നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ന്യൂഡല്‍ഹി: ആരാകും അടുത്ത മുഖ്യമന്ത്രി എന്ന് അറിയാന്‍ രാവിലെ മുതല്‍ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കി നില്‍ക്കവേ, സംസ്ഥാന മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകളെല്ലം പൂര്‍ത്തിയായെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള നിര്‍ണായക യോഗം പൂര്‍ത്തിയായി അരമണിക്കൂറിനു ശേഷമാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞത്.

ഘടക കക്ഷികളുമായി നേതാക്കള്‍ വീണ്ടും സംസാരിക്കുമെന്നാണ് സൂചന. മുക്കാല്‍ മണിക്കൂറോളമാണ് രാഹുലും ഖാര്‍ഗയേയും തമ്മില്‍ ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി ആരെന്ന തീരുമാനമുണ്ടായാല്‍ കേന്ദ്ര നേതാക്കള്‍ ഇക്കാര്യം കെ.സി. വേണുഗോപാലിനെ ആദ്യം അറിയിക്കുമെന്നാണ് വിവരം. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. വേണുഗോപാലുമായി സംസാരിച്ച ശേഷം വി ഡി സതീശനുമായും രമേശ് ചെന്നിത്തലയുമായും രാഹുല്‍ ഗാന്ധി സംസാരിക്കും. ഒറ്റപ്പേരുമായാണ് രാഹുല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടിലേക്ക് എത്തിയതെന്നും സൂചനയുണ്ട്.

കേരളത്തില്‍ ഉരുത്തിരിഞ്ഞ പ്രതിഷേധങ്ങള്‍ അടക്കം തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം നീളുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നു നേതാക്കളേയും ഉള്‍ക്കൊണ്ടുള്ള ഫോര്‍മുലയാകും ഹൈക്കമാന്‍ഡ് അവതരിപ്പിക്കുക എന്നാണ് വിവരം. പ്രഖ്യാപനം എത്രയും വേഗം നടത്തുന്നതാണ് നല്ലതെന്നും ഇനിയും വൈകിപ്പിക്കരുതെന്നും ഡല്‍ഹിയില്‍ നിന്ന് തിരിക്കും മുന്‍പ് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു. ഘടകകക്ഷികളെ വിശ്വാസത്തിലെടുത്ത് കൊണ്ടുള്ള തീരുമാനം മാത്രമേ സ്വീകരിക്കാവൂ എന്നാണ് മുതിര്‍ന്ന നേതാവ് എ കെ ആന്റണി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചത് എന്നാണ് വിവരം.

തമിഴ്‌നാട് നിയമസഭയിൽ വിജയ് കരുത്ത് തെളിയിച്ചു; ടിവികെ സർക്കാരിന് ഭൂരിപക്ഷം

തമിഴ്‌നാട് നിയമസഭയിൽ വിജയ് കരുത്ത് തെളിയിച്ചു; ടിവികെ സർക്കാരിന് ഭൂരിപക്ഷം

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന ടിവികെ സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. സഭയിലെ 144 എംഎൽഎമാർ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 22 പേർ എതിർത്തു. അഞ്ച് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബിജെപി, പിഎംകെ, എഐഎഡിഎംകെയുടെ ഒരു വിഭാഗം നേതാക്കൾ എന്നിവരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ വിജയം ഉറപ്പാക്കിയത്. അതേസമയം, ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

സർക്കാരിനെതിരെ കടന്നാക്രമണവുമായി ഉദയനിധി

വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി നടന്ന ചർച്ചയിൽ പുതിയ സർക്കാരിനെതിരെ ഉദയനിധി സ്റ്റാലിൻ രൂക്ഷവിമർശനം ഉന്നയിച്ചു. ഈ സർക്കാരിനെ ‘പുഷ്പ ഗവൺമെന്റ്’ എന്നാണ് ഉദയനിധി പരിഹസിച്ചത്. അവസരവാദ സഖ്യങ്ങളിലൂടെ രൂപീകരിച്ച ഈ ഭരണത്തിന് നിലനിൽപ്പില്ലെന്ന് അദ്ദേഹം ആരോപിച്ചു.

ജനവിധിയിലെ കുറവ്: ആകെ പോൾ ചെയ്ത 4.9 കോടി വോട്ടുകളിൽ 1.78 കോടി വോട്ട് മാത്രമാണ് ടിവികെയ്ക്ക് ലഭിച്ചതെന്നും 65 ശതമാനം ജനങ്ങളും സർക്കാരിന് എതിരാണെന്നും ഉദയനിധി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ സദാചാരം: എഎംഎംകെ ഉൾപ്പെടെയുള്ള പാർട്ടികളിലെ എംഎൽഎമാരെ നേതൃത്വത്തിന്റെ അനുവാദമില്ലാതെ ഒപ്പം കൂട്ടിയത് രാഷ്ട്രീയ അധാർമ്മികതയാണെന്ന് അദ്ദേഹം പറഞ്ഞു.

വാഗ്ദാന ലംഘനം: സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായം ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതിൽ സർക്കാർ കാലതാമസം വരുത്തുകയാണെന്നും വെറും പ്രദർശന രാഷ്ട്രീയത്തിന് (Optics) പകരം യഥാർത്ഥ സാമ്പത്തിക വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഉദയനിധി ഉപദേശിച്ചു.

പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലും സഖ്യകക്ഷികളുടെയും മറ്റ് പാർട്ടികളുടെയും പിന്തുണയോടെ ഭരണം സുരക്ഷിതമാക്കാൻ കഴിഞ്ഞത് വിജയ് സർക്കാരിന് വലിയ രാഷ്ട്രീയ നേട്ടമായി. സ്പീക്കർ ജെ.സി.ഡി. പ്രഭാകറാണ് സർക്കാർ വിശ്വാസവോട്ട് നേടിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്

നിയമസഭയിൽ കഴിഞ്ഞ ദിവസം നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ ടിവികെ നിയമസഭാംഗം ജെ സിഡി പ്രഭാകറിനെ തെരഞ്ഞെടുത്തിരുന്നു. ഏകകണ്ഠമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. ഡപ്യൂട്ടി സ്പീക്കറായി ടിവികെ എംഎൽഎ രവിശങ്കറെയും തെരഞ്ഞെടുത്തിരുന്നു.അതേ സമയം, ടിവികെ എംഎൽഎ ആർശ്രീനിവാസ സേതുപതിക്ക് വിശ്വാസപ്രമേയത്തിലോ സഭയിലെ മറ്റ് വോട്ടെടുപ്പ് നടപടികളിലോ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു.

കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ സേതുപതിയോട് പരാജയപ്പെട്ട മുതിർന്ന ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ കെ ആർ പെരിയറുപ്പൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൽ വിക്ടോറിയ ഗൗരി, ജസ്റ്റിസ് എൻ സെന്തിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു; ഞെട്ടലോടെ കന്നഡ സിനിമാ ലോകം

നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു; ഞെട്ടലോടെ കന്നഡ സിനിമാ ലോകം

ബം​ഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്ന് നടന്റെ കുടുംബാം​ഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. പുനീത് രാജ്കുമാർ പ്രധാന വേഷത്തിലെത്തി 2007 ൽ പുറത്തിറങ്ങിയ ‘മിലാന’ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശ്രദ്ധേയനാകുന്നത്.

യു-ടേൺ, ബോയ്ഫ്രണ്ട് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങളിലെത്തി. ഡിആർ ക്രിയേഷൻസ് എന്ന ബാനറിൽ നിരവധി ടെലിവിഷൻ പരമ്പരകളും നിർമിച്ചിട്ടുണ്ട്. സീ കന്നഡയിൽ സംപ്രേഷണം ചെയ്ത ജനപ്രിയ സീരിയലായ ഹിറ്റ്‌ലർ കല്യാണയിലെ നായക വേഷത്തിലൂടെയാണ് ദിലീപ് തിളങ്ങിയത്.അഭിനയത്തിനും നിർമാണത്തിനും പുറമേ, ദിലീപ് നാടകരംഗത്തും ഡബ്ബിങ് മേഖലയിലും സജീവമായിരുന്നു. കമ്പട മാനെ എന്ന ടെലി ഫിലിമിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ യാത്ര ആരംഭിച്ചത്. ജനനി, അർധ സത്യ, രംഗോലി, കുംകുമ ഭാഗ്യ, മാംഗല്യ, മലേബില്ലു, പ്രീതിഗാഗി, രഥസപ്തമി എന്നിവയുൾപ്പെടെ നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്.

24 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ- ടെലിവിഷൻ രം​ഗത്തെ നിരവധി പേരാണ് നടന്റെ വിയോ​ഗത്തിൽ അനുശോചനമറിയിക്കുന്നത്. നടന്റെ പെട്ടെന്നുള്ള വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കന്നഡ സിനിമാ ലോകം.

സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്.

നേത്ര ചികിത്സയുടെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചെറിയൊരു ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മാര്‍ച്ച് 24ന് രാത്രി അണുബാധയെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു.

‘നഷ്ടത്തിൽ ഓടാൻ വയ്യ’; എയർ ഇന്ത്യ സർവീസ് വെട്ടിച്ചുരുക്കുന്നു, പ്രവാസികൾ ആശങ്കയിൽ

‘നഷ്ടത്തിൽ ഓടാൻ വയ്യ’; എയർ ഇന്ത്യ സർവീസ് വെട്ടിച്ചുരുക്കുന്നു, പ്രവാസികൾ ആശങ്കയിൽ

ഡൽഹി: ആഗോള വിപണിയിൽ വിമാന ഇന്ധനവില വൻ തോതിൽ വർധിച്ചതോടെ എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. ഇന്ധന പ്രതിസന്ധി കാരണം കടുത്ത സാമ്പത്തിക ബാധ്യതയാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് സർവീസുകൾ കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

ജൂൺ മുതൽ മൂന്ന് മാസക്കാലയളവിൽ നൂറോളം സർവീസുകൾ റദ്ദാക്കുകയോ കുറയ്ക്കുകയോ ചെയ്യാനാണ് കമ്പനിയുടെ നീക്കം. ഡൽഹിയിൽ നിന്ന് ഷിക്കാഗോ, നെവാർക്ക്, സിംഗപ്പൂർ, ഷാങ്ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ പൂർണ്ണമായും നിർത്തിവെച്ചതായാണ് വിവരം. സാൻ ഫ്രാൻസിസ്കോ, പാരീസ്, ടൊറന്റോ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണത്തിലും കുറവ് എയർ ഇന്ത്യ വരുത്തിയിട്ടുണ്ട്.കുറഞ്ഞ ചെലവിൽ നാട്ടിൽ എത്താൻ കഴിയുന്ന തരത്തിലുള്ള എയർ ഇന്ത്യയുടെ സർവീസ് ഗൾഫ് അടക്കമുള്ള രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ യാത്രകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ തീരുമാനം എടുത്തതോടെ ആശങ്കയിലാണ് പ്രവാസികൾ.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ധനവിലയിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരിയിൽ ബാരലിന് 99.40 ഡോളറായിരുന്ന വിമാന ഇന്ധനവില മെയ് 8 ആയപ്പോഴേക്കും 162.89 ഡോളറായി ഉയർന്നു.

പ്രവർത്തനച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് പല സർവീസുകളും റദ്ദാക്കാൻ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ തീരുമാനിച്ചത്. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് രംഗത്തെത്തിയിട്ടുണ്ട്.

ഘടകകക്ഷികള്‍ക്ക് റോള്‍ ഇല്ലെന്ന് എംഎം ഹസ്സന്‍; ലീഗിന് അഭിപ്രായം പറയാമെന്ന് തിരുവഞ്ചൂര്‍; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ഘടകകക്ഷികള്‍ക്ക് റോള്‍ ഇല്ലെന്ന് എംഎം ഹസ്സന്‍; ലീഗിന് അഭിപ്രായം പറയാമെന്ന് തിരുവഞ്ചൂര്‍; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ഡല്‍ഹി: യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞടുക്കുന്ന കാര്യത്തില്‍ ഘടകക്ഷികള്‍ക്ക് ഒരു റോളുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകിയിട്ടില്ലെന്നും ഇനി വൈകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അസാധാരണമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അസാധാരണമായ നടപടികള്‍ ഉണ്ടാവുമല്ലോയെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഹൈക്കന്‍മാന്‍ഡിന് എപ്പോഴും എല്ലാവരെയും വിളിക്കാം. അതിന്റെ ഭാഗമായാണ് മുന്‍പ്രസിഡന്റുമാരെ വിളിച്ചത്. സാധാരണ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയക്കുള്ളിലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാറുള്ളത്. കോണ്‍ഗ്രസിന് ഒരുനടപടിക്രമമുണ്ട്. ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കും. കോണ്‍ഗ്രസിന്റെ ലീഡര്‍ ആരാണ് എന്നുള്ളത് കോണ്‍ഗ്രസ് ആണ് തീരുമാനക്കുക. അതില്‍ ഘടകക്ഷികള്‍ക്ക് ഒരു റോളുമില്ല. അവരോട് അഭിപ്രായം ചോദിച്ചാല്‍ അവര്‍ക്ക് പറയാം. ഇക്കാര്യത്തില്‍ എല്ലാ ഘടകക്ഷികളോടും അഭിപ്രായം ചോദിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞിട്ടുണ്ട്.

കെസി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ശരിയായ നടപടിയാണോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തവര്‍ ഇതിന് മുന്‍പും വന്നിട്ടുണ്ടല്ലോ?. അതൊക്കെ സാധാരണ കോണ്‍ഗ്രസ് ചരിത്രത്തിലുള്ളതാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്. കാര്യങ്ങള്‍ ഇത്രയും വഷളാക്കിയത് മാധ്യമങ്ങളാണെന്നും ഹസ്സന്‍ പറഞ്ഞു.

ജനവിധി മനസിലാക്കി കഴിയുന്നത്രയും വേഗം ഹൈക്കമാന്‍ഡ് തീരുമാനമെടുക്കണമെന്ന് മുതിര്‍ന്ന നേതാവ് തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കും മുന്‍പ് ഘടകക്ഷികളുടെ അഭിപ്രായം തേടും. ഇക്കാര്യത്തില്‍ ലീഗിന് അഭിപ്രായം പറയാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മുസ്ലീംലീഗ് പക്വതയുള്ള രാഷ്ട്രീയ നേതൃത്വമാണ്. ഐക്യമുന്നണിയുടെ പ്രധാനപ്പെട്ട ഭാഗമാണ് ലീഗ്. അവര്‍ അവരുടെതായ നിലപാട് അറിയിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും മുന്‍പ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ച മുന്‍ കെപിസിസി പ്രസിഡന്റുമാരുടെയും വര്‍ക്കിങ് പ്രസിഡന്റുമാരുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും.