‘ആരുമായിട്ടാണ് അവിഹിതം’; യുവതിയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ചു; ഭര്‍ത്താവിന്റെ ക്രൂരത

‘ആരുമായിട്ടാണ് അവിഹിതം’; യുവതിയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ചു; ഭര്‍ത്താവിന്റെ ക്രൂരത

പൂനെ: ഭാര്യക്ക് വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ചു. സാരമായി പരിക്കേറ്റ യുവതിയെ ആഴ്ചകളോളം ചികിത്സ നല്‍കാതെ വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു സംഭവം. ഏപ്രില്‍ 20-നായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു.

മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍, ഭാര്യയ്ക്ക് ആണ്‍കുട്ടി ജനിക്കാത്തതിലുള്ള ദേഷ്യവും പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് തര്‍ക്കം തുടങ്ങിയത്. ‘നീ ജോലിക്ക് പോകുമ്പോള്‍ ആരുമായാണ് നിനക്ക് ബന്ധമുള്ളതെന്ന് എന്നോട് പറയു’ എന്ന് പറഞ്ഞായിരുന്നു മര്‍ദനം തുടങ്ങിയത്. ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് ടോയ്ലറ്റ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് കുപ്പിയെടുത്ത് യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഒഴിക്കുകയുമായിരുന്നു.

അസഹ്യമായ വേദനകൊണ്ട് നിലവിളിച്ച യുവതി രക്ഷതേടി വീടിന് പുറത്തേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും, ഇയാള്‍ വീട് അകത്തുനിന്ന് പൂട്ടുകയും വീണ്ടും യുവതിയെ മര്‍ദിക്കുകയും ചെയ്തു. യുവതിയുടെ നിലവിളി കേട്ട് നാത്തൂന്‍ ഓടിയെത്തിയെങ്കിലും സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കടുത്ത വേദനയും പൊള്ളലുമേറ്റ മുറിവുകളുമായി യാതൊരുവിധ ചികിത്സയും ലഭിക്കാതെ 15 ദിവസത്തോളം യുവതി ആ വീട്ടില്‍ കഴിയേണ്ടി വന്നു. മെയ് 9ന് ഭര്‍ത്താവ് ജോലിക്ക് പോയ സമയം നോക്കി യുവതി തന്റെ രണ്ട് പെണ്‍മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയ യുവതി ക്രൂരപീഡനം മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയെയും കൂട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. യുവതി പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിനെതിരെ കേസ് എടുത്തതായും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

‘ദ്രാവിഡിനെ ഏകദിന ടീമിൽ നിലനിർത്താൻ വലിയ സമരം തന്നെ വേണ്ടിവന്നു’; വെളിപ്പെടുത്തി ഗാം​ഗുലി

‘ദ്രാവിഡിനെ ഏകദിന ടീമിൽ നിലനിർത്താൻ വലിയ സമരം തന്നെ വേണ്ടിവന്നു’; വെളിപ്പെടുത്തി ഗാം​ഗുലി

മുംബൈ: കോഴ വിവാദങ്ങൾക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആരാധകർ കൈവിട്ട കാലത്താണ് സൗരവ് ​ഗാം​ഗുലി ക്യാപ്റ്റനായി എത്തുന്നത്. പിന്നീട് ഇന്ത്യൻ ടീമിനെ പോരാട്ട വീര്യമുള്ള സംഘമാക്കി മാറ്റുന്നതിൽ അദ്ദേഹം വിജയിച്ചു. ഇന്ത്യയുടെ ആദ്യ വിദേശ കോച്ചായ ജോൺ റൈറ്റുമായി ചേർന്നാണ് ​ഗാം​ഗുലി ടീമിൽ പരിവർത്തനം കൊണ്ടുവന്നത്. ആ കാലത്തെ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ടുണ്ടായ വിവാദങ്ങളെക്കുറിച്ച് ഇപ്പോൾ ​ഗാം​ഗുലി മനസ് തുറന്നു.

രാഹുൽ ദ്രാവിഡിന്റെ ഏകദിന ടീമിൽ നിന്നു പുറത്താക്കാൻ സെലക്ടർമാർ തനിക്കുമേൽ സമ്മർദ്ദമുണ്ടാക്കിയെന്നും എന്നാൽ അദ്ദേഹത്തിന്റെ കരിയർ സംരക്ഷിക്കാനും രൂപപ്പെടുത്താനുമായി താൻ സെലക്ടർമാരുമായി നിരന്തരം ഫൈറ്റ് ചെയ്തിരുന്നുവെന്നും മുൻ ക്യാപ്റ്റൻ പറയുന്നു. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് ഇന്ത്യൻ ടീമിലെ തന്റെ ക്യാപ്റ്റൻ കാലം ​ഗാം​ഗുലി ഓർത്തെടുത്തത്.

ദ്രാവിഡ‍ിന്റെ സ്ട്രൈക്ക് റേറ്റാണ് അന്ന് സെലക്ടർമാർ വലിയ പ്രശ്നമായി പറഞ്ഞത്. അദ്ദേഹം ടീമിൽ നിന്നു പുറത്താകുന്നതിന്റെ വക്കിലായിരുന്നു. ടീമിനു കൂടുതൽ അ​ഗ്രസീവ് ബാറ്റിങ് ഓപ്ഷനുകൾ വേണമെന്ന നിലപാടിലായിരുന്നു അവർ. ഏകദിന ടീമിലെ ദ്രാവിഡ‍ിന്റെ സാന്നിധ്യം സെലക്ടർമാർ നിരന്തരം ചോദ്യം ചെയ്തു. എന്നാൽ ദ്രാവിഡിന്റെ മൂല്യം സ്ട്രൈക്ക് റേറ്റിനുമപ്പുറമാണെന്ന തന്റെ വിശ്വാസത്തിൽ ​ഗാം​ഗുലി ഉറച്ചു നിന്നു.

‘രാഹുൽ ദ്രാവിഡിന്റെ സ്ട്രൈക്ക് റേറ്റ് അത്ര നല്ലതല്ല. അതിനാൽ ഏകദിനത്തിൽ മറ്റാരെയെങ്കിലും നോക്കാൻ സെലക്ടർമാർ പറയുമായിരുന്നു. കൂടുതൽ അടിച്ചു കളിക്കുന്ന ആളുകൾ ഏകദിന ടീമിലേക്ക് വരട്ടെയെന്ന നിലപാടാണ് അവർക്കുണ്ടായിരുന്നത്. എന്നാൽ ആ സമ്മർദ്ദങ്ങളെ ഞാൻ അതിജീവിച്ചു. അദ്ദേഹത്തെ ടീമിൽ നിലനിർത്തി. ആ സമയത്ത് സെലക്ടർമാരുടെ വാക്കു കേട്ട് ഞാൻ ദ്രാവിഡിനെ കൈവിട്ടിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഏകദിന കരിയർ അവിടെ തീരുമായിരുന്നു.’

‘ഞാൻ ദ്രാവിഡുമായി വ്യക്തിപരമായി ഏറെ സംസാരിച്ചു. ഏകദിന ക്രിക്കറ്റിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ബാറ്റിങ് ശൈലി മാറ്റിയെടുക്കാൻ പറഞ്ഞു. കുറച്ചുകൂടി വേ​ഗത്തിൽ കളിക്കാൻ പറഞ്ഞു. അദ്ദേഹം മികച്ച ബാറ്ററായതിനാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ അതിവേ​ഗം തന്നെ തന്റെ ബാറ്റിങിലേക്ക് കൊണ്ടു വരാൻ ദ്രാവിഡിനു സാധിച്ചു. പിന്നീട് ഇന്ത്യക്കായി അദ്ദേഹം ഏകദിനത്തിൽ അഞ്ചാം നമ്പറിൽ സ്ഥിരമായി ബാറ്റ് ചെയ്തു. മാത്രമല്ല വിക്കറ്റ് കീപ്പറുടെ അധിക ജോലി ഏറ്റെടുക്കുകയും ചെയ്തു.’

ദ്രാവിഡിനെ വിക്കറ്റ് കീപ്പറാക്കാനുള്ള തീരുമാനവും ആ കാലത്ത് വലിയ കോലാഹലമുയർത്തിയിരുന്നു. അന്ന് അടിസ്ഥാനപരമായി വിക്കറ്റ് കീപ്പറായ താരങ്ങളെ പരി​ഗണിക്കാതെ പകരക്കാരനായി മാത്രം വിക്കറ്റ് കീപ്പറാകുന്ന ദ്രാവിഡിനെ നിർബന്ധിച്ച് മുഴവൻ സമയ കീപ്പറാക്കി എന്നതായിരുന്നു ​ഗാം​ഗുലിക്ക് നേരെ ഉയർന്ന നി​ഗമനം. എന്നാൽ അന്ന് അങ്ങനെയൊരു തീരുമാനം എടുത്തതിനു പിന്നിലും വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു എന്നാണ് ദാദ പറയുന്നത്.

‘ബാറ്റ് ചെയ്യാൻ അറിയുന്ന ഒരു വിക്കറ്റ് കീപ്പറെ അന്ന് ടീമിന് ആവശ്യമുണ്ടായിരുന്നു. ​ദ്രാവിഡിനെ കീപ്പറാക്കി ആ പ്രശ്നം പരിഹരിച്ചതോടെ മുഹമ്മദ് കൈഫിനെ അധിക ബാറ്ററായി ടീമിൽ ഉൾപ്പെടുത്താൻ ഞങ്ങൾക്കു സാധിച്ചു.

‘അന്ന് ടീം നേരിട്ട മറ്റൊരു പ്രശ്നം ഓൾ റൗണ്ടർമാരുടെ അഭാവമായിരുന്നു. നല്ല ടീമുകൾക്ക് മികച്ച വിക്കറ്റ് കീപ്പറും ഓൾ റൗണ്ടറുമുണ്ടാകും. എന്നാൽ ഇന്ത്യക്ക് ഇതു രണ്ടും ഉണ്ടായിരുന്നില്ല. ഒരു ടീമിനെ കെട്ടിപ്പടുക്കാൻ ഇത് രണ്ടും അനിവാര്യമായിരുന്നു. അതിനാൽ രണ്ടിനും പരിഹാരം കണ്ടെത്തേണ്ടിയിരുന്നു- ​ഗാം​ഗുലി കൂട്ടിച്ചേർത്തു.

കൃത്യമായ ഓൾറൗണ്ട് ഓപ്ഷനുകളുടെ കുറവ് നികത്താൻ ബാറ്റിങ് നിരയിലെ മറ്റുള്ളവർ പന്തെറിയാനുള്ള ഉത്തരവാദിത്വം കൂടി എറ്റെടുത്തു. പ്രോപ്പർ ഓൾ റൗണ്ടർ അന്നു ടീമിലുണ്ടായിരുന്നില്ല. അതിനാൽ ഞാനും സച്ചിനും സെവാ​ഗും യുവിയും എല്ലാവരും പന്തെറിഞ്ഞു. സാഹചര്യങ്ങൾ വരുമ്പോൾ അതിനനുസരിച്ച് മാറാൻ കെൽപ്പുള്ള താരങ്ങളാണ് ശക്തമായ ഒരു ടീമിന്റെ നെടുംതൂണുകൾ. കണിശമായ നിയമങ്ങളേക്കാൾ ഫ്ലക്സിബിലിറ്റിയുള്ള ടീമാണ് വിജയങ്ങൾക്ക് ആധാരം.

നിര്‍മാതാവ് കെ രാജന്‍ നദിയില്‍ ചാടി ജീവനൊടുക്കി; നടുക്കുന്ന വാര്‍ത്തയെന്ന് സിനിമാ ലോകം

നിര്‍മാതാവ് കെ രാജന്‍ നദിയില്‍ ചാടി ജീവനൊടുക്കി; നടുക്കുന്ന വാര്‍ത്തയെന്ന് സിനിമാ ലോകം

ചെന്നൈ: പ്രമുഖ തമിഴ് സിനിമ നിര്‍മാതാവ് കെ രാജന്‍ (85) ജീവനൊടുക്കി. ചെന്നൈയിലെ അടയാര്‍ പാലത്തില്‍ നിന്ന് അടയാര്‍ നദിയിലേയ്ക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തി നദിയില്‍ നിന്ന് മൃദതേഹം കണ്ടെടുക്കുകയായിരുന്നു. കുടുംബവുമായി അകന്നു കഴിയുകയായിരുന്നുവെന്നാണ് വിവരം.

ഖുശ്ബുവടക്കമുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി. ‘നടുക്കുന്ന വാര്‍ത്തയാണിത്. ചലച്ചിത്ര ലോകത്തെ ഏറ്റവും പ്രിയപ്പെട്ടൊരാളായിരുന്നു കെ രാജന്‍ സര്‍. അദ്ദേഹം ജീവനൊടുക്കിയെന്ന് വിശ്വസിക്കാനാവുന്നില്ല. തെറ്റിനെ തെറ്റെന്ന് പറയാന്‍ ഒരുകാലത്തും അദ്ദേഹം മടിച്ചില്ല. തീരാ ദുഃഖമാണിത്. ആ ആത്മാവിന് നിത്യശാന്തി നേരുന്നു’- ഖുശ്ബു കുറിച്ചു. രാജന്റെ മരണവാര്‍ത്തയറിഞ്ഞതിന്റെ ആഘാതത്തിലാണ് താനെന്ന് ആര്‍ ശരത്കുമാറും കുറിച്ചു. രാജന്റെ മരണം തമിഴ് ചലച്ചിത്രലോകത്തിന് നഷ്ടം തന്നെയാണെന്നും ഈ ഒരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ച കാരണമെന്തായാലും ദൗര്‍ഭാഗ്യകരമാണെന്നും പോസ്റ്റില്‍ പറയുന്നു. മരണമറിഞ്ഞതിനെത്തുടര്‍ന്ന് തമിഴ് സിനിമാ ലോകം ഞെട്ടിയിരിക്കുകയാണ്.

1983 ല്‍ ‘ബ്രഹ്മചാരികള്‍’ എന്ന സിനിമയിലൂടെയാണ് കെ.രാജന്‍ ചലച്ചിത്രമേഖലയിലേക്ക് കടന്ന് വരുന്നത്. ഡബിള്‍സ്, അവള്‍ പാവം, നിനയ്ക്കാത്ത നാളിലൈ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചു. ‘മൈക്കിള്‍ രാജ്’, ‘സൊന്തക്കാരന്‍’,’വീട്ടുടെ മാപ്പിളൈ’, ‘പാമ്പു സട്ടൈ’,’തുണിവ്’, ‘ബകാസുരന്‍’ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

കൊല്ലൂരില്‍ വാഹനാപകടം: രണ്ട് മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം, മൂന്ന് കുട്ടികള്‍ ചികിത്സയില്‍

കൊല്ലൂരില്‍ വാഹനാപകടം: രണ്ട് മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം, മൂന്ന് കുട്ടികള്‍ ചികിത്സയില്‍

ബംഗളൂരു: കര്‍ണാടകയിലെ കൊല്ലൂരില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം. കൊല്ലൂരിനു സമീപം ദേളിയെന്ന സ്ഥലത്ത് രണ്ടുമണിയോടെയാണ് അപകടം.

പാല സ്വദേശിനി ആര്യ അനൂപ്, ജ്യോതി എന്നിവരാണ് മരിച്ചത്. ഏഴു മലയാളികളടക്കം എട്ട് പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ചികില്‍സയിലുള്ളവരില്‍ 3 പേര്‍ കുട്ടികളാണ്.പാലായില്‍ നിന്നു കൊല്ലൂര്‍ കുടജാദ്രിയിലേയ്ക്ക് തീര്‍ഥാടനത്തിനായി എത്തിയ സംഘം ക്ഷേത്ര ദര്‍ശനത്തിനുശേഷം കുടജാദ്രി മലയിലേക്ക് ജീപ്പില്‍ ട്രക്കിങിനായി പുറപ്പെടുകയായിരുന്നു. തിരിച്ചുവരുന്നതിനിടെ മീന്‍ലോറിയുമായി നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവര്‍ കുന്താപുരയിലെയും ഉഡുപ്പിയിലെയും ആശുപത്രികളില്‍ ചികിത്സയിലാണ്.

‘വിജയ് സര്‍ക്കാര്‍ ആറ് മാസം തികയ്ക്കില്ല; മുഖ്യമന്ത്രി കസേരയില്‍ സ്റ്റാലിന്‍ തിരിച്ചെത്തും’

‘വിജയ് സര്‍ക്കാര്‍ ആറ് മാസം തികയ്ക്കില്ല; മുഖ്യമന്ത്രി കസേരയില്‍ സ്റ്റാലിന്‍ തിരിച്ചെത്തും’

ചെന്നൈ: തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയ വിജയ് സര്‍ക്കാര്‍ ആറ് മാസം പോലും തികയ്ക്കില്ലെന്ന് മുതിര്‍ന്ന ഡിഎംകെ നേതാവുമായ അനിത രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയായി വീണ്ടും എംകെ സ്റ്റാലിന്‍ അധികാരമേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെയുടെ പൊതുപരിപാടിയിലായിരുന്നു അനിത രാധാകൃഷ്ണന്‍ ടിവികെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

വില്ലിവാക്കം മണ്ഡലത്തില്‍ നിന്ന് ടിവികെ എംഎല്‍എയായ ആദവ് അര്‍ജുന്‍ എംഎല്‍എ സ്ഥാനം രാജിവച്ച് തനിക്കെതിരെ തിരിച്ചെന്തൂരില്‍ മത്സരിക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. ‘ഇനി നാലുമാസം കൂടിയേ ഈ സര്‍ക്കാര്‍ നിലനില്‍ക്കുകയുള്ളു. ആദവ് അര്‍ജുന്‍, നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കൂ, ഞാനും അത് ചെയ്യാം. നമുക്ക് തിരിച്ചെന്തൂരില്‍ നേര്‍ക്ക് നേര്‍ പോരാടാം’ – അദ്ദേഹം പറഞ്ഞു.

ഡിഎംകെയുടെ ഉറച്ച കോട്ടയാണ് തിരുച്ചെന്തൂര്‍. വര്‍ഷങ്ങളായി ഇവിടെ നിന്നുള്ള എംഎല്‍എയായണ് അനിത രാധാകൃഷ്ണന്‍. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ തോല്‍വിയെയും അദ്ദേഹത്തെ ന്യായീകരിച്ചു. പാര്‍ട്ടി അദ്ദേഹത്തോട് ട്രിച്ചിയില്‍ മത്സരിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സ്റ്റാലിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ കൊളത്തൂരിനെ സിംഗപ്പൂര്‍ പോലെയാക്കി. എന്നാല്‍ വിലകെട്ട വോട്ടര്‍മാര്‍ അദ്ദേഹത്തെ പരാജയപ്പെടുത്തി. നമ്മുടെ തലൈവര്‍ ആണ് അടുത്ത മുഖ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു.

ടിവികെയും ഡിഎംകെയും തമ്മില്‍ രാഷ്ട്രീയ പോരാട്ടം കൂടുതല്‍ കടുത്തുവരുന്ന സാഹചര്യത്തിലാണ് പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്.

ദിവസവും അഞ്ച് ഷോ, സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോം, 0% വിനോദനികുതി; വിജയ്ക്ക് നിവേദനം സമര്‍പ്പിച്ച് കമല്‍ഹാസന്‍

ദിവസവും അഞ്ച് ഷോ, സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോം, 0% വിനോദനികുതി; വിജയ്ക്ക് നിവേദനം സമര്‍പ്പിച്ച് കമല്‍ഹാസന്‍

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് നിവേദനം സമര്‍പ്പിച്ച് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ഹാസന്‍. ചലച്ചിത്രമേഖലയുടെ ഉന്നമനം ലക്ഷ്യംവെച്ചുള്ള ആറ് ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

തമിഴ്‌നാട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോം അടക്കം കമലഹാസന്റെ ആവശ്യങ്ങളിലുള്‍പ്പെടുന്നു. സബ്‌സിഡി നിരക്കില്‍ തമിഴ് ഫീച്ചര്‍ സിനിമകള്‍, സ്വതന്ത്ര സിനിമകള്‍, ഡോക്യുമെന്ററികള്‍ എന്നിവ ലഭ്യമാകുന്ന, തമിഴ് പ്രേക്ഷകര്‍ക്ക് താങ്ങാനാകുന്ന നിരക്കിലുള്ള ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായി കമല്‍ഹാസന്‍ എക്‌സില്‍ കുറിച്ചു.

വര്‍ധിച്ചു വരുന്ന നിര്‍മാണച്ചെലവുകള്‍, വിതരണച്ചെലവുകള്‍, തിയറ്റര്‍ നടത്തിപ്പ് ചെലവുകള്‍ എന്നിവ കണക്കിലെടുത്ത് നികുതിയിലും ഇളവ് വേണമെന്ന് കമലഹാസന്റെ നിവേദനത്തില്‍ പറുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന 4 ശതമാനം വിനോദനികുതി നിര്‍ത്തലാക്കണമെന്നാണ് കമലഹാസന്റെ ആവശ്യം.

കൂടാതെ ആന്റി പൈറസി ടീം രൂപീകരിക്കണമെന്നും സംസ്ഥാനത്തുടനീളമുള്ള തീയറ്ററുകളില്‍ ദിവസം അഞ്ചു ഷോ വീതം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്നും ടിവികെ സര്‍ക്കാരിനോട് കമല്‍ഹാസന്‍ അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി വിജയ്‌യുടെ അവസാന സിനിമയായ ജനനായകനടക്കം പൈറസി പ്രതിസന്ധി നേരിട്ടിരുന്നു. “ആയിരക്കണക്കിനു കലാകാരന്മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും നിര്‍മാതാക്കളുടെയും കഠിനാധ്വാനത്തെ പൈറസി നശിപ്പിക്കുകയാണ്. അതിനെതിരെ തമിഴ്‌നാട് പൊലീസിന്റെ സൈബര്‍ ക്രൈം വകുപ്പിനുള്ളില്‍ ആന്റി പൈറസി എന്‍ഫോഴ്‌സ്‌മെന്റ് ടീം രൂപീകരിക്കണം. പുറത്തിറങ്ങുന്ന കണ്ടന്റുകള്‍ ഉടനടി നീക്കം ചെയ്യാനും നടപടി സ്വീകരിക്കണം” : കമല്‍ഹാസന്റെ നിവേദനത്തില്‍ പറയുന്നു.