ഐസിസി ഏകദിന റാങ്കിങ്; ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി

ഐസിസി ഏകദിന റാങ്കിങ്; ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി

ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. 118 പോയിന്റുകളുമായാണ് ടീം ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ന്യൂസിലന്‍ഡാണ് രണ്ടാം സ്ഥാനത്ത്.

113 പോയിന്റുമായാണ് ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത്. 109 പോയിന്റുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്ത്.

102 പോയിന്റുമായി ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്ത്. പാകിസ്ഥാനെ പിന്തള്ളിയാണ് പ്രോട്ടീസ് നാലാമതായി എത്തിയത്. 98 പോയിന്റുമായി പാകിസ്ഥാന്‍ അഞ്ചാം റാങ്കില്‍.

ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് ആറ് മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലുള്ളത്. ഒരു സ്ഥാനം മെച്ചപ്പെടുത്തി അയര്‍ലന്‍ഡ് 11ാം സ്ഥാനത്തേക്ക് കയറി. സിംബാബ്‌വെയെ 12ാം സ്ഥാനത്തേക്ക് ഇറക്കിയാണ് അവര്‍ നില മെച്ചപ്പെടുത്തിയത്.

പൂമുഖത്ത് വന്ന് ഉദയനിധിയുടെ ആലിംഗനം; സ്റ്റാലിനെ കാണാന്‍ വീട്ടിലെത്തി വിജയ്; പൊന്നാടയും പൂച്ചെണ്ടുമായി വരവേല്‍പ്പ്

പൂമുഖത്ത് വന്ന് ഉദയനിധിയുടെ ആലിംഗനം; സ്റ്റാലിനെ കാണാന്‍ വീട്ടിലെത്തി വിജയ്; പൊന്നാടയും പൂച്ചെണ്ടുമായി വരവേല്‍പ്പ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിനെ സന്ദര്‍ശിച്ചു. ആല്‍വാര്‍പേട്ടിലെ വസതിയിലെത്തിയാണ് വിജയ് സ്റ്റാലിനെ കണ്ടത്. ആദ്യ നിയമസഭാ സമ്മേളനത്തിന് ശേഷം മുതിര്‍ന്ന നേതാക്കളെ നേരില്‍ കാണുക എന്ന കീഴ്വഴക്കത്തിന്റെ ഭാഗമായാണ് ഈ സൗഹൃദ സന്ദര്‍ശനം.

ഭരണമാറ്റത്തിന് ശേഷമുള്ള ഇവരുടെ ആദ്യ കൂടിക്കാഴ്ചയാണിത്. വീട്ടിലെത്തിയ വിജയിനെ ആദ്യം ആലിംഗനം ചെയ്ത് വരവേറ്റത് ഉദയനിധിയാണ്. പിന്നാലെ സ്റ്റാലിന്‍ വിജയിനെ ഹസ്തദാനം നല്‍കിയ ശേഷം കെട്ടിപ്പിടിച്ച് സ്വീകരിച്ചു. പരസ്പരം പൊന്നാട അണിയിക്കുകയും പൂച്ചെണ്ടുകള്‍ കൈമാറുകയും ചെയ്തു. ഡിഎംകെയുടെ കഴിഞ്ഞ 75 വര്‍ഷത്തെ ഡിഎംകെയുടെ രാഷ്ടീയചരിത്രം രേഖപ്പെടുത്തുന്ന കാലത്തിന്റെ നിറം കറുപ്പ് ചുവപ്പ് എന്ന പുസ്തകം ഉദയനിധി വിജയിന് കൈമാറുകയും ചെയ്തു. സംസ്ഥാനത്തെ 10 ലക്ഷം കോടി രൂപയുടെ കടബാധ്യതയ്ക്ക് കാരണം കഴിഞ്ഞ ഡിഎംകെ സര്‍ക്കാരാണെന്ന് വിജയ് വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ കൂടിക്കാഴ്ച. ഇതിന് സ്റ്റാലിന്‍ മറുപടിയും നല്‍കിയിരുന്നു.നിലവില്‍ ഡിഎംകെ പ്രതിപക്ഷത്തിരിക്കുന്ന സാഹചര്യത്തില്‍, നിയമസഭയ്ക്കുള്ളില്‍ സുഗമമായ ചര്‍ച്ചകള്‍ ഉറപ്പാക്കാനും പൊതുജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ രാഷ്ട്രീയ തടസങ്ങള്‍ ഒഴിവാക്കാനും ഈ സന്ദര്‍ശനം ഗുണകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഡിഎംകെ അധ്യക്ഷനെ കണ്ടതിന് പിന്നാലെ എംഡിഎംകെ അധ്യക്ഷന്‍ വൈക്കോയെയും വിജയ് സന്ദര്‍ശിച്ചു. നാളെ വിസികെ അധ്യക്ഷന്‍ തിരുമാവളവനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം ദ്രാവിഡ കഴകം നേതാക്കളെയും അദ്ദേഹം നേരില്‍ കണ്ടിരുന്നു.

കായിക താരങ്ങൾക്ക് സർക്കാർ ജോലി; 404 ഒഴിവുകൾ,മികച്ച ശമ്പളം, അർധ സൈനീക വിഭാഗത്തിൽ നിയമനം

കായിക താരങ്ങൾക്ക് സർക്കാർ ജോലി; 404 ഒഴിവുകൾ,മികച്ച ശമ്പളം, അർധ സൈനീക വിഭാഗത്തിൽ നിയമനം

അർധ സൈനീക വിഭാഗമായ സശസ്ത്ര സീമാബെലിൽ കായിക താരങ്ങൾക്ക് ജോലി നേടാൻ മികച്ച അവസരം. സ്പോർട്സ് ക്വോട്ടയിൽ 404 ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം എസ്.എസ്.ബി പുറത്തിറക്കി. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ഗ്രൂപ്പ് ‘സി ’ വിഭാഗത്തിൽപ്പെടുന്ന നോൺ-ഗസറ്റഡ്, നോൺ-മിനിസ്റ്റീരിയൽ കോംബറ്റൈസ്ഡ് തസ്തികകളിലേക്കാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 7.

കായിക ഇനങ്ങളും ഒഴിവുകളും
അർച്ചറി – 14

അത്‌ലറ്റിക്സ് – 42

അക്ക്വാട്ടിക്സ് (സ്വിമ്മിംഗ് & ഡൈവിംഗ്) – 14

ബോക്സിംഗ് – 18

ബാസ്കറ്റ്ബോൾ – 21

ബാഡ്മിന്റൺ – 6

സൈക്ലിംഗ് – 4

ഇക്വസ്ട്രിയൻ – 5

ഫെൻസിംഗ് – 10

ഫുട്ബോൾ – 22

ജിംനാസ്റ്റിക്സ് – 4

ഹോക്കി – 28

ഹാൻഡ്‌ബോൾ – 16

ജൂഡോ – 12

കബഡി – 12

കരാട്ടെ – 14

കായാക്കിംഗ് & കനോയിംഗ് – 27

പെൻകാക് സിലാറ്റ് – 16

പവർലിഫ്റ്റിംഗ് – 4

റോവിങ് – 13

ഷൂട്ടിംഗ് – 4

ടേബിൾ ടെന്നീസ് – 6

തായ്ക്വാണ്ടോ – 16

വോളിബോൾ – 14

റെസ്‌ലിംഗ് – 27

വുഷു – 16

വെയ്റ്റ്‌ലിഫ്റ്റിംഗ് – 13

യോഗാസന – 6

കായിക യോഗ്യതകൾ
അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരിക്കണം

സീനിയർ / ജൂനിയർ ദേശീയ ചാംപ്യൻഷിപ്പുകളിൽ മെഡൽ നേടിയിരിക്കണം

ഖേലോ ഇന്ത്യ ഗെയിംസ് യൂത്ത്, യൂണിവേഴ്സിറ്റി, വിന്റർ അല്ലെങ്കിൽ പാരാ ഗെയിംസുകളിൽ മെഡൽ ജേതാക്കളായിരിക്കണം

സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SGFI) മത്സരങ്ങളിൽ മെഡൽ നേടിയിരിക്കണം

ഇന്റർ-യൂണിവേഴ്സിറ്റി ടൂർണമെന്റുകളിൽ സർവകലാശാലയെ പ്രതിനിധീകരിച്ചിരിക്കണം

ദേശീയ സ്കൂൾ ഗെയിംസിൽ സംസ്ഥാന സ്കൂൾ ടീമിനെ പ്രതിനിധീകരിച്ചിരിക്കണം

18 മുതൽ 23 വയസ് വരെയായിരിക്കണം ഉദ്യോഗാർഥിയുടെ പ്രായം. സർക്കാർ നിയമപ്രകാരം പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://applyssb.com/SSBSports_CT_GD_26/pdfs/Advertisement.pdf

വിവാഹ വിരുന്നിടെ ചിക്കന്‍കറി ഷര്‍ട്ടില്‍ തെറിച്ചു; വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; യുവാവ് മരിച്ചു

വിവാഹ വിരുന്നിടെ ചിക്കന്‍കറി ഷര്‍ട്ടില്‍ തെറിച്ചു; വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; യുവാവ് മരിച്ചു

ലഖ്‌നൗ: വിവാഹ വിരുന്നിനിടെ വസ്ത്രത്തില്‍ അബദ്ധത്തില്‍ ചിക്കന്‍ കറി തെറിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷമായി. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗൊരഖ്പൂര്‍ സ്വദേശിയായ സുമിത് കുമാര്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ഷാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബിച്ചിയ പ്രദേശത്തെ മാരേജ് ഹാളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ശുചീകരണ തൊഴിലാളിയായ സമീര്‍ കുമാറിന്റെ വിവാഹ ഘോഷയാത്ര ജംഗിള്‍ തുളസിറാം ഗ്രാമത്തില്‍ എത്തിയപ്പോള്‍ ഡിജെ സംഗീതത്തിനൊപ്പം അതിഥികള്‍ നൃത്തം ചെയ്യുന്നതിനിടെയാണ് അസ്വാരസ്യങ്ങള്‍ തുടങ്ങിയത്. നൃത്തത്തിനിടയില്‍ തുടങ്ങിയ തര്‍ക്കം പിന്നീട് ഭക്ഷണഹാളിലേക്കും നീങ്ങുകയായിരുന്നു. വിരുന്നിനിടെ ചിക്കന്‍ കറി വിളമ്പുമ്പോള്‍ അബദ്ധത്തില്‍ ഒരാളുടെ ഷര്‍ട്ടില്‍ തെറിക്കുകയായിരുന്നു. ഇത് വലിയ തര്‍ക്കമാകുകയും പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.

ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കല്യാണഹാളിന് സമീപം വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെ സ്ഥലം ഇഷ്ടികകഷണങ്ങളാല്‍ നിറഞ്ഞെന്ന് പൊലീസ് പറഞ്ഞു. ഇഷ്ടികയും ബെല്‍റ്റും വടികളും ഉപയോഗിച്ചാണ് ഇവര്‍ പരസ്പരം ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വീഴ്ചയുണ്ടായെന്ന് ആരോപിച്ച പൊലീസ് ഇന്‍സ്പകെടറെ സസ്‌പെന്‍ഡ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

‘സ്വര്‍ണം വാങ്ങരുത്, പെട്രോള്‍ കുറയ്ക്കണം’; പ്രധാനമന്ത്രിയുടെ വാക്കുകള്‍ പരാജയത്തിന്റെ തെളിവെന്ന് രാഹുല്‍

‘സ്വര്‍ണം വാങ്ങരുത്, പെട്രോള്‍ കുറയ്ക്കണം’; പ്രധാനമന്ത്രിയുടെ വാക്കുകള്‍ പരാജയത്തിന്റെ തെളിവെന്ന് രാഹുല്‍

ഡല്‍ഹി: ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥനകള്‍ വെറും ഉപദേശങ്ങളല്ലെന്നും പരാജയത്തിന്റെ തെളിവുകള്‍ ആണെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായുള്ള ആഘാതം കുറയ്ക്കുന്നതിനായി വര്‍ക് ഫ്രം ഹോം രീതിയിലേക്ക് മാറുന്നതും സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കുന്നതും ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ വരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അഭ്യര്‍ഥിച്ചിരുന്നു.

‘സ്വര്‍ണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോള്‍ ഉപയോഗം കുറയ്ക്കണം, മെട്രോ ഉപയോഗിക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് പ്രധാനമന്ത്രി പറയുന്നത്. 12 വര്‍ഷത്തിനുള്ളില്‍ അദ്ദേഹം രാജ്യത്തെ എത്തിച്ചിരിക്കുന്നത് ഇത്തരമൊരു അവസ്ഥയിലാണ്. എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, എവിടെ പോകണം, എവിടെ പോകരുത് എന്ന് ജനങ്ങളോട് പറയേണ്ടി വരുന്നു. ഓരോ തവണയും ഉത്തരവാദിത്തങ്ങളില്‍നിന്ന് സ്വയം രക്ഷപ്പെടാന്‍ ജനങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു’ രാഹുല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലും പ്രധാനമന്ത്രിയെ വിമര്‍ശിച്ചു. യുദ്ധം തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദിക്ക് ഒരു ധാരണയുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് കാലത്തെപ്പോലെ, ഇന്ധനം ലാഭിക്കുന്നതിനായി കഴിയുന്നവരെല്ലാം വര്‍ക് ഫ്രം ഹോമിലേക്ക് മാറണമെന്നാണ് ഞായറാഴ്ചത്തെ പ്രസംഗത്തില്‍ മോദി അഭ്യര്‍ഥിച്ചത്. പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കാന്‍ മെട്രോയും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

‘തീര്‍ത്തും അസ്വീകാര്യം’, ഇറാന്റെ മറുപടി തള്ളി ട്രംപ്; പശ്ചിമേഷ്യയില്‍ ആശങ്ക കനക്കുന്നു

‘തീര്‍ത്തും അസ്വീകാര്യം’, ഇറാന്റെ മറുപടി തള്ളി ട്രംപ്; പശ്ചിമേഷ്യയില്‍ ആശങ്ക കനക്കുന്നു

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് മുന്നോട്ടുവെച്ച സമാധാന നിര്‍ദേശങ്ങള്‍ക്കുള്ള ഇറാന്റെ മറുപടി അമേരിക്ക തള്ളി. ‘ഒട്ടും സ്വീകാര്യമല്ല’ എന്നു വ്യക്തമാക്കിയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശം തള്ളിയത്. മധ്യസ്ഥര്‍ മുഖേന ഇറാന്‍ സമര്‍പ്പിച്ച മറുപടി താന്‍ വായിച്ചുവെന്നും എന്നാല്‍ ഇതിലെ വ്യവസ്ഥകളോട് തനിക്ക് വിയോജിപ്പാണെന്നും ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലില്‍’ വ്യക്തമാക്കി.

ഇറാന്റെ ഭരണപ്രതിനിധികള്‍ അയച്ച മറുപടി ഒട്ടും തൃപ്തികരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ പ്രതിനിധികളുടെ മറുപടി വായിച്ചു. തികച്ചും അസ്വീകാര്യമാണ്. ട്രംപ് വ്യക്തമാക്കി. എന്നാല്‍ ഇറാന്റെ മറുപടിയിലെ വിശദാംശങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയില്ല. യുഎസ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് ചര്‍ച്ചകളില്‍ മധ്യസ്ഥരായ പാകിസ്ഥാന്‍ വഴിയാണ് ഇറാന്‍ മറുപടി നല്‍കിയത്.

ഇറാന്‍റെ ആണവ ശേഷി പൂർണ്ണമായും ഇല്ലാതാക്കുക എന്ന അമേരിക്കയുടെ കർശന ഉപാധിയെ ടെഹ്‌റാൻ ശക്തമായി എതിർക്കുന്നു. വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് ഒരു ശാശ്വത വെടിനിർത്തൽ സാധ്യത ദുഷ്കരമാക്കുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ വഴിമുട്ടിയതോടെ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുകയാണ്.

ഇറാന്റെ പ്രതികരണം ലഭിച്ചതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഡോണൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തി. ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടിരുന്നു. യുറേനിയം സമ്പുഷ്ടീകരണകേന്ദ്രങ്ങൾ ഇനിയും തകർക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായംതന്നെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഉള്ളതെന്നും നെതന്യാഹു അവകാശപ്പെട്ടു.