ടോപ് ഓർഡറിൽ അഴിച്ചുപണി ഉറപ്പ്; സഞ്ജു ‘ഇൻ’ റിങ്കു ‘ഔട്ട്’?

ടോപ് ഓർഡറിൽ അഴിച്ചുപണി ഉറപ്പ്; സഞ്ജു ‘ഇൻ’ റിങ്കു ‘ഔട്ട്’?

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയോടേറ്റ തോൽവിക്ക് പിന്നാലെ ടീമിൽ അഴിച്ചു പണി നടത്തുമെന്ന് റിപ്പോർട്ടുകൾ. ടോപ് ഓർഡറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു വലം കയ്യൻ ബാറ്ററെ ടീം ഉൾപ്പെടുത്തിയേക്കും. മോശം ഫോം തുടരുന്ന റിങ്കു സിങ്ങിനെയും ടീം ബെഞ്ചിലിരുത്താനാണ് ആലോചിക്കുന്നത്.

ടോപ് ഓർഡറിൽ മാറ്റം വരുത്തിയാൽ സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ തിരികെ കൊണ്ട് വരും. ഓപ്പണറായി സഞ്ജു വരുന്നതോടെ റൈറ്റ് ഹാൻഡ് ബാറ്റർ എന്ന നിലയിലുള്ള ആനുകൂല്യം താരത്തിന് ലഭിക്കുമെന്നാണ് ടീം വിലിരുത്തുന്നത്. അഭിഷേക് ശർമയ്ക്ക് ഫോം കണ്ടെത്താൻ കഴിയാതെ പോകുന്നതും തിലക് വർമയുടെ മെല്ലെപ്പോക്കും ടീമിനെ വല്ലാതെ വലക്കുന്നുണ്ട്. ഈ അവസരത്തിലാണ് ടോപ് ഓർഡറിൽ മാറ്റം വരുത്തുമെന്നുള്ള സൂചന അസിസ്റ്റന്‍റ് കോച്ച് റയാന്‍ ടെന്‍ഡോഷെ നൽകുന്നത്.

റിങ്കു സിങ്ങിനെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ ഈ പ്രശ്‌നം വളരെയെളുപ്പം പരിഹരിക്കാൻ കഴിയും. ഓപ്പണിങിൽ സഞ്ജു എത്തുമ്പോൾ ഇഷാൻ കിഷനോ അല്ലെങ്കിൽ അഭിഷേകോ മൂന്നാം നമ്പറിൽ കളത്തിലിറങ്ങണം.

അത് അനുസരിച്ചു ബാക്കിയുള്ളവരുടെയും ബാറ്റിങ് ഓർഡറിൽ മാറ്റം വരും. ഇതിലൂടെ ഇടം കയ്യൻ ബാറ്റർമാരെ അതിവേഗം പുറത്താക്കാൻ സഹായിക്കുന്ന സ്പിൻ തന്ത്രത്തിന് തടയിടാൻ ഇന്ത്യക്ക് കഴിയും. ഈ മാസം 26ന് സിംബാബ്‌വെക്കെതിരെ ചെന്നൈയിലാണ് ഇനി ഇന്ത്യയുടെ അടുത്ത മത്സരം.

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞു; 18 മരണം; 27 പേര്‍ക്ക് പരിക്ക്

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞു; 18 മരണം; 27 പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളിലെ ധാഡിങ് ജില്ലയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് പതിനെട്ട് പേര്‍ മരിച്ചു. 27 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തം പുരോഗമിക്കുന്നു. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന ബസ് ത്രിശൂലി നദിയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരില്‍ ഒരു ന്യൂസിലന്‍ഡ് സ്വദേശിയും ഉള്‍പ്പെടുന്നു.

അപകടത്തില്‍ ആറ് സ്ത്രീകളും പന്ത്രണ്ട് പുരുഷന്മാരുമാണ് മരിച്ചതെന്ന അധികൃതര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റ 27 പേരെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു.

ഒരുകാലത്ത് തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമന്‍; മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ് അന്തരിച്ചു

ഒരുകാലത്ത് തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമന്‍; മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ് അന്തരിച്ചു

കൊല്‍ക്കത്ത: മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ മുകുള്‍ റോയ് തിങ്കളാഴ്ച അന്തരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു. ദീര്‍ഘനാളായി വിവിധ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു.

മമത ബാനര്‍ജിയുടെ അടുത്ത അനുയായിയായാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നത്. 2009-ല്‍ കേന്ദ്ര കപ്പല്‍ ഗതാഗത സഹമന്ത്രിയായും, 2011 മുതല്‍ 2012 വരെ റെയില്‍വേ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ നഗരവികസന മന്ത്രാലയത്തിലും ചുമതലകള്‍ വഹിച്ചിരുന്നു.

തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാവുകൂടിയായ മുകുൾ റോയ് 2017ൽ ബിജെപിയിലേക്ക് മാറിയിരുന്നു. 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബിജെപിയെ സഹായിച്ചു.2020ൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2021ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി വിജയിച്ചു. എന്നാൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കാതെ തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി.

മുൻ ഭാര്യക്കും മകനും 4 കോടിയുടെ ‘ലാൻഡ് റോവർ ഡിഫൻഡർ’ സമ്മാനിച്ച് ഹർദിക്; സർപ്രൈസ് ​ഗിഫ്റ്റിന്റെ ‘കരുതലിന്’ കൈയടി

മുൻ ഭാര്യക്കും മകനും 4 കോടിയുടെ ‘ലാൻഡ് റോവർ ഡിഫൻഡർ’ സമ്മാനിച്ച് ഹർദിക്; സർപ്രൈസ് ​ഗിഫ്റ്റിന്റെ ‘കരുതലിന്’ കൈയടി

മുംബൈ: മുൻ ഭാര്യ നടാഷ സ്റ്റാൻകോവിചിനും മകൻ അഗസ്ത്യയ്ക്കും ആഡംബര വാഹനം സമ്മാനമായി നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യ. താരത്തിന്റെ ഈ നീക്കത്തിന് കൈയടിക്കുകയാണ് ആരാധകർ. ഏതാണ്ട് 4 കോടി രൂപ വിലമതിക്കുന്ന ആഡംബര എസ്‌യുവിയായ ലാൻഡ് റോവർ ഡിഫൻഡർ ആണ് ഹർദിക് നടാഷയ്ക്കും മകനുമായി ഒരുക്കിയ സർപ്രൈസ് ​ഗിഫ്റ്റ്. കറുത്ത നിറത്തിലുള്ള പുതു പുത്തൻ ഡിഫൻഡറിനു സമീപം നടാഷയും അഗസ്ത്യയും നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനു താഴെയാണ് ആരാധകർ താരത്തിന്റെ പ്രവർത്തിയെ അഭിനന്ദിക്കുന്നത്.

വാഹന നിർമാതാക്കൾ തന്നെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഹർദിക് പാണ്ഡ്യ‌ ഡിഫൻഡർ വാങ്ങാൻ വീണ്ടും നവ്‌നീത് മോട്ടോഴ്‌സിനെ തിരഞ്ഞെടുത്തു. വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ബന്ധം. ലാൻഡ് റോവർ ഡിഫൻഡർ അഗസ്ത്യ പാണ്ഡ്യയ്ക്കും നടാഷ സ്റ്റാൻകോവിചിനും മുംബൈയിലെത്തി സമ്മാനിച്ചു- കമ്പനി കുറിച്ചു. നടാഷ മുംബൈയിൽ തന്‍റെ കരിയറിലും ഫിറ്റ്‌നസിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുകയാണ്.

2020 മെയ് മാസത്തിലാണ് ഹർദിക് പാണ്ഡ്യയും സെർബിയൻ മോഡലായ നടാഷ സ്റ്റാൻകോവിചും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. നാല് വർഷങ്ങൾക്കു ശേഷം വിവാഹമോചിതരായി. 2024 ജൂലൈയിലാണ് ഹർദിക്കും നടാഷയും വിവാഹ ബന്ധം വേർപിരിഞ്ഞത്. അതേസമയം മകൻ അ​ഗസ്ത്യയുടെ രക്ഷാകർതൃത്വം ഇരുവരും ഒരുമിച്ചാണ് മുന്നോട്ടു കൊണ്ടു പോകുന്നത്.

കഴിഞ്ഞ വർഷം ഹർദിക് തന്‍റെ പുതിയ പ്രണയം വെളിപ്പെടുത്തി. മോഡലായ മഹിക ശർമയുമായാണ് ഹാർദിക് നിലവിൽ ഡേറ്റിങ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മഹികയുടെ 25ാം ജന്മദിനത്തിൽ ഹർദിക് പങ്കുവച്ച റൊമാന്‍റിക് വിഡിയോ വൈറലായിരുന്നു.

ക്രീസിലേക്ക് ഇരച്ചുവന്ന് തേനീച്ചക്കൂട്ടം, ക്രിക്കറ്റ് മാച്ചിനിടെ അമ്പയർക്ക് ദാരുണാന്ത്യം; താരങ്ങൾക്ക് പരിക്ക്

ക്രീസിലേക്ക് ഇരച്ചുവന്ന് തേനീച്ചക്കൂട്ടം, ക്രിക്കറ്റ് മാച്ചിനിടെ അമ്പയർക്ക് ദാരുണാന്ത്യം; താരങ്ങൾക്ക് പരിക്ക്

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചകളുടെ ആക്രമണത്തിൽ അമ്പയർ മരിച്ചു. സഹ അമ്പയറെ ഗുരുതര പരിക്കുകളോടെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 15-20 വരെ താരങ്ങൾക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

കാൺപൂർ ക്രിക്കറ്റ് അസോസിയേഷന് കീഴിലെ അണ്ടർ-13 ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നതിനിടെയാണ് അമ്പയർ ആയ മാണിക് ഗുപ്തയ്‌ക്ക് ആണ് തേനീച്ചയുടെ ആക്രമണത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. മത്സരത്തിനിടെ തേനീച്ചകൾ കൂട്ടമായി ഗ്രൗണ്ടിലേക്ക് വരുകയായിരുന്നു.

തേനീച്ചയുടെ ആക്രമണത്തിൽ പേടിച്ച് കളിക്കാരും അമ്പയർമാരും ചിതറി ഓടി. ചിലർ നിലത്ത് മുഖം പൊത്തി കിടന്നു. ഇതിനിടയിലാണ് 65 കാരനായ മനിക് ഗുപ്തയ്ക്ക് പരിക്കേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ മറ്റൊരു അമ്പയർ ജഗ്ദീഷ് ശർമയ്ക്കും പരിക്കേറ്റിരുന്നു. നിലവിൽ ജഗ്ദീഷ് ആശുപത്രയിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾ അപകടനില തരണം ചെയ്തതായി ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി.

കാൺപൂർ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഏകദേശം 30 വർഷത്തോളമായി പ്രവർത്തിച്ചു വരികയായിരുന്ന മാണിക് ഗുപ്ത നിരവധി പ്രാദേശിക മത്സരങ്ങളിൽ അമ്പയറായും സംഘാടകനായും സേവനം അനുഷ്ഠിച്ചിരുന്നു. മനിക് ഗുപ്തയുടെ നിര്യാണത്തിൽ കാൺപൂർ ക്രിക്കറ്റ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

മഹാരാഷ്ട്രയില്‍ മുസ്ലീം സംവരണം റദ്ദാക്കി; ഉത്തരവിറങ്ങി

മഹാരാഷ്ട്രയില്‍ മുസ്ലീം സംവരണം റദ്ദാക്കി; ഉത്തരവിറങ്ങി

മുംബൈ: മഹാരാഷ്ട്രയിലെ മുസ്ലീം സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും അനുവദിച്ചിരുന്ന അഞ്ച് ശതമാനം സംവരണം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഓര്‍ഡിനന്‍സ് കാലാവധി കഴിഞ്ഞതും കോടതിയുടെ ഇടക്കാല സ്റ്റേ തുടരുന്നതുമാണ് ഇത്തരമൊരൂ തീരുമാനത്തിന് കാരണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

കോണ്‍ഗ്രസ് – എന്‍സിപി സര്‍ക്കാരാണ് മറാത്തകള്‍ക്ക് 16 ശതമാനവും മുസ്ലീങ്ങള്‍ക്ക് അഞ്ച് ശതമാനവും സംവരണം അനുവദിച്ചുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നത്. ‘പ്രത്യേക പിന്നാക്ക വിഭാഗം (എ)’ എന്നതില്‍ ഉള്‍പ്പെടുത്തി മുസ്ലീം വിഭാഗത്തിന് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തിയത്.

2014 മുതലുള്ള ഇതുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സര്‍ക്കുലറുകളും പിന്‍വലിച്ചതായി ഉത്തരവില്‍ പറയുന്നു. കൂടാതെ ഈ വിഭാഗത്തിന് കീഴില്‍ മുസ്ലീങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റുകളും നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതും നിര്‍ത്തിവച്ചതായി ഉത്തരവില്‍ വ്യക്തമാക്കുന്നു.