കെ -ടെറ്റ് പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി തള്ളി; പരീക്ഷ പാസാകാനുള്ള സമയപരിധി നീട്ടി

കെ -ടെറ്റ് പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി തള്ളി; പരീക്ഷ പാസാകാനുള്ള സമയപരിധി നീട്ടി

ഡൽഹി: കെ-ടെറ്റ് പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി തള്ളി. കെ -ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്ക് എതിരായ പുനഃപരിശോധന ഹർജികളാണ് തള്ളിയത്. പരീക്ഷ പാസാകാനുള്ള സമയം രണ്ട് വർഷത്തിൽനിന്ന് മൂന്ന് വർഷമായി സുപ്രീംകോടതി ഉയർത്തി.

കേരള സർക്കാരും വിവിധ സംഘടനകളുടെയും ഉൾപ്പെടെ 45 ഹർജികളാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവർ അടങ്ങിയ ബെഞ്ച് പരി​ഗണിച്ചത്. തുറന്ന കോടതിയിൽ വാദം കേട്ട ശേഷമാണ് സുപ്രീംകോടതി പുനഃപരിശോധനാ ഹർജികൾ തള്ളിയത്.

2012 മാർച്ച് 31-ന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കരുതെന്നും വിരമിക്കുന്നത് വരെ തുടരാൻ അനുവദിക്കണമെന്നും ആയിരുന്നു ഹർജിക്കാരുടെ പ്രധാന ആവശ്യം. എന്നാൽ കുട്ടികളുടെ ബോധന ശാസ്ത്രത്തിലും അധ്യാപന അഭിരുചിയിലും കേന്ദ്രീകരിക്കുന്ന യോഗ്യതാ പരീക്ഷയാണ് കെ ടെറ്റെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്‌കൂൾ അധ്യാപകരാകാനുള്ള ഈ യോഗ്യത എല്ലാവരും പാസാകണമെന്നുള്ള മുൻ ഉത്തരവ് പുനഃപരിശോധിക്കാൻ സുപ്രീംകോടതി തയ്യാറായില്ല. സംസ്ഥാനത്തെ സ്കൂൾ അധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചിരുന്നു. അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സർക്കാരിന്റെ നടപടി.

വാദം പൂര്‍ത്തിയായാല്‍ മൂന്നു മാസത്തിനകം വിധി പ്രസ്താവിക്കണം; ഹൈക്കോടതികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി

വാദം പൂര്‍ത്തിയായാല്‍ മൂന്നു മാസത്തിനകം വിധി പ്രസ്താവിക്കണം; ഹൈക്കോടതികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി

ഡല്‍ഹി: ഹൈക്കോടതികള്‍ക്ക് സുപ്രധാന മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി. കേസുകളില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായാല്‍ മൂന്നു മാസത്തിനകം വിധി പ്രസ്താവിക്കണം. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളില്‍ അതിനും മുമ്പു തന്നെ വിധി പ്രസ്താവിക്കേണ്ടതാണ്. ജാമ്യ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന ദിവസമോ തൊട്ടടുത്ത ദിവസമോ വിധി പ്രസ്താവിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

രാജ്യത്തെ കോടതികളില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിട്ടും വിധി പ്രസ്താവം അനന്തമായി നീണ്ടുപോകുന്നു എന്ന ആക്ഷേപം നിലനിന്നിരുന്നു. ചില ജഡ്ജിമാര്‍ വിരമിക്കുന്നതിന് തൊട്ടു മുമ്പാണ് കേസുകള്‍ വിധി പ്രസ്താവം നടത്തിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് സുപ്രധാന മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ കേസുകളില്‍ മൂന്നു മാസത്തിനുള്ളില്‍ വിധി പുറപ്പെടുവിക്കണം. വിധി പ്രസ്താവം നീണ്ടുപോയാല്‍ അക്കാര്യം ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്. ചീഫ് ജസ്റ്റിസിന് വാദം കേട്ട ബെഞ്ചിനോട് രണ്ടാഴ്ചയ്ക്കകം വിധി പ്രസ്താവിക്കാന്‍ നിര്‍ദേശിക്കാം. അതുണ്ടായില്ലെങ്കില്‍ മറ്റൊരു ബെഞ്ചിലേക്ക് ഈ കേസ് ലിസ്റ്റ് ചെയ്യാവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളില്‍ ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളില്‍ വിധി പറയണം. ജാമ്യ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന ദിവസമോ, തൊട്ടടുത്ത ദിവസമോ വിധി പറയണം. അങ്ങനെ ജാമ്യം അനുവദിക്കുന്ന പക്ഷം, അതേ ദിവസം തന്നെ ജയില്‍ അധികൃതരെ അറിയിക്കണം. വിചാരണ തടവുകാരാണെങ്കില്‍ ഒട്ടും വൈകാതെ തന്നെ അവരുടെ മോചനം ഉറപ്പാക്കണമെന്നും സുപ്രീംകോടതി മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി നാലു മാസത്തിനുശേഷവും വിധി പ്രസ്താവിച്ചിട്ടില്ലെങ്കില്‍, ബന്ധപ്പെട്ട കക്ഷികള്‍ക്ക് കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാന്‍ ചീപ് ജസ്റ്റിസിനോട് ആവശ്യപ്പെടാവുന്നതാണ്. ഓപ്പണ്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധി 24 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പൂനെയില്‍ വ്യാജമദ്യ ദുരന്തം: 18 മരണം; നിരവധി പേര്‍ ​ഗുരുതരാവസ്ഥയിൽ

പൂനെയില്‍ വ്യാജമദ്യ ദുരന്തം: 18 മരണം; നിരവധി പേര്‍ ​ഗുരുതരാവസ്ഥയിൽ

മുംബൈ: വ്യാജമദ്യം കഴിച്ച് 18 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഏതാനും പേരുടെ കാഴ്ച ശക്തി നഷ്ടമായതായും റിപ്പോര്‍ട്ടുകളുണ്ട്.

പിംപ്രി-ചിഞ്ച്വാഡിലെ ഫുഗേവാഡി പ്രദേശത്തുനിന്നും പൂനെയിലെ ഹഡപ്സര്‍ മേഖലയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫുഗേവാഡിയില്‍ 13 പേരാണ് മരിച്ചത്. യോഗേഷ് വാംഖഡെ എന്നയാളാണ് വ്യാജമദ്യം വിതരണം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജമദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് യോഗേഷിനെ കൂടാതെ, ഏഴു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ പോലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കർണ്ണാടകത്തിൽ സിദ്ധരാമയ്യയുടെ രാജി ഗവർണ്ണർ സ്വീകരിച്ചു; പുതിയ മന്ത്രിസഭാ ചർച്ചകൾക്കായി ഡികെയും സിദ്ധരാമയ്യയും ഡൽഹിയിൽ

കർണ്ണാടകത്തിൽ സിദ്ധരാമയ്യയുടെ രാജി ഗവർണ്ണർ സ്വീകരിച്ചു; പുതിയ മന്ത്രിസഭാ ചർച്ചകൾക്കായി ഡികെയും സിദ്ധരാമയ്യയും ഡൽഹിയിൽ

ബംഗളൂരു: കർണ്ണാടക രാഷ്ട്രീയത്തിലെ നിർണ്ണായക അധികാരക്കൈമാറ്റത്തിന് ഔദ്യോഗിക സ്ഥിരീകരണം നൽകിക്കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഗവർണ്ണർ താവർചന്ദ് ഗെഹ്‌ലോട്ട് വെള്ളിയാഴ്ച ഔദ്യോഗികമായി സ്വീകരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ 164(1) വകുപ്പ് പ്രകാരം സിദ്ധരാമയ്യയുടെ രാജി സ്വീകരിച്ചതായും അദ്ദേഹം നയിച്ചിരുന്ന മന്ത്രിസഭ ഉടനടി പ്രാബല്യത്തോടെ പിരിച്ചുവിട്ടതായും രാജ്ഭവൻ പുറപ്പെടുവിച്ച പ്രത്യേക വിജ്ഞാപനത്തിൽ ഗവർണ്ണർ വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്ത് പുതിയ ഭരണസംവിധാനം നിലവിൽ വരുന്നതുവരെ മുഖ്യമന്ത്രി പദവിയിൽ താൽക്കാലികമായി തുടരാൻ സിദ്ധരാമയ്യയോട് ഗവർണ്ണർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ, പുതിയ മുഖ്യമന്ത്രിയായി ഉടൻ ചുമതലയേൽക്കുമെന്ന് കരുതപ്പെടുന്ന ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും സിദ്ധരാമയ്യയും ഒന്നിച്ച് ഡൽഹിയിലെത്തി കോൺഗ്രസ് ഹൈക്കമാൻഡുമായി പുതിയ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ആരംഭിക്കും.

തന്റെ ദീർഘകാലത്തെ രാഷ്ട്രീയ ജീവിതത്തിന്റെ ഒരു പ്രധാന അധ്യായം സിദ്ധരാമയ്യ അവസാനിപ്പിക്കുമ്പോൾ, പാർട്ടിയിലും ഭരണത്തിലും ഉണ്ടാകാനിടയുള്ള അസ്വാരസ്യങ്ങൾ ഒഴിവാക്കാനായി ഡികെ ശിവകുമാർ പുതിയൊരു രാഷ്ട്രീയ ഫോർമുല മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. സിദ്ധരാമയ്യയുടെ രാജിയിൽ അതൃപ്തിയുള്ള അനുയായികളെയും പ്രത്യേകിച്ച് കുറുബ സമുദായത്തെയും ശാന്തരാക്കുന്നതിനായി സിദ്ധരാമയ്യയുടെ മകനും എംഎൽസിയുമായ ഡോ യതീന്ദ്രയെ പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി ആക്കാനാണ് ഡി.കെ. ശിവകുമാർ പദ്ധതിയിടുന്നത്.

ഭരണത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു ‘ഇൻഷുറൻസ്’ കൂടിയായാണ് ഡികെ ഈ നീക്കത്തെ കാണുന്നത്. ഹൈക്കമാൻഡ് വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റും കേന്ദ്ര നേതൃത്വത്തിലെ പദവികളും സിദ്ധരാമയ്യ നിരസിച്ചുവെങ്കിലും, മകന് ഉപമുഖ്യമന്ത്രി പദം നൽകാനുള്ള രാഹുൽ ഗാന്ധിയുടെയും ഡികെയുടെയും പുതിയ ഫോർമുലയോട് അദ്ദേഹം അനുകൂലമായി പ്രതികരിച്ചേക്കുമെന്നാണ് അറിയുന്നത്. കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിന് മുൻപ് തന്നെ മന്ത്രിസഭയുടെ അന്തിമ രൂപരേഖ തയ്യാറാക്കാനാണ് ഇരുവരുടെയും നീക്കം.

അതേസമയം, ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നതോടെ പുതിയ കെപിസിസി പ്രസിഡന്റ് ആരാകുമെന്നതിലും, മന്ത്രിസഭയിൽ എത്ര ഉപമുഖ്യമന്ത്രിമാർ വേണമെന്നതിലും ചർച്ചകൾ സജീവമാണ്. എഐസിസി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയുടെ മകനും മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയെയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. പുതിയ മന്ത്രിസഭയിൽ വലിയ തോതിൽ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കെജെ ജോർജ്ജ്, എംബി പാട്ടീൽ, ഡോ ജി പരമേശ്വര, കൃഷ്ണ ബൈരെ ഗൗഡ, സമീർ അഹമ്മദ് ഖാൻ തുടങ്ങിയ മുതിർന്ന നേതാക്കളെ നിലനിർത്തിക്കൊണ്ട് തന്നെ പുതിയ പലരെയും ഉൾപ്പെടുത്തും. സ്പീക്കർ യുടി ഖാദറിനെ മന്ത്രിസഭയിലേക്ക് കൊണ്ടുവന്ന് പരമേശ്വരയെ സ്പീക്കറാക്കാനും ആലോചനയുണ്ട്. ശ്രീനിവാസ് മാനെ, ബികെ ഹരിപ്രസാദ്, സലീം അഹമ്മദ്, തൻവീർ സേട്ട് എന്നിവരാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് പ്രമുഖ പുതുമുഖങ്ങൾ. വരുന്ന തിങ്കളാഴ്ച അതായത് ജൂൺ ഒന്നിന് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബംഗളൂരുവിൽ നടക്കുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി വ്യക്തമാക്കുന്നത്.

കേരള സർവകലാശാല: വനിതാ മേട്രൻമാർക്ക് അവസരം, അഭിമുഖത്തിലൂടെ നിയമനം

കേരള സർവകലാശാല: വനിതാ മേട്രൻമാർക്ക് അവസരം, അഭിമുഖത്തിലൂടെ നിയമനം

കേരള സർവകലാശാലയുടെ കീഴിലുള്ള വനിതാ ഹോസ്റ്റലുകളിൽ കരാർ അടിസ്ഥാനത്തിൽ വനിതാ മേട്രൻമാരെ നിയമിക്കുന്നു. പത്താം ക്ലാസ് പാസായ വനിതകൾക്ക് ആണ് അവസരം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ആവശ്യമാണ്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

തസ്തിക: വനിതാ മേട്രൻ

ആകെ ശമ്പളം: ₹21,000/-

പ്രായപരിധി: 30 മുതൽ 55 വയസ്സ് വരെ (പിന്നാക്ക, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും)

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത: SSLC പാസ്സായിരിക്കണം.

പ്രവൃത്തി പരിചയം: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ജോലി രീതി: ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള സേവനം (രാത്രി ഡ്യൂട്ടി ഉൾപ്പെടെ).

കേരള സർവകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ തൈക്കാട്, കാര്യവട്ടം ക്യാംപസുകളിലേക്കാണ് നിയമനം നടത്തുന്നത്.

തെരഞ്ഞെടുപ്പ് പ്രക്രിയ

അഭിമുഖം വഴിയാണ് നിയമനം നടത്തുന്നത്. 03.06.2026 (ബുധനാഴ്ച) രാവിലെ 09:00 മണിക്ക് കേരള സർവകലാശാലയുടെ പാളയത്തുള്ള സെന്റനറി ഹാൾ ക്യാംപസിൽ എത്തണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://keralauniversity.ac.in/pdfs/jobNoti/Notifcation1779357819.pdf

സിബിഎസ്ഇ പുനർമൂല്യനിർണ്ണയം; സംശയങ്ങൾ ദൂരീകരിക്കാൻ ഹെൽപ്‌ലൈൻ

സിബിഎസ്ഇ പുനർമൂല്യനിർണ്ണയം; സംശയങ്ങൾ ദൂരീകരിക്കാൻ ഹെൽപ്‌ലൈൻ

ഡൽഹി: സിബിഎസ് ഇ (CBSE) പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയതായി അധികൃതർ. ഒരു ടോൾ-ഫ്രീ നമ്പറും പ്രത്യേക മെയിൽ ഐഡിയുമാണ് സിബിഎസ് ഇ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ പരീക്ഷാ ഫലങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും വിദ്യാർഥികൾക്ക് ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.

വിദ്യാർഥികൾക്ക് 1800-11-8004 എന്ന ടോൾ-ഫ്രീ നമ്പറിൽ ബന്ധപ്പെട്ട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാം. info.cbse@nic.in, resultcbse2026@cbseshiksha.in എന്നീ ഇ-മെയിൽ വഴിയും വിദ്യാർഥികൾക്ക് സംശയം എഴുതി അറിയിക്കാം. ഇതിന് അതിവേഗം മറുപടി നൽകുമെന്നും സിബിഎസ് ഇ അറിയിച്ചു.