നാലു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്മാര്‍; കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര ഡല്‍ഹി പ്രസിഡന്റ്

നാലു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്മാര്‍; കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര ഡല്‍ഹി പ്രസിഡന്റ്

ഡല്‍ഹി: ഡല്‍ഹി അടക്കം നാലു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷന്മാര്‍. വീരേന്ദ്ര സച്ച്ദേവയ്ക്ക് പകരം ഡല്‍ഹിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്രയെ നിയമിച്ചു.

ഹരിയാന, പഞ്ചാബ്, ത്രിപുര എന്നിവിടങ്ങളിലും പുതിയ പ്രസിഡന്റുമാരെ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ നിയമിച്ചു. അര്‍ച്ചന ഗുപ്തയാണ് ഹരിയാനയിലെ ബിജെപി സംസ്ഥാന പ്രസിഡന്റ്.സര്‍ദാര്‍ കേവല്‍ സിങ് ധില്ലനെ പഞ്ചാബ് ബിജെപി അധ്യ7നായും, എംഎല്‍എ അഭിഷേക് ഡെബ്രോയിയെ ത്രിപുര സംസ്ഥാന പ്രസിഡന്റായും ബിജെപി കേന്ദ്രനേതൃത്വം നിയമിച്ചു. നിയമനങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് വ്യക്തമാക്കി.

ആശുപത്രി വാർഡിലെ എസി ഓഫാക്കി; 6 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ആശുപത്രി വാർഡിലെ എസി ഓഫാക്കി; 6 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ധാക്ക: ബം​ഗ്ലാദേശിലെ സ്വകാര്യ ആശുപത്രിയിൽ 6 നവജാത ശിശുക്കൾ മരിച്ചു. ജനിച്ച് ഒരു ദിവസം മുതൽ 3 ദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. അദ്‍ദിൻ ആശുപത്രിയിലാണ് ദാരുണ സംഭവം. എസി ഓഫാക്കിയതിനു പിന്നാലെ കുട്ടികൾക്ക് സുഖമില്ലാതാവുകയും മരിക്കുകയുമായിരുന്നു. രാവിലെ ആറ് മണിക്കാണ് ആദ്യത്തെ കുട്ടി മരിച്ചത്. പിന്നീട് ഒൻപതരയോടെ മറ്റ് കുട്ടികളും മരിച്ചെന്നു മട്രോ പൊളിറ്റൻ പൊലീസ് വ്യക്തമാക്കി.

പുലർച്ചെ 2 മണിയോടെ കുഞ്ഞുങ്ങൾക്കു തണുക്കുന്നുവെന്നു വാർഡിലെ ഒരു കൂട്ടിരിപ്പുകാരൻ പരാതിപ്പെട്ടിരുന്നു. ഇതോടെ ആ മുറിയിലെ എസി ഏതാണ്ട് ഒരു മണിക്കൂറോളം നിർത്തി വച്ചു. പിന്നീട് ചൂട് അനുഭവപ്പെട്ടതിനെ തുടർന്നു വീണ്ടും എസി പ്രവർത്തിപ്പിച്ചു. പിന്നാലെ രണ്ട് കുട്ടികൾക്കു സുഖമില്ലെന്നു കണ്ടതോടെ ഇരുവരേയും എൻഐസിയുവിലേക്ക് മാറ്റി. പിന്നീട് വാർഡിലേക്ക് മാറ്റിയെങ്കിലും പുലർച്ചെ ആറ് മണിയോടെ കുട്ടികൾക്കു വീണ്ടും സുഖമില്ലാതായതോടെ അവരെ എൻഐസിയുവിലേക്ക് തന്നെ മാറ്റി. പിന്നാലെ വെന്റിലേറ്ററിലേക്കും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവം നടക്കുമ്പോൾ ധാക്കയിലെ താപനില ഏതാണ്ട് 32 ഡി​ഗ്രി സെൽഷ്യസ് ആയിരുന്നു. എസി ഓഫ് ചെയ്തതോടെ മുറിക്കുള്ളിലേക്ക് വായു സഞ്ചാരത്തിനുള്ള മറ്റു വഴികളുണ്ടായിരുന്നില്ലെന്നും അന്തരീക്ഷം ശ്വാസം മുട്ടിക്കുന്നതായിരുന്നുവെന്നു ആരോ​ഗ്യ വകുപ്പ് മേധാവ് പ്രഭാത് ചന്ദ്ര ബിശ്വാസ് വ്യക്തമാക്കി. എസിക്കുണ്ടായ തകരാറിനെത്തുടർന്നു വാതക ചോർച്ചയുണ്ടായിരിക്കാമെന്നും കുട്ടികളുടെ ആരോ​ഗ്യനില വഷളാകാൻ ഇതു കാരണമായെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടുണ്ട്. സംഭവത്തിൽ ആരോ​ഗ്യ മന്ത്രാലയം അന്വേഷണത്തിനു ഉത്തരവിട്ടു.

കർണ്ണാടകത്തിൽ സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു; ഡികെ ശിവകുമാറിനെ പിന്തുണയ്ക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം

കർണ്ണാടകത്തിൽ സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു; ഡികെ ശിവകുമാറിനെ പിന്തുണയ്ക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം

ബംഗളൂരു: കർണ്ണാടക രാഷ്ട്രീയത്തിൽ ദിവസങ്ങളായി നിലനിന്നിരുന്ന ഭരണമാറ്റ അഭ്യൂഹങ്ങൾക്ക് ഒടുവിൽ പൂർണ്ണ വിരാമം. ഡികെ ശിവകുമാറിന് മുഖ്യമന്ത്രി പദവിയിലേക്കുള്ള വഴിതുറന്ന് നൽകിക്കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ ഔദ്യോഗിക രാജി പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ സ്വന്തം വസതിയിൽ വെച്ച് മന്ത്രിമാർക്കായി അദ്ദേഹം ഒരുക്കിയ പ്രത്യേക പ്രഭാതഭക്ഷണ യോഗത്തിലാണ് നാടകീയമായ ഈ പ്രഖ്യാപനമുണ്ടായത്.

വരും ദിവസങ്ങളിൽ ഡികെ ശിവകുമാറിനെ പൂർണ്ണമായി പിന്തുണച്ച് ഒപ്പം നിൽക്കാൻ സിദ്ധരാമയ്യ യോഗത്തിൽ പങ്കെടുത്ത എല്ലാ മന്ത്രിമാരോടും ഔദ്യോഗികമായി ആവശ്യപ്പെട്ടു. പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രിമാർ മുഴുവൻ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്നും മടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തന്നെ തന്റെ രാജിക്കത്ത് ഗവർണ്ണർക്ക് കൈമാറുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. ഗവർണ്ണർ താവർചന്ദ് ഗെഹ്‌ലോട്ട് നിലവിൽ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഇൻഡോറിലാണെങ്കിലും രാജ്ഭവൻ സെക്രട്ടറി വഴി രാജി കൈമാറാനാണ് സിദ്ധരാമയ്യയുടെ തീരുമാനം.

ഭരണമാറ്റ വാർത്തകൾ പുറത്തുവന്നതോടെ ഉപമുഖ്യമന്ത്രിയും പുതിയ മുഖ്യമന്ത്രിയായി നിശ്ചയിക്കപ്പെടുകയും ചെയ്ത ഡികെ. ശിവകുമാറിന്റെ ബംഗളൂരുവിലെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ വലിയ രീതിയിലുള്ള ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പ്രവർത്തകർ കൂട്ടത്തോടെ മുദ്രാവാക്യം വിളിക്കുകയും പരസ്പരം മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയുമാണ്. കോൺഗ്രസ് പാർട്ടിക്കായി സ്വന്തം ജീവിതം സമർപ്പിച്ച നേതാവാണ് ഡി.കെ. ശിവകുമാറെന്നും അദ്ദേഹം നൂറ് ശതമാനവും മുഖ്യമന്ത്രി പദവിക്ക് അർഹനാണെന്നും അണികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

സിദ്ധരാമയ്യയും ഡികെ.ശിവകുമാറും മനുഷ്യന്റെ രണ്ട് കണ്ണുകൾ പോലെയാണ് കർണ്ണാടകത്തിൽ കോൺഗ്രസിനെ നയിച്ചതെന്നും ഈ വലിയ അധികാരക്കൈമാറ്റം വിജയകരമായി പൂർത്തിയാക്കിയ കോൺഗ്രസ് ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും നന്ദി അറിയിക്കുന്നുവെന്നും വസതിക്ക് മുന്നിൽ തടിച്ചുകൂടിയ അണികൾ വ്യക്തമാക്കി.

കഴിഞ്ഞ വർഷം കോൺഗ്രസ് സർക്കാർ രണ്ടര വർഷത്തെ ഭരണം പൂർത്തിയാക്കിയതു മുതൽ തന്നെ കർണ്ണാടകത്തിൽ നേതൃമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. നിലവിൽ മൂന്ന് വർഷത്തെ ഭരണം പൂർത്തിയാകുന്ന ഘട്ടത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ കർശന നിർദ്ദേശപ്രകാരം സിദ്ധരാമയ്യ പദവി ഒഴിഞ്ഞത്. പ്രഭാതഭക്ഷണ യോഗത്തിനിടെ 77-കാരനായ സിദ്ധരാമയ്യയുടെ പാദങ്ങൾ തൊട്ട് വണങ്ങി ഡി.കെ. ശിവകുമാർ അനുഗ്രഹം വാങ്ങുകയും ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങൾ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മുൻപ് ഗവർണ്ണറെ കാണാൻ സിദ്ധരാമയ്യ സമയം തേടിയിട്ടില്ലെന്ന് രാജ്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നുവെങ്കിലും വൈകുന്നേരം മൂന്ന് മണിയോടെ രാജി നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തീരുമാനം. പുതിയ മുഖ്യമന്ത്രിയായി ഡികെ.ശിവകുമാർ അടുത്ത ദിവസങ്ങളിൽ തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

ഹമാസിൻ്റെ പുതിയ മേധാവിയേയും വധിച്ച് ഇസ്രയേൽ

ഹമാസിൻ്റെ പുതിയ മേധാവിയേയും വധിച്ച് ഇസ്രയേൽ

ജെറുസലേം: ഗാസയിലെ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ പുതിയ മേധാവിയെ വധിച്ചതായി ഇസ്രായേൽ. പുതിയ തലവനായ മുഹമ്മദ് ഒഡേ ഇന്നലെ ഗാസ സിറ്റിയിൽ നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒഡേയുടെ ഭാര്യയും മകനും കൊല്ലപ്പെട്ടു. 2023 ഒക്ടോബർ 7ന് ഇസ്രായേലിൽ നടന്ന ഹമാസിന്റെ അതിർത്തി കടന്നുള്ള ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായിരുന്നു മുഹമ്മദ് ഒഡേ. മേയ് 15ന് ഇസ്രായേൽ സൈന്യം വധിച്ച മുൻ സൈനിക കമാൻഡർ ഇസ് അൽ-ദിൻ അൽ ഹദ്ദാദിന് പകരക്കാരനായി ഏതാണ്ട് ഒരാഴ്ച മുൻപാണ് ഒഡേയെ ഈ പദവിയിലേക്ക് നിയമിച്ചത്.

കുട്ടികള്‍ ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുന്നത് അപകടം; യുഎഇയില്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്

കുട്ടികള്‍ ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുന്നത് അപകടം; യുഎഇയില്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്

ദുബൈ: രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികള്‍ ഓണ്‍ലൈന്‍ ഷോപ്പിങ്, ഡെവലിവറി ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ മുന്നറിയിപ്പുമായി ഷാര്‍ജ ചൈല്‍ഡ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍. രക്ഷിതാക്കള്‍ അറിയാതെ കുട്ടികള്‍ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണികള്‍ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

കുട്ടികള്‍ക്ക് എല്ലായ്‌പ്പോഴും ഒറ്റയ്ക്ക് സാഹചര്യങ്ങളെ നേരിടാനാകില്ലെന്നും സഹായം ആവശ്യമുള്ളപ്പോള്‍ രക്ഷിതാക്കള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നും സംഘടന പറഞ്ഞു. രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികള്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ചെയ്യുന്നില്ലെന്നും ഡെലിവറി, ഷോപ്പിങ് ആപ്പുകള്‍ വഴി പേയ്മെന്റുകള്‍ നടത്തുന്നില്ലെന്നും വീട്ടുവിലാസങ്ങള്‍ പങ്കിടുന്നില്ലെന്നും ഉറപ്പാക്കണമെന്നും സംഘടന രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

ചില കുട്ടികള്‍ മാതാപിതാക്കളുടെ അറിവില്ലാതെ ഭക്ഷണം, ഉല്‍പ്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍ അല്ലെങ്കില്‍ മറ്റ് ഇനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ അവരുടെ ഫോണുകള്‍ ഉപയോഗിച്ചേക്കാം, കൂടാതെ ഡെലിവറി വരുമ്പോള്‍ സ്വന്തമായി അവ കൈപ്പറ്റാന്‍ ശ്രമിച്ചേക്കാം. ഇത് അപരിചിതരായ വ്യക്തികളുമായി കുട്ടികള്‍ നേരിട്ട് സമ്പര്‍ക്കത്തില്‍ വരാനും ഓണ്‍ലൈന്‍ വഴി പണം നഷ്ടപ്പെടാനും കാരണമായേക്കാം. സാങ്കേതികവിദ്യയുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുകയല്ല, മറിച്ച് ഡിജിറ്റല്‍ ഇടപാടുകളിലും വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിലും കുട്ടികള്‍ക്ക് കൃത്യമായ അതിര്‍വരമ്പുകള്‍ നിശ്ചയിച്ചു നല്‍കാന്‍ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

കുട്ടികള്‍ ഉപയോഗിക്കുന്ന ഡിവൈസുകളിലെ ആപ്പ് സെറ്റിങ്‌സുകള്‍ പരിശോധിക്കണം, ബാങ്ക് കാര്‍ഡ് വിശദാംശങ്ങള്‍ സംരക്ഷിക്കുകയോ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ ദ്രുത പേയ്മെന്റ് ഓപ്ഷനുകള്‍ ചെയ്യുന്നതോ ഒഴിവാക്കണം. കൂടാതെ പേയ്മെന്റ് നോട്ടിഫിക്കേഷനുകള്‍ ആക്ടീവ് ആക്കണം. പ്രായത്തിന് അനുസരിച്ച് രക്ഷിതാക്കള്‍ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരണമെന്നുമാണ് നിര്‍ദേശം.

മസ്‌കറ്റിൽ റൺവേയിലിടിച്ച് കണ്ണൂർ വിമാനം; വൻ ദുരന്ത വിവരം പുറത്തുവരുന്നത് രണ്ടാഴ്ചയ്ക്ക് ശേഷം

മസ്‌കറ്റിൽ റൺവേയിലിടിച്ച് കണ്ണൂർ വിമാനം; വൻ ദുരന്ത വിവരം പുറത്തുവരുന്നത് രണ്ടാഴ്ചയ്ക്ക് ശേഷം

ഡൽഹി: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയുടെ വശങ്ങളിലിടിച്ച് വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിവരം രണ്ടാഴ്ചയ്ക്ക് ശേഷം പുറത്ത്. മെയ് 15-ന് രാത്രി പ്രാദേശിക സമയം ഒൻപത് മണിയോടെ നടന്ന ഈ ഞെട്ടിക്കുന്ന സംഭവം ഇപ്പോഴാണ് ഔദ്യോഗികമായി പുറത്തുവരുന്നത്. മസ്‌കറ്റിൽ നിന്നും കണ്ണൂരിലേക്ക് പറന്നുയരാൻ തയ്യാറെടുക്കുകയായിരുന്ന 189 സീറ്റുകളുള്ള ബോയിങ് 737 എൻ.ജിവിമാനമാണ് ടേക്ക് ഓഫിനിടെ റൺവേയുടെ മധ്യഭാഗത്തുനിന്നും മാറി വലതുവശത്തേക്ക് നീങ്ങി അപകടത്തിൽപ്പെട്ടത്. റൺവേയുടെ വശങ്ങളിൽ ഘടിപ്പിച്ചിരുന്ന നിരവധി വിളക്കുകളിൽ വിമാനം അതിവേഗത്തിൽ ഇടിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ടതോടെ പൈലറ്റുമാർ ടേക്ക് ഓഫ് അടിയന്തിരമായി ഉപേക്ഷിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കോ ജീവനക്കാർക്കോ ആർക്കും തന്നെ അപകടത്തിൽ പരിക്കേറ്റിട്ടില്ല. റൺവേയിലെ ലൈറ്റുകളിലിടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ ‘സിസ്റ്റം എ’യിൽ നിന്നും പൂർണ്ണമായ രീതിയിൽ ഹൈഡ്രോളിക് ദ്രാവകം ചോരുകയും ടയറുകളിലൊന്ന് പൊട്ടുകയും ചെയ്തു. കോക്പിറ്റിൽ മാസ്റ്റർ കോഷൻ ഇലക്ട്രിക് ലൈറ്റ് തെളിഞ്ഞതോടെയാണ് പൈലറ്റുമാർ വിമാനം അടിയന്തിരമായി നിർത്തിയത്. തുടർന്ന് റൺവേയിൽ വെച്ച് തന്നെ മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. വലിയ തോതിൽ കേടുപാടുകൾ സംഭവിച്ച വിമാനം ഇപ്പോഴും മസ്‌കറ്റ് വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്. അപകടത്തെ തുടർന്ന് യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിലാണ് കണ്ണൂരിലെത്തിച്ചത്. നിശ്ചയിച്ച സമയത്തിലും 12 മണിക്കൂറിലധികം വൈകിയാണ് ഇവർ നാട്ടിലെത്തിയത്.

ഇന്ത്യയിലെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ സംഭവം നടന്ന ഉടൻ തന്നെ എയർലൈൻ അധികൃതർ വിവരമറിയിച്ചിരുന്നു. നിലവിൽ ഒമാൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോയാണ് ഈ റൺവേ അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യാനായി റൺവേയ്ക്ക് നടുവിലായി കൃത്യമായി ക്രമീകരിക്കുന്നതിൽ പൈലറ്റുമാർക്ക് സംഭവിച്ച പാളിച്ചയാണോ അപകടകാരണമെന്ന് ഏജൻസി പരിശോധിക്കുന്നുണ്ട്. ഒമാൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോയുമായി സഹകരിച്ച് അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിനുണ്ടായ കേടുപാടുകളുടെ കൃത്യമായ വ്യാപ്തി എത്രത്തോളമാണെന്ന് വെളിപ്പെടുത്താൻ എയർലൈൻ അധികൃതർ തയ്യാറായിട്ടില്ല.