by Midhun HP News | May 19, 2026 | Latest News, ദേശീയ വാർത്ത
2026ലെ നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ പരീക്ഷയ്ക്ക് പത്ത് ദിവസം മുൻപേ തന്നെ ചോർന്നതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ അറസ്റ്റിലായ ശിവരാജ് മോട്ടെഗാവ്കറിന് ചോദ്യങ്ങൾ നേരത്തേ ലഭിച്ചിരുന്നുവെന്നും, ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് ചോർന്ന ചോദ്യങ്ങൾ കണ്ടെത്തിയതായും അന്വേഷണസംഘം അറിയിച്ചു. ചോദ്യോത്തരങ്ങളുടെ പകർപ്പുകൾ നിരവധി ആളുകൾക്ക് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കോടതി പത്ത് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ പത്ത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2024ലെ വിവാദങ്ങൾക്ക് ശേഷം സുരക്ഷ ശക്തമാക്കിയെന്ന അവകാശവാദങ്ങൾ നിലനിൽക്കെയായിരുന്നു 2026ൽ വീണ്ടും നീറ്റ് പരീക്ഷാ പേപ്പർ ചോർന്നത്. ഇതോടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെയും വീണ്ടും പ്രതിസന്ധിയിലാക്കി.

by Midhun HP News | May 19, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി പ്ലേ ഓഫിലേക്ക് മുന്നേറി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. തോല്‍വിയോടെ ചെന്നൈയുടെ സാധ്യത ഏറെക്കുറെ അവസാനിച്ചു.
13 കളിയില്‍ നിന്ന് ഹൈദരാബാദിനും ഗുജറാത്തിനും 16 പോയിന്റായി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 18 പോയിന്റുമായി നേരത്തെ തന്നെ പ്ലേ ഓഫില്‍ കടന്നിരുന്നു. അവശേഷിക്കുന്ന ഒരു സ്ഥാനത്തിനായി. പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളാണ് മത്സരിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 180 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദ് 19 ഓവറില്‍ അഞ്ച് വിക്കറ്റിന് 181 റണ്‍സെടുത്ത് ലക്ഷ്യത്തിലെത്തി. 47 പന്തില്‍ 70 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെ ഇന്നിങ്‌സാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്. 26 പന്തില്‍ 47 റണ്‍സടിച്ച ഹെന്‍ റിച്ച് ക്ലാസന്‍ ഇഷാന് മികച്ച പിന്തുണ നല്‍കി. സഞ്ജു സാംസണിന്റെ മിന്നല്‍ സ്റ്റംപിങ്ങില്‍ ക്ലാസന്‍ പുറത്തായപ്പോള്‍ ചെന്നൈക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇഷാന്‍ വമ്പന്‍ ഷോട്ടുകളുമായി ടീമിന് തുണയായി. ഇഷാന്‍ ഏഴ് ഫോറും മൂന്ന് സിക്‌സും നേടി. അഭിഷേക് ശര്‍മ (26),ട്രാവിസ് ഹെഡ് (ആറ്), നിധീഷ് കുമാര്‍ റെഡ്ഡി (11) എന്നിവര്‍ക്ക് അധികം പിടിച്ചുനില്‍ക്കാനായില്ല.
27 പന്തില്‍ 44 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. കാര്‍ത്തിക് ശര്‍മ 19 പന്തില്‍ 32 റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 13 പന്തില്‍ 27 റണ്‍സടിച്ചു. ശിവം ദുബെ(23 പന്തില്‍ 26), നായകന്‍ ഋതുരാജ് ഗെയ്ക്വാദ്(21 പന്തില്‍ 15), ഊര്‍വില്‍ പട്ടേല്‍(8 പന്തില്‍ 13 എന്നിവര്‍ക്കും കാര്യമായ ഇംപാക്ട് ഉണ്ടാക്കാനായില്ല. ഹൈദരാബാദിനായി നായകന്‍ പാറ്റ് കമിന്‍സ് നാലോവോറില്‍ 28 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ സാക്കിബ് ഹുസൈന്‍ രണ്ട് വിക്കറ്റെടുത്തു.
ടോസ് ജയിച്ച് ക്രീസിലിറങ്ങിയ ചെന്നൈക്ക് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും സഞ്ജു സാംസണും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ സഞ്ജുവിന്റെ സിക്സിന്റെയും രണ്ട് ബൗണ്ടറികളുടെയും മികവില്‍ ചെന്നൈ 15 റണ്‍സടിച്ചു. പ്രഫുല്‍ ഹിംഗെ എറിഞ്ഞ രണ്ടാം ഓവറില്‍ സഞ്ജു ഹാട്രിക്ക് ബൗണ്ടറി നേടിയതോടെ രണ്ടോവറില്‍ ചെന്നൈ 27 റണ്‍സിലെത്തി.
പാറ്റ് കമിന്‍സ് എറിഞ്ഞ മൂന്നാം ഓവറില്‍ സഞ്ജുവിനെ(13 പന്തില്‍ 27) മടക്കി. ഉര്‍വില്‍ പട്ടേല്‍ രണ്ട് തവണ സിക്സിന് പറത്തിയെങ്കിലും തന്റെ രണ്ടാം ഓവറില്‍ ഊര്‍വില്‍ പട്ടേലിനെയും കമിന്‍സ് മടക്കി. ഇതോടെ പവര്‍ പ്ലേയില്‍ ചെന്നൈക്ക് 57 റണ്‍സാണ് നേടാനായത്.

by Midhun HP News | May 19, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് 90 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വില വര്‍ധനയാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീണ്ടും വില വര്‍ധിപ്പിച്ചതെന്നാണ് എണ്ണ വിതരണ കമ്പനികള്‍ പറയുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില 109.73 രൂപയായി. 98.63 രൂപയാണ് പുതുക്കിയ ഡീസല്‍ വില.
ദേശീയ തലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 97.77 രൂപയില്‍ നിന്ന് 98.64 രൂപയായി ഉയര്‍ന്നു. ഡീസലിന് മുന്‍പുണ്ടായിരുന്ന 90.67 രൂപയില്‍ നിന്ന് ഇപ്പോള്‍ 91.58 രൂപയായാണ് വര്‍ധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലിറ്ററിന് 3 രൂപ വീതം വര്‍ദ്ധിപ്പിച്ചത്. മുംബൈയില്‍ പെട്രോള്‍ വില 91 പൈസ വര്‍ദ്ധിച്ച് ലിറ്ററിന് 107.59 രൂപയായും ഡീസല്‍ വില 94 പൈസ വര്‍ദ്ധിച്ച് 94.08 രൂപയായും ഉയര്‍ന്നു.
കൊല്‍ക്കത്തയില്‍ 96 പൈസയാണ് വര്‍ധിച്ചത്. പെട്രോള്‍ വില ലിറ്ററിന് 109.70 രൂപയായി. ഇവിടെ ഡീസല്‍ വില 94 പൈസ വര്‍ദ്ധിച്ച് 96.07 രൂപയിലെത്തി. ചെന്നൈയില്‍ പെട്രോള്‍ വില 82 പൈസ വര്‍ദ്ധിച്ച് ലിറ്ററിന് 104.49 രൂപയായും ഡീസല്‍ വില 86 പൈസ വര്‍ദ്ധിച്ച് 96.11 രൂപയായും ഉയര്‍ന്നു.

by Midhun HP News | May 19, 2026 | Latest News, ദേശീയ വാർത്ത
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ തിരിച്ച് വരവിന് കാത്ത് ബന്ധുക്കളും നാട്ടുകാരും. ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും. പെരുന്നാള്‍ അവധിക്ക് മുമ്പായി പുറത്തിറങ്ങല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കുടുംബത്തിന്റെയും നിയമ സഹായ സമിതിയുടെയും നീക്കം. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളില്‍ 20 വര്‍ഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് 19ാം തീയതി അവസാനിക്കുന്നത്.
മലയാളികള്‍ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം നല്‍കിയത്. ആ ദൗത്യം ആണ് വിജയത്തിലേക്ക് എത്തുന്നത്. 2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം (മോചനദ്രവ്യം) നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.
റഹീമിന്റെ മോചനത്തിനായി പിരിഞ്ഞുകിട്ടിയതില്‍ പതിനൊന്നരക്കോടി രൂപയോളം ബാക്കിയുണ്ട്. റഹീം നാട്ടിലെത്തിയ ശേഷം കമ്മിറ്റി ചേര്‍ന്ന് ഫണ്ട് എന്ത് ചെയ്യണമെന്ന കാര്യം തീരുമാനിക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

by Midhun HP News | May 18, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: NEET UG ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ലാത്തൂര്‍ നഗരത്തില്‍ ‘രേണുകായ് കെമിസ്ട്രി ക്ലാസസ്’ (RCC) എന്ന കോച്ചിങ്ങ് സെന്റര്‍ നടത്തുന്ന ശിവരാജ് രഘുനാഥ് മൊട്ടേഗാവ്കറെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കേന്ദ്ര ഏജന്‍സി നടത്തിയ പരിശോധനയില്‍ മൊട്ടേഗാവ്കറുടെ മൊബൈല്‍ ഫോണില്‍ നിന്ന് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോര്‍ന്ന ചോദ്യപ്പേപ്പര്‍ കണ്ടെത്തിയിരുന്നു.
നീറ്റ് യുജി (NEET UG) പേപ്പര്‍ ചോര്‍ത്തുന്നതിലും വിതരണം ചെയ്യുന്നതിലും ഏര്‍പ്പെട്ടിരുന്ന സംഘടിത മാഫിയയിലെ സജീവ അംഗമായിരുന്നു മൊട്ടേഗാവ്കര്‍ എന്നാണ് സിബിഐ ആരോപിക്കുന്നത്. മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തി, 2026 ഏപ്രില്‍ 23-ലെ പരീക്ഷയ്ക്ക് മുന്നോടിയായി മൊട്ടേഗാവ്കര്‍ ചോദ്യപ്പേപ്പറും ഉത്തരങ്ങളും കൈപ്പറ്റി. ഈ ചോദ്യപ്പേപ്പര്‍ മൊട്ടേഗാവ്കര്‍ നിരവധി ആളുകള്‍ക്ക് വിതരണം ചെയ്തതായും സിബിഐ ആരോപിക്കുന്നു.
ആരാണ് മൊട്ടേഗാവ്കര്‍ ?
മഹാരാഷ്ട്രയിലെ നീറ്റ് (NEET), ജെ.ഇ.ഇ (JEE) പരീക്ഷാ പരിശീലന രംഗത്തെ വളരെ പ്രമുഖനായ ഒരു വ്യക്തിത്വമാണ് മൊട്ടേഗാവ്കര്‍. ലാത്തൂരില്‍ നിന്നുള്ള ഒരു കെമിസ്ട്രി അധ്യാപകനായ മൊട്ടേഗാവ്കര്‍, കോച്ചിങ് രംഗത്ത് ‘എം സര്‍’ എന്ന പേരില്‍ പരക്കെ അറിയപ്പെടുന്നു. ആര്‍ സി സി ക്ലാസസ് (RCC Classes – Renukai Career Center) എന്ന സ്ഥാപനത്തെ മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും വലിയ കോച്ചിംഗ് ബ്രാന്‍ഡുകളില്‍ ഒന്നായി അദ്ദേഹം വളര്‍ത്തിയെടുത്തു.
ലാത്തൂരിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നുള്ളയാളാണ് മൊട്ടേഗാവ്കര്‍. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനായി നഗരത്തിലുടനീളം സൈക്കിളില്‍ സഞ്ചരിച്ച് പ്രൈവറ്റ് ട്യൂഷനുകള്‍ എടുത്തുകൊണ്ടാണ് അദ്ദേഹം അധ്യാപനം ആരംഭിച്ചത്. 1990-കളുടെ അവസാനത്തില്‍, വാടകയ്ക്കെടുത്ത ഒരു ചെറിയ മുറിയില്‍ പത്തോളം വിദ്യാര്‍ത്ഥികളുമായാണ് അദ്ദേഹം കോച്ചിങ് ആരംഭിച്ചത്. ആദ്യകാലങ്ങളില്‍, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എല്ലാ കാര്യങ്ങളിലും അദ്ദേഹം നേരിട്ട് ഇടപെട്ടിരുന്നു.
കെമിസ്ട്രി നേരിട്ട് പഠിപ്പിക്കുക, സ്വന്തംകൈപ്പടയില്‍ നോട്ടുകള്‍ തയ്യാറാക്കുക, 11, 12 ക്ലാസുകളിലെയും എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുടെയും ചെറിയ ബാച്ചുകള്‍ കൈകാര്യം ചെയ്യുക എന്നിവയെല്ലാം അദ്ദേഹം തന്നെയായിരുന്നു ചെയ്തിരുന്നത്. മത്സരപരീക്ഷകളില്‍ ടോപ്പര്‍മാരെ സൃഷ്ടിക്കുന്നതില്‍ മഹാരാഷ്ട്രയില്‍ പ്രശസ്തമായ ‘ലാതൂര്‍ പാറ്റേണിനൊപ്പം’ മൊട്ടേഗാവ്കറുടെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടും വളര്‍ന്നു പന്തലിക്കുകയായിരുന്നു.

by Midhun HP News | May 18, 2026 | Latest News, ദേശീയ വാർത്ത
കുവൈത്ത് സിറ്റി: ഹോട്ടല്‍ ബുക്കിങ്, യാത്രാ ടിക്കറ്റുകളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കുവൈത്ത് സീസണല്‍ ഡിമാന്റും ദേശീയ ആഘോഷങ്ങളും മുതലെടുത്താണ് തട്ടിപ്പുകാര്‍ പ്രധാനമായും രംഗത്തിറങ്ങുന്നത്.
ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വ്യാജ ഓഫറുകള്‍ അടങ്ങിയ ലിങ്കുകളും സന്ദേശങ്ങളും വ്യാപകമായി പ്രചരിപ്പിക്കുകയും അതുവഴി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും ചോര്‍ത്തിയെടുത്ത് പണം തട്ടുകയുമാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഔദ്യോഗികമല്ലാത്ത ലിങ്കുകളിലൂടെ ട്രാഫിക് പിഴകള്‍ നല്‍കാന്‍ ആവശ്യപ്പെടുന്ന വ്യാജ എസ്എംഎസ് സന്ദേശങ്ങളിലൂടെയുമാണ് തട്ടിപ്പ്.
ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ അംഗീകൃത ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ മാത്രം അടയ്ക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഒസ്മാന്‍ മുഹമ്മദ് അല്‍ ഗരീബ് അറിയിച്ചു. തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്ന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വെബ്സൈറ്റുകളും മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Recent Comments