14 കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പൊലീസ് നിഗമനം

14 കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പൊലീസ് നിഗമനം

ജയ്പൂര്‍: ഇഷ്ടിക ചൂളയില്‍ 14 കാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. രാജസ്ഥാനിലെ ഭില്‍വാരയിലാണ് സംഭവം. ഇന്നു പുലര്‍ച്ചെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്.

അമ്മയ്‌ക്കൊപ്പം ഇന്നലെ ആടിനെ പുല്ലുതീറ്റാന്‍ പോയതായിരുന്നു പെണ്‍കുട്ടി. അമ്മയുടെ അടുത്തുനിന്നും ഒറ്റപ്പെട്ട പെണ്‍കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു.

തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ഇന്നലെ രാത്രി മുഴുവന്‍ പെണ്‍കുട്ടിയെ തിരഞ്ഞു. രാവിലെ ഇഷ്ടിക ചൂളയ്ക്ക് സമീപം കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അസ്ഥിക്കഷണങ്ങള്‍, വെള്ളി പാദസരം, ഷൂസ് തുടങ്ങിയവ മൃതദേഹത്തിന് സമീപത്തു നിന്നും പൊലീസ് കണ്ടെടുത്തു. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് വിധേയയായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

പ്രദേശവാസികളായ മൂന്നു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ നാട്ടുകാര്‍ പൊലീസിനെതിരെ പ്രതിഷേധിച്ചു.

പെണ്‍കുട്ടിയെ കാണാതായ വിവരം അറിയിച്ചപ്പോള്‍, പെണ്‍കുട്ടിയുടെ ഐഡി കാര്‍ഡും ജനനസര്‍ട്ടിഫിക്കറ്റും വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഈ വര്‍ഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പെണ്‍കുട്ടിയുടെ കൊലപാതകം രാജസ്ഥാന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

ലോക പോലീസ് മീറ്റിൽ രംഗന് സ്വർണ്ണം

ലോക പോലീസ് മീറ്റിൽ രംഗന് സ്വർണ്ണം

ആറ്റിങ്ങൽ കരാട്ടെ ടീമിൽ നിന്നുള്ള CRPF കരാട്ടെ താരം രംഗന് സ്വർണ്ണം. കാനഡയിൽ നടന്നുവരുന്ന ലോക പോലീസ് മീറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ ടീം കുമിത്തെയിൽ രംഗൻ ഉൾപ്പെട്ട ഇന്ത്യൻ ടീമിനാണ് സ്വർണ്ണം. ഇതോടെ ആറ്റിങ്ങൽ കരാട്ടെ ടീം കുടുബാംഗവും CRPF കരാട്ടെ താരവുമായ രംഗൻ്റെ ചാമ്പ്യൻഷിപ്പിലെ മെഡൽ നേട്ടം സ്വർണ്ണവും വെങ്കലവും ഉൾപ്പടെ രണ്ട് മെഡലുകളായി. പുരുഷന്മാരുടെ വ്യക്തിഗത കത്തയിലായിരുന്നു വെങ്കല മെഡൽ നേട്ടം. ഒഫിഷ്യൽ ഇൻ്റർനാഷ്ണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നുള്ള കരാട്ടെ താരം ആദ്യമായാണ് മെഡൽ നേടുന്നത്. വർക്കല പേരേറ്റിൽ ശ്രീരംഗത്തിൽ രാഹുലൻ്റെയും കവിതയുടെയും മകനാണ്. ഗീതു സഹോദരിയാണ്.

മണിപ്പൂര്‍: സ്ത്രീകളുടെ മൊഴിയെടുക്കരുത്; സിബിഐയോട് സുപ്രീം കോടതി

മണിപ്പൂര്‍: സ്ത്രീകളുടെ മൊഴിയെടുക്കരുത്; സിബിഐയോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ നഗ്ന പരേഡിനും കൂട്ട ബലാത്സംഗത്തിനും ഇരയായ സ്ത്രീകളുടെ മൊഴിയെടുക്കുന്ന നടപടികളുമായി മുന്നോട്ടുപോവരുതെന്ന് സിബിഐയ്ക്കു സുപ്രീം കോടതി നിര്‍ദേശം. ഇന്ന് ഉച്ചയ്ക്ക് കേസ് കോടതി പരിഗണിക്കാനിരിക്കെ, മൊഴിയെടുക്കല്‍ നിര്‍ത്തിവയ്ക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്.

മൊഴി നല്‍കുന്നതിനായി ഇന്നു ഹാജരാവാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്ത്രീകളില്‍ ഒരാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനെക്കുറിച്ച് അറിവില്ലെന്നായിരുന്നു എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രതികരിച്ചത്. തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സിബിഐയ്ക്കു നിര്‍ദേശം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

കേസ് സിബിഐയ്ക്കു കൈമാറുന്നതിനെ, അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.

വാ​ഗ്ദാനങ്ങൾ പാലിക്കാനാകുന്നില്ല; ചെരിപ്പുകൊണ്ട് സ്വന്തം മുഖത്തടിച്ച് കൗൺസിലറുടെ പ്രതിഷേധം

വാ​ഗ്ദാനങ്ങൾ പാലിക്കാനാകുന്നില്ല; ചെരിപ്പുകൊണ്ട് സ്വന്തം മുഖത്തടിച്ച് കൗൺസിലറുടെ പ്രതിഷേധം

ഹൈദരാബാദ് : തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ ചെരിപ്പുകൊണ്ട് സ്വന്തം മുഖത്തടിച്ച് കൗണ്‍സിലറുടെ പ്രതിഷേധം. തെലുങ്കുദേശം പാര്‍ട്ടി കൗണ്‍സിലര്‍ മുളപാര്‍ത്തി രാമരാജുവാണ് ന​ഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ രോഷം പ്രകടിപ്പിച്ചത്. ആന്ധ്രയിലെ ആനകപള്ളി നാര്‍സിപട്ടണം മുനിസിപ്പാലിറ്റി 20-ാം വാര്‍ഡിലെ കൗൺസിലറാണ് രാമരാജു. കൗണ്‍സിലര്‍ സ്ഥാനത്തെത്തിയിട്ട് 31 മാസങ്ങളായി. പക്ഷേ ജനങ്ങളെ ബാധിക്കുന്ന ഏറ്റവും അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ തനിക്കു കഴിഞ്ഞിട്ടില്ല.

വാര്‍ഡിലെ റോഡുകളും വൈദ്യുതിവിതരണവും ശുചീകരണപദ്ധതികളുമൊക്കെ തകർന്ന അവസ്ഥയിലാണ്. വോട്ടര്‍മാര്‍ക്ക് കുടിവെള്ളം എത്തിച്ചു നല്‍കാന്‍ പോലും തനിക്ക് കഴിഞ്ഞില്ലെന്നും രാമരാജു പറഞ്ഞു. നഗരസഭാ അധികൃതര്‍ തന്റെ വാര്‍ഡിനെ അവഗണിക്കുകയാണെന്നും രാമരാജു ആരോപിച്ചു.

40-കാരനായ രാമരാജു ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്. വാര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വോട്ടര്‍മാര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാനും കഴിയാത്തതിലും ഭേദം കൗണ്‍സില്‍ യോഗത്തില്‍ മരിക്കുന്നതാണെന്നും രാമരാജു അഭിപ്രായപ്പെട്ടു.

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. എണ്ണ വിതരണ കമ്പനികള്‍ സിലിണ്ടറിന്മേല്‍ 99.75 രൂപയുടെ കുറവാണ് വരുത്തിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

എല്ലാം മാസത്തിന്റെ തുടക്കത്തിലും പാചകവാതക സിലിണ്ടറിന്റെ വില എണ്ണ വിതരണ കമ്പനികള്‍ പുനഃപരിശോധിക്കാറുണ്ട്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 1680 രൂപയായി താഴ്ന്നു.

കഴിഞ്ഞമാസവും വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ കുറവ് വരുത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലയാണ് ഇതിനെ സ്വാധീനിക്കുന്നത്

സിനിമറ്റോഗ്രാഫ് ഭേദഗതി ബില്‍ പാസാക്കി

സിനിമറ്റോഗ്രാഫ് ഭേദഗതി ബില്‍ പാസാക്കി

ന്യൂഡല്‍ഹി: സിനിമറ്റോഗ്രാഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി. ഭേദഗതി നിലവില്‍ വരുന്നതോടെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ ചലച്ചിത്രങ്ങള്‍ തിയറ്ററുകളില്‍ നിന്നു പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടാകും. സിനിമ പൈറസിക്ക് കടുത്ത ശിക്ഷയും ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സിനിമ പകര്‍ത്തി പ്രദര്‍ശിപ്പിച്ചാല്‍ വ്യക്തിക്ക് മൂന്നുവര്‍ഷം വരെയാണ് തടവ്. കൂടാതെ നിര്‍മ്മാണ ചെലവിന്റെ അഞ്ച് ശതമാനം പിഴയും നല്‍കണം. വ്യാഴാഴ്ച രാജ്യസഭ പാസാക്കിയ ബില്ലിന് ലോക്‌സഭാ അംഗീകാരം നല്‍കി. ടെലിവിഷനിലും ഒടിടി പ്രദര്‍ശനത്തിനുമായി പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

1952ലെ സിനിമാറ്റോഗ്രാഫ് ബില്‍ ഭേദഗതി ചെയ്തുകൊണ്ട് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് ബില്‍ അവതരിപ്പിച്ചത്. സിനിമാറ്റോഗ്രാഫ് നിയമം ഭേദഗതി ചെയ്യാന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പൊതുജനാഭിപ്രായം തേടിയിരുന്നു.