by Midhun HP News | May 21, 2026 | Latest News, ദേശീയ വാർത്ത
ഇസ്ലാമാബാദ്: 2019-ലെ പുല്‍വാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ ഹംസ ബുര്‍ഹാന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വെച്ച് അജ്ഞാതരായ അക്രമികളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.
പുല്‍വാമ നിവാസിയായ ബുര്‍ഹാന്റെ യഥാര്‍ത്ഥ പേര് അര്‍ജുമന്ദ് ഗുല്‍സാര്‍ ദാര്‍ എന്നാണ്. ഡോക്ടര്‍ എന്നാണ് ഇയാള്‍ ഭീകരര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. 2022-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുര്‍ഹാനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
2019-ലെ പുല്‍വാമ ആക്രമണത്തില്‍ 40 ലേറെ സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ജമ്മു കാശ്മീരില്‍ പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തുകയായിരുന്നു.2019 ഫെബ്രുവരി പതിനാലാം തീയതിയായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാനിലെ ഭീകരസംഘടനയായ ജെയ്ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.
by Midhun HP News | May 21, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: കടുത്ത രാഷ്ട്രീയ വടംവലികൾക്കും മുന്നണി ചർച്ചകൾക്കുമൊടുവിൽ തമിഴ്‌നാട്ടിൽ സി. ജോസഫ് വിജയ് മന്ത്രിസഭയുടെ വിപുലീകരണത്തിന്റെ ഭാഗമായുള്ള സുപ്രധാന സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചു. തമിഴ്‌നാടിന്റെ അധിക ചുമതലയുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുതിയ മന്ത്രിമാർക്ക് ഔദ്യോഗികമായി സത്യവാചകം ചൊല്ലിക്കൊടുക്കുന്നു. എന്നാൽ, വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റ ചടങ്ങിലെന്ന പോലെ ഇത്തവണയും സത്യപ്രതിജ്ഞാ ചടങ്ങിന്റെ തുടക്കത്തിൽ വന്ദേമാതരം ആലപിച്ചതും സംസ്ഥാന ഗീതമായ ‘തമിഴ് തായ് വാഴ്ത്ത്’ മൂന്നാമതാക്കി മാറ്റിയതും തമിഴ് രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
ഔദ്യോഗിക ചടങ്ങുകളുടെ തുടക്കത്തിൽ വന്ദേമാതരം ആലപിച്ചതിന് പിന്നാലെയാണ് തമിഴ്‌നാടിന്റെ പ്രാദേശിക വികാരമായ തമിഴ് തായ് വാഴ്ത്ത് മൂന്നാമതായി ആലപിച്ചത്. വിജയ്‌യുടെ സത്യപ്രതിജ്ഞാ വേളയിലും ഇതേ ക്രമം ആവർത്തിച്ചപ്പോൾ തന്നെ പ്രധാന പ്രതിപക്ഷമായ ഡിഎംകെയും ഭരണപക്ഷത്തെ ചില പ്രമുഖ സഖ്യകക്ഷികളും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അന്ന് ഗവർണറുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക നിർദ്ദേശപ്രകാരമാണ് വന്ദേമാതരത്തിന് മുൻഗണന നൽകിയതെന്ന് വിജയ് സർക്കാർ വിശദീകരണം നൽകിയിരുന്നു. സംസ്ഥാന ഗീതത്തിന് അർഹമായ പ്രാധാന്യം നൽകണമെന്നും തമിഴ് വികാരം മാനിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിട്ടും ഇന്ന് വീണ്ടും ചടങ്ങിൽ അത് ആവർത്തിക്കപ്പെട്ടത് വിജയ് സർക്കാരിന് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ തലവേദനയും തമിഴ് മണ്ണിൽ കടുത്ത പ്രാദേശിക വാദ പ്രതിസന്ധികളും സൃഷ്ടിച്ചേക്കാം.
അറുപത് വർഷത്തോളമുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് കോൺഗ്രസ് ഭരണത്തിലേക്ക്
തമിഴ് രാഷ്ട്രീയത്തിൽ വലിയൊരു ചരിത്രപരമായ മാറ്റത്തിനാണ് ഇന്നത്തെ മന്ത്രിസഭാ വിപുലീകരണം സാക്ഷ്യം വഹിക്കുന്നത്. നീണ്ട 59 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്‌നാട്ടിലെ ഒരു ഭരണകൂടത്തിന്റെ ഭാഗമായി തിരിച്ചെത്തുന്നത് (1967-ന് ശേഷം ആദ്യം). കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ. രാജേഷ് കുമാർ (കിള്ളിയൂർ എംഎൽഎ), പി. വിശ്വനാഥ് (മേലൂർ) എന്നിവരാണ് വിജയ് മന്ത്രിസഭയിൽ കോൺഗ്രസ് പ്രതിപ്രതിനിധികളായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇരുവർക്കും പുറമെ മറ്റ് സുപ്രധാന വകുപ്പുകളിലേക്കായി ഇരുപതിലധികം പുതിയ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നുണ്ട്.
മുൻപ് സഖ്യകക്ഷിയായ സിപിഎം, എഐഎഡിഎംകെ വിമതരെ മന്ത്രിസഭയിൽ എടുക്കുന്നതിനെതിരെ കടുത്ത ഭീഷണി മുഴക്കിയിരുന്ന പശ്ചാത്തലത്തിൽ, ഈ ഘട്ടത്തിൽ റിബൽ നേതാക്കളെ പൂർണ്ണമായി ഒഴിവാക്കിയാണ് വിജയ് തന്റെ മന്ത്രിസഭ പുതുക്കിയിട്ടുള്ളത്. വിജയ് മന്ത്രിസഭയിൽ ചേരാൻ പാർട്ടി എംഎൽഎമാർക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഔദ്യോഗികമായി അനുമതി നൽകിയ വിവരം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എക്സിലൂടെ (X) പരസ്യമാക്കിയിരുന്നു. കോൺഗ്രസ് അണികളിൽ വലിയ ആവേശമാണ് ഈ പുനഃപ്രവേശം ഉണ്ടാക്കിയിട്ടുള്ളത്. അഗ്രികൾച്ചർ, ഹയർ എഡ്യൂക്കേഷൻ ഉൾപ്പെടെ വിജയ് നേരിട്ട് കൈവശം വെച്ചിരുന്ന ഇരുപതോളം പ്രധാന വകുപ്പുകൾ പുതിയ മന്ത്രിമാർക്കായി ഇന്ന് വിഭജിച്ചു നൽകും.
by Midhun HP News | May 20, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട്ടിൽ സി. ജോസഫ് വിജയ്‌യുടെ (നടൻ വിജയ്) നേതൃത്വത്തിലുള്ള പുതിയ തമിഴക വെട്രി കഴകംസർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കകം മുന്നണിക്കുള്ളിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയും ഭിന്നതയും രൂക്ഷമാകുന്നു. പ്രതിപക്ഷമായ എഐഎഡിഎംകെയിലെ ഒരു വിഭാഗത്തെ പുതിയ വിജയ് മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ നീക്കം നടക്കുന്നു എന്ന സൂചനകൾ പുറത്തുവന്നതോടെ, സർക്കാരിനെ പിന്തുണയ്ക്കുന്ന പ്രധാന സഖ്യകക്ഷിയായ സിപിഎം പരസ്യമായ മുന്നറിയിപ്പുമായി രംഗത്തെത്തി. എഐഎഡിഎംകെയെ മന്ത്രിസഭയുടെ ഭാഗമാക്കാൻ മുഖ്യമന്ത്രി തയ്യാറായാൽ സർക്കാരിന് നൽകുന്ന പിന്തുണ പുനഃപരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം ബുധനാഴ്ച വ്യക്തമാക്കി.
“മുഖ്യമന്ത്രി വിജയ് അത്തരമൊരു തീരുമാനമെടുക്കില്ലെന്നാണ് ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നത്. എന്നാൽ, മറിച്ചൊരു തീരുമാനമുണ്ടാകുകയും എഐഎഡിഎംകെയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ചെയ്താൽ സർക്കാരിനുള്ള ഞങ്ങളുടെ പിന്തുണ പൂർണ്ണമായി പുനഃപരിശോധിക്കേണ്ടി വരും,” പി. ഷൺമുഖം വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. ബിജെപിയോടുള്ള എഐഎഡിഎംകെയുടെ മൃദുസമീപനവും മുൻകാല എൻഡിഎ നയങ്ങളെ അവർ പിന്തുണച്ചതുമാണ് ഇടതുപക്ഷത്തിന്റെ കടുത്ത എതിർപ്പിന് കാരണം. സഖ്യകക്ഷികൾക്കിടയിൽ പുകയുന്ന ഈ അതൃപ്തി പുതിയ വിജയ് സർക്കാരിന് ആദ്യ ദിനങ്ങളിൽ തന്നെ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
വിശ്വാസവോട്ട് നേടിയത് 144 വോട്ടുകൾക്ക്; നിർണ്ണായകമായി എഐഎഡിഎംകെ പിളർപ്പ്
അടുത്തിടെ നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നിരിക്കെ വിജയ്‌യുടെ ടിവികെക്ക് ലഭിച്ചത് 108 സീറ്റുകളായിരുന്നു. ഭൂരിപക്ഷത്തിന് 10 സീറ്റുകൾ തികയാതെ വന്നതോടെ കോൺഗ്രസ്, സിപഐ, സിപിഎം, വിസികെ (VCK), മുസ്ലിം ലീഗ് (IUML) എന്നീ പാർട്ടികളുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിച്ചത്. തുടർന്ന് ബുധനാഴ്ച നിയമസഭയിൽ നടന്ന നിർണ്ണായകമായ വിശ്വാസവോട്ടെടുപ്പിൽ 144 എംഎൽഎമാരുടെ പിന്തുണയോടെ വിജയ് ഭൂരിപക്ഷം തെളിയിച്ചു.

by Midhun HP News | May 20, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയാണ് ഇടിഞ്ഞത്. ഒരു ഡോളര്‍ വാങ്ങാന്‍ 97 രൂപ കൊടുക്കേണ്ട അവസ്ഥയിലേക്കാണ് നീങ്ങുന്നത്. 96.86 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. ഒരു ഡോളര്‍ വാങ്ങാന്‍ നൂറ് രൂപ കൊടുക്കേണ്ട സ്ഥിതിയിലേക്ക് മാറുമോ എന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധര്‍.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 110 ഡോളറിന് മുകളില്‍ തന്നെ തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. എണ്ണവില ഉയര്‍ന്ന് നില്‍ക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയരാന്‍ ഇടയാക്കുന്നതാണ് രൂപയെ ദുര്‍ബലമാക്കുന്നത്. കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതും രൂപയെ ബാധിച്ചിട്ടുണ്ട്.സംഘര്‍ഷം ഉടന്‍ അവസാനിക്കുന്നതിനുള്ള സാധ്യത വിദൂരമായി തുടരുന്നത് ആഗോള വിപണികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് രൂപയില്‍ പ്രതിഫലിക്കുന്നതായി വിപണി വിദഗ്ധര്‍ പറയുന്നു.
അതേസമയം ഇന്ത്യന്‍ ഓഹരി വിപണി തിരിച്ചുകയറി. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്‌സ് 671 പോയിന്റ് ആണ് താഴ്ന്നത്. എന്നാല്‍ പിന്നീട് തിരിച്ചുകയറുന്നതാണ് കണ്ടത്. നിലവില്‍ സെന്‍സെക്‌സ് 75,000ന് മുകളിലാണ്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് വിപണി തിരിച്ചുകയറാന്‍ കാരണം.

by Midhun HP News | May 20, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: റദ്ദാക്കപ്പെട്ട 2026-ലെ നീറ്റ്-യുജി പരീക്ഷ എല്ലാവര്‍ക്കും നിരാശയാണ് സമ്മാനിച്ചത്. 22.05 ലക്ഷം ഉദ്യോഗാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ ലഖ്നൗ സ്വദേശിയായ എഴുപതുകാരന്‍ അശോക് ബഹാറും ഉള്‍പ്പെടുന്നു. ഒരു എംബിബിഎസ് ബിരുദം ലഭിക്കണമെന്ന അമ്മയുടെ അവസാന ആഗ്രഹം സഫലമാക്കാന്‍ അടുത്ത മാസം അദ്ദേഹം തന്റെ നാലാമത്തെ ശ്രമത്തിനൊരുങ്ങുകയാണ്.
ആരോഗ്യ പരിശോധനകള്‍ നടത്തുന്നതിനായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട്’ ബഹാര്‍ സംസാരിച്ചത്. ”പരീക്ഷ റദ്ദാക്കിയത് എനിക്ക് വലിയൊരു ആഘാതമായിരുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും, അത് എന്നെ മാനസികമായി അത്രയധികം തളര്‍ത്തി, ഞാന്‍ ശരിക്കും രോഗബാധിതനായി. ഇത് എന്റെ മൂന്നാമത്തെ ശ്രമമായിരുന്നു, വിജയിക്കുക എന്നത് എന്നെ സംബന്ധിച്ച് അത്രമേല്‍ പ്രധാനപ്പെട്ടതായിരുന്നു.”
1990-ല്‍ അന്തരിച്ച അദ്ദേഹത്തിന്റെ അമ്മ സാവിത്രി ദേവി, മകനും ഭര്‍ത്താവിന്റെ വഴി പിന്തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. ‘1974-ലാണ് ഞാന്‍ ആദ്യമായി മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയത്, എന്നാല്‍ എനിക്ക് വിജയിക്കാനായില്ല. എന്റെ രണ്ടാമത്തെ ശ്രമം 2023-ലായിരുന്നു, എന്നാല്‍ എന്റെ പരീക്ഷാ കേന്ദ്രം വളരെ ദൂരെയുള്ള ഒരു പ്രദേശത്തായിരുന്നു. ഞാന്‍ അവിടെ വൈകിയെത്തിയതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. മൂന്ന് വര്‍ഷത്തിന് ശേഷം, ഈ വര്‍ഷം മേയിലാണ് ഞാന്‍ വീണ്ടും പരീക്ഷ എഴുതിയത്.”
കുടുംബത്തില്‍ ആകെ 20 ഡോക്ടര്‍മാരുണ്ട്. ബഹാറിന്റെ ഭാര്യ ഗൈനക്കോളജിസ്റ്റാണ്. രണ്ട് സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്മാരും ഡോക്ടര്‍മാരാണ്. പരേതനായ പിതാവും ഒരു ഡോക്ടറായിരുന്നു. ഏക മകള്‍ മാത്രമാണ് പ്രൊഷന്‍ ഒന്ന് മാറ്റിപ്പിടിച്ചത്. മകള്‍ യുഎസില്‍ ഐ ടി പ്രൊഫഷണലാണ്.
1957-ല്‍ ജനിച്ച ബഹാറിന് എക്കാലത്തും പഠനത്തോട് വലിയ അഭിനിവേശമുണ്ടായിരുന്നു. ബി.എസ്സി (ബോട്ടണി, സുവോളജി, കെമിസ്ട്രി) ബിരുദത്തിന് ശേഷം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും, നിയമ ബിരുദവും എം.ബി.എയും അദ്ദേഹം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പതിറ്റാണ്ടുകളോളം ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി ചെയ്തു. 2000-ല്‍ ‘ഇന്ത്യന്‍ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ’ മാര്‍ക്കറ്റിംഗ് മേധാവിയായി വിരമിച്ച ശേഷം, അദ്ദേഹം ഒരു പ്രാദേശിക പത്രത്തിന്റെ എഡിറ്ററായും പാര്‍ട്ട് ടൈം അഭിഭാഷകനായും ജോലി ചെയ്തു.
തന്റെ പരീക്ഷാ തയ്യാറെടുപ്പുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ”ഒരു നിശ്ചിത പ്രായം കഴിയുമ്പോള്‍, പൊതുവെ എല്ലാ കാര്യങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് പക്വതയും അറിവും ലഭിക്കും. ഞാന്‍ ഒരു കോച്ചിങ് സെന്ററിലും പോയിട്ടില്ല. സുഹൃത്തുക്കളും ചില അഭ്യുദയകാംക്ഷികളും നല്‍കിയ പഠന സാമഗ്രികളുടെ സഹായത്തോടെ ഞാന്‍ സ്വയം തയ്യാറെടുക്കുകയായിരുന്നു.’ റദ്ദാക്കപ്പെട്ട പരീക്ഷാ വിവാദത്തെക്കുറിച്ച് ബഹാര്‍ പറയുന്നതിങ്ങനെ: ”പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി ഇത്രയധികം സമയം നീക്കിവെച്ച 22 ലക്ഷത്തോളം വരുന്ന ഉദ്യോഗാര്‍ത്ഥികളുടെ ദുരവസ്ഥ ആലോചിച്ചു നോക്കൂ.”
ഇക്കാര്യത്തില്‍ താമസിയാതെ അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് ബഹാര്‍ ആലോചിക്കുന്നത്. ”രണ്ട് കാര്യങ്ങളാണ് ഞാന്‍ ആവശ്യപ്പെടുന്നത്. വീണ്ടുമൊരു പരീക്ഷ എഴുതുക എന്നത് എന്നെപ്പോലെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. പ്രായം കണക്കിലെടുത്ത് ഒരു പ്രത്യേക കേസായി പരിഗണിച്ച്, റദ്ദാക്കിയ പരീക്ഷയില്‍ ഞങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് നിലനിര്‍ത്തണം. കൂടാതെ, മുതിര്‍ന്ന പൗരന്മാര്‍ക്ക് മെഡിക്കല്‍ സീറ്റുകളില്‍ ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ കോടതി ഉത്തരവിടണമെന്നാണ് ആഗ്രഹിക്കുന്നത്.”
നീറ്റ് പരീക്ഷാ ശ്രമങ്ങളെക്കുറിച്ച് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പ്രതികരണം എന്താണെന്ന് ചോദിച്ചപ്പോള്‍ ബഹാര്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്, ”ഓരോ വ്യക്തിക്കും ജീവിതത്തോട് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. ഇത് എന്റെ ലക്ഷ്യമാണ്. അതുകൊണ്ട്, എനിക്ക് വേണ്ടി തന്നെ ഞാന്‍ ഇത് തുടരും.” ലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം കുറവാണ്. ഉദാഹരണത്തിന്, കരള്‍ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയുണ്ടെങ്കിലും അതിനെക്കുറിച്ച് ജനങ്ങള്‍ക്ക് വലിയ അറിവില്ല. ഒരു പ്രൊഫഷണല്‍ ബിരുദം ഉപയോഗിച്ച് സാമൂഹിക സേവനം ചെയ്യാനും ആളുകളില്‍ അവബോധം വളര്‍ത്താനും ഞാന്‍ ആഗ്രഹിക്കുന്നു.”ലഖ്നൗവിലെ ദരോഗാ ഖേരയ്ക്ക് സമീപമുള്ള തന്റെ ഗ്രാമമായ ഗെഹ്രുവില്‍ താന്‍ ഒരു ‘ദിവ്യ പ്രേം ആശ്രമം’ നിര്‍മിക്കുന്നുണ്ടെന്നും ഡോക്ടര്‍ ആയതിന് ശേഷം അവിടെയുള്ള അന്തേവാസികളെ സേവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

by Midhun HP News | May 20, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: കൊല്‍ക്കത്തയില്‍ കൈക്കൂലിക്കേസില്‍ കരസേന കേണല്‍ അറസ്റ്റില്‍. 50 ലക്ഷം കൈക്കൂലി വാങ്ങിയ കേസിലാണ് കേണല്‍ ഹിമാന്‍ഷു ബാലിയേയും ആര്‍മിയുടെ ഈസ്റ്റേണ്‍ കമാന്‍ഡിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് നാല് പേരെയും സിബിഐ അറസ്റ്റ് ചെയ്തത്.
പ്രതിരോധ ടെന്‍ഡറുകളില്‍ കൃത്രിമം കാണിക്കുക, ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അനുമതി നല്‍കുക, വന്‍തോതില്‍ കൈക്കൂലി വാങ്ങി അമിത തുകയുടെ ബില്ലുകള്‍ പാസാക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും ചേര്‍ന്ന് തട്ടിപ്പ് നടത്തിയ ഒരു ശൃംഖലയാണ് ഇതോടെ പുറത്ത് വന്നത്.
ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിയമം 1988 (2018ല്‍ ഭേദഗതി ചെയ്തത്) ലെ സെക്ഷന്‍ 7, 8, 9, 10 എന്നിവ പ്രകാരം സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍
കേണല്‍ ഹിമാന്‍ഷു ബാലി – ആര്‍മി ഓര്‍ഡിനന്‍സ് കോര്‍പ്‌സ്, ഈസ്റ്റേണ്‍ കമാന്‍ഡ്, ഫോര്‍ട്ട് വില്യം, കൊല്‍ക്കത്ത.
അക്ഷത് അഗര്‍വാള്‍ – എം/എസ് ഈസ്റ്റേണ്‍ ഗ്ലോബല്‍ ലിമിറ്റഡ് (കാണ്‍പൂര്‍) ഓപ്പറേറ്റര്‍.
മായങ്ക് അഗര്‍വാള്‍- 34, കരിയപ്പ റോഡ്, കാണ്‍പൂര്‍ കാന്റ് (അക്ഷത് അഗര്‍വാളിന്റെ പിതാവ്).
അശുതോഷ് ശുക്ല – ഡല്‍ഹി ആസ്ഥാനമായുള്ള അസോസിയേറ്റ്/അക്ഷത് അഗര്‍വാളിന്റെ ഡ്രൈവര്‍.
നരേഷ് പാല്‍- ഡല്‍ഹി സ്വദേശി
തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതിരോധ ഉദ്യോഗസ്ഥരേയും സ്വകാര്യ വ്യക്തികളേയും ചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പണത്തിന് പകരം ടെന്‍ഡറുകള്‍
സിബിഐ പറയുന്നതിന് അനുസരിച്ച് എംഎസ് ഈസ്റ്റേണ്‍ ഗ്ലോബല്‍ ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ഇന്ത്യയിലുടനീളമുള്ള പ്രതിരോധ സ്ഥാപനങ്ങളിലേക്ക് വിവിധ സാധനങ്ങള്‍ തട്ടിപ്പ് കാണിച്ച് വിതരണം ചെയ്തു.
അക്ഷത് അഗര്‍വാളും അദ്ദേഹത്തിന്റെ പിതാവ് മായങ്ക് അഗര്‍വാളും ചേര്‍ന്ന്, നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ ലാഭകരമായ കരാറുകള്‍ ഉറപ്പാക്കുന്നതിനായി ഫോര്‍ട്ട് വില്യമിലെ കേണല്‍ ഹിമാന്‍ഷു ബാലിയുമായി ചേര്‍ന്നാണ് ഈ തട്ടിപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്നാണ് ആരോപണം.
ഈ ഒത്തുകളി ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ക്കും സാമ്പത്തിക നഷ്ടങ്ങള്‍ക്കും കാരണമായി. സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍:
തങ്ങള്‍ക്ക് താല്പര്യമുള്ള കമ്പനികള്‍ക്ക് ടെന്‍ഡറുകള്‍ നല്‍കുന്നതിനായി മത്സര ലേലം ബോധപൂര്‍വ്വം അട്ടിമറിക്കുക.
സൈനിക ആവശ്യങ്ങള്‍ക്കായി ഗുണനിലവാരമില്ലാത്ത സാമ്പിളുകള്‍ക്ക് അനുമതി നല്‍കുക.
കുടിശ്ശികയുള്ളതും തുക കൂട്ടി കാണിച്ചതുമായ സാമ്പത്തിക ബില്ലുകള്‍ പാസാക്കുക.
ഒരു പ്രധാന പ്രതിരോധ കരാറുമായി ബന്ധപ്പെട്ട് 2026 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന ഒരു പ്രത്യേക ഇടപാടിനെക്കുറിച്ചാണ് സിബിഐ അന്വേഷണം നടത്തിയത്. 2026 ഏപ്രില്‍ 22ന് ടെന്‍ഡറിന്റെ നിയമവിരുദ്ധമായ വ്യവസ്ഥകള്‍ അന്തിമമാക്കുന്നതിനായി കേണല്‍ ബാലിയും അക്ഷത് അഗര്‍വാളും കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റില്‍ ഔദ്യോഗിക സമയത്തിന് ശേഷം വ്യക്തിപരമായി കണ്ടുമുട്ടിയതായാണ് ആരോപണം. കൂടിക്കാഴ്ച കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം, കേണല്‍ ബാലി വഴിവിട്ട സഹായങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്ന് ടെന്‍ഡര്‍ എം/എസ് ഈസ്റ്റേണ്‍ ഗ്ലോബല്‍ ലിമിറ്റഡിന് ലഭിച്ചതായി പറയപ്പെടുന്നു. കേണല്‍ ബാലി അഗര്‍വാളിനെ ബന്ധപ്പെട്ട് നിശ്ചയിച്ചിരുന്ന കൈക്കൂലി പണം ആവശ്യപ്പെടുകയും, തുക ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വളരെ കൂടിയ തുകയായതിനാല്‍ താല്‍ക്കാലികമായി സംഘടിപ്പിക്കാന്‍ കഴിയാത്തതിനാല്‍ പണം എത്തിക്കാന്‍ വൈകിയതില്‍ അഗര്‍വാള്‍ ക്ഷമാപണം നടത്തിയതായും സിബിഐ വ്യക്തമാക്കുന്നു. കേണല്‍ ബാലി, അഗര്‍വാളിനെ മറികടന്ന് അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ കൂട്ടാളി അശുതോഷ് ശുക്ലയെ നേരിട്ട് ബന്ധപ്പെടുകയും, കൈക്കൂലി പണം നരേഷ് പാല്‍ എന്ന ഇടനിലക്കാരന് ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
2026 മെയ് 18-ഓടെയാണ് ഈ ആസൂത്രണം അതിന്റെ അവസാന ഘട്ടത്തിലെത്തിയത്. ഡല്‍ഹിയിലെ ചാന്ദ്നി ചൗക്ക് മേഖലയിലെ നിയമവിരുദ്ധ ഹവാല ഇടപാടുകള്‍ വഴി ഏകദേശം 50 ലക്ഷം രൂപ കൈമാറാനുള്ള ക്രമീകരണങ്ങള്‍ അക്ഷത് അഗര്‍വാള്‍ പൂര്‍ത്തിയാക്കി. രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഹവാല ഇടപാടുകാരില്‍ നിന്ന് പണം വാങ്ങി, കേണല്‍ ബാലിക്ക് വേണ്ടി നരേഷ് പാലിന് കൈമാറാന്‍ അശുതോഷ് ശുക്ലയെ ചുമതലപ്പെടുത്തിയതായാണ് സിബിഐയുടെ കണ്ടെത്തല്‍. ഈ പ്രവര്‍ത്തനങ്ങള്‍ പ്രഥമദൃഷ്ട്യാ ഗുരുതരവും ജാമ്യമില്ലാത്തതുമായ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്നതാണെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ദീര്‍ഘകാലമായി നടന്നുവരുന്ന ഈ അഴിമതിയില്‍ നിന്ന് നേട്ടമുണ്ടാക്കിയ മറ്റ് അജ്ഞാതരായ സൈനിക ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായി വിപുലമായ അന്വേഷണം പുരോഗമിക്കുകയാണ്.

Recent Comments