by Midhun HP News | May 23, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയ്ക്ക് പുറമേ സിഎന്‍ജി വിലയും വര്‍ധിപ്പിച്ചു. കിലോഗ്രാമിന് ഒരു രൂപയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധനയാണിത്.
വില വര്‍ധിച്ചതോടെ ഡല്‍ഹിയില്‍ സിഎന്‍ജി വില കിലോഗ്രാമിന് 81.09 രൂപയാകും. നോയിഡയിലും ഗാസിയാബാദിലും ഇതിന്റെ വില കിലോഗ്രാമിന് 89.70 രൂപയായിരിക്കും. മെയ് 15ന് സിഎന്‍ജി വില രണ്ടു രൂപയും പിന്നീട് മെയ് 18ന് വീണ്ടും ഒരു രൂപയും സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു.പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പൊതുമേഖ എണ്ണ കമ്പനികളുടെ ഊര്‍ജ്ജ ചെലവ് വര്‍ധിച്ചിരിക്കുകയാണ്. ഈ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ തുടങ്ങിയത് മെയ് 15 മുതലാണ്. ഇതിന് ശേഷമുള്ള മൂന്നാമത്തെ വില വര്‍ധനയാണ് ഇന്ന് ഉണ്ടായത്.

by Midhun HP News | May 22, 2026 | Latest News, ദേശീയ വാർത്ത
ഈ സിനിമാ താരങ്ങൾക്കൊന്നും വയസാകില്ലേ എന്ന് വെറുതെ എങ്കിലും ചിലപ്പോൾ നമ്മൾ ആലോചിക്കാറുണ്ടല്ലേ. ഈ ചോദ്യമാണിപ്പോൾ ആരാധകർ നടി ജ്യോതികയോട് ചോദിക്കുന്നത്. 47-ാം വയസിലും ഫിറ്റ്നസിന്റെ കാര്യത്തിൽ ജ്യോതിക പുലർത്തുന്ന അർപ്പണബോധം ഏതൊരാളെയും അതിശയപ്പെടുത്തുന്നതാണ്.
ഇപ്പോഴിതാ പ്രായത്തെ വെല്ലുന്ന ജ്യോതികയുടെ പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലായി മാറുന്നത്. ജ്യോതിക കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘സിസ്റ്റ’ത്തിന്റെ മുംബൈ പ്രീമിയർ ചടങ്ങിൽ പങ്കെടുക്കാൻ സൂര്യയ്ക്കും മക്കളായ ദിയയ്ക്കും ദേവിനുമൊപ്പം എത്തിയതായിരുന്നു ജ്യോതിക.
വളരെ ചെറുപ്പമായി അതിസുന്ദരിയായാണ് ജ്യോതികയെ വിഡിയോയിൽ കാണാനാവുക. സൂര്യ നായകനായെത്തിയ കറുപ്പിന്റെ സൂപ്പർ ഹിറ്റ് വിജയത്തിന് പിന്നാലെയാണ് താരകുടുംബത്തെ ഒന്നിച്ച് ആരാധകർ കാണുന്നത്. എല്ലാവരും കറുപ്പ് നിറത്തിലെ വസ്ത്രത്തിലുമാണ് പരിപാടിക്ക് എത്തിയത്. തിരക്കുകൾക്കിടയിലും ജോലിയും കുടുംബജീവിതവും കൃത്യമായ സന്തുലിതാവസ്ഥയോടെ മുന്നോട്ട് കൊണ്ടുപോകുന്ന ദമ്പതികളാണ് സൂര്യയും ജ്യോതികയും. ബോളിവുഡിലാണിപ്പോൾ ജ്യോതിക സജീവമായിരിക്കുന്നത്. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് സിസ്റ്റം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

by Midhun HP News | May 22, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: സിബിഎസ്ഇ. (CBSE) സ്കൂളുകളിൽ വരാനിരിക്കുന്ന 2026-27 അധ്യയന വർഷം മുതൽ ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകൾ നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര ബോർഡിന്റെ പുതിയ തീരുമാനത്തിനെതിരെ വിദ്യാർത്ഥികളും അധ്യാപകരും സുപ്രീം കോടതിയെ സമീപിച്ചു. ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ മുകുൾ രോഹത്ഗി നടത്തിയ പ്രത്യേക വാക്കാലുള്ള പരാമർശത്തെത്തുടർന്ന്, ഹർജി അടുത്ത ആഴ്ച തന്നെ അടിയന്തിരമായി ലിസ്റ്റ് ചെയ്യാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉറപ്പുനൽകി. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ച് ചേർന്നാണ് സിബിഎസ്ഇയുടെ ഈ പുതിയ വിദ്യാഭ്യാസ നയത്തെ പരമോന്നത കോടതിയിൽ നിയമപോരാട്ടത്തിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്.
ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പെട്ടെന്ന് രണ്ട് പുതിയ ഭാഷകൾ കൂടി നിർബന്ധിതമായി പഠിക്കേണ്ടി വരുന്നത് കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാകുമെന്ന് മുകുൾ രോഹത്ഗി കോടതിയിൽ ചൂണ്ടിക്കാണിച്ചു. ഒൻപതാം ക്ലാസിൽ പുതിയൊരു ഭാഷ പഠിച്ചുതുടങ്ങുന്ന വിദ്യാർത്ഥി എങ്ങനെ തൊട്ടടുത്ത വർഷം പത്താം ക്ലാസിലെ ബോർഡ് പരീക്ഷയിൽ അതിൽ വിജയിക്കുമെന്നും ഈ തീരുമാനം രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കടുത്ത അരാജകത്വവും ആശയക്കുഴപ്പവും സൃഷ്ടിക്കുമെന്നും അദ്ദേഹം ബോധിപ്പിച്ചു. തുടർന്നാണ് ഹർജി തിങ്കളാഴ്ചയോ അതിനടുത്ത ദിവസങ്ങളിലോ അടിയന്തിരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സമ്മതിച്ചത്.
ഏപ്രിൽ ഒൻപതിലെ നിലപാട് മാറ്റി മെയ് 15-ന് പുറത്തിറക്കിയ വിവാദ സർക്കുലർ
ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം ഡൽഹി, ഗുരുഗ്രാം, നോയിഡ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന 19 ഹർജിക്കാരുടെ സംയുക്ത കൂട്ടായ്മയാണ് കേന്ദ്ര സർക്കാരിനും സിബിഎസ്ഇക്കും എൻസിഇആർടിക്കും എതിരെ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. 2026 മെയ് 15-ന് സിബിഎസ്ഇ പുറപ്പെടുവിച്ച ഉത്തരവാണ് ഹർജിയിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. ഈ സർക്കുലർ പ്രകാരം വരും ജൂലൈ 1 മുതൽ ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾ നിർബന്ധമായും മൂന്ന് ഭാഷകൾ പഠിച്ചിരിക്കണം. ഇതിൽ കുറഞ്ഞത് രണ്ട് ഭാഷകൾ ഇന്ത്യൻ പ്രാദേശിക ഭാഷകളായിരിക്കണം. വിദേശ ഭാഷകൾ പഠിക്കാൻ താല്പര്യമുള്ള കുട്ടികൾക്ക് മറ്റ് രണ്ട് ഇന്ത്യൻ ഭാഷകൾക്കൊപ്പം മൂന്നാമതായോ അല്ലെങ്കിൽ നാലാമത് ഒരു അധിക ഭാഷയായോ മാത്രമേ വിദേശ ഭാഷ തിരഞ്ഞെടുക്കാൻ അനുവാദമുള്ളൂ.
എന്നാൽ, ഈ തീരുമാനം തൊട്ടുമുൻപ് 2026 ഏപ്രിൽ 9-ന് സിബിഎസ്ഇ തന്നെ പുറപ്പെടുവിച്ച ഉത്തരവിന്റെ നഗ്നമായ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു. ഒൻപതാം ക്ലാസിലെ ഈ മൂന്ന് ഭാഷാ നിർബന്ധിത നിയമം 2029-30 അധ്യയന വർഷം വരെ നടപ്പിലാക്കില്ലെന്നായിരുന്നു ഏപ്രിൽ 9-ലെ സി.ബി.എസ്.ഇ. വിജ്ഞാപനം. ഇതനുസരിച്ച് സ്കൂളുകളും വിദ്യാർത്ഥികളും തങ്ങളുടെ വാർഷിക പഠന പദ്ധതികൾ തയ്യാറാക്കി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, ബോർഡ് പെട്ടെന്ന് നിലപാട് മാറ്റിയത് കടുത്ത വിവേചനമാണെന്നും വ്യക്തമായ ആസൂത്രണമില്ലാത്തതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
by Midhun HP News | May 22, 2026 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: വിരാട് കോഹ്‌ലിയുടെ നേട്ടങ്ങളുടെ ബുക്കില്‍ റെക്കോര്‍ഡുകളുടെ നീണ്ട പട്ടിക തന്നെ കാണാം. ഐപിഎല്ലില്‍ ഇന്ന് കളിക്കാനിറങ്ങുമ്പോള്‍ ഒരു പുതിയ റെക്കോര്‍ഡ് കോഹ്‌ലി കാത്തിരിക്കുന്നു.
പ്ലേ ഓഫ് ഉറപ്പാക്കി ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്ന് പ്രാഥമിക ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഈ മത്സരത്തില്‍ 58 റണ്‍സ് കൂടി നേടിയാല്‍ താരം ഐപിഎല്ലിലെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കും.
തുടര്‍ച്ചയായി നാല് സീസണുകളില്‍ 600, അതിനു മുകളില്‍ റണ്‍സ് നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി കോഹ്‌ലി മാറും. സീസണില്‍ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ കോഹ്‌ലി ആറാം സ്ഥാനത്തുണ്ട്. 542 റണ്‍സും സ്വന്തം. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറികളും താരം നേടി. 13 കളിയില്‍ നിന്നാണ് ഇത്രയും റണ്‍സ്.
ഇന്നത്തെ മത്സരത്തില്‍ 58 റണ്‍സ് നേടിയില്ലെങ്കിലും ഈ സീസണില്‍ തന്നെ റെക്കോര്‍ഡ് കുറിക്കാന്‍ സൂപ്പര്‍ താരത്തിനു അവരമുണ്ട്. 18 പോയിന്റുമായി ആര്‍സിബി നിലവില്‍ ഒന്നാം സ്ഥാനത്തെത്തി പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ താരത്തിനു മുന്നില്‍ ഇനിയും ചുരുങ്ങിയത് 2 മത്സരം കൂടി ബാക്കിയുണ്ട്.
നിലവില്‍ 3 സീസണുകള്‍ അടുപ്പിച്ച് 600, അതിനു മുകളില്‍ റണ്‍സ് നേടുന്ന നാല് താരങ്ങളില്‍ ഒരാളാണ് കോഹ്‌ലി. ക്രിസ് ഗെയ്ല്‍, ഡേവിഡ് വാര്‍ണര്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് കോഹ്‌ലിക്കൊപ്പം സമാന നേട്ടമുള്ളവര്‍. രണ്ട് സീസണുകളില്‍ തുടരെ 600, പ്ലസ് സ്‌കോറുകളുള്ള രണ്ട് താരങ്ങള്‍ നിലവിലുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവര്‍.
ക്രിസ് ഗെയ്ല്‍: 2011, 12, 13 സീസണുകള്‍
ഡേവിഡ് വാര്‍ണര്‍: 2016, 17, 19 സീസണുകള്‍
കെഎല്‍ രാഹുല്‍: 2020, 21, 22 സീസണുകള്‍
വിരാട് കോഹ്‌ലി: 2023, 24, 25 സീസണുകള്‍
ശുഭ്മാന്‍ ഗില്‍: 2025, 26 സീസണുകള്‍
സായ് സുദര്‍ശന്‍: 2025, 26 സീസണുകള്‍
by Midhun HP News | May 22, 2026 | Latest News, ദേശീയ വാർത്ത
റിയാദ്: മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പോര്‍ച്ചുഗല്‍ നായകനും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിനൊപ്പം സൗദി പ്രൊ ലീഗ് കിരീട നേട്ടം ആഘോഷിച്ചു. ദമാക്ക് എഫ്‌സിക്കെതിരായ പോരാട്ടത്തില്‍ 4-1ന്റെ തകര്‍പ്പന്‍ ജയവുമായാണ് അല്‍ നസറിന്റെ ചാംപ്യന്‍ നേട്ടം.
മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി ക്രിസ്റ്റ്യാനോ വെട്ടിത്തിളങ്ങിയാണ് ടീമിനെ കിരീട നേട്ടത്തിലേക്ക് നയിച്ചത്. സീസണില്‍ 34 കളിയില്‍ നിന്നു 86 പോയിന്റകള്‍ നേടിയാണ് ടീമിന്റെ കിരീടധാരണം. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അല്‍ നസര്‍ ലീഗ് കിരീടം തിരിച്ചു പിടിക്കുന്നത്.
രണ്ടാം പകുതിയിലാണ് ക്രിസ്റ്റ്യാനോ ടീമിനായി ഇരട്ട ഗോളുകള്‍ വലയിലിട്ടത്. സാദിയോ മാനെ, കിങ്‌സ്‌ലി കോമാന്‍ എന്നിവരും അല്‍ നസറിനായി വല ചലിപ്പിച്ചു. കളിയുടെ 33ാം മിനിറ്റിലാണ് മാനെ ടീമിനു ലീഡ് സമ്മാനിച്ചത്. രണ്ടാം പകുതിയിലാണ് അല്‍ നസര്‍ ശേഷിച്ച മൂന്ന് ഗോളുകള്‍ വലയിലിട്ടത്. 51ാം മിനിറ്റില്‍ കോമാനും 62, 80 മിനിറ്റുകളിലാണ് ക്രിസ്റ്റിയാനോയുടെ ഗോളുകള്‍ പിറന്നത്.
ടീമിന്റെ കിരീടധാരണം വികാരം നിയന്ത്രിക്കാൻ താരത്തിനു സാധിച്ചില്ല. നേട്ടത്തിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ പൊട്ടിക്കരഞ്ഞു.
2023ലാണ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ലീഗിലേക്ക് പോകുന്നത്. അതോടെ ലീഗിന്റെ മുഖച്ഛായ തന്നെ മാറി. ആഗോളതലത്തില്‍ ലീഗ് വലിയ ശ്രദ്ധ നേടി. മാത്രമല്ല ഒട്ടനവധി സൂപ്പര്‍ താരങ്ങള്‍ അല്‍ നസറിലടക്കം പല സൗദി ക്ലബുകളിലും കളിക്കാനെത്തി. ഇപ്പോഴും കളിക്കുന്നു.
ഇംഗ്ലണ്ട്, സ്‌പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലെ ലീഗ് കിരീടങ്ങള്‍ നേടിയ ക്രിസ്റ്റ്യാനോയുടെ കരിയറിലേക്ക് സൗദി ലീഗ് കിരീടവും. അഞ്ച് ചാംപ്യന്‍സ് ലീഗ് നേട്ടത്തിനൊപ്പമാണ് ഈ ട്രോഫിയും താരത്തിന്റെ അക്കൗണ്ടിലെത്തുന്നത്.
by Midhun HP News | May 22, 2026 | Latest News, ദേശീയ വാർത്ത
കിന്‍ഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള ചികിത്സാ കേന്ദ്രം ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചു. പ്രതിവിധികളില്ലാതെ എബോള വലിയ രീതിയില്‍ പടര്‍ന്ന് പിടിച്ചതോടെയാണ് സംഭവം. മരിച്ച വ്യക്തിയുടെ മൃതദേഹം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയും എബോള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെയും പ്രദേശവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കടുത്ത അവിശ്വാസവും ദേഷ്യവുമാണ് ഈ സംഭവം വ്യക്തമാക്കുന്നത്.ഇറ്റൂരി പ്രവിശ്യയിലെ റാംപാര എന്ന നഗരത്തില്‍ വ്യാഴാഴ്ചയാണ് ഈ അക്രമസംഭവം നടന്നത്. എബോള ബാധിച്ച് മരിച്ചുവെന്ന് കരുതപ്പെടുന്ന ഒരു പ്രാദേശിക ഫുട്‌ബോള്‍ കളിക്കാരന്റെ മൃതദേഹം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിട്ടുനല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചത് ജനങ്ങളെ പ്രകോപിപ്പിച്ചു. ഇതാണ് ആക്രമണത്തിലേയ്ക്ക് എത്തിച്ചത്.

Recent Comments