വോട്ടെടുപ്പ് കഴിഞ്ഞതോടെ ‘ഇടിത്തീ’യായി പാചകവാതക വിലവര്‍ധന; ഗ്യാസ് സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ !

വോട്ടെടുപ്പ് കഴിഞ്ഞതോടെ ‘ഇടിത്തീ’യായി പാചകവാതക വിലവര്‍ധന; ഗ്യാസ് സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ !

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാചകവാതക വിലയില്‍ വന്‍ വര്‍ധന വരുത്തി എണ്ണക്കമ്പനികള്‍. വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. ഒറ്റയടിക്ക് ആയിരം രൂപയ്ക്ക് അടുത്താണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 993 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില 3000 രൂപ കടന്നു. 3085 രൂപയാണ് കൊച്ചിയിലെ പുതിയ സിലിണ്ടര്‍ വില. തിരുവനന്തപുരത്ത് 3106 രൂപ. കോഴിക്കോട്ട് 3117.5 രൂപ എന്നിങ്ങനെയാണ്. ഒറ്റത്തവണ ഇത്രയും വില കൂട്ടുന്നത് അപൂര്‍വമാണ്.

ഒറ്റയടിക്ക് സിലിണ്ടറിന്റെ വില വലിയ തോതില്‍ കൂട്ടിയത് ഹോട്ടല്‍, റസ്റ്ററന്റുകള്‍, തട്ടുകടകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം താളം തെറ്റിക്കും. പ്രവര്‍ത്തനച്ചെലവ് കുത്തനെ കൂടുന്നതിനാല്‍, ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാനും ഇടയാക്കിയേക്കും. ഇത് സാധാരണക്കാരന്റെ ബജറ്റിനെയും ബാധിക്കും.

ഏപ്രില്‍ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപ കൂട്ടിയിരുന്നു. ജനുവരി 1ന് 111 രൂപ , മാര്‍ച്ച് 1ന് 28-31 രൂപ, മാര്‍ച്ച് 7ന് 115 രൂപ എന്നിങ്ങനെയും വര്‍ധിപ്പിച്ചിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന്, എല്‍പിജി വിതരണത്തിലെ നിയന്ത്രണം ഒട്ടേറെ ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചിടുന്നതിന് കാരണമായിരുന്നു. അതിനിടെയാണ് ഇടിത്തീയായി വലിയ തോതിലുള്ള വില വര്‍ധനയും ഉണ്ടായിരിക്കുന്നത്.

ഇന്ധനവില കൂട്ടുമെന്ന സൂചന നല്‍കി ധനകാര്യ മന്ത്രാലയം

ഇന്ധനവില കൂട്ടുമെന്ന സൂചന നല്‍കി ധനകാര്യ മന്ത്രാലയം

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ വര്‍ധിച്ച ഊര്‍ജ്ജ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടത് അനിവാര്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇന്ധനവില ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നത്.

‘ചില രാജ്യങ്ങള്‍ ഇതിനോടകം തന്നെ വില വര്‍ധനയുടെ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ തുടങ്ങിയിട്ടുണ്ട്. മറ്റു ചിലര്‍ ഇതുവരെ അത് ചെയ്തിട്ടില്ല. എന്നാല്‍ ഇത് അനിവാര്യമാണ്,’- മന്ത്രാലയം പറഞ്ഞു. വിതരണ തടസ്സങ്ങള്‍ നേരിടുന്ന സമയത്ത് ഉപഭോഗം കുറയ്‌ക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം രാജ്യങ്ങള്‍ ഊര്‍ജ്ജ വിതരണത്തിന് വലിയ വില നല്‍കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

മാക്രോ ഇക്കണോമിക് സ്ഥിരതയ്ക്കായി ആഹ്വാനം ചെയ്ത റിപ്പോര്‍ട്ട്, ഹ്രസ്വകാല വളര്‍ച്ച വീണ്ടെടുക്കാനുള്ള ഏതൊരു ശ്രമവും ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകള്‍ക്ക് വലിയ ദോഷം ചെയ്‌തേക്കാമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഊര്‍ജ്ജ വിതരണം സാധാരണ നിലയിലാകാന്‍ സമയമെടുക്കുമെന്നതിനാല്‍, പ്രതിസന്ധി ഇനിയും നീണ്ടുനിന്നേക്കാമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
‘ഊര്‍ജ്ജ വിതരണത്തില്‍ പെട്ടെന്ന് തന്നെ സാധാരണ നില കൈവരിക്കാനാകുമെന്ന് പല അന്താരാഷ്ട്ര ഏജന്‍സികളും തെറ്റായി കരുതുന്നു. ഉല്‍പ്പാദനം പുനഃസ്ഥാപിക്കുന്നതിനും ഷിപ്പിംഗ് പുനരാരംഭിക്കുന്നതിനും ആവശ്യമായ സമയം ഈ പ്രവചനങ്ങള്‍ കണക്കിലെടുക്കുന്നില്ല,’- മന്ത്രാലയം പറഞ്ഞു. അതിനാല്‍ ഊര്‍ജ്ജ വില ഉയര്‍ന്ന നിലയില്‍ തന്നെ തുടരാന്‍ സാധ്യതയുണ്ട്.

മാര്‍ച്ച് മാസത്തില്‍ ബാരലിന് ശരാശരി 113 ഡോളറായിരുന്നു എണ്ണവില. ഏപ്രിലില്‍ ഇത് 115 ഡോളറിന് തൊട്ടുതാഴെയാണ്. വില്‍പ്പനയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്ററിന് 14 രൂപയും 18 രൂപയും എന്ന നിലയില്‍ വിതരണ കമ്പനികള്‍ നഷ്ടം നേരിടുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ നടപ്പു നികുതി വര്‍ഷത്തില്‍ ആഭ്യന്തര എല്‍പിജി സബ്സിഡി നഷ്ടം80,000 കോടി രൂപയായിരിക്കുമെന്നും കണക്കാക്കപ്പെടുന്നു. തന്ത്രപ്രധാനമായ കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള അവസരമായി ഈ പ്രതിസന്ധിയെ കാണണമെന്നും മന്ത്രാലയം പറഞ്ഞു.

117 കോടി മൂല്യമുള്ള അപൂര്‍വ്വ പുരാവസ്തുക്കള്‍; ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച 657 പുരാവസ്തുക്കള്‍ തിരികെ നൽകി അമേരിക്ക

117 കോടി മൂല്യമുള്ള അപൂര്‍വ്വ പുരാവസ്തുക്കള്‍; ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച 657 പുരാവസ്തുക്കള്‍ തിരികെ നൽകി അമേരിക്ക

ഡല്‍ഹി: ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്ന് മോഷ്ടിച്ച് അമേരിക്കയിലേക്ക് കടത്തിയ 14 മില്യണ്‍ ഡോളര്‍ (ഏകദേശം 117 കോടി രൂപ) മൂല്യമുള്ള പുരാവസ്തുക്കള്‍ യുഎസ് ഇന്ത്യയ്ക്ക് കൈമാറി. അന്താരാഷ്ട്ര കള്ളക്കടത്ത് ശൃഖലകള്‍ വഴി അമേരിക്കയിലെത്തിയ 657ഓളം പുരാവസ്തുക്കളാണ് മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് ഇന്ത്യയ്ക്ക് തിരിച്ച് നല്‍കിയത്.

രാജ്യാന്തര പുരാവസ്തു കടത്ത് സംഘങ്ങളെക്കുറിച്ച് നടത്തിയ ഒന്നിലധികം അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഈ അപൂര്‍വ്വ ശേഖരം വീണ്ടെടുത്തത്. കുപ്രസിദ്ധ വിഗ്രഹക്കടത്തുകാരന്‍ സുഭാഷ് കപൂര്‍, മുന്‍പ് ശിക്ഷിക്കപ്പെട്ട നാന്‍സി വീനര്‍ എന്നിവരുമായി ബന്ധപ്പെട്ട ക്രിമിനല്‍ ശൃംഖലകളില്‍ നിന്നാണ് അധികൃതര്‍ ഈ പുരാവസ്തുക്കള്‍ കണ്ടെടുത്തത്.

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ ലക്ഷ്യം വച്ചുള്ള വന്‍കിട കടത്ത് സംഘങ്ങളുടെ വ്യാപ്തി വളരെ വലുതാണെന്ന് ആല്‍വിന്‍ ബ്രാഗ് പറഞ്ഞു. പുരാവസ്തുക്കള്‍ വീണ്ടെടുക്കാന്‍ സഹായിച്ച മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസിനും ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിനും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ബിനായ പ്രധാന്‍ നന്ദി അറിയിച്ചു.

അവലോകിതേശ്വരന്റെ വെങ്കല വിഗ്രഹം

തിരികെ ലഭിച്ച വസ്തുക്കളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 2 മില്യണ്‍ ഡോളര്‍ മൂല്യമുള്ള അവലോകിതേശ്വരന്റെ വെങ്കല വിഗ്രഹം. റായ്പൂരിലെ മഹന്ത് ഘാസിദാസ് മെമ്മോറിയല്‍ മ്യൂസിയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ഈ വിഗ്രഹം 1982-ഓടെയാണ് അമേരിക്കയിലേക്ക് കടത്തിയത്. 2025-ല്‍ ന്യൂയോര്‍ക്കിലെ ഒരു സ്വകാര്യ ശേഖരത്തില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്.

ബുദ്ധ പ്രതിമ

7.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ചുവന്ന മണല്‍ക്കല്ലില്‍ തീര്‍ത്ത ബുദ്ധ പ്രതിമ. സുഭാഷ് കപൂറിന്റെ ശൃംഖല വഴി ന്യൂയോര്‍ക്കിലെത്തിച്ച ഈ പ്രതിമ ഒരു സ്റ്റോറേജ് യൂണിറ്റില്‍ നിന്നാണ് കണ്ടെടുത്തത്. കൂടാതെ, 2000-ത്തില്‍ മധ്യപ്രദേശിലെ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട നൃത്തം ചെയ്യുന്ന ഗണപതിയുടെ വിഗ്രഹവും ഇതില്‍ ഉള്‍പ്പെടുന്നു. വ്യാജ രേഖകള്‍ ചമച്ച് 2012-ല്‍ ലേലത്തിന് വെച്ച ഈ വിഗ്രഹം അടുത്തിടെയാണ് ഒരു സ്വകാര്യ വ്യക്തി അധികൃതര്‍ക്ക് കൈമാറിയത്.

2012ല്‍ സുഭാഷ് കപൂറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച മാന്‍ഹട്ടന്‍ ഡിസ്ട്രിക് അറ്റോര്‍ണി ഓഫീസ്, പുരാവസ്തു കടത്ത് തടയാന്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചിരുന്നത്. ആന്റിക്വിറ്റീസ് ട്രാഫിക്കിംഗ് യൂണിറ്റ് ഇതുവരെ 36 രാജ്യങ്ങളിലായി 5,900ലധികം പുരാവസ്തുക്കള്‍ തിരികെ നല്‍കിയിട്ടുണ്ട്. 485 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള 6,200ഓളം സാംസ്‌കാരിക നിധികള്‍ ഇതുവരെ ഇവര്‍ കണ്ടെത്തി.

യുഎഇയില്‍ പെട്രോള്‍ വില കൂട്ടി; പുതുക്കിയ നിരക്ക് ഇങ്ങനെ

യുഎഇയില്‍ പെട്രോള്‍ വില കൂട്ടി; പുതുക്കിയ നിരക്ക് ഇങ്ങനെ

ദുബൈ: യുഎഇയില്‍ പെട്രോള്‍ വില കൂട്ടി. മെയ് മാസത്തേക്കുള്ള പുതിയ പെട്രോള്‍ വിലയാണ് യുഎഇയുടെ ഇന്ധനവില നിര്‍ണയ കമ്മിറ്റി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് എല്ലാത്തരം പെട്രോള്‍ വിലയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍, ഡീസല്‍ വിലയില്‍ മാറ്റം ഉണ്ടാവില്ല. ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍ തുടങ്ങിയ സുപ്രധാന മേഖലകളുടെ സുഗമമായ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനാണ് ഡീസല്‍ വില മാറ്റമില്ലാതെ നിലനിര്‍ത്തുന്നതെന്നും കമ്മിറ്റി പ്രസ്താവിച്ചു. സൂപ്പര്‍ 98 (Super 98) പെട്രോളിന്റെ വില ലിറ്ററിന് 3.66 ദിര്‍ഹമായി ഉയര്‍ന്നു (കഴിഞ്ഞ മാസം 3.39 ദിര്‍ഹം ആയിരുന്നു). മറ്റു പെട്രോള്‍ ഇനങ്ങളുടെ വില താഴെ:

സ്‌പെഷ്യല്‍ 95 (Special 95): ലിറ്ററിന് 3.55 ദിര്‍ഹം (കഴിഞ്ഞ മാസം 3.28 ദിര്‍ഹം ആയിരുന്നു)

ഇ-പ്ലസ് 91 (E-Plus 91): ലിറ്ററിന് 3.48 ദിര്‍ഹം (കഴിഞ്ഞ മാസം 3.20 ദിര്‍ഹം ആയിരുന്നു)

ഡീസല്‍ (Diesel) ലിറ്ററിന് 4.69 ദിര്‍ഹമായി തുടരും (കഴിഞ്ഞ മാസത്തെ അതേ വില തന്നെ). യുഎഇ ഇന്ധനവില നിര്‍ണയ കമ്മിറ്റി എല്ലാ മാസവും പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ അവലോകനം ചെയ്യാറുണ്ട്.

‘ഇറാനെതിരെ വീണ്ടും സൈനിക നടപടിയുണ്ടായാല്‍ ലോകസമൂഹത്തിന് തന്നെ പ്രത്യാഘാതം ഉണ്ടാക്കും’; ട്രംപുമായി സംസാരിച്ച് പുടിന്‍

‘ഇറാനെതിരെ വീണ്ടും സൈനിക നടപടിയുണ്ടായാല്‍ ലോകസമൂഹത്തിന് തന്നെ പ്രത്യാഘാതം ഉണ്ടാക്കും’; ട്രംപുമായി സംസാരിച്ച് പുടിന്‍

മോസ്‌കോ: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഫോണില്‍ സംഭാഷണം നടത്തി. 90 മിനിറ്റിലേറെ നീണ്ടു നിന്ന സംഭാഷണത്തില്‍, പശ്ചിമേഷ്യന്‍ സംഘര്‍ഷം, യുക്രൈന്‍ യുദ്ധം തുടങ്ങിയവ ചര്‍ച്ചയായതായി ക്രെലിന്‍ അറിയിച്ചു. തുറന്നതും ഔദ്യോഗികവുമായ ഫോണ്‍ സംഭാഷണം എന്നാണ് ക്രെംലിന്‍ വക്താവ് യുറി ഉഷകോവ് അഭിപ്രായപ്പെട്ടത്.

ഇറാനിലെയും പേര്‍ഷ്യന്‍ ഗള്‍ഫിലെയും സാഹചര്യങ്ങള്‍ ഇരു പ്രസിഡന്റുമാരും വിലയിരുത്തി. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നീട്ടാനുള്ള ട്രംപിന്റെ തീരുമാനം ശരിയായ ഒന്നാണെന്ന് പുടിന്‍ അഭിപ്രായപ്പെട്ടു. ഇത് ചര്‍ച്ചകള്‍ക്ക് അവസരം നല്‍കുമെന്നും സാഹചര്യം ശാന്തമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്നാല്‍, അമേരിക്കയും ഇസ്രയേലും വീണ്ടും സൈനിക നടപടികളിലേക്ക് കടക്കുകയാണെങ്കില്‍, അത് ഇറാനും അയല്‍രാജ്യങ്ങള്‍ക്കും മാത്രമല്ല, ലോകസമൂഹത്തിന് ഒന്നടങ്കം അങ്ങേയറ്റം ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്രപരമായ നീക്കങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ റഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് പുടിന്‍ അറിയിച്ചു.

‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

ഡല്‍ഹി: ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി. ശബരിമല യുവതീപ്രവേശനം അടക്കമുള്ള ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. മല കയറിയ സ്ത്രീകള്‍ രണ്ടും വിശ്വാസികളാണോയെന്നാണ് കോടതി ആരാഞ്ഞത്. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദങ്ങളാണ് സുപ്രീംകോടതിയില്‍ നടക്കുന്നത്.

കേസില്‍ ഇന്ന് ആദ്യം വാദമുന്നയിച്ചത് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് ആണ്. ശബരിമലയില്‍ കയറിയ ബിന്ദു അമ്മിണിക്കു കനകദുര്‍ഗയ്ക്കും വേണ്ടി ഇന്ദിരാ ജയ്‌സിങ് വാദിച്ചപ്പോഴാണ്, ഭരണഘടനാബെഞ്ചിലെ ജസ്റ്റിസ് ബി വി നാഗരത്‌ന, അവര്‍ ഇരുവരും വിശ്വാസികളാണോ എന്ന് ചോദിച്ചത്. രണ്ടു സ്ത്രീകളും ഹിന്ദു വിശ്വാസികളാണ്. ബിന്ദു അമ്മിണി ചെറുപ്പത്തില്‍ ശബരിമലയില്‍ പോയിട്ടുണ്ടെന്നും ഇന്ദിരാ ജയ്‌സിങ് പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു അമ്മിണിയും കനകദുര്‍ഗയും ശബരിമലയില്‍ പോയത്. ശബരിമലയില്‍ പോയതുമൂലം ഇരുവര്‍ക്കും പിന്നീട് തിക്താനുഭവങ്ങള്‍ നേരിട്ടു. ബിന്ദു അമ്മിണിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉണ്ടായി. കേരളം തന്നെ വിടേണ്ടി വന്നു. കനകദുര്‍ഗയ്ക്ക് വീട്ടില്‍ നിന്നും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ഇന്ദിരാ ജയ്‌സിങ് ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഇന്ദിരാ ജയ്‌സിങ് ചൂണ്ടിക്കാട്ടി. ഇന്ന് പത്താംദിവസമാണ് ശബരിമല റഫറന്‍സില്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നത്. 15 ലേറെ കക്ഷികളാണ് യുവതിപ്രവേശനത്തെ ഉൾപ്പെടെ അനൂകൂലിച്ച് വാദങ്ങൾ എഴുതി സമർപ്പിച്ചത്. അവിശ്വാസികളായവർ മതാചാരങ്ങളിൽ എന്തിന് കോടതികളെ സമീപിക്കുന്നു, പൊതുതാൽപര്യഹർജികളിലൂടെ ലക്ഷകണക്കിന് ആളുകൾ വിശ്വസിക്കുന്ന ആചാരങ്ങൾ തെറ്റാണെന്ന് എങ്ങനെ പറയാനാകും തുടങ്ങിയ നീരീക്ഷണങ്ങൾ സുപ്രീംകോടതി നേരത്തെ നടത്തിയിരുന്നു. ഇന്നലെ ശബരിമല യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവരുടെ വാദം പൂര്‍ത്തിയായിരുന്നു.