by Midhun HP News | May 16, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വിമാനയാത്ര ടിക്കറ്റ്നിരക്കിലെ കൊള്ളയില്‍ ഇടപെട്ട് സുപ്രീംകോടതി. ഒരേ റൂട്ടില്‍ തന്നെ വ്യത്യസ്ത വിമാനകമ്പനികള്‍ വ്യത്യസ്തനിരക്ക് ഈടാക്കുന്നതിനെതിരെ ഏകീകരിക്കണ ആവശ്യവുമായാണ് സുപ്രീംകോടതി രംഗത്തെത്തിയത്. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്‍േറതാണ് നിരീക്ഷണം. ഒരു വിമാനകമ്പനി 8,000 രൂപ വാങ്ങുമ്പോള്‍ മറ്റൊരു കമ്പനി 18,000 രൂപയാണ് ഈടാക്കുന്നത്. ഇക്കാര്യത്തില്‍ ഇടപെടലുണ്ടാവണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
വിമാനടിക്കറ്റ് നിരക്ക് ഏകീകരിക്കാനുള്ള നടപടിയുണ്ടാകണമെന്ന കോടതി നിര്‍ദേശത്തോട് സാധ്യമായ വഴികളെല്ലാം തേടുന്നുണ്ടെന്നായിരുന്നു തുഷാര്‍ മേത്തയുടെ മറുപടി. സാമൂഹികപ്രവര്‍ത്തക എസ് ലക്ഷ്മിനാരയണന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി പരാമര്‍ശം.
വിമാനടിക്കറ്റുകള്‍ ഏകീകരിക്കാനുള്ള ചട്ടങ്ങള്‍ 1937ലെ എയര്‍ക്രാഫ്റ്റ് ആക്ടിലുണ്ട്. എന്നാല്‍, പ്രശ്നമെന്താണെന്നുവെച്ചാല്‍ ഈ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നതാണെന്ന് ലക്ഷ്മിനാരായണന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അതേസമയം, ഇക്കാര്യത്തില്‍ പുതിയ നിയമങ്ങളുണ്ടാക്കണമെന്ന നിര്‍ദേശം സുപ്രീംകോടതി മുന്നോട്ടുവെച്ചു. അതുവരെ പഴയ നിയമങ്ങള്‍ തുടരണമെന്നും കോടതി വ്യക്തമാക്കി.

by Midhun HP News | May 16, 2026 | Latest News, ദേശീയ വാർത്ത
കിന്‍ഷാസ: ആഫ്രിക്കയില്‍ ആശങ്ക ഉയര്‍ത്തി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ വീണ്ടും എബോള രോഗബാധ. കിഴക്കന്‍ പ്രവിശ്യയായ ഇറ്റൂരിയില്‍ വൈറസ് രോഗം ബാധിച്ച് ഇതിനോടകം 65 പേര്‍ മരിച്ചെന്നും 246 സംശയാസ്പദ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തുവെന്നും ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു.
സ്വര്‍ണ ഖനനം നടക്കുന്ന മോങ്വാലു, റുവാമ്പാറ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. മൊംഗ്വാലു, റുവാംപറ മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. പ്രവിശ്യാ തലസ്ഥാനമായ ബുനിയയിലും സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാധാരണ കാണുന്ന വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായ വകഭേദമാവാം പുതിയ വ്യാപനത്തിന് പിന്നിലെന്ന് ആരോഗ്യവിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്.അതിര്‍ത്തി രാജ്യങ്ങളായ ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങളുമായി ആശയവിനിമയം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഏറെ അപകടകാരിയാണ് എബോള വൈറസ്. ഛര്‍ദ്ദി, രക്തം, ശുക്ലം തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയാണ് പ്രധാനമായും പകരുക. രോഗബാധിതരുടെയോ രോഗം മൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസര്‍ജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം.
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ട് മുതല്‍ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണ വൈറല്‍ രോഗങ്ങളില്‍ കാണുന്നതു പോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോള്‍ ഛര്‍ദ്ദി, തൊലിയിലെ തിണര്‍പ്പ് എന്നിവയും ഉണ്ടാകാം. രോഗം വന്ന് അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. മനുഷ്യര്‍ക്ക് പുറമെ കുരങ്ങുകള്‍, മാനുകള്‍, മുള്ളന്‍ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണാറുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസര്‍ജ്യങ്ങളിലൂടെയോ, അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാനുള്ള സാധ്യത ഏറെയാണ്.

by Midhun HP News | May 16, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യുപിഎസ്സി സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ 2026 അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. യുപിഎസ് സിയുടെ വെബ്‌സൈറ്റില്‍ കയറി അഡ്മിററ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മേയ് 24നാണ് പ്രിലിമിനറി പരീക്ഷ.
അപേക്ഷാ നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം 933 ഒഴിവുകള്‍ നികത്തുന്നതിനാണ് പരീക്ഷ. ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി (Email ID) അല്ലെങ്കില്‍ യുആര്‍എന്‍ (URN) എന്നിവ ഉപയോഗിച്ച് യുപിഎസ്സി ആപ്ലിക്കേഷന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
യുപിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in സന്ദര്‍ശിക്കുക.
ഹോംപേജിലെ ‘What’s New’ സെക്ഷനില്‍ കാണുന്ന ‘e-Admit Card: Civil Services (Preliminary) Examination, 2026’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഉദ്യോഗാര്‍ഥികളെ യുപിഎസ്സി ആപ്ലിക്കേഷന്‍ പോര്‍ട്ടലിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. അവിടെ മൊബൈല്‍ നമ്പര്‍, രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡി, യുആര്‍എന്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.
ലോഗിന്‍ ചെയ്ത ശേഷം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പേര്, റോള്‍ നമ്പര്‍, പരീക്ഷാ കേന്ദ്രം, റിപ്പോര്‍ട്ടിങ് സമയം, പരീക്ഷാദിന നിര്‍ദ്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഹാള്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന എല്ലാ വിവരങ്ങളും കൃത്യമാണോ എന്ന് പരിശോധിക്കേണ്ടതാണ്.
അവസാന നിമിഷത്തെ സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കാന്‍ പരീക്ഷാ ദിവസത്തിന് മുന്നോടിയായി തന്നെ അപേക്ഷകര്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാന്‍ ശ്രദ്ധിക്കുക. പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുമ്പോള്‍ അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റഡ് കോപ്പിയും ഒപ്പം സാധുവായ ഒരു ഫോട്ടോ ഐഡന്റിറ്റി കാര്‍ഡും (Photo ID Proof) കരുതേണ്ടതാണ്. ഹാള്‍ ടിക്കറ്റ് ഇല്ലാതെ ഉദ്യോഗാര്‍ഥികളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുന്നതല്ലെന്നും അധികൃതര്‍ അറിയിച്ചു.
by Midhun HP News | May 15, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: രജനികാന്ത് ചിത്രം ജയിലർ 2 വിന്റെ സെറ്റിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ജയിലർ 2 ആർട് ഡിപ്പാർട്ട്മെന്റ് ജീവനക്കാരൻ കാർത്തികേയൻ (28) ആണ് മരിച്ചത്. സെറ്റ് നിർമിക്കുന്നതിനിടെ ഷോക്കേറ്റാണ് കാർത്തികേയൻ മരിച്ചത്. പനയൂരിലെ ആദിത്യറാം ഫിലിം സിറ്റിയിൽ വച്ചായിരുന്നു അപകടം.
ഉടൻ തന്നെ സെറ്റിലുണ്ടായിരുന്നവർ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം മരിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു, തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തിൽ കാനത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
പാലക്കാട് അട്ടപ്പാടിയിലായിരുന്നു ജയലിര്‍ 2വിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. കോഴിക്കോടും ജയിലര്‍ 2 ചിത്രീകരിച്ചു. മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ രജനികാന്തിനൊപ്പം നിര്‍ണായക വേഷത്തില്‍ ഉണ്ട്.നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ, വിനായകൻ, ഹക്കിം ഷാ, മേഘ്ന രാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2023 ൽ പുറത്തിറങ്ങിയ ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2.
മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നത്. ജൂൺ 12 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗത്തിലും നിറയെ ആക്ഷൻ രംഗങ്ങളുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.
by Midhun HP News | May 15, 2026 | Latest News, ദേശീയ വാർത്ത
ബീജിങ്: ഇറാന്‍ ‘അവസാനിച്ചു’ എന്നും നിലവിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒന്നെങ്കില്‍ ചര്‍ച്ചകളിലൂടെ കരാറിലെത്തണം അല്ലെങ്കില്‍ നാശത്തെ അഭിമുഖീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൂന്ന് ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന്റെ അവസാന ദിവസം ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
ആണവായുധം കൈവശം വയ്ക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന് ട്രംപ് ഊന്നിപ്പറഞ്ഞു. ‘അവര്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. അവര്‍ക്ക് ഒന്നുകില്‍ കരാറുണ്ടാക്കാം. അല്ലെങ്കില്‍ അവര്‍ നാമാവശേഷമാകും. ഇറാന്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച ഷി ജിന്‍പിങുമായി കൂടിക്കാഴ്ച കൂടി നടത്തിയ ശേഷം ഉച്ചഭക്ഷണവും കഴിഞ്ഞ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങും.
യുഎസും ഇറാനും തമ്മില്‍ കരാറുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. ‘എന്തെങ്കിലും രീതിയില്‍ സഹായിക്കാന്‍ കഴിയുമെങ്കില്‍, സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് എന്ന് ഷി ജിന്‍ പിങ് വാഗ്ദാനം ചെയ്തതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നത് ചൈനയും ആഗ്രഹിക്കുന്നില്ലെന്ന് താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. കൂടാതെ, ഇറാനിലെ ഖാര്‍ഗ് ദ്വീപ് വെറും ‘നാലോ അഞ്ചോ മിനിറ്റിനുള്ളില്‍’ നിര്‍വീര്യമാക്കാന്‍ യുഎസിന് കഴിയുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ തന്നെ അറിയിച്ചതായും ട്രംപ് വെളിപ്പെടുത്തി. ഇറാനുള്ള ചൈനയുടെ പിന്തുണയെക്കുറിച്ചുള്ള ചോദ്യത്തിന്, ഇക്കാര്യം ഷിയുമായി ചര്‍ച്ച ചെയ്തതായും ഇറാനു സൈനിക ഉപകരണങ്ങള്‍ നല്‍കില്ലെന്ന് ഷി തനിക്ക് ഉറപ്പ് നല്‍കിയതായും ട്രംപ് പറഞ്ഞു. നിലവില്‍ ഇറാനിയന്‍ എണ്ണയുടെ 90 ശതമാനവും വാങ്ങുന്നത് ചൈനയാണ്. ചൈനയുമായുള്ള തന്റെ ബന്ധം മികച്ചതാണെന്നും ഷി ജിന്‍പിങ് ശക്തനായ ഒരു നേതാവാണെന്നും ട്രംപ് ആവര്‍ത്തിച്ചു.
ഇറാനെതിരെയുള്ള സൈനിക നടപടികളെ ന്യായീകരിച്ച ട്രംപ്, വിയറ്റ്‌നാം, ഇറാഖ് യുദ്ധങ്ങളെ അപേക്ഷിച്ച് ഇത് വളരെ ചുരുങ്ങിയ സമയം മാത്രമേ എടുക്കൂ എന്ന് പറഞ്ഞു. ഇറാന്റെ നാവികസേനയെ തകര്‍ത്തതായും അവര്‍ക്ക് ഇപ്പോള്‍ വ്യോമസേനയോ വിമാനവിരുദ്ധ ശേഷിയോ ഇല്ലെന്നും ട്രംപ് അവകാശപ്പെട്ടു. ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്, ആപ്പിള്‍ മേധാവി ടിം കുക്ക് തുടങ്ങിയ പ്രമുഖ സിഇഒമാരെയും സന്ദര്‍ശനത്തില്‍ ട്രംപ് കൂടെ കൂട്ടിയിരുന്നു. അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ താന്‍ ഷി ജിന്‍പിങ്ങിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം അതിനോട് അനുകൂലമായി പ്രതികരിച്ചതായും ട്രംപ് പറഞ്ഞു. ടെക്‌സസ്, ലൂയിസിയാന, അലാസ്‌ക എന്നിവിടങ്ങളിലേക്ക് ചൈനീസ് കപ്പലുകള്‍ അയച്ചു തുടങ്ങുമെന്നും ട്രംപ് പറഞ്ഞു.
കൂടാതെ, ചൈനീസ് വിപണികള്‍ തുറന്നു കൊടുക്കണമെന്നും അത് യുഎസ് കമ്പനികള്‍ക്കും ചൈനയ്ക്കും നല്ലതാണെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചയ്ക്കിടെ 200 ബോയിങ്് വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഷി ജിന്‍ പിങ് സമ്മതിച്ചതായും ട്രംപ് വെളിപ്പെടുത്തി. വ്യാപാരത്തിനായി ‘വിസ’ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ചൈനയോട് അഭ്യര്‍ത്ഥിച്ചതായും വലിയ അളവില്‍ അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ചൈന വാങ്ങുമെന്നും ട്രംപ് പറഞ്ഞു.

by Midhun HP News | May 15, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിദേശ പൗരന്മാർ അനധികൃതമായി വോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ച് ചെന്നൈ പോലീസ്. ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിന് ശേഷം രാജ്യം വിടാൻ ശ്രമിക്കവെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ വെച്ചാണ് ഇവരെ ഇമിഗ്രേഷൻ വിഭാഗം പിടികൂടിയത്. വോട്ട് രേഖപ്പെടുത്തിയതിന്റെ അടയാളമായ മഷി വിരലുകളിൽ കണ്ടതാണ് ഇവരെ കുടുക്കാൻ സഹായിച്ചത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ കസ്റ്റഡിയിൽ
അറസ്റ്റിലായവരിൽ ഭൂരിഭാഗവും ശ്രീലങ്കൻ പൗരന്മാരാണ്. ബ്രിട്ടൻ, കാനഡ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. രഞ്ജിനി (59), സർഫുദീൻ (68), നിലാന്തി (44), ജയന്തൻ (40), ചാർളി ബാലചന്ദ്രൻ (48), ചക്രവർത്തി ലോകപ്രിയ (50), സുനിത ചക്രവർത്തി (48) എന്നിവരാണ് പിടിയിലായ ശ്രീലങ്കൻ പൗരന്മാർ. കൂടാതെ ബ്രിട്ടീഷ് പൗരനായ അയ്യദുരൈ (53), ഇന്തോനേഷ്യയിൽ നിന്നുള്ള തിറ്റിൻ മരിയാട്ടി (47), കനേഡിയൻ പൗരനായ ജിതേന്ദ്രനാഥ് (38) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
രേഖകൾ വ്യാജം; ലക്ഷ്യമിടുന്നത് വലിയ ശൃംഖലയെ
വിദേശ പൗരത്വം ഉള്ളവർക്ക് ഇന്ത്യയിൽ വോട്ടവകാശമില്ലെന്നിരിക്കെ, വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് ഇവർ വോട്ടർ പട്ടികയിൽ പേര് ചേർത്തതെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇവരുടെ കൈവശം വിദേശ പാസ്‌പോർട്ടുകൾക്ക് പുറമെ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ ഐഡി കാർഡുകളും ഉണ്ടായിരുന്നു. ഇത് ഗൗരവകരമായ നിയമലംഘനമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വോട്ടർ പട്ടികയിലെ പിഴവുകൾ തീർക്കാനായി ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (SIR) നടത്തിയതിന് പിന്നാലെ ഇത്തരം ക്രമക്കേടുകൾ നടന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
രാഷ്ട്രീയ വിവാദത്തിലേക്ക്
ദ്രാവിഡ കക്ഷികളുടെ ആധിപത്യം അവസാനിച്ച തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഇത്തരം ഒരു വാർത്ത പുറത്തുവന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരുകൾ വെട്ടിമാറ്റിയെന്ന് അവകാശപ്പെടുമ്പോഴും വിദേശികൾ എങ്ങനെ പട്ടികയിൽ ഇടംപിടിച്ചു എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഇതിന് പിന്നിൽ വലിയൊരു ശൃംഖല പ്രവർത്തിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. കേസ് കൂടുതൽ ഗൗരവമുള്ളതായതിനാൽ കേന്ദ്ര ഏജൻസികൾക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
Recent Comments