by Midhun HP News | May 7, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നീക്കമായ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രം ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് രേഖപ്പെടുത്തിയ ചിത്രമാക്കി മാറ്റിയാണ് മോദി ആദരം അര്‍പ്പിച്ചത്.
പ്രധാനമന്ത്രിയുടെ എക്‌സ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് ചാനല്‍ എന്നിവയിലെ പ്രൊഫൈല്‍ ചിത്രമാണ് മാറ്റിയത്. കറുത്ത പശ്ചാത്തലത്തില്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് രേഖപ്പെടുത്തിയ ചിത്രമാണ് പുതിയ പ്രൊഫൈല്‍ ചിത്രം. ഈ ചിത്രത്തില്‍ ദേശീയ പതാകയും ‘SINDOOR’ എന്നതിലെ ‘O’ എന്ന അക്ഷരത്തിനുള്ളില്‍ വിവാഹിതരായ സ്ത്രീകളുടെ പ്രതീകമായ സിന്ദൂരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2025 മെയ് 7 മുതല്‍ 10 വരെ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് മൂന്ന് പ്രതിരോധ സേനകളും ബിഎസ്എഫും (BSF) സംയുക്തമായി പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നടത്തിയ നീക്കമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. 2025 ഏപ്രില്‍ 22-ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഈ സൈനിക നടപടി. അന്ന് നടന്ന ഭീകരാക്രമണത്തില്‍ 25 വിനോദസഞ്ചാരികളും ഒരു ടൂറിസ്റ്റ് ഗൈഡുമാണ് കൊല്ലപ്പെട്ടത്. ഇതിന് മറുപടിയായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ പ്രഖ്യാപിച്ചത്.

by Midhun HP News | May 6, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ തമിഴക വെട്രി കഴകത്തെ (ടിവികെ) പിന്തുണയ്ക്കുന്നതില്‍ എഐഎഡിഎംകെയില്‍ ഭിന്നത. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ മൂന്നില്‍ രണ്ടു വിഭാഗം ടിവികെയെ പിന്തുണയ്ക്കണമെന്ന നിലപാടിലാണ്. 35 എഐഎഡിഎംകെ എംഎല്‍എമാരാണ് ഈ നിലപാടുമായി രംഗത്തു വന്നത്.
എഐഎഡിഎംകെ എംഎല്‍എമാര്‍ രാജ്യസഭ നേതാവ് സി വി ഷണ്‍മുഖത്തിന്റെ ഓഫീസിലാണ് ഒത്തുകൂടിയത്. ഷണ്‍മുഖം മൈലം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. ടിവികെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കണമെന്ന് ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ എഐഎഡിഎംകെയിലെ മറുവിഭാഗം ടിവികെയെ പിന്തുണയ്ക്കുന്നതിനെ എതിര്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടിവികെയെ പിന്തുണയ്ക്കണോ എന്നതില്‍ എഐഎഡിഎംകെ നേതൃത്വം ഇതുവരെ പരസ്യമായി നിലപാട് പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ ടിവികെ നേതാവ് വിജയുടെ അടുത്ത അനുയായി എടപ്പാടി കെ പളനിസ്വാമിയെ കണ്ട് പിന്തുണ തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ 47 സീറ്റുകളിലാണ് വിജയിച്ചത്.
2024 ല്‍ രൂപീകരിച്ച തമിഴക വെട്രി കഴകം പാര്‍ട്ടി, നേരിട്ട ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ തന്നെ 234 അംഗ അസംബ്ലിയില്‍ 108 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. എന്നാല്‍ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 10 എംഎല്‍എമാരുടെ കുറവാണ് ടിവികെയ്ക്ക് ഉള്ളത്. അതിനാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ തുടങ്ങി നിരവധി രാഷ്ട്രീയ പാര്‍ട്ടികളുമായി ടിവികെ നേതൃത്വം ചര്‍ച്ചകള്‍ നടത്തിവരികയാണ്. കോണ്‍ഗ്രസ് അഞ്ചു സീറ്റുകളിലാണ് വിജയിച്ചിട്ടുള്ളത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുമായി ടിവികെ നേതൃത്വവുമായി ചര്‍ച്ച നടത്തിയതായി എഐഎഡിഎംകെ എംഎല്‍എ ലീമ റോസ് മാര്‍ട്ടിന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ലാല്‍ഗുഡിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ്, ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യയായ ലീമ റോസ് മാര്‍ട്ടിന്‍ പറഞ്ഞത്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. തിരുച്ചിറപ്പള്ളി ജില്ലയിലെ ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്നാണ് എഐഎഡിഎംകെ ടിക്കറ്റില്‍ ലീമ റോസ് മാര്‍ട്ടിന്‍ തമിഴ്‌നാട് നിയമസഭയിലേക്ക് വിജയിച്ചത്.

by Midhun HP News | May 6, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി – ചെന്നൈ മത്സരത്തിൽ നടന്ന അസാധാരണമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഡൽഹി താരം നിതീഷ് റാണ ക്രീസിൽ നിൽക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. നൂർ അഹമ്മദ് എറിഞ്ഞ പന്ത് റാണ സ്വീപ്പ് ഷോട്ട് കളിക്കാനുള്ള ശ്രമം പരാജയപ്പെടുകയും കാർത്തിക് ശർമ ക്യാച്ച് സ്വന്തമാക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ടൊരു വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിട്ടുണ്ട്. റാണ ഷോട്ട് കളിക്കും മുൻപ് തന്നെ സ്റ്റംപിലെ ബെയ്ൽസുകൾ താഴെ വീണതായും അംപയർ ഡെഡ് ബോൾ വിളിക്കണമായിരുന്നു എന്നാണു ആരാധകർ ഉയർത്തുന്ന പ്രധാന വാദം. ചിലർ ഇത് ഹിറ്റ് വിക്കറ്റ് ആണെന്നും, വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ അബദ്ധത്തിൽ സ്റ്റംപ് തട്ടിയതാണെന്നും പറയുന്നു. എന്നാൽ, ശക്തമായ കാറ്റാണ് ബെയ്ൽസുകൾ താഴെ വീഴാൻ കാരണമായതെന്നാണ് വിലയിരുത്തൽ. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഡെഡ് ബൗൾ വിളിക്കേണ്ടത് ഇല്ലെന്നാണ് ക്രിക്കറ്റ് നിയമങ്ങൾ പറയുന്നത്. ബൗളർ പന്ത് എറിഞ്ഞുകഴിഞ്ഞ ശേഷമാണ് ബെയ്ൽസുകൾ താഴെ വീണത്. പന്ത് എറിയുന്നതിന് മുൻപാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ അംപയർക്ക് ഡെഡ് ബൗൾ വിളിക്കാം.
എംസിസി നിയമം 20.4.2.6 അനുസരിച്ച്, ബാറ്റർ പന്ത് നേരിടാൻ തയ്യാറെടുക്കുമ്പോഴോ നേരിടുമ്പോഴോ എന്തെങ്കിലും ശബ്ദമോ ചലനമോ കാരണം ബാറ്ററുടെ ശ്രദ്ധ മാറിയാൽ മാത്രമേ അംപയർക്ക് ‘ഡെഡ് ബോൾ’ വിളിക്കാൻ അധികാരമുള്ളൂ.
ബെയ്ൽസുകൾ വീണത് നിതീഷ് റാണയുടെ ബാറ്റിങ്ങിനെയായോ ആ ഷോട്ട് കളിക്കുന്നതിനെയോ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. അദ്ദേഹം തന്റെ ഷോട്ട് പൂർത്തിയാക്കുകയും അത് ക്യാച്ചിൽ അവസാനിക്കുകയും ചെയ്തു.
ബാറ്റർ ഷോട്ട് കളിക്കാൻ തയ്യാറെടുക്കുന്നതിന് മുൻപ് ബെയ്ൽസുകൾ വീഴുകയും അത് ബാറ്ററെ ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നെങ്കിൽ മാത്രമേ അത് ഡെഡ് ബോൾ ആകുകയുള്ളു.ഇവിടെ അങ്ങനെയൊന്നും സംഭവിക്കാത്തതിനാൽ അംപയറുടെ തീരുമാനം ശരിയായിരുന്നു.

by Midhun HP News | May 6, 2026 | Latest News, ദേശീയ വാർത്ത
ന്യൂയോർക്ക്: സൈബർ തട്ടിപ്പും ഡിജിറ്റൽ നിരീക്ഷണവും ആസ്പദമാക്കിയുള്ള റിപ്പോർട്ടിങ്ങിന് ഇന്ത്യൻ മാധ്യമപ്രവർത്തകരായ ആനന്ദ് ആർ കെ, സുപർണ ശർമ എന്നിവർക്ക് പുലിറ്റ്സർ പുരസ്കാരം. ‘ഇല്ലസ്‌ട്രേറ്റഡ് റിപ്പോർട്ടിങ് ആൻഡ് കമന്ററി’ വിഭാഗത്തിലാണ് പുരസ്‌കാരം. ലോകത്ത് വർധിച്ചു വരുന്ന ഡിജിറ്റൽ തട്ടിപ്പുകളെയും നിരീക്ഷണ സംവിധാനങ്ങളുടെ ഭീഷണിയെയും പറ്റി വാക്കുകളും ചിത്രങ്ങളും കോർത്തിണക്കി ബ്ലൂംബെർഗിന് വേണ്ടി ഒരുക്കിയ “trAPPed” എന്ന ഇല്ലസ്‌ട്രേറ്റഷന്‍ പരമ്പരയാണ് അവാർഡിനർഹമായത്.
ഇന്ത്യയിലെ ന്യൂറോളജിസ്റ്റ് ‘ഡിജിറ്റൽ അറസ്റ്റിന്’ ഇരയായതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ അറസ്റ്റിലൂടെ സൈബർ കുറ്റവാളികൾ ഇരകളെ മനശാസ്ത്രപരമായി തട്ടിപ്പിനിരയാക്കുന്നതിനെ കുറിച്ചുള്ളതാണ് ലേഖനം. ദക്ഷിണേഷ്യയിലുടനീളം വർധിച്ചു വരുന്ന ഓൺലൈന്‍ തട്ടിപ്പുൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ പ്രതീകാത്മകമായി വരച്ചു കാട്ടുന്ന അന്വേഷണാത്മക റിപ്പോർട്ടാണിത്.
സൈബർ കുറ്റ കൃതൃങ്ങളുടെ ആഴം നൂതനമായ ശൈലിയിലൂടെ അവതരിപ്പിച്ചതിനെ പുലിറ്റ്സർ ബോർഡ് മാധ്യമ പ്രവർത്തകരെ പ്രശംസിച്ചു. ബ്ലൂ ഇന്‍ ഗ്രീന്‍, ഗ്രാഫിറ്റീസ് വാൾ തുടങ്ങിയ ഗ്രാഫിക് നോവലുകളിലൂടെ പ്രശസ്തനായ വ്യക്തിയാണ് ആനന്ദ് ആർ കെ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമ പ്രവർത്തകയാണ് സുപർണ ശർമ. ബ്ലൂം ബെർഗിന്‍റെ ഏഷ്യയിലെ മുതിർന്ന അന്വേഷണ റിപ്പോർട്ടറാണ് നതാലിയേ ഒബിക്കോ.
ഇല്ലസ്ട്രേറ്റർ റിപ്പോർട്ടിങ് അവാർഡിനു പുറമെ യുഎസ് സർക്കാരും മറ്റ് ഭരണ കൂടങ്ങളും രഹസ്യമായി ഉപയോഗിക്കുന്ന മാസ് സർവെയ്‍ലന്‍സ് സാങ്കേതിക വിദ്യയെ കുറിച്ചുള്ള റിപ്പോർട്ടിങിന് മറ്റൊരു ഇന്ത്യൻ മാധ്യമ പ്രവർത്തക അനിരുദ്ധ ഗോഷാലിനും പുലിറ്റ്സർ അംഗീകാരം ലഭിച്ചു. കൊളംബിയ സർവകലാശാല നല്‍കിവരുന്ന പുലിറ്റ്സർ പുരസ്‌കാരം പത്രപ്രവർത്തനം, സാഹിത്യം, സംഗീതം എന്നീ മേഖലകളിലെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നാണ്. പത്ര സ്വാതന്ത്ര്യം, അന്വേഷണാത്മക സ്വാതന്ത്യം എന്നിവയെ കുറിച്ച് ആഗോള തലത്തിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ വർഷത്തെ പുരസ്കാര പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

by Midhun HP News | May 6, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്ന കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനുള്ള യുഎസ് നടപടിയായ ‘ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം’ താല്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാകിസ്ഥാന്റെയും മറ്റു രാജ്യങ്ങളുടെയും അഭ്യർഥന മാനിച്ചാണ് പദ്ധതി താല്ക്കാലികമായി നിർത്തിയതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാന്റെ പ്രതിനിധികളുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും പ്രൊജക്ട് ഫ്രീഡം നിർത്തിവച്ചെങ്കിലും ഇറാനെതിരെയുള്ള നാവിക ഉപരോധം ശക്തമായി തുടരുമെന്നും ട്രംപ് അറിയിച്ചു. ഇറാനും യുഎസും തമ്മിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ദിവസങ്ങളായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഇസ്‍ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടെങ്കിലും ചർച്ചകൾ പിന്നീടും തുടർന്നു. ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ട്രംപ് അറിയിച്ചു. ഇറാനെതിരായ ആക്രമണം ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’ പൂര്‍ത്തിയായെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചിരുന്നു.
ഇറാനെതിരായ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെല്ലാം നേടിയെന്നും ഇറാന്റെ ഭാഗത്തുനിന്ന് ഇനി പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു. ഹോര്‍മുസ് തുറക്കാന്‍ യുഎന്നില്‍ പ്രമേയം കൊണ്ടുവരാനാണ് അമേരിക്കയുടെ നീക്കം. ഗള്‍ഫ് രാജ്യങ്ങളുടെ സഹകരണത്തോടെയാണ് പ്രമേയം കൊണ്ടുവരിക.

by Midhun HP News | May 6, 2026 | Latest News, ദേശീയ വാർത്ത
ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിലും ജലന്ധറിലും സ്‌ഫോടനം. ബിഎസ്എഫ് കേന്ദ്രങ്ങള്‍ക്ക് സമീപം തുടര്‍ച്ചയായുണ്ടായ സ്‌ഫോടനത്തില്‍ സംസ്ഥാനം നടുങ്ങി. എന്നാല്‍ ആര്‍ക്കും ആളപായമില്ല.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപമാണ് ഒരു സ്‌ഫോടനം നടന്നത്. ഇതുവരെ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും പഞ്ചാബ് പൊലീസും കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തുടനീളം സുരക്ഷ കര്‍ശനമാക്കുകയും ചെയ്തു.
ആദ്യ സ്‌ഫോടനം ജലന്ധറിലെ തിരക്കേറിയ ബിഎസ്എഫ് ചൗക്കിലുള്ള ആസ്ഥാനത്തിന് സമീപമാണ് നടന്നത്. അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു സ്‌കൂട്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ സ്‌കൂട്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.
മണിക്കൂറുകള്‍ക്ക് ശേഷം അമൃത്സറിലെ ഖാസ മേഖലയിലുള്ള ഒരു സൈനിക ക്യാമ്പിന് പുറത്താണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. ഇതും ബിഎസ്എഫ് കേന്ദ്രങ്ങള്‍ക്ക് അടുത്താണ്. മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമി ഗ്രനേഡ് എറിഞ്ഞതാണെന്നാണ് പ്രാഥമിക സംശയം. അട്ടാരി-വാഗ രാജ്യാന്തര അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയാണിത്. അമൃത്സര്‍ റൂറല്‍ പൊലീസ് എസ്പി ആദിത്യ വാരിയര്‍ സ്‌ഫോടനം സ്ഥിരീകരിച്ചു. രാത്രി 10.30-നും 11-നും ഇടയിലാണ് സംഭവം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫോറന്‍സിക് സംഘവും സൈന്യവും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
ജലന്ധറിലെ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന 22-കാരനായ ഗുര്‍പ്രീത് സിങ്ങിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഒരു ഡെലിവറി ഏജന്റായ ഇയാള്‍ പാര്‍സല്‍ നല്‍കാനായി എത്തിയപ്പോഴാണ് സംഭവം നടന്നത്. സ്‌കൂട്ടറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കി.സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണകക്ഷിയായ എഎപി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിലെ ഇത്തരം സംഭവങ്ങള്‍ ഗൗരവകരമായ ദേശീയ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ വാരിങ് പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും ജലന്ധര്‍ പൊലീസ് കമ്മീഷണര്‍ ധന്‍പ്രീത് കൗര്‍ അറിയിച്ചു.

Recent Comments