by Midhun HP News | May 14, 2026 | Latest News, ദേശീയ വാർത്ത
ചരിത്രം കുറിച്ച് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരിക്കുകയാണ് നടന്‍ വിജയ്. പാര്‍ട്ടി രൂപീകരിച്ച് രണ്ട് വര്‍ഷമാകുമ്പോഴേക്കും ഡിഎംകെയേയും എഐഎഡിഎംകെയേയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയാണ് വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായത്. ഭരണം ഏറ്റെടുത്തതിന് പിന്നാലെ തന്നെ ആദ്യ വിവാദവും വിജയ്ക്ക് നേരിടേണ്ടി വന്നിരുന്നു.
തന്റെ തെരഞ്ഞെടുപ്പ് വിജയം പ്രവചിച്ച ജോത്സ്യന്‍ റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചാണ് വിജയ് വിവാദത്തില്‍ പെട്ടത്. സംഭവം വിവാദമായതോടെ നിയമനം റദ്ദാക്കുകയും ചെയ്തു. ഈ സംഭവത്തോടെ വിജയ്‌യുടെ വിശ്വാസത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. ഇപ്പോള്‍ വൈറലാകുന്ന, പഴയൊരു അഭിമുഖത്തില്‍ തന്റെ വിശ്വാസത്തെക്കുറിച്ച് വിജയ് സംസാരിച്ചിരുന്നു. ബീസ്റ്റ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സണ്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനോടായിരുന്നു വിജയ് മനസ് തുറന്നത്.
”എന്‍റെ അമ്മ ഹിന്ദുവാണ്. എന്റെ അച്ഛന്‍ ക്രിസത്യനാണ്. അവര്‍ പ്രണയിച്ച് വിവാഹം കഴിച്ചു. അവര്‍ ഒരിക്കലും എന്നെ ഒരു കാര്യത്തിലും നിയന്ത്രിച്ചിട്ടില്ല. ഇവിടെ പോകണമെന്നോ അവിടെ പോകരുതെന്നോ പറഞ്ഞിട്ടില്ല. എന്റെ മക്കളോട് ഞാനും അങ്ങനെയാണ്” വിജയ് പറയുന്നു. പിന്നാലെ ബീസ്റ്റിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായൊരു സംഭവം നെല്‍സണും പങ്കുവച്ചു. ഷൂട്ടിനിടെ ഒരു ദിവസം രാത്രി ഡിന്നര്‍ കഴിച്ച ശേഷം 30 മിനുറ്റ് വിജയ്‌യെ കാണാതായെന്നാണ് നെല്‍സണ്‍ പറഞ്ഞത്.
”ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ നിങ്ങള്‍ പള്ളിയില്‍ പോയതാണെന്ന് മനസിലായി. ഞങ്ങള്‍ ഞെട്ടിപ്പോയി. വിശ്വസിക്കാനായില്ല. പക്ഷെ നിങ്ങള്‍ ശരിക്കും പള്ളിയില്‍ പോയതായിരുന്നു. അടുത്ത ദിവസം ചോദിച്ചപോള്‍ നിങ്ങള്‍ പറഞ്ഞത് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പോയതാണെന്നായിരുന്നു” നെല്‍സണ്‍ പറയുന്നു. പിന്നാലെ നിങ്ങളൊരു വിശ്വാസിയാണോ എന്ന നെല്‍സന്റെ ചോദ്യത്തിനും വിജയ് മറുപടി നല്‍കുന്നുണ്ട്.
”ഞാന്‍ ഉറച്ച വിശ്വാസിയാണ്. പള്ളിയില്‍ പോകുന്നത് എന്റെ മനസ് ശാന്തമാക്കും. പള്ളി മാത്രമാല്ല, പിള്ളയാര്‍പട്ടി വിനായക ക്ഷേത്രത്തിലും തിരുനല്ലാര്‍ ക്ഷേത്രത്തിലും പോകാറുണ്ട്. അവിടങ്ങള്‍ എനിക്ക് ദൈവീകമായൊരു ഫീല്‍ തരും. കത്തിയുടെ ഷൂട്ടിനിടെ ഞാന്‍ അമീന്‍പീര്‍ ദര്‍ഗയിലും പോയിട്ടുണ്ട്. പള്ളിയിലും ക്ഷേത്രത്തിലും ദര്‍ഗയിലും പോയാലും ഒരേ ദൈവീകാനുഭൂതിയാണ് ലഭിക്കുക” എന്നാണ് വിജയ് നല്‍കിയ മറുപടി.
by Midhun HP News | May 14, 2026 | Latest News, ദേശീയ വാർത്ത
തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തി (ടിവികെ) ന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു നടൻ ജയ്. ടിവികെയുടെ റാലികളിൽ നടൻ പ്രത്യക്ഷപ്പെട്ടത് തമിഴ് സിനിമാ ലോകത്തും ഏറെ ചർച്ചയായി മാറിയിരുന്നു. മാത്രമല്ല, സത്യപ്രതിജ്ഞാ വേദിയിലും ജയ് വിജയ്‌യുടെ തൊട്ടരികിൽ തന്നെയുണ്ടായിരുന്നു.
ഇപ്പോഴിതാ താൻ ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തത് വിജയ്‍യോടുള്ള സ്നേഹം കൊണ്ടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജയ്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയ് ഇക്കാര്യം പറഞ്ഞത്.
ടിവികെ തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന പ്രത്യാഘാതങ്ങളെയും പ്രതികരണങ്ങളെയും കുറിച്ചായിരുന്നു ജയ്‌യോടുള്ള ചോദ്യം. “ഞാൻ അത്തരം കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. എന്നോട് പ്രചാരണത്തിന് പോകാമോ എന്നവർ ചോദിച്ചു, ഞാൻ അവർക്ക് എന്റെ പൂർണ പിന്തുണ നൽകി.
വിജയ് ഒരു രാഷ്ട്രീയക്കാരനായി വന്നത്, സമൂഹത്തിന് നന്മ ചെയ്യാനാണ്. അതിനായി എന്റെ സഹായം നൽകാൻ ഞാൻ ആഗ്രഹിച്ചു. വാസ്തവത്തിൽ പലരും എന്നെ പ്രചാരണത്തിൽ നിന്ന് തടഞ്ഞിരുന്നു. എന്നോടുള്ള കരുതൽ കാരണമായിരുന്നു അത്. എന്റെ കരിയർ തകരുമെന്ന് അവർ എനിക്ക് മുന്നറിയിപ്പ് നൽകി.
പക്ഷേ, പ്രചാരണത്തിനുള്ള പ്രവർത്തനങ്ങൾ ഞാൻ നേരത്തെ തന്നെ തുടങ്ങിയിരുന്നതിനാൽ അത് നിർത്താൻ എനിക്ക് തോന്നിയില്ല. വിജയ് വിജയിക്കുമെന്ന കാര്യത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷേ എന്റെ മനസ്സിൽ അതുണ്ടായിരുന്നില്ല. ഞാൻ അദ്ദേഹത്തിന് വേണ്ടി വർക്ക് ചെയ്തത്, അദ്ദേഹത്തോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ്”.- ജയ് പറഞ്ഞു.
അതേസമയം ജയ്‌യുടെ സിനിമാ അരങ്ങേറ്റവും വിജയ് ചിത്രത്തിലൂടെയായിരുന്നു. 2002 ൽ പുറത്തിറങ്ങിയ ഭഗവതി എന്ന ചിത്രത്തിലൂടെയാണ് ജയ് തമിഴ് സിനിമാ ലോകത്തേക്ക് ചുവടുവച്ചത്. സറ്റേൻട്ര് മാറ്ദ് വാനിലൈ എന്ന ചിത്രത്തിൽ വിജയ് ഫാൻ ആയ യുവാവിന്റെ വേഷത്തിലാണ് ജയ് എത്തുന്നത്. മെയ് 15 ന് ചിത്രം തിയറ്ററുകളിലെത്തും.

by Midhun HP News | May 14, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍. 102 അംഗ ഭൂരിപക്ഷമെന്ന ജനങ്ങളുടെ വിധി അംഗീകരിക്കുന്നു. മുഖ്യമന്ത്രിയായ വിഡി സതീശനെ അഭിനന്ദിക്കുന്നു. ഇനി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
‘ഹൈക്കമാന്‍ഡ് തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. കോണ്‍ഗ്രസിന് 102 അംഗ ഭൂരിപക്ഷമെന്നത് കോണ്‍ഗ്രസിന്റെ സമകാലീന ചിത്രത്തില്‍ ഇല്ലാത്ത ഒന്നാണ്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പമുള്ള യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിലുണ്ടാകും. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിക്കും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് തീരുമാനിച്ച വി ഡി സതീശനെ അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നും’ അദ്ദേഹം പറഞ്ഞു.

by Midhun HP News | May 14, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസില്‍ കരസേനാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍. തെക്കന്‍ ഡല്‍ഹിയിലെ സൈനിക് ഫാംസ് മേഖലയിലാണ് സംഭവം നടന്നത്.
ഹരിയാന ഫത്തേഹാബാദ് സ്വദേശി സുരേന്ദര്‍ (31), ഡല്‍ഹി കല്‍ക്കാജി സ്വദേശി കല്‍പന കുമാരി (40), ഫത്തേഹാബാദ് സ്വദേശികളായ കുല്‍ദീപ്, സുശീല്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ പ്രതിയായ സുരേന്ദര്‍ മഥുരയില്‍ പോസ്റ്റിങ് ലഭിച്ച, നിലവില്‍ സേവനത്തിലുള്ള സൈനികനാണ്. എന്നാല്‍ ഇയാള്‍ അവിടെ ജോലിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
72കാരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയാണ് പ്രതികള്‍ ഹണി ട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോകുകയും മര്‍ദിച്ചു കവര്‍ച്ച നടത്തിയത്. പ്രതികള്‍ വയോധികനെ വീട്ടില്‍ കയറി മര്‍ദിച്ച് പണവും ആഭരണങ്ങളും രേഖകളും കവര്‍ന്ന ശേഷം അദ്ദേഹത്തിന്റെ തന്നെ കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും ഇത് ലഭിക്കാതെ വന്നതോടെ ഡല്‍ഹി-മുംബൈ ഹൈവേയ്ക്ക് സമീപം ഹരിയാനയില്‍ ഇയാളെ ഉപേക്ഷിച്ചു മടങ്ങി.
പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതികളായ കല്‍പനയും സുരേന്ദറും വിവാഹമോചിതരാണെന്ന് കണ്ടെത്തി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും 2025 നവംബറില്‍ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. മേയ് 2ന് വൈകിട്ട് ഇരയായ വയോധികന്‍ സൈനിക് ഫാംസിലെ വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം പരിചയക്കാരിയായ കല്‍പന അദ്ദേഹത്തെ കാണാനെത്തിയത്. എന്നാല്‍ ഇവര്‍ക്കൊപ്പം മറ്റ് പ്രതികളും വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയുമായിരുന്നു.
ടേപ്പ് ഉപയോഗിച്ച് കൈകാലുകള്‍ ബന്ധിച്ച ശേഷം ക്രൂരമായി മര്‍ദ്ദിച്ചു. അലമാരയില്‍ സൂക്ഷിച്ചിരുന്ന 5 ലക്ഷം രൂപ, ഡ്രോയറില്‍ ഉണ്ടായിരുന്ന 10,000 രൂപ, മൂന്ന് സ്വര്‍ണ മോതിരങ്ങള്‍, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ക്രെഡിറ്റ് കാര്‍ഡ് അടങ്ങിയ പേഴ്‌സ് എന്നിവ സംഘം കവര്‍ന്നു. തുടര്‍ന്ന് അദ്ദേഹത്തെ കാറിലിരുത്തി മീററ്റ് ഭാഗത്തേക്ക് ഒന്നര മണിക്കൂറോളം സഞ്ചരിച്ചു. യാത്രയ്ക്കിടയില്‍ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും, അപകടം പറ്റിയെന്ന് സുഹൃത്തുക്കളെ വിശ്വസിപ്പിച്ച് 15 ലക്ഷം രൂപ സംഘടിപ്പിക്കാന്‍ വയോധികനെ കൊണ്ട് വിളിപ്പിക്കുകയും ചെയ്തു. പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഹരിയാനയിലെ ഫിറോസ്പൂര്‍ ജിര്‍ക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാറിനേയും വയോധികനേയും ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.
ദേശീയപാതയിലെ ഒരു ഡാബയില്‍ അഭയം പ്രാപിച്ച വയോധികന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് മേയ് 3ന് നെബ് സരായ് പൊലീസ് സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ഇവരില്‍ നിന്ന് കവര്‍ച്ച ചെയ്ത തുകയും രണ്ട് സ്വര്‍ണമാലകള്‍ ഉള്‍പ്പെടെയുള്ള ആഭരണങ്ങളും കൃത്യത്തിന് ഉപയോഗിച്ച എയര്‍ഗണും പൊലീസ് കണ്ടെടുത്തു.

by Midhun HP News | May 14, 2026 | Latest News, ദേശീയ വാർത്ത
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു.എറണാകുളം പെരുമ്പാവൂര്‍ ചിറക്കര മുറ്റത്ത് ബിജു സി മാണി ലിബി ബിജു ദമ്പതികളുടെ മകള്‍ ഫെബ ബിജു മാണിയെയാണ് (14) മരിച്ചത്. അബ്ബാസിയ ഹൈവേ മാര്‍ക്കറ്റിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം.
അബ്ബാസിയ ഹൈവേ മാര്‍ക്കറ്റിനു സമീപം ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയാണ്. ഫെബ. മൃതശരീരം തുടര്‍ നടപടികള്‍ക്കായി ഫര്‍വാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി: അന്ന ബിജു. സംസ്‌കാരം പിന്നീട്.

by Midhun HP News | May 14, 2026 | Latest News, ദേശീയ വാർത്ത
ലക്നൗ: ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ ബുധനാഴ്ചയുണ്ടായ അപ്രതീക്ഷിത കൊടുങ്കാറ്റിലും കനത്ത മഴയിലും മിന്നലിലുമായി മരിച്ചവരുടെ എണ്ണം 89 ആയി. ദുരന്തത്തിൽ 53 പേർക്ക് പരിക്കേൽക്കുകയും നൂറിലധികം കന്നുകാലികൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്തുടനീളം 87 വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു.
ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത്, ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് 24 മണിക്കൂറിനുള്ളിൽ ധനസഹായം എത്തിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റുമാർക്കും ഡിവിഷണൽ കമ്മീഷണർമാർക്കും നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർ നേരിട്ട് പ്രദേശങ്ങൾ സന്ദർശിക്കണമെന്നും ആശ്വാസ പ്രവർത്തനങ്ങളിൽ യാതൊരു വീഴ്ചയും ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് പ്രയാഗ്‌രാജ് ജില്ലയിലാണ്; 17 പേർ ഇവിടെ മരിച്ചു. ഭദോഹിയിൽ 16-ഉം ഫത്തേപ്പൂരിൽ ഒൻപതും പേർക്ക് ജീവൻ നഷ്ടമായി.
പ്രയാഗ്‌രാജ്: ജില്ലയിൽ 17 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഹന്ദിയ, ഫുൽപൂർ, സോറാവോൺ തുടങ്ങിയ ഇടങ്ങളിലാണ് കൂടുതൽ അപകടങ്ങൾ നടന്നത്.
ഭദോഹി: മരങ്ങളും വൈദ്യുത തൂണുകളും കടപുഴകി വീണും വീടുകൾ തകർന്നുമായി 16 പേർ മരിച്ചു.
ഫത്തേപ്പൂർ: ഒൻപത് പേർക്ക് ജീവൻ നഷ്ടമായി. ഇതിൽ ഖാഗ തെഹ്‌സിലിൽ മാത്രം അഞ്ച് സ്ത്രീകളടക്കം എട്ട് പേർ മരിച്ചു.
പ്രതാപ്ഗഡ്: മതിൽ ഇടിഞ്ഞുവീണും മിന്നലേറ്റുമായി നാല് പേർ മരിച്ചു.
മറ്റ് ജില്ലകൾ: കാൺപൂർ ദേഹത്, ഡിയോറിയ, സോൻഭദ്ര തുടങ്ങിയ ജില്ലകളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മിന്നലേറ്റും മതിലുകൾ ഇടിഞ്ഞുവീണും തകര ഷെഡ്ഡുകൾക്ക് താഴെ കുടുങ്ങിയുമാണ് പല മരണങ്ങളും സംഭവിച്ചിട്ടുള്ളത്. കൃഷിനാശത്തെക്കുറിച്ച് ഉടൻ സർവ്വേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ, കൃഷി വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസ് സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ചു വരികയാണ്

Recent Comments