അവസാനമായി ഒരുനോക്ക് കാണാന്‍ സോണിയയും രാഹുലും ഖാര്‍ഗെയും; ബംഗളൂരുവില്‍ വന്‍ ജനാവലി

അവസാനമായി ഒരുനോക്ക് കാണാന്‍ സോണിയയും രാഹുലും ഖാര്‍ഗെയും; ബംഗളൂരുവില്‍ വന്‍ ജനാവലി

ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിശാല പ്രതിപക്ഷ യോഗത്തിനായി ബംഗളൂരുവിലെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ച കോണ്‍ഗ്രസ് നേതാവ് ടി ജോണിന്റെ വീട്ടിലെത്തി അന്ത്യോപചോരം അര്‍പ്പിച്ചു. വിതുമ്പിയ ഭാര്യ മറിയാമ്മയെയും മകളെയും രാഹുല്‍ ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ചു.

ഉമ്മന്‍ചാണ്ടിയുടെ മരണവിവരം അറിഞ്ഞതിന് പിന്നാലെ ബംഗളൂരുവിലെ മലയാളികള്‍ ഒന്നടങ്കം പ്രിയനേതാവിനെ ഒരുനോക്ക് കാണാനായി എത്തുകയാണ്. പത്ത് മണിയോടെ എയര്‍ ആംബുലന്‍സില്‍ മൃതദേഹം ബംഗളൂരുവില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനായിരുന്നു തീരുമാനം. എന്നാല്‍ മൃതദേഹം ബംഗളുരു എയര്‍പോര്‍ട്ടില്‍ എത്തിക്കാന്‍ പന്ത്രണ്ട് മണി കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൂട് 50 ഡിഗ്രിക്ക് മുകളിൽ; വേനലിൽ വെന്തുരുകി യുഎഇ

ചൂട് 50 ഡിഗ്രിക്ക് മുകളിൽ; വേനലിൽ വെന്തുരുകി യുഎഇ

ദുബായ്: കനത്ത ചൂടിൽ യുഎഇ വെന്തുരുകുന്നു. ചൂട് അൻപത് ഡി​ഗ്രി സെന്റി​ഗ്രേഡിന് മുകളിലായി. സമീപകാലത്ത് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്.

ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടരയ്‌ക്ക്‌ അബുദാബി അൽ ദഫ്‌റ മേഖലയിലെ ബഡാ ദഫാസിലാണ്‌ താപനില 50.1 ഡിഗ്രി സെൽഷ്യസ്‌ രേഖപ്പെടുത്തിയത്‌. കഴിഞ്ഞ വർഷവും അബുദാബിയുടെ പടിഞ്ഞാറൻ പ്രദേശമായ അൽ ദഫ്‌റയിൽ താപനില 49 ഡിഗ്രി സെൽഷ്യസ്‌ കടന്നിരുന്നു. അബുദാബി, ദുബായ്‌, എന്നിവിടങ്ങളിൽ താപനില48 ഡിഗ്രി സെൽഷ്യസാണ്‌. അൽ ദഫ്‌റ മേഖലയിൽ ഇന്നും ചൂട്‌ 49 ഡിഗ്രിക്ക്‌ മുകളിലുണ്ട്‌.

ചിലയിടങ്ങളിൽ മേഘാവൃതമായ കാലാവസ്ഥ താപനില വർദ്ധിപ്പച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. ഈയാഴ്‌ച ചൂട്‌ വർദ്ധിക്കുമെന്ന്‌ അധികൃതർ മുന്നറിയിപ്പ്‌ നൽകിയിരുന്നു. ഏറ്റവും ചൂടേറിയ സമയം വീട്ടിനുള്ളിൽ തന്നെ കഴിയാനും സൂര്യപ്രകാശം നേരിട്ട്‌ ഏൽക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന്‌ അധികൃതർ മുന്നറിയിപ്പ്‌ നൽകുന്നു. തൊഴിലാളികൾക്ക്‌ സൂര്യാഘാതം ഏൽക്കാതിരിക്കാൻ യുഎഇയിൽ സെപ്‌റ്റംബർ വരെ ഉച്ചവിശ്രമം ഏർപ്പെടുത്തിയിട്ടുണ്ട്‌.

വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം തള്ളി

വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം തള്ളി

ഡൽഹി: തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്കും തിരിച്ചുമുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. സ്റ്റോപ്പ് തീരുമാനിക്കേണ്ടത് റെയിൽവേയെന്ന് ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഒരു ഹർജി അനുവദിച്ചാൽ പല വന്ദേഭാരത് ട്രെയിനുകളുടെ ഹർജിയും കോടതിയിലെത്തും. അതിനാൽ ഇപ്പോൾ പോകുന്ന പോലെ ട്രെയിൻ പോകട്ടെയെന്നും ചീഫ്ജസ്റ്റിസ് വ്യക്തമാക്കി. മലപ്പുറം തിരൂർ സ്വദേശിയായ പി.ടി ഷീജിഷ് ആണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. സമാന ആവശ്യം ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു.

നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ല; ഹൈക്കോടതി വിധിക്കെതിരെ ശ്രീരാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയില്‍

നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ല; ഹൈക്കോടതി വിധിക്കെതിരെ ശ്രീരാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയില്‍

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഹൈക്കോടതി വിധിക്കെതിരെ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചു. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന വിധിക്കെതിരെ ശ്രീരാം വെങ്കിട്ടരാമന്‍ അപ്പീല്‍ ഫയല്‍ ചെയ്തു. നരഹത്യാക്കുറ്റം ചുമത്താനുള്ള വസ്തുതകള്‍ ഇല്ലെന്ന് ഹര്‍ജിയില്‍ ശ്രീരാം വെങ്കിട്ടരാമന്‍ ചൂണ്ടിക്കാട്ടി.

കേസില്‍ തനിക്കെതിരായ നരഹത്യാക്കുറ്റം തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി മറ്റ് ചില കാരണങ്ങളാലാണ് നരഹത്യാക്കുറ്റം ചമുത്തിയതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇതുവസ്തുതകള്‍ കണക്കിലെടുക്കാതെയുള്ള ഹൈക്കോടതിയുടെ കണ്ടെത്തലാണെന്നാണ് അപ്പിലീല്‍ ചൂണ്ടിക്കാട്ടുന്നത്.

എല്ലാവസ്തുതകളും സാക്ഷിമൊഴികളും പരിഗണിച്ചാണ് സെഷന്‍സ് കോടതി തനിക്കെതിരെയുള്ള നരഹത്യാക്കുറ്റം ഒഴിവാക്കിയത്. തനിക്കെതിരായ ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് അപ്പീലില്‍ പറയുന്നു. ശ്രീരാമിന്റെ ഹര്‍ജിയെ ശക്തമായി എതിര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. അടുത്തമാസം ആദ്യം ഈ കേസ് പരിഗണനക്ക് വരാനാണ് സാധ്യത.

2019 ഓഗസ്റ്റ് മൂന്നിനു പുലർച്ചെ ഒന്നിനായിരുന്നു ശ്രീറാമും സുഹൃത്തും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമ പ്രവർത്തകൻ കെഎം ബഷീർ മരിച്ചത്. 2020 ഫെബ്രുവരിയിലാണു കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 66 പേജുള്ള കുറ്റപത്രത്തിൽ 84 രേഖകളും 72 തൊണ്ടി മുതലുകളും പൊലീസ് കോടതിയിൽ ഹാജരാക്കി. 100 സാക്ഷിമൊഴികളുമുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റങ്ങളാണിത്.

ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഇരിക്കാന്‍ തര്‍ക്കം; കയ്യാങ്കളിക്കിടെ തെറിച്ചുവീണ് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: ട്രെയിനിന്റെ വാതില്‍പ്പടിയിലിരുന്നു യാത്രചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനും കയ്യാങ്കളിക്കുമിടെ പുറത്തേക്ക് തെറിച്ചുവീണ രണ്ട് യുവാക്കള്‍ മരിച്ചു. നാഗര്‍കോവില്‍ കോയമ്പത്തൂര്‍ എക്‌സ്പ്രസിലാണു നാടകീയ സംഭവങ്ങളുണ്ടായത്. ജനറല്‍ കോച്ചില്‍ യാത്രചെയ്ത തെങ്കാശി ആലംകുളം സ്വദേശി മുത്തുകുമാര്‍ (32), തൂത്തുക്കുടി കോവില്‍പട്ടി സ്വദേശി മാരിയപ്പന്‍ (36) എന്നിവരാണു മരിച്ചത്.

വാതില്‍പ്പടിയില്‍ ഇരിക്കുന്നതിനെ ചൊല്ലി ആദ്യം ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. അത് പിന്നീട് കയ്യാങ്കളിയിലേക്ക് മാറി. മറ്റ് യാത്രക്കാര്‍ അകത്തേക്ക് കയറാന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും കൂട്ടാക്കിയില്ല. കയ്യാങ്കളിക്കിടെ, സാത്തൂരിനടുത്തു നിലതെറ്റി ഇരുവരും പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു. ഇതോടെ, യാത്രക്കാര്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി. മുത്തുകുമാര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മാരിയപ്പനും മരിച്ചു.

തമിഴ്നാട്ടിൽ വീണ്ടും ഇഡി റെയ്ഡ്: ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വീടടക്കം 9 ഇടങ്ങളിൽ പരിശോധന

തമിഴ്നാട്ടിൽ വീണ്ടും ഇഡി റെയ്ഡ്: ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വീടടക്കം 9 ഇടങ്ങളിൽ പരിശോധന

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റെയ്ഡ്. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട് അടക്കം ഒൻപത് ഇടങ്ങളിലാണ് പരിശോധന. രാവിലെ ഏഴ് മണി മുതലാണ് പരിശോധന തുടങ്ങിയത്. മന്ത്രി കെ പൊന്മുടിയുടെ മകൻ ഗൗതം ശിവമണിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. വിഴുപ്പുറത്തെ സൂര്യ എഞ്ചിനീയറിംഗ് കോളേജിലും പരിശോധന നടക്കുന്നുണ്ട്. സിആർപിഎഫിന്റെ സുരക്ഷയിലാണ് റെയ്ഡ് നടക്കുന്നത്.

മന്ത്രി സെന്തിൽ ബാലാജിക്കെതിരായ നടപടികൾക്ക് പിന്നാലെയാണ് തമിഴ്നാട്ടിൽ മന്ത്രി കെ പൊന്മുടിക്കെതിരെയും ഇഡി നടപടി തുടങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിൻ ബെംഗളൂരുവിലേക്ക് പ്രതിപക്ഷ യോഗത്തിന് പോയതിന് പിന്നാലെയാണ് നടപടി. എന്നാൽ ഏത് കേസിലാണ് അന്വേഷണമെന്ന് വ്യക്തമല്ല. മന്ത്രിക്കെതിരെ പത്ത് വർഷത്തിലേറെ പഴക്കമുള്ള കേസുകൾ നിലവിലുണ്ട്. ഇവയിൽ രണ്ട് കേസുകളിൽ അടുത്തിടെ ഇദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ഖനിവകുപ്പ് അഴിമതി കേസിൽ അദ്ദേഹത്തിനെതിരെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ മകനും എംപിയുമായ ഗൗതം ശിവമണിക്കെതിരെയും കേസുകൾ നിലവിലുണ്ട്. കള്ളക്കുറിച്ചി ലോക്സഭാ എംപിയാണ് ഇദ്ദേഹം. റെയ്ഡ് നടക്കുന്ന വീട്ടിൽ മന്ത്രിയും മകനുമുണ്ട്. മന്ത്രിയുടെ ഔദ്യോഗിക വസതിയടക്കം ഒൻപത് ഇടത്തും അന്വേഷണം നടക്കുന്നുണ്ട്. തമിഴ്നാട്ടിലെ ഏറ്റവും വലിയ ജില്ലയാണ് വിഴുപ്പുറം ജില്ല. ഇവിടെ നിന്നുള്ള ഏറ്റവും ശക്തനായ നേതാവാണ് കെ പൊന്മുടി. മുൻപ് കോളേജ് അധ്യാപകനായിരുന്ന ഇദ്ദേഹം ആ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നത്. ആറ് തവണയാണ് ഇദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

വന്നിയ സമുദായത്തിന് സ്വാധീനമുള്ള ജില്ലയാണ് വിഴുപ്പുറം. ഇവിടെ ഉടയാർ സമുദായംഗമായ പൊന്മുടി സ്വധീനം ഉറപ്പിക്കുകയായിരുന്നു. 1989 ന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വളർച്ച. സിബി ഷൺമുഖം എന്ന അണ്ണാ ഡിഎംകെ നേതാവിന്റെ ശക്തികേന്ദ്രമായ ജില്ലയെ ഡിഎംകെ അനുകൂലമാക്കിയത് പൊന്മുടിയുടെ നേതൃത്വത്തിലുള്ള ഇടപെടലിലൂടെയായിരുന്നു.

ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യ നീക്കത്തെ ശക്തിപ്പെടുത്താനുള്ള ശ്രമം സ്റ്റാലിൻ നടത്തുന്നുണ്ട്. അതിനാൽ തന്നെ സ്റ്റാലിനെതിരായ നീക്കമായാണ് ഈ റെയ്ഡുകൾ വിലയിരുത്തപ്പെടുന്നത്. റെയ്ഡ് വിവരമറിഞ്ഞ് നിരവധി ഡിഎംകെ പ്രവർത്തകർ വീട്ടിന് മുന്നിലെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് റെയ്ഡെന്നാണ് പ്രവർത്തകരുടെ പരാതി.