രാജ്യാന്തര യാത്രികർക്ക് ആർടിപിസിആർ ടെസ്റ്റ് വേണ്ട; കോവിഡ് നിയന്ത്രണത്തിൽ ഇളവുമായി കേന്ദ്രം

രാജ്യാന്തര യാത്രികർക്ക് ആർടിപിസിആർ ടെസ്റ്റ് വേണ്ട; കോവിഡ് നിയന്ത്രണത്തിൽ ഇളവുമായി കേന്ദ്രം

ഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് വന്നതോടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കേന്ദ്ര സർക്കാർ. ഇന്ത്യയിലെത്തുന്ന രാജ്യാന്തര യാത്രികരിൽ രണ്ടു ശതമാനത്തിനു നടത്തിവന്നിരുന്ന ആർടിപിസിആർ പരിശോധന പൂർണമായും ഒഴിവാക്കി. വ്യാഴാഴ്ച മുതൽ മാറ്റം നിലവിൽവരുമെന്ന് സർക്കാർ മാർഗനിർദേശത്തിൽ പറയുന്നു.

ഇതോടെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തികൾ തുടങ്ങി എവിടെനിന്നും ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് ആർടിപിസിആർ പരിശോധന ആവശ്യമില്ല. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ വിമാനക്കമ്പനികളും അന്താരാഷ്‌ട്ര യാത്രക്കാരും പാലിക്കേണ്ട മുൻകരുതൽ നടപടികൾക്കുള്ള മുൻകരുതൽ നിർദേശങ്ങൾ തുടർന്നും ബാധകമാകുമെന്നും മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നു വരുന്നവർ കോവിഡ് 19ന് എതിരായ വാക്സിനേഷൻ അതത് രാജ്യങ്ങളിൽ നിന്ന് പൂർത്തിയാക്കിയിരിക്കണം. യാത്രയിൽ മാസ്ക് ധരിക്കുന്നതിനെക്കുറിച്ച് ഉൾപ്പടെയുള്ള നിർദേശങ്ങൾ നൽകുന്നത് തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ലക്ഷണം ഉള്ളവരെ ഐസൊലേറ്റ് ചെയ്യണം. രാജ്യത്തേക്ക് വരുന്നവരുടെ തെർമൽ സ്കാനിങ് നടത്തണമെന്നും പുതിയ മാർ​ഗനിർ​ദേശത്തിൽ പറയുന്നുണ്ട്.

അവസാന 24 മണിക്കൂറിൽ പുതിയതായി 49 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച രാവിലെ അറിയിച്ചിരുന്നു. നിലവിൽ 1464 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. [/twitter]

പി.എം കിസാന്റെ 14-ാം ഗഡു ജൂലൈ 28ന് അക്കൗണ്ടിലെത്തും

പി.എം കിസാന്റെ 14-ാം ഗഡു ജൂലൈ 28ന് അക്കൗണ്ടിലെത്തും

രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്കായി പി.എം കിസാൻ സമ്മാൻ നിധി യോജനയുടെ 14-ാം ഗഡു ജൂലൈ 28ന് കര്‍ഷകരുടെ അക്കൗണ്ടിലെത്തും. അന്നേദിവസം രാജ്യത്തെ ഒൻപത് ത് കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 2,000 രൂപ വീതം അയക്കുമെന്ന് പി.എം ഇവന്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

14-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കുമെന്നാണ് വിവരം. ഈ പദ്ധതിയുടെ മുൻ ഗഡു ഫെബ്രുവരി 27 ന് കൈമാറിയിരുന്നു. പി.എം കിസാൻ പ്രകാരം, സര്‍ക്കാര്‍ ഒരു വര്‍ഷത്തില്‍ നിശ്ചിത ഇടവേളകളില്‍ യോഗ്യരായ എല്ലാ കര്‍ഷകര്‍ക്കും 6,000 രൂപ മൂന്ന് ഗഡുക്കളായി നല്‍കുന്നു. ഈ പണം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഡിബിടി വഴിയാണ് കൈമാറുന്നത്.

ഈ പദ്ധതിയിലൂടെ ചെറുകിട കര്‍ഷകര്‍ക്ക് നേരിട്ട് സഹായം എത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. 2019 ഫെബ്രുവരിയിലാണ് ഇത് സമാരംഭിച്ചത്. 13 ഗഡുക്കള്‍ ഇതുവരെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫര്‍ ചെയ്തിട്ടുണ്ട്. പി.എം കിസാൻ യോജനയില്‍ രജിസ്‌ട്രേഷൻ ഔദ്യോഗിക വെബ്‌സൈറ്റായ pmkisan.gov.in ല്‍ ‘കിസാൻ കോര്‍ണര്‍’ സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി ചെയ്യാം .

ക്രിമിയയിലെ സൈനിക കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം; 2,000 പേരെ ഒഴിപ്പിച്ചു

ക്രിമിയയിലെ സൈനിക കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം; 2,000 പേരെ ഒഴിപ്പിച്ചു

ക്രിമിയയില്‍ റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം. പ്രദേശത്ത് നിന്ന് 2,000 പേരെ ഒഴിപ്പിച്ചു. സ്‌ഫോടനത്തിന് പിന്നിലെ കാരണം എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കിരോവ്‌സ്‌കി ജില്ലയിലെ സൈനിക പരിശീലന കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നത്. ഇവിടെ തീ ആളിക്കത്തുന്നതിന്റെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തുവന്നു. ക്രിമിയിലെ പ്രധാന പാലം യുക്രൈന്‍ ഡ്രോണ്‍ ആക്രണത്തിൽ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക കേന്ദ്രത്തിലെ സ്‌ഫോടനം.

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ അടുത്ത മാസം പരിഗണിക്കും

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ അടുത്ത മാസം പരിഗണിക്കും

ഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി അടുത്ത മാസം പരിഗണിക്കും. ഓഗസ്റ്റ് ആദ്യവാരം പരിഗണിക്കാനാണ് സുപ്രീംകോടതി തീരുമാനം. സോളിറ്റർ ജനറലിന്റെ ആവശ്യപ്രകാരമാണ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിയത്.

തമിഴ്നാട് മന്ത്രിയുടെ വീട്ടിൽ നിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തെന്ന് ഇഡി

തമിഴ്നാട് മന്ത്രിയുടെ വീട്ടിൽ നിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തെന്ന് ഇഡി

ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ പൊന്മുടിയെ ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തത് രണ്ട് ദിവസങ്ങളിലായി 13.5 മണിക്കൂർ. പൊന്മുടിയുടെ വീട്ടിലെ റെയ്ഡിൽ 81.7 ലക്ഷം രൂപയുടെ പണം കണ്ടെടുത്തതായി ഇഡി അറിയിച്ചു. 13 ലക്ഷം രൂപയുടെ ബ്രിട്ടീഷ് പൗണ്ടും പിടിച്ചെടുത്തു. 41.9 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചതായും ഇ‍ഡി അധികൃതർ അറിയിച്ചു. മന്ത്രിയായിരിക്കെ 2006ൽ മകനും സുഹൃത്തുക്കൾക്കും അനധികൃതമായി ക്വാറി ലൈസൻസ് നൽകി സർക്കാർ ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.

ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി; പുതിയ തീയതി സെപ്റ്റംബര്‍ 12

ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി; പുതിയ തീയതി സെപ്റ്റംബര്‍ 12

ഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സെപ്റ്റംബര്‍ 12 ആണ് പുതിയ തീയതി. അഭിഭാഷകര്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്തും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ച് ഹര്‍ജി മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ ഉള്‍പ്പെടെയുള്ള ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

ഇന്നു ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ അടുത്ത ചൊവ്വാഴ്ചയിലേക്കു മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെയും സിബിഐയുടെയും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചൊവ്വാഴ്ച അസൗകര്യമാണെന്ന് പിണറായി വിജയനു വേണ്ടി ഹാജരാവുന്ന സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അറിയിച്ചു. തുടര്‍ന്നു സെപ്റ്റംബറിലേക്കു മാറ്റുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പു സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹര്‍ജിയും വിചാരണ നേരിടാന്‍ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകള്‍ക്ക് മുന്‍പാകെ പല തവണ കേസ് ലിസ്റ്റ് ചെയ്തിട്ടും കാര്യമായ നടപടിയുണ്ടായിട്ടില്ല.