ആഘോഷങ്ങള്‍ ആരംഭിച്ച് വിജയ്‌യുടെ കുടുംബം; അച്ഛന്‍ ചന്ദ്രശേഖറെ കെട്ടിപ്പിടിച്ച് ബന്ധുക്കള്‍

ആഘോഷങ്ങള്‍ ആരംഭിച്ച് വിജയ്‌യുടെ കുടുംബം; അച്ഛന്‍ ചന്ദ്രശേഖറെ കെട്ടിപ്പിടിച്ച് ബന്ധുക്കള്‍

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പാണ് വിജയ് നയിക്കുന്ന ടിവികെയുടേത്. വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം കരുത്തോടെ മുന്നേറുകയാണ്. ഇതോടെ വിജയ്‌യുടെ വീടിന് മുന്നില്‍ ആഘോഷവുമായി ആരാധകരും ടിവികെയുടെ പ്രവര്‍ത്തകരും തടിച്ചു കൂടിയിട്ടുണ്ട്.

വിജയിയുടെ വീട്ടിലും ആഘോഷം ആരംഭിച്ചു കഴിഞ്ഞു. നടന്റെ ബന്ധുവായ പല്ലവി വിനോദ് കുമാര്‍ പങ്കുവച്ച വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിജയ്യുടെ അച്ഛന്‍ ചന്ദ്രശേഖറും ബന്ധുക്കളും കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നതാണ് വിഡിയോ. അതേസമയം പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ടിവികെ പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ ആഘോഷം ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ തമിഴ്‌നാട്ടില്‍ 109 മണ്ഡലങ്ങളിലാണ് വിജയ് നയിക്കുന്ന ടിവികെ മുന്നേറുന്നത്. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയാണ് ടിവികെ. ഭരണത്തിലിരുന്ന ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തണപ്പെട്ടപ്പോള്‍ 72 സീറ്റുകളില്‍ മുന്നേറ്റം നടത്തി എഐഎഡിഎംകെ രണ്ടാമതുണ്ട്. അതേസമയം രണ്ടിടത്താണ് വിജയ് മത്സരിക്കുന്നത്. തിരിച്ചിറപ്പള്ളി ഈസ്റ്റിലും പെരമ്പൂരിലും. രണ്ടിടത്തും വിജയ്ത്ത് വ്യക്തമായ ഭൂരിപക്ഷമുണ്ട്.

‘കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ’; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

‘കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ’; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

ഡല്‍ഹി: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ കൗണ്ടിങ് സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കുന്നതിൽ തെറ്റില്ലെന്നു പറഞ്ഞ സുപ്രീംകോടതി തെര‍ഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു. ഉദ്യോഗസ്ഥർ സർക്കാർ ജീവനക്കാരാണെന്നും അവരെ വിശ്വാസത്തിലെടുക്കണമെന്നും കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലര്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.വോട്ടെണ്ണല്‍ മേശകളില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കുന്നത് പക്ഷപാതപരമായ തീരുമാനങ്ങള്‍ക്ക് കാരണമാകുമെന്നും ഇത് ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്നുമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഹാന്‍ഡ്ബുക്കില്‍ ഇത്തരമൊരു നിര്‍ബന്ധിത വ്യവസ്ഥയില്ലെന്നും ബംഗാളില്‍ മാത്രമാണ് ഈ രീതി നടപ്പിലാക്കുന്നതെന്നും ടിഎംസി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായാലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായാലും അവര്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും അവരില്‍ അര്‍പ്പിതമായ കടമ സത്യസന്ധതയോടെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചു. മെയ് നാലിന് വോട്ടെണ്ണല്‍ നടക്കാനിരിക്കെയാണ് സുപ്രീം കോടതി നടപടി.

വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായും അസിസ്റ്റന്റുമാരായും കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ നിയമിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ കല്‍ക്കട്ട ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ തൃണമൂല്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ പരാമര്‍ശം.

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

ഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പെട്രോളിനും ഡീസലിനും ലിറ്ററിന് നാലു മുതല്‍ അഞ്ചു രൂപ വരെ കൂടിയേക്കും. ഗാര്‍ഹിക സിലിണ്ടറിന് 40 മുതല്‍ അന്‍പത് രൂപ വരെ കൂടിയേക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനിടയില്‍ ആഗോള അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ധന, എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് ഏകദേശം 4- 5 രൂപ വരെ വര്‍ധിച്ചേക്കാം, അതേസമയം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ക്ക് ഏകദേശം 40-50 രൂപ വരെ വര്‍ധനവ് ഉണ്ടായേക്കാം. അംഗീകരിക്കപ്പെട്ടാല്‍, ഏകദേശം നാല് വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയിലെ ആദ്യത്തെ വര്‍ധനവായിരിക്കും ഇത്, എണ്ണ വിപണന കമ്പനികളില്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദം കണക്കിലെടുത്ത് ഇന്ധന വില വര്‍ധനവിന് ശക്തമായ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് പൂര്‍ത്തിയായെങ്കിലും എണ്ണ കമ്പനികളുടെ ആവശ്യം സ്ഥിതി നിരീക്ഷിച്ച ശേഷം പരിഗണിച്ചാല്‍ മതിയെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

വാഷിങ്ടണ്‍: വീണ്ടും താരിഫ് ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്. യൂറോപ്യന്‍ യൂണിയനുമേല്‍ 25 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണി. യൂറോപ്പില്‍നിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും ട്രക്കുകള്‍ക്കുമാണ് പുതിയ താരിഫ് ഭീഷണി. തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യയിലൂടെയാണ് ട്രംപിന്റെ ഭ്രീഷണി.

അടുത്ത ആഴ്ച മുതല്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരും. യുഎസുമായുള്ള വ്യാപാര കരാര്‍ പാലിക്കാത്തതിനാലാണ് നടപടിയെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ കാറുകളും ട്രക്കുകളും യുഎസിലെ പ്ലാന്റുകളില്‍ നിര്‍മിക്കുകയാണെങ്കില്‍ തിരുവ ചുമത്തില്ലെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ‘യുഎസുമായുള്ള വ്യാപാരക്കരാര്‍ യൂറോപ്യന്‍ യൂണിയന്‍ പാലിക്കുന്നില്ല. ഇതേ തുടര്‍ന്ന് യൂറോപ്പില്‍ നിന്നുള്ള കാറുകള്‍ക്കും ട്രക്കുകള്‍ക്കും അടുത്തയാഴ്ച മുതല്‍ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തും. യുഎസിലെ നിര്‍മാണ യൂണിറ്റുകളിലാണ് കാറുകളും ട്രക്കുകളും നിര്‍മിക്കുന്നതെങ്കില്‍ അതിന് തീരുവ ഉണ്ടാകില്ല’, എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലായില്‍ യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ഇറക്കുമതി തീരുവ പരമാവധി 15 ശതമാനമായാണ് നിശ്ചയിച്ചിരുന്നത്.

മുഖ്യമന്ത്രി സഭയില്‍ മദ്യപിച്ചെത്തി?; വൈദ്യപരിശോധന വേണം; പഞ്ചാബ് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

മുഖ്യമന്ത്രി സഭയില്‍ മദ്യപിച്ചെത്തി?; വൈദ്യപരിശോധന വേണം; പഞ്ചാബ് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭയില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മില്‍ സഭയുടെ നടുത്തളത്തില്‍ ഏറ്റുമുട്ടിയതോടെ നാടകീയ രംഗങ്ങള്‍ അരങ്ങേറി. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ മദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇന്ന് വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയും എംഎല്‍എമാരും മദ്യപിച്ചെത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ഉച്ചഭക്ഷണത്തിന് ശേഷം സഭ വീണ്ടും ചേര്‍ന്നപ്പോള്‍, മന്നിനെ ബ്രീത്ത് അനലൈസര്‍ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ എഎപി എംഎല്‍എമാര്‍ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയതോടെ സഭ നിര്‍ത്തിവെച്ചു.

മന്നിന്റെ ‘പെരുമാറ്റത്തില്‍’ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ നേരത്തെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം കോണ്‍ഗ്രസ് അംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ബിജെപിയും മുഖ്യമന്ത്രിക്കെതിരെ സമാനമായ ആരോപണം ഉന്നയിച്ചു.

അടുത്തിടെ ആം ആദ്മി പാര്‍ട്ടി വിട്ട ബിജെപി എംപി സ്വാതി മലിവാളും മന്‍ സഭയെ അഭിസംബോധന ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തി. ഭഗവന്ത് മന്‍ ‘മദ്യപരിശോധനയ്ക്ക്’ വിധേയനാകണമെന്നും കുറ്റക്കാരനാണെന്ന് കണ്ടാല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

‘ഇന്ന് വീണ്ടും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ‘ജനാധിപത്യത്തിന്റെ ശ്രീകോവിലായ’ പഞ്ചാബ് നിയമസഭയില്‍ മദ്യപിച്ചെത്തിയതായി ആരോപിക്കപ്പെടുന്നു. ഈ മനുഷ്യന്‍ ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും മദ്യപിച്ച് പോകുന്നു, ലോക്‌സഭയിലും സര്‍ക്കാര്‍ യോഗങ്ങളിലും മദ്യപിച്ചാണ് എത്തിയിരുന്നത്. വിദേശത്ത് വെച്ച് അമിതമായി മദ്യപിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ വിമാനത്തില്‍ നിന്ന് പുറത്താക്കിയ സാഹചര്യം വരെയുണ്ടായി,’ മലിവാള്‍ പറഞ്ഞു.’തെരഞ്ഞെടുപ്പിന് മുമ്പ് ഇനി ഒരിക്കലും മദ്യപിക്കില്ലെന്ന് തന്റെ അമ്മയുടെ തലയില്‍ തൊട്ട് അദ്ദേഹം സത്യം ചെയ്തതാണ്. പഞ്ചാബ് പോലുള്ള അതീവ ജാഗ്രത വേണ്ട ഒരു അതിര്‍ത്തി സംസ്ഥാനത്തെ മുഖ്യമന്ത്രി എപ്പോഴും ലഹരിയിലാണെന്നും മദ്യപിച്ച് ഫയലുകളില്‍ ഒപ്പിടുന്നുവെന്നും പറയുന്നത് ലജ്ജാകരമാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

‘നാവിക ഉപരോധം യുദ്ധം തന്നെ, വെച്ചുപൊറുപ്പിക്കാനാവില്ല’; മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്

‘നാവിക ഉപരോധം യുദ്ധം തന്നെ, വെച്ചുപൊറുപ്പിക്കാനാവില്ല’; മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്

ടെഹ്റാൻ: ഹോര്‍മുസ് കടലിടുക്ക് അടക്കമുള്ള ഇറാനിലെ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കൻ നാവിക ഉപരോധം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. നാവിക ഉപരോധം അമേരിക്കൻ സൈനിക നടപടികളുടെ തുടർച്ചയാണ്. വെടിനിർത്തൽ കരാറുണ്ടായിട്ടും അമേരിക്കയുടെ നീക്കം കരാർ ലംഘനമാണ്. നാവിക ഉപരോധം ക്ഷമിക്കാൻ ഇനിയും ഇറാന് കഴിയില്ലെന്നും പെസഷ്കിയാൻ മുന്നറിയിപ്പ് നൽകി.

‘ഇറാന്റെ സഹിഷ്ണുതയും സമാധാനം തേടുന്ന സ്വഭാവവും ലോകം കണ്ടതാണ്. നാവിക ഉപരോധം എന്ന പേരിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്, ഉറച്ച നിലപാടുകൾക്കും സ്വാതന്ത്ര്യത്തിനും വില നൽകേണ്ടി വരുന്ന ഒരു രാഷ്ട്രത്തിന് നേരെ സൈനിക നീക്കങ്ങൾ വ്യാപിപ്പിക്കുന്നതാണ്. അനീതി നിറഞ്ഞ ഈ സമീപനം തുടരുന്നത് അസഹനീയമാണ്.’ പെസഷ്കിയാൻ എക്സിൽ കുറിച്ചു.

ഹോർമുസ് കടലിടുക്കിലെയും ഗൾഫ് മേഖലയിലെയും അസ്ഥിരതയ്ക്ക് കാരണം അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇടപെടലുകളാണെന്ന് പെസഷ്കിയാൻ അഭിപ്രായപ്പെട്ടു. മേഖലയിൽ നാവിക സുരക്ഷ ഉറപ്പാക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വിദേശ ശക്തികളുടെ നീക്കങ്ങൾ പരാജയപ്പെടുമെന്നും മസൂദ് പെസഷ്കിയാൻ കൂട്ടിച്ചേർത്തു.