വിജയ്‌യെ മുഖ്യമന്ത്രിയാക്കണം; ചെന്നൈയിൽ രാജ്ഭവന് മുന്നിൽ ടിവികെ പ്രവർത്തകരുടെ പ്രതിഷേധം

വിജയ്‌യെ മുഖ്യമന്ത്രിയാക്കണം; ചെന്നൈയിൽ രാജ്ഭവന് മുന്നിൽ ടിവികെ പ്രവർത്തകരുടെ പ്രതിഷേധം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യെ ക്ഷണിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു. വെള്ളിയാഴ്ച ചെന്നൈയിലെ ലോക്ഭവന് (രാജ്ഭവൻ) മുന്നിൽ ടിവികെ പ്രവർത്തകർ വൻ പ്രതിഷേധം സംഘടിപ്പിച്ചു.

“വിജയ്‌യെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ പ്രക്ഷോഭം തുടരും” പ്രതിഷേധത്തിനിടെ ടിവികെ പ്രവർത്തകനായ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. വിജയ്‌യെ മുഖ്യമന്ത്രിയാകാൻ അനുവദിക്കുന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം ഇതിലും വലിയ പ്രക്ഷോഭങ്ങൾ നടക്കുമെന്നും ജനവിധി മാനിക്കാൻ ഗവർണർ തയ്യാറാകണമെന്നും ടിവികെ ആവശ്യപ്പെട്ടു.

രാജ്ഭവന് മുന്നിൽ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ഗവർണറെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കാൻ നിർബന്ധിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതിഷേധം. സംഘർഷാവസ്ഥ കണക്കിലെടുത്ത് ചെന്നൈയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകരും തെരുവിലിറങ്ങി. ചെന്നൈയിലും മധുരയിലും നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയർന്നത്.

തിരഞ്ഞെടുപ്പിൽ ടിവികെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലെത്താൻ വിജയ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഈ അനിശ്ചിതത്വത്തിനിടയിലാണ് പതിറ്റാണ്ടുകൾ നീണ്ട ഡിഎംകെ ബന്ധം ഉപേക്ഷിച്ചുകൊണ്ട് കോൺഗ്രസ് വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ഇതിനിടെ വിജയ്‌യെ സത്യജ്രതിജ്ഞക്ക് ക്ഷണിക്കാത്തതിനെ ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലേക്ക് കടന്നു. ഡിഎംകെയോ എഐഎഡിഎംകെയോ ഭരണം പിടിക്കാൻ ശ്രമിച്ചാൽ തങ്ങളുടെ 107 എംഎൽഎമാരും കൂട്ടമായി രാജിവെക്കുമെന്ന് ടിവികെ വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത രൂക്ഷമാക്കി പുതിയൊരു തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് വിജയ്‌യുടെയും പാർട്ടിയുടെയും നീക്കമെന്നാണ് സൂചന.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാതെ മറ്റ് പാർട്ടികൾക്ക് അവസരം നൽകാൻ ഗവർണർ ശ്രമിക്കുന്നു എന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് വിജയ്‌യുടെ പാർട്ടിയുടെ ഈ കടുത്ത നീക്കം. തങ്ങളെ പുറത്തിരുത്തി ഡിഎംകെയോ എഐഎഡിഎംകെയോ കുതിരക്കച്ചവടത്തിലൂടെ ഭരണം പിടിക്കാൻ ശ്രമിച്ചാൽ, 107 എംഎൽഎമാരും രാജിവെച്ച് സഭയിൽ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാനാണ് ടിവികെ ലക്ഷ്യമിടുന്നത്. ഇതോടെ സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്ന് പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നു.

രണ്ട് വീതം എംഎൽഎമാരുള്ള സിപിഎം, സിപിഐ, വിസികെ എന്നീ പാർട്ടികളുടെ നിലപാട് ഇപ്പോൾ ഏറെ നിർണ്ണായകമാണ്. ഈ ആറ് എംഎൽഎമാർ കൂടി പിന്തുണച്ചാൽ വിജയ്‌ക്ക് 118 എന്ന മാന്ത്രിക സംഖ്യ കടക്കാം. ഇവർ നിലവിൽ ചെന്നൈയിൽ എക്സിക്യൂട്ടീവ് യോഗങ്ങൾ ചേരുകയാണ്. ഇതിനിടെ, സഖ്യം വിട്ട കോൺഗ്രസിനെതിരെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. പ്രതിസന്ധി ഘട്ടത്തിൽ സുഹൃത്തുക്കളെ ഉപേക്ഷിക്കുന്നവർക്കൊപ്പമല്ല തങ്ങളെന്നും എംകെ സ്റ്റാലിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹന്റാ വൈറസ് ബാധ: കപ്പലില്‍ രണ്ട് ഇന്ത്യക്കാരും; ആരോഗ്യനിലയില്‍ അവ്യക്തത

ഹന്റാ വൈറസ് ബാധ: കപ്പലില്‍ രണ്ട് ഇന്ത്യക്കാരും; ആരോഗ്യനിലയില്‍ അവ്യക്തത

ന്യൂഡല്‍ഹി: ഹാന്റാ വൈറസ് ബാധ പടരുന്ന എംവി ഹോണ്ടിയസ് എന്ന ആഢംബര കപ്പലില്‍ രണ്ട് ഇന്ത്യക്കാരുമുണ്ടെന്ന് സ്ഥിരീകരണം. കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്ന ഡച്ച് കമ്പനിയായ ഓഷ്യന്‍വൈഡ് എക്‌സ്‌പെഡിഷന്‍സ് ആണ് സ്ഥീരികരിച്ചത്. കപ്പല്‍ ജീവനക്കാരായ ഇന്ത്യക്കാരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കപ്പലിലെ ഇന്ത്യക്കാര്‍ക്ക് രോഗബാധയോ, രോഗബാധിതരുമായി സമ്പര്‍ക്കമോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലും അറിയിപ്പുണ്ടായിട്ടില്ല. പരിശേധനകള്‍ നടത്തിയിട്ടുണ്ടോ, സുരക്ഷാ സംവിധാനങ്ങളുണ്ടോ തുടങ്ങി നിരവധി ആശങ്കകളും നിലനില്‍ക്കുകയാണ്. മെയ് 11 ന് കപ്പല്‍ സ്‌പെയ്‌നിലെ ടെനറൈഫില്‍ എത്തിയാല്‍ മാത്രമേ ജീവനക്കാരുടെ ആരോഗ്യനില എന്തെന്ന കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളൂ.

കപ്പലില്‍ ഇതിനകം 3 യാത്രക്കാര്‍ മരണപ്പെടുകയും 8 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ രോഗം സ്ഥിരീകരിച്ചയാള്‍ സൂറിച്ചിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയ മൂന്ന് യാത്രക്കാരെ കപ്പലില്‍ നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.

കപ്പലിന്റെ താഴ്ഭാഗങ്ങളില്‍ ജോലിചെയ്യുന്നവരാണ് ഇന്ത്യക്കാരായ രണ്ടുപേരും എന്നാണ് സൂചന. കപ്പലിലെ 149 യാത്രക്കാരില്‍ 61 പേര്‍ കപ്പല്‍ ജീവനക്കാരാണ്. 38 ഫിലിപ്പീന്‍ പൗരന്മാരും 5 യുക്രൈന്‍ പൗരന്മാരും 5 നെതര്‍ലാന്റ് പൗരന്മാരും കപ്പലില്‍ ജോലിചെയ്യുന്നുണ്ട്.അര്‍ജന്റീനയില്‍ ഏപ്രില്‍ ഒന്നിനു നടന്ന പക്ഷിനിരീക്ഷണ യാത്രക്കിടെയാണ് വൈറസ് ബാധ ഉണ്ടായിരിക്കുന്നതെന്നാണ് നിഗമനം. അവിടത്തെ എലികളുടെ വിസര്‍ജ്യങ്ങളില്‍നിന്നുള്ള സൂക്ഷ്മകണങ്ങള്‍ ശ്വസിച്ചതാകാം രോഗകാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

മനുഷ്യരില്‍നിന്നും മനുഷ്യരിലേക്കു പടരാന്‍ സാധ്യതയുള്ള ‘ആന്‍ഡീസ് സ്‌ട്രെയി’നാണ് കപ്പലില്‍ കണ്ടെത്തിയിട്ടുള്ളത്. ശ്വാസകോശത്തെയും വൃക്കകളെയും ബാധിക്കുന്ന രോഗത്തിന്റെ മരണസാധ്യത 50 ശതമാനമാണ്. വൈറസിന് പ്രതിരോധ മരുന്നുകളോ വാക്‌സിനോ കണ്ടെത്തിയിട്ടില്ല.

വൈറസിന്റെ ഇന്‍ക്യുബേഷന്‍ സമയം എട്ട് ആഴ്ചവരെ ആയതുകൊണ്ട് രോഗബാധ ഇനിയും റിപ്പോര്‍ട്ടു ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍.

മൂത്രമൊഴിക്കുന്നവരെ കൊണ്ട് പൊറുതിമുട്ടി; ചുറ്റും ‘കണ്ണാടി മതില്‍’; ഇനി എല്ലാം നാട്ടുകാര്‍ കാണും

മൂത്രമൊഴിക്കുന്നവരെ കൊണ്ട് പൊറുതിമുട്ടി; ചുറ്റും ‘കണ്ണാടി മതില്‍’; ഇനി എല്ലാം നാട്ടുകാര്‍ കാണും

മൈസുരു: പൊതുസ്ഥലത്തെ മൂത്രമൊഴിക്കല്‍ തടയുന്നതിനായി പുതിയ രീതിയില്‍ മതില്‍ സ്ഥാപിച്ച് മൈസുരു സിറ്റി കോര്‍പ്പറേഷന്‍. 800 മീറ്റര്‍ നീളമുള്ള മതിലില്‍ കണ്ണാടിക്ക് സമാനമായ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പാനലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. പൗരബോധം വളര്‍ത്താന്‍ നവീനമായ ഇടപെടലായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

മതിലിന് സമീപം നില്‍ക്കുന്ന ആരെയും വഴിപോക്കര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ ഉപരിതലം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ഇത് പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവരില്‍ ഒരു മാനസികമായ വിമുഖത ഉണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

വൈകുന്നേരങ്ങളിലും രാത്രിസമയങ്ങളിലും പാനലുകള്‍ക്ക് ചുറ്റും എല്‍ഇഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. തെരുവ് വിളക്കുകള്‍ തെളിയുന്നതിനൊപ്പം ഈ ലൈറ്റുകളും തനിയെ തെളിയും. ഏകദേശം 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്.

‘118 പേരുമായി വരൂ’, രണ്ടാം കൂടിക്കാഴ്ചയിലും വിജയ് യെ മടക്കിയയച്ച് ഗവർണര്‍; സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം

‘118 പേരുമായി വരൂ’, രണ്ടാം കൂടിക്കാഴ്ചയിലും വിജയ് യെ മടക്കിയയച്ച് ഗവർണര്‍; സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദവുമായി എത്തിയ തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയിയോട് കടുത്ത നിലപാടുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. 24 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ കൂടിക്കാഴ്ചയിലും സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം വിജയ്‌ക്കില്ലെന്ന് ഗവർണർ വ്യക്തമാക്കിയതായി രാജ്ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അതിനിടെ, അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്നും വിജയിക്ക് പിന്തുണ ഏറുകയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തെ സർക്കാർ രൂപീകരിക്കാൻ ആദ്യം ക്ഷണിക്കണമെന്ന് ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് മുൻപ് സഖ്യങ്ങളില്ലാത്ത സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെ ഭരണത്തിന് ക്ഷണിക്കുക എന്നത് ഭരണഘടനാപരമായ മര്യാദയും ജനാധിപത്യ തത്വവുമാണെന്ന് അദ്ദേഹം എഎൻഐയോട് പറഞ്ഞു.

ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് വിടുതലൈ ചിരുതൈഗൾ കക്ഷി നേതാവ് തോൾ. തിരുമാവളവൻ ഗവർണറോട് ആവശ്യപ്പെട്ടു. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വിജയിക്ക് അവസരം നൽകണമെന്നും, സത്യപ്രതിജ്ഞയ്ക്ക് മുൻപ് തന്നെ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തമിഴ്നാട് രാഷ്ട്രീയത്തിൽ ഇടപെട്ട് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്നും തിരുമാവളവൻ ആരോപിച്ചു. പിന്തുണ തേടിക്കൊണ്ടുള്ള വിജയിയുടെ കത്ത് ലഭിച്ചതായും പാർട്ടി ഉടൻ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെ, കോൺഗ്രസിന്റെ പിന്തുണയോടെ (5 സീറ്റുകൾ) സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 113 എം.എൽ.എമാരുടെ പിന്തുണയാണ് വിജയിയുടെ സഖ്യത്തിനുള്ളത്. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലേക്ക് അഞ്ച് സീറ്റുകളുടെ കുറവാണുള്ളത്. വിജയിയുടെ വ്യക്തിഗത വിജയങ്ങളിൽ ഒന്ന് രാജിവെക്കുന്നതോടെ പാർട്ടിയുടെ സഭയിലെ കരുത്ത് 107 ആകും.

വിജയ് അയച്ച കത്ത് നാളെ നടക്കുന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സിപിഎം നേതാവ് പി. ഷൺമുഖം വ്യക്തമാക്കി. ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന സുപ്രീം കോടതിയുടെ എസ്.ആർ ബൊമ്മെ കേസ് വിധി മുൻനിർത്തി ഗവർണർ ഉടൻ തീരുമാനമെടുക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ദ്രാവിഡ പാർട്ടികളുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ചാണ് വിജയിയുടെ ടിവികെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി മാറിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവ്യൂഹം നിരസിച്ച് വിജയ്; ‘സത്യപ്രതിജ്ഞയ്ക്ക് ശേഷം മതി സുരക്ഷ’

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവ്യൂഹം നിരസിച്ച് വിജയ്; ‘സത്യപ്രതിജ്ഞയ്ക്ക് ശേഷം മതി സുരക്ഷ’

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ ഗവർണർക്ക് മുന്നിൽ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ, തനിക്ക് അനുവദിച്ച ഔദ്യോഗിക സുരക്ഷാ വാഹനങ്ങൾ നിരസിച്ച് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിക്ക് ലഭിക്കേണ്ട സുരക്ഷാ സജ്ജീകരണങ്ങളും വാഹനവ്യൂഹവും പോലീസ് വിജയിയുടെ വസതിയിൽ എത്തിച്ചിരുന്നു. എന്നാൽ ഇവ അദ്ദേഹം വ്യക്തിപരമായ താല്പര്യപ്രകാരം മടക്കി അയക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിൽ ടി.വി.കെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ മേയ് 4-നാണ് നാല് ഔദ്യോഗിക വാഹനങ്ങൾ ഉൾപ്പെട്ട വ്യൂഹം വിജയിക്ക് അനുവദിച്ചത്. എന്നാൽ, “വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിച്ചതിന് ശേഷം മാത്രമേ മുഖ്യമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക സുരക്ഷ സ്വീകരിക്കുകയുള്ളൂ” എന്ന് വിജയ് അറിയിച്ചതായി ടി.വി.കെ പ്രസ്താവനയിൽ വ്യക്തമാക്കി.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കാണാൻ രാജ്ഭവനിൽ എത്തിയപ്പോഴും വിജയ് സർക്കാർ വാഹനം ഉപയോഗിച്ചിരുന്നില്ല. തന്റെ പനയൂരിലെ വസതിക്കും രാജ്ഭവനും മുന്നിൽ പോലീസ് സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഔദ്യോഗിക ആനുകൂല്യങ്ങൾ പദവി ഏറ്റെടുത്ത ശേഷം മതി എന്ന കർശന നിലപാടിലാണ് താരം. തമിഴ്‌നാട് രാഷ്ട്രീയത്തിൽ പതിവില്ലാത്ത ഈ ലളിതമായ ശൈലി വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ രാജ്ഭവനിൽ പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

‘സഞ്ജു ഇക്കാര്യത്തിൽ കോഹ്‍ലിയെ മാതൃകയാക്കണം, ഇല്ലെങ്കിൽ പണിയാകും’; മുന്നറിയിപ്പുമായി മഞ്ജരേക്കര്‍

‘സഞ്ജു ഇക്കാര്യത്തിൽ കോഹ്‍ലിയെ മാതൃകയാക്കണം, ഇല്ലെങ്കിൽ പണിയാകും’; മുന്നറിയിപ്പുമായി മഞ്ജരേക്കര്‍

ചെന്നൈ: ഇത്തവണത്തെ ഐപിഎൽ സീസണിൽ ചെന്നൈയ്ക്ക് സൂപ്പർ കിങ്സിന് വേണ്ടി മികച്ച പ്രകടനമാണ് സഞ്ജു സാംസൺ പുറത്തെടുക്കുന്നത്. 10 മത്സരങ്ങളിൽ നിന്ന് 402 റൺസാണ് താരം സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും അടങ്ങുന്നതാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സഞ്ജു ഇപ്പോൾ ബാറ്റ് വീശുന്നത്.

എന്നാൽ, താരത്തിന്റെ ഫിറ്റ്നസിൽ ആശങ്കയുണ്ടെന്നാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. ”സഞ്ജുവിന്റെ ഇപ്പോഴത്തെ പ്രായം 25 വയസ്സല്ല. അദ്ദേത്തിന്റെ കരിയറിൽ തന്നെ ഏറ്റവും മികച്ച സമയത്തിലൂടെ ആണ് കടന്നു പോകുന്നത്. ഈ പ്രകടനം തുടരണമെങ്കിൽ അദ്ദേഹത്തിന്റെ ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധിക്കണം. നിലവിൽ സഞ്ജുവിന്റെ ഫിറ്റ്നസ് അത്ര മികച്ച നിലയിലല്ല” മഞ്ജരേക്കര്‍ പറഞ്ഞു. ഫിറ്റ്നസിൽ സഞ്ജു കോഹ്‍ലിയെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

“നമ്മുടെ മുന്നിൽ വിരാട് കോഹ്‍ലിയെപ്പോലെ ഒരു മികച്ച ഉദാഹരണമുണ്ട്. ഇത്രയും നീണ്ട ഒരു കരിയർ അദ്ദേഹത്തിന് സാധ്യമായത് ഫിറ്റ്‌നസിന് അത്രയേറെ പ്രാധാന്യം നൽകിയത് കൊണ്ടാണ്. കഴിവുള്ള ഒരു താരമാണ് വിരാട്. സ്വന്തം ശരീരം കാരണം മോശം പ്രകടനമുണ്ടാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നു. അതു നിങ്ങൾക്കു നിയന്ത്രിക്കാൻ കഴിയുന്ന കാര്യമാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു.