by Midhun HP News | Jul 21, 2023 | Latest News, ദേശീയ വാർത്ത
ഡൽഹി: അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബിആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിൽ കോലാറിൽ വച്ച് നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ ഒന്നടങ്കം രാഹുൽ ഗാന്ധി അപമാനിച്ചുവെന്നാണ് കേസ്. ‘എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് പൊതുവായി വരുന്നത് എന്തുകൊണ്ടാണ്‘- എന്നായിരുന്നു രാഹുലിന്റെ പരാമർശം.
പിന്നാലെ ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് അപകീർത്തി കേസ് നൽകിയത്. കേസിൽ സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷി വിധിച്ചു. ഇന്ന് സ്റ്റേ ആവശ്യം സുപ്രീം കോടതി അനുവദിച്ചാൽ രാഹുലിന്റെ അയോഗ്യത നീങ്ങി അദ്ദേഹത്തിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും. പൂർണേഷ് മോദി ഇതിനെതിരെ തടസ ഹർജി സമർപ്പിച്ചിട്ടുണ്ട്.
വിഷയത്തിൽ ആദ്യം ജില്ലാ കോടതിയേയാണ് രാഹുൽ സമീപിച്ചത്. എന്നാൽ അപ്പീൽ തള്ളി. പിന്നാലെ അദ്ദേഹം ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഗുജറാത്ത് ഹൈക്കോടതിയും അപ്പീൽ തള്ളി. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാ വിധിയിൽ തെറ്റില്ലെന്നും ഇടപടേണ്ട സഹാചര്യം നിലവിലില്ലെന്നുമായിരുന്നു ഹൈക്കോടതി വിധി. തുടർന്നാണ് രാഹുൽ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
by Midhun HP News | Jul 21, 2023 | Latest News, ദേശീയ വാർത്ത
ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ട ബലാത്സംഗത്തിനു ഇരയാക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. പ്രതികൾക്കെതിരെ പീഡനത്തിനും കൊലക്കുറ്റത്തിനും കേസെടുത്തു. വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. നാലാഴ്ചയ്ക്കകം റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടു കമ്മീഷൻ സംസ്ഥാന സർക്കാരിന് നോട്ടീസയച്ചു.
സംഭവത്തില്‍ പ്രധാന പ്രതി നേരത്തെ പിടിയിലായിരുന്നു. മുഖ്യസൂത്രധാരനായ ഹെര്‍ദാസ് (32) എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വീഡിയോയില്‍ പച്ച ടീഷര്‍ട്ട് ധരിച്ച ഇയാളുടെ ദൃശ്യം വ്യക്തമായിരുന്നു. മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതികളെ കണ്ടെത്താനായി 12 പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. തട്ടിക്കൊണ്ടുപോകല്‍, കൂട്ട ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
സംസ്ഥാനത്ത് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവം കടുത്ത ഞെട്ടലുണ്ടാക്കിയെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു. പ്രധാനപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. കുറ്റവാളികള്‍ക്ക് മരണശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
by Midhun HP News | Jul 20, 2023 | Latest News, ദേശീയ വാർത്ത
കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുപ്പള്ളി വലിയ പള്ളിയില്‍ എത്തി. രാത്രി എട്ടരയോടെ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ പണി പുരോഗമിക്കുന്ന വീട്ടില്‍ നിന്ന് വിലാപ യാത്രയായി മൃതദേഹം സെന്റ് ജോര്‍ജ് പള്ളിയിലേക്ക് കൊണ്ടുപോകും. സ്വന്തം നാടിന്റെ വിരിമാറിലൂടെ അണമുറിയാത്ത ജനപ്രവാഹത്തെ വകഞ്ഞുമാറ്റിയായിരിക്കും വിലാപയാത്ര കടന്നുപോകുക. പ്രിയനേതാവിനെ അവസാനമായി ഒന്നുകാണാനായി പുതുപ്പള്ളി ഒന്നാകെ ഒഴുകിയെത്തിയിരിക്കുകയാണ്.
പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ പണി പുരോഗമിക്കുന്ന വീട്ടില്‍ പ്രാര്‍ഥന പുരോഗമിക്കുകയാണ്. തറവാട് വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷമാണ് ഇവിടേക്ക് മൃതദേഹം എത്തിച്ചത്. തിരുവന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച്, 28 മണിക്കൂര്‍ പിന്നിട്ടാണ് വിലാപയാത്ര തിരുനക്കരയില്‍ എത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങള്‍ ഉള്‍പ്പടെ ലക്ഷക്കണക്കിന് ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
കോട്ടയം ഡിസിസി ഓഫിസില്‍ വിലാപയാത്ര എത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് അശ്രുപൂജ അര്‍പ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറിക്കഴിഞ്ഞിരുന്നു. ഇന്നലെ രാവിലെ രാവിലെ 7.15 നായിരുന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നുള്ള വിലാപയാത്ര ആരംഭിച്ചത്.ജന സമ്പര്‍ക്കത്തില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിയുടെ അന്ത്യ യാത്രയും ജന സാഗരത്തില്‍ അലിഞ്ഞു തന്നെയായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര പുലര്‍ച്ചെ 5.30നാണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്.
by Midhun HP News | Jul 20, 2023 | Latest News, ദേശീയ വാർത്ത
ഡൽഹി: ജിംനേഷ്യത്തിലെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ 24കാരന്‍ ഷോക്കടിച്ച് മരിച്ചു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 15ലെ ജിംനേഷ്യത്തിലെ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് സാക്ഷന്‍ പൃതി എന്ന യുവാവ് ഷോക്കടിച്ച് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
സംഭവത്തില്‍ ജിംനേഷ്യം മാനേജര്‍ക്കെതിരെയും ഉടമക്കെതിരെയും കേസെടുത്ത പൊലീസ് മാനേജരെ കസ്റ്റഡിയിലെടുത്തു. ജിംനേഷ്യത്തിലെ ഉപകരണങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനും മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റത്തിനുമാണ് ജിംനേഷ്യം ഉടമക്കും മാനേജര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ജിംനേഷ്യത്തിലെത്തിയ യുവാവ് ഏഴരയോടെയാണ് ട്രെഡ് മില്ലില്‍ ഓടാനായി കയറിയത്. കയറിയ ഉടനെ ഷോക്കേറ്റ് വീണ യുവാവിനെ ഉടന്‍ സമീപത്തുള്ള ബി എസ് എആശുപത്രിയില്‍ എത്തിച്ചിരുന്നു.
ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസെത്തി കേസെടുത്തത്. അബോധാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചതെന്ന് അധികൃതര്‍ പൊലീസിനോട് പറഞ്ഞു. വ്യായാമത്തിനിടെയാണോ ട്രെഡ് മില്ലില്‍ കയറിയ ഉടനെയാണോ ഷോക്കടിച്ചതെന്ന് വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വൈദ്യുതാഘാതമാണ് മരണ കാരണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉടമക്കും ജിംനേഷ്യം മാനേജര്‍ അനുഭവ് ദുഗ്ഗാല്‍ എന്ന വ്യക്തിക്കുമെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഷോക്കടിച്ച് മരിച്ച സാക്ഷം ഗുഡ്ഗാവിലാണ് ജോലി ചെയ്തിരുന്നത്.
by Midhun HP News | Jul 20, 2023 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഐടിആര്‍ ഫയല്‍ ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതുവരെ മൂന്ന് കോടി നികുതിദായകര്‍ റിട്ടേണ്‍ ഫയല്‍ ചെയ്തു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരാളുടെ വരുമാനം സംബന്ധിച്ച കണക്കാണിത്. വ്യത്യസ്ത രീതിയില്‍ ടിഡിഎസ് പിടിക്കാറുണ്ട്. ഇതില്‍ ഒന്നാണ് ബാങ്കില്‍ നിന്നോ പോസ്റ്റ് ഓഫീസില്‍ നിന്നോ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന പണത്തിന് ചുമത്തുന്ന ടിഡിഎസ്. ഒരു സാമ്പത്തിക വര്‍ഷം നിശ്ചിത പരിധിക്ക് മുകളില്‍ തുക പിന്‍വലിക്കുമ്പോഴാണ് ടിഡിഎസ് ബാധകമാകാറ്. ഉറവിടത്തില്‍ നിന്ന് നികുതി പിടിക്കുന്നതാണ് ടിഡിഎസ്.
ആദായനികുതി നിയമം അനുസരിച്ച് ബാങ്കില്‍ നിന്നോ പോസ്റ്റ് ഓഫീസില്‍ നിന്നോ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന പണത്തിന് ടിഡിഎസ് പിടിക്കുന്നതിന് രണ്ടു മാനദണ്ഡങ്ങളാണ് ഉള്ളത്. കഴിഞ്ഞ മൂന്ന് അസസ്‌മെന്റ് വര്‍ഷങ്ങളില്‍ ഐടിആര്‍ ഫയല്‍ ചെയ്തില്ലായെങ്കില്‍ ഒരു സാമ്പത്തിക വര്‍ഷം ബാങ്കില്‍ നിന്നോ പോസ്റ്റ് ഓഫീസില്‍ നിന്നോ 20ലക്ഷം രൂപയിലധികം രൂപ പിന്‍വലിച്ചാല്‍ ടിഡിഎസ് ബാധകമാകും.
ഐടിആര്‍ ഫയല്‍ ചെയ്യുകയോ, കഴിഞ്ഞ അസസ്‌മെന്റ് വര്‍ഷങ്ങളില്‍ ഏതെങ്കിലും മൂന്ന് തവണ ഐടിആര്‍ ഫയല്‍ ചെയ്യുകയോ ചെയ്താല്‍ ഒരു കോടി രൂപയ്ക്ക് മുകളില്‍ പണം പിന്‍വലിച്ചാല്‍ മാത്രമേ ടിഡിഎസ് ബാധകമാകുകയുള്ളൂ. ബാങ്കുകളും പോസ്റ്റ് ഓഫീസുകളും തന്നെയാണ് ടിഡിഎസ് പിടിക്കുന്നത്. രണ്ടു ശതമാനമാണ് ടിഡിഎസ് നിരക്ക്. സഹകരണ സൊസൈറ്റിയുമായി ബന്ധപ്പെട്ട് മാനദണ്ഡത്തില്‍ മാറ്റമുണ്ട്. ഒരു കോടിക്ക് പകരം മൂന്ന് കോടിക്ക് മുകളില്‍ തുക പിന്‍വലിച്ചാല്‍ മാത്രമേ ടിഡിഎസ് പരിധിയില്‍ വരികയുള്ളൂ.
by Midhun HP News | Jul 20, 2023 | Latest News, ദേശീയ വാർത്ത
സോഷ്യൽമീഡിയയിൽ വൈറലാകാൻ നടുറോഡിൽ കാമുകികാമുകന്മാരുടെ ബൈക്കിൽ അഭ്യാസപ്രകടനം. വീഡിയോ വൈറലായതിന് പിന്നാലെ കാമുകിയെയും കാമുകനെയും തിരഞ്ഞു പിടിച്ചു ഡൽഹി പൊലീസ് 11,000 രൂപ പിഴയിട്ടു.
അപകടകരമായി വാഹനം ഓടിച്ചതിനാണ് നടപടി. ഓടുന്ന ബൈക്കിന്റെ മുന്നില്‍ പിന്നിലേക്ക് തിരിഞ്ഞ് ഓടിക്കുന്നയാളെ കെട്ടിപ്പിടിച്ചിരുന്ന് യാത്ര ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസിന്റെ നടപടി. അശ്രദ്ധമായി ബൈക്ക് ഓടിച്ചതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി 11,000 രൂപ പിഴ നല്‍കിയിട്ടുണ്ടെന്ന് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഡല്‍ഹി പൊലീസ് ട്വീറ്റ് ചെയ്തു. സിനിമയിലെ ദൃശ്യങ്ങള്‍ അനുകരിക്കാതെ സുരക്ഷിതമായി വാഹനമോടിക്കണമെന്നും ട്വീറ്റിൽ പറയുന്നു. ഡൽഹി പൊലീസിന്റെ അദ്യോഗിക ട്വിറ്റർ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്ന്.
Recent Comments