാം, ചിരാംഗ് മേഖലകളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
by Midhun HP News | Aug 4, 2023 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നിര്‍ദിഷ്ട സെമി ഹൈസ്പീഡ് റെയില്‍ പാതയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തുന്നതിന് സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മാറ്റം വരുത്തി അതിവേഗ പാത നടപ്പാക്കണമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ നിര്‍ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ നീക്കം.
സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലാണ് മുഖ്യമന്ത്രി. അതിനിടെയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം തേടിയത്.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് ഡിപിആര്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ പുരോഗതി മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ആരായും. ഡിപിആറുമായി ബന്ധപ്പെട്ട് റെയില്‍വേ ബോര്‍ഡ് വിശദാംശങ്ങള്‍ തേടിയിരുന്നു. ഇതിന് കെ റെയില്‍ മറുപടി നല്‍കിയിരുന്നു. ഇത് പരിശോധിക്കാന്‍ ദക്ഷിണ റെയില്‍വേയോട് ആവശ്യപ്പെട്ടിരിക്കുകയാണ് റെയില്‍വേ ബോര്‍ഡ്.
സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി കെ വി തോമസുമായുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഇ ശ്രീധരന്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
അടുത്തിടെ, പുതിയ പാത എന്ന നിലയില്‍ സില്‍വര്‍ ലൈനെ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ വി തോമസ് വ്യക്തമാക്കിയിരുന്നു. ഇ ശ്രീധരന്റെ നിര്‍ദേശങ്ങള്‍ റെയില്‍വേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവുമെന്നാണ് സൂചന. പുതിയ നിര്‍ദേശങ്ങള്‍ കൂടി മുന്നോട്ടുവെച്ച് വേഗത്തില്‍ സെമി ഹൈസ്പീഡ് റെയില്‍ പാതയ്ക്ക് അംഗീകാരം വാങ്ങിയെടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
by Midhun HP News | Aug 4, 2023 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അംഗത്വത്തിനുള്ള അയോഗ്യത നീങ്ങും.
എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരു വന്നതെങ്ങനെ എന്ന പരാമര്‍ശത്തിന്റെ പേരിലാണ്, രാഹുല്‍ കുറ്റക്കാരനാണെന്നു കോടതി വിധിച്ചത്. രാഹുലിന്റെ പരാമര്‍ശങ്ങള്‍ ഔചിത്യമുള്ളതെന്നു കരുതാനാവില്ലെന്ന്, ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു.
പൊതുരംഗത്തുള്ളവര്‍ പ്രസംഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കോടതി പറഞ്ഞു. എന്നാല്‍ രാഹുലിനു പരമാവധി ശിക്ഷ നല്‍കിയ വിചാരണക്കോടതി നടപടിക്കു കാരണമൊന്നും കാണുന്നില്ല. അതുകൊണ്ടു കുറ്റക്കാരനെന്നു കണ്ടെത്തിയതു സ്റ്റേ ചെയ്യുകയാണെന്നും അന്തിമ വിധിക്കു വിധേയമായിരിക്കും ഇതെന്നും സുപ്രീം കോടതി വിധിച്ചു. രാഹുലിന്റെ അപ്പീല്‍ പരിഗണിച്ചപ്പോള്‍ ഇരുപക്ഷത്തിനും പതിനഞ്ചു മിനിറ്റു വീതം വാദങ്ങള്‍ അവതരിപ്പിക്കാമെന്ന് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.
അപകീര്‍ത്തി കേസിലെ വിധി സ്റ്റേ ചെയ്യണമെങ്കില്‍ അതിനു തക്ക കാരണം വേണമന്നും ബെഞ്ച് വ്യക്തമാക്കി. മോദി സമുദായത്തില്‍പ്പെട്ട പതിമൂന്നു കോടി ജനങ്ങളില്‍ ബിജെപി നേതാക്കള്‍ മാത്രമാണ് രാഹുലിനെതിരെ പരാതി നല്‍കിയിട്ടുള്ളതെന്ന്, അദ്ദേഹത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്വി പറഞ്ഞു.
വിധി പറഞ്ഞ കേസിലെ പരാതിക്കാരനായ പൂര്‍ണേഷ് മോദിയാവട്ടെ, യഥാര്‍ഥ മോദി സമുദായക്കാരന്‍ അല്ലെന്നും സിങ്വി ചൂണ്ടിക്കാട്ടി. ഇത് പൂര്‍ണേഷ് മോദി തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണെന്നും അഭിഷേക് സിങ്വി പറഞ്ഞു. ഒരാളെ ഇടിച്ചു താഴ്ത്തുകയെന്ന ഉദ്ദേശ്യത്തോടെ പരാമര്‍ശിച്ചാല്‍ മാത്രമേ അപകീര്‍ത്തി കേസ് നിലനില്‍ക്കുകയുള്ളൂ.
499ാം വകുപ്പില്‍ ഇതു വ്യക്തമായി പറയുന്നുണ്ട്. ഇവിടെ മോദി സമുദായത്തിലെ എല്ലാവരെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യം രാഹുലിന് ഇല്ലായിരുന്നുവെന്നു വ്യക്തമാണ്. ഇത്തരമൊരു ലക്ഷ്യം രാഹുലിന് ഉണ്ടായിരുന്നുവെന്ന് സാക്ഷികള്‍ ആരും പറഞ്ഞിട്ടില്ല- സിങ്വി പറഞ്ഞു.
രാഹുലിന്റേത് ധാര്‍മിക അധഃപതനമാണെന്നാണ് വിചാരണക്കോടതി ജഡ്ജി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനം എന്തെന്ന് സിങ്വി ചോദിച്ചു. ഏതെങ്കിലും നിയമത്തിന്റെയോ കോടതി വിധിയുടെയോ അടിസ്ഥാനത്തിലാണോ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്? പരമാവധി ശിക്ഷ വിധിക്കുന്നതിന് തട്ടിക്കൊണ്ടുപോവലോ കൊലപാതകമോ ബലാത്സംഗമോ അല്ല രാഹുലിന്റെ പേരിലുള്ള കുറ്റം. എട്ടു വര്‍ഷമാണ് ഇതിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്നതെന്ന് സിങ്വി ചൂണ്ടിക്കാട്ടി. സമാനമായ കുറ്റങ്ങള്‍ ചെയ്തതായി വിധിയില്‍ പറയുന്നുണ്ടല്ലോയെന്നു കോടതി ഓര്‍മിപ്പിച്ചപ്പോള്‍ ഒരു കേസിലും കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടില്ലെന്ന് സിങ്വി പറഞ്ഞു.
കേസുകളെല്ലാം ബിജെപി പ്രവര്‍ത്തകരോ നേതാക്കളോ നല്‍കിയതാണെന്നും സിങ്വി വാദിച്ചു. ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ ഒരാള്‍ അയോഗ്യത നേരിടുകയാണ്. കേസ് നിലനില്‍ക്കാനുള്ള സാധ്യത ഇല്ലെന്നു തോന്നിയതുകൊണ്ടാവാം വയനാട് ഉപതെരഞ്ഞെടുപ്പിന് ഇനിയും വിജ്ഞാപനം ഇറക്കാത്തതെന്ന് സിങ്വി പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ വേണ്ടെന്ന കോടതിയുടെ പ്രതികരണത്തെത്തുടര്‍ന്ന് ഇത് സിങ്വി പിന്‍വലിച്ചു.
വാട്‌സ്ആപ്പിലൂടെ ലഭിച്ച പത്ര കട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. തെളിവു നിയമം അനുസരിച്ച് ഇതു നിലനില്‍ക്കില്ല. രാഹുല്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്നതിന് ഒരു തെളിവുമില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് 21 മാസത്തിനു ശേഷം സാക്ഷിയായി ബിജെപി നേതാവിനെ കണ്ടെത്തുകയായിരുന്നും സിങ്വി പറഞ്ഞു. രാഹുലിന്റെ പ്രസംഗം നേരിട്ടു കേട്ടയാളാണ് സാക്ഷിയെന്ന്, പൂര്‍ണേഷ് മോദിക്കു വേണ്ടി ഹാജരായ മഹേഷ് ജഠ്മലാനി അറിയിച്ചു.
പ്രധാനമന്ത്രിയുടെ പേരു വച്ച് മോദി സമൂദായത്തെ മുഴുവന്‍ അപമാനിക്കലായിരുന്നു രാഹുലിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ മോദി സമുദായത്തില്‍പ്പെട്ട ആര്‍ക്കും കേസ് നല്‍കാന്‍ അവകാശമുണ്ടെന്ന് ജഠ്മലാനി വാദിച്ചു. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ അയോഗ്യത വരുന്നത് ലില്ലി തോമസ് കേസിലെ സുപ്രീം കോടതി വിധി അനുസരിച്ചാണ്.
ഇപ്പോള്‍ സ്‌റ്റേ ആവശ്യപ്പെട്ട് ആ വിധി മറികടക്കാനാണ് ശ്രമിക്കുന്നതെന്ന് ജഠ്മലാനി പറഞ്ഞു. മണ്ഡലത്തിനു പ്രതിനിധിയില്ലാതാവുന്നത് പ്രശ്‌നമാണെന്ന് കോടതി ഇതിനോടു പ്രതികരിച്ചു. വിചാരണക്കോടതി പരമാവധി ശിക്ഷയാണ് നല്‍കിയിരിക്കുന്നത്. ഇതു എന്തുകൊണ്ടെന്ന വിശദീകരണം ആവശ്യമാണെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.
by Midhun HP News | Aug 3, 2023 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രാജ്യത്ത് വരും ദിവസങ്ങളില്‍ തക്കാളി വില 300ലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ തക്കാളിക്ക് ചില്ലറവിപണയില്‍ കിലോയ്ക്ക് 250 രൂപയായി. വരും ദിവസങ്ങളില്‍ തക്കാളി വില മൂന്നൂറിലെത്തുമെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു. മൊത്തവിപണിയില്‍ തക്കാളി വില 160 രൂപയില്‍ നിന്ന് 220 രൂപയായി ഉയര്‍ന്നതോടെയാണ് ചില്ലറവിപണയില്‍ തക്കാളി വില 250 രൂപവരെയായത്.
ഡല്‍ഹിയിലെ മദര്‍ ഡയറിയില്‍ തക്കാളിയുടെ ചില്ലറ വില കിലോയ്ക്ക് 259 രൂപയാണ്. തക്കാളിയുടെ ലഭ്യതക്കുറവാണ് വന്‍തോതിലുള്ള വില വര്‍ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തക്കാളിയെ കൂടാതെ സാവാള, ബീന്‍സ്, കാരറ്റ്, ഇഞ്ചി, പച്ചമുളക് തുടങ്ങിയ സാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്.
കര്‍ണാടക, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന പച്ചക്കറി വാഹനങ്ങളുടെ എണ്ണത്തിലും കുറവുണ്ടായതായി വ്യാപാരികള്‍ പറയുന്നു.
Recent Comments