കുട്ടികളെ മുൻനിർത്തി വോട്ടഭ്യർഥന, വിജയ്ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി

കുട്ടികളെ മുൻനിർത്തി വോട്ടഭ്യർഥന, വിജയ്ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ടഭ്യർഥിക്കാൻ കുട്ടികളെ ഉപയോ​ഗിച്ചുവെന്ന് ആരോപിച്ച് ടിവികെ പാർട്ടി നേതാവും നടനുമായ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി. ചൈൽഡ് റൈറ്റ്സ് വാച്ച് എന്ന സംഘടനയാണ് പരാതി നൽകിയത്. രാഷ്ട്രീയ നേട്ടത്തിനായി കുട്ടികളെ ചൂഷണം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെ പാർട്ടിക്ക് വേണ്ടി കുട്ടികളെ പ്രചാരണത്തിന്റെ മുൻനിരയിൽ നിർത്തിയത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കായി കുട്ടികളെ ദുരുപയോ​ഗം ചെയ്യുന്നതിനെ അം​ഗീകരിക്കാനാവില്ല. ഇത്തരം പ്രവണതകൾ കുട്ടികളുടെ മാനസികാരോ​ഗ്യത്തെ ബാധിക്കും. അവർക്ക് വിദഗ്ധ കൗൺസലിങ് നൽകണം. കുട്ടികളെ പ്രചാരണത്തിന്റെ ഭാഗമാക്കിയതിനെതിരെ കർശന നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

വിജയ്‌യോടുള്ള അമിതാരാധനമൂലം കുട്ടികൾ കരയുന്നതിന്റെയും ഭക്ഷണം നിരസിക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാഷ്ട്രീയനേട്ടങ്ങൾക്കായി കുട്ടികളിലെ ഇത്തരം വൈകാരികപ്രകടനങ്ങളെ ഉപയോഗപ്പെടുത്തുന്നത് തടയണമെന്നും വിജയ്‌യുടെ പേരിൽ സ്വമേധയാ കേസെടുക്കണമെന്നും ബാലാവകാശകമ്മിഷനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ വിജയ് പരസ്യമായി മാപ്പു പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.

മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍

മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍

ഭുവനേശ്വര്‍: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കാന്‍ അവരുടെ അസ്ഥികൂടവും ചുമന്ന് ചുട്ടുപൊള്ളുന്ന വെയിലില്‍ മൂന്ന് കിലോമീറ്റര്‍ നടന്ന് ബാങ്കിലെത്തി വയോധികന്‍. ഒഡിഷയിലെ ക്യോന്‍ജര്‍ ജില്ലയിലെ ദിയാനാലി ഗ്രാമവാസിയായ ജീതു മുണ്ടയാണ് ഈ ദയനീയ സാഹചര്യം നേരിട്ടത്.

ജീതുവിന്റെ സഹോദരി കല്‍റ മുണ്ടയ്ക്ക് മാലിപാസിയിലെ ഒഡിഷ ഗ്രാമീണ ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നു. രണ്ടു മാസം മുമ്പാണ് കല്‍റ മരിച്ചത്. ഇവരുടെ ഭര്‍ത്താവും ഏക മകനും നേരത്തെ മരിച്ചതിനാല്‍ ജീതു മാത്രമായിരുന്നു ഏക ബന്ധു. സഹോദരിയുടെ അക്കൗണ്ടിലുള്ള 20,000 രൂപ പിന്‍വലിക്കാന്‍ ജീതു ബാങ്കിനെ സമീപിച്ചപ്പോള്‍, അക്കൗണ്ട് ഉടമ നേരിട്ട് ഹാജരാകണമെന്നോ അല്ലെങ്കില്‍ നിയമപരമായ അവകാശ രേഖകള്‍ ഹാജരാക്കണമെന്നോ പറഞ്ഞ് ബാങ്ക് മാനേജര്‍ അത് നിരസിച്ചു. നിരക്ഷരനായ ജീതുവിന് സഹോദരിയുടെ മരണ സര്‍ട്ടിഫിക്കറ്റോ പിന്തുടര്‍ച്ചാവകാശ രേഖകളോ ഉണ്ടായിരുന്നില്ല. സഹോദരി മരിച്ചെന്ന് ജീതു പറഞ്ഞിട്ടും അധികൃതര്‍ കേള്‍ക്കാന്‍ തയാറായില്ല. തുടര്‍ന്ന് പലതവണ ജീതു ബാങ്കിലെത്തിയെങ്കിലും അധികൃതര്‍ ഇതേ മറുപടി ആവര്‍ത്തിച്ചു. ബാങ്കിലെ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കാതെ അദ്ദേഹം നിസ്സഹായനായി മടങ്ങി.

തുടര്‍ന്ന് തിങ്കളാഴ്ച, ജീതു ഗ്രാമത്തിലെ ശ്മശാനത്തില്‍ പോയി സഹോദരിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചെടുത്തു. അസ്ഥികൂടം തുണിയില്‍ പൊതിഞ്ഞ് തോളിലേറ്റി കഠിനമായ ചൂടില്‍ മൂന്ന് കിലോമീറ്റര്‍ നടന്ന് അദ്ദേഹം ബാങ്കിലെത്തി. ബാങ്കിന് മുന്നിലെ ഈ കാഴ്ച നാട്ടുകാരെ ഞെട്ടിച്ചു. ചിലര്‍ സങ്കടം കൊണ്ട് കരഞ്ഞപ്പോള്‍ മറ്റ് ചിലര്‍ ബാങ്ക് അധികൃതരുടെ നടപടിയില്‍ ക്ഷുഭിതരായി. ഒരു പാവപ്പെട്ടവന് തന്റെ പണം ലഭിക്കാന്‍ ഇത്രയധികം കഷ്ടപ്പെടണോ എന്ന് ഗ്രാമവാസികള്‍ ചോദിച്ചു. പഞ്ചായത്ത് പ്രസിഡന്റുമായി (സര്‍പഞ്ച്) ബന്ധപ്പെട്ടോ അല്ലെങ്കില്‍ നേരിട്ട് അന്വേഷണം നടത്തിയോ ബാങ്കിന് ഇത് ബോധ്യപ്പെടാമായിരുന്നുവെന്നും എന്നാല്‍ സഹാനുഭൂതിയേക്കാള്‍ രേഖകള്‍ക്കാണ് ബാങ്ക് പ്രാധാന്യം നല്‍കിയതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജീതുവിനെ ആശ്വസിപ്പിക്കുകയും സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയും ചെയ്തു. പണം പിന്‍വലിക്കാനുള്ള വ്യവസ്ഥകളെക്കുറിച്ചും നോമിനിയെക്കുറിച്ചും ജീതുവിനെ പറഞ്ഞു മനസ്സിലാക്കാന്‍ ബാങ്ക് അധികൃതര്‍ ശ്രമിച്ചിട്ടും അതിന് സാധിച്ചില്ലെന്ന് പട്ടാന പൊലീസ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ പ്രസാദ് സാഹു പറഞ്ഞു. കല്‍റയുടെ നോമിനിയും മരിച്ചുപോയ സാഹചര്യത്തില്‍, ഏക അവകാശി എന്ന നിലയില്‍ ജീതുവിന് പണം കൈമാറാനുള്ള നടപടികള്‍ ബാങ്കുമായി ബന്ധപ്പെട്ട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എണ്ണവില വില്ലനായി, രൂപയ്ക്ക് 18 പൈസയുടെ നഷ്ടം; സെന്‍സെക്‌സ് 450 പോയിന്റ് കുതിച്ചു

എണ്ണവില വില്ലനായി, രൂപയ്ക്ക് 18 പൈസയുടെ നഷ്ടം; സെന്‍സെക്‌സ് 450 പോയിന്റ് കുതിച്ചു

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 18 പൈസയുടെ നഷ്ടത്തോടെ 94.37ലേക്കാണ് രൂപ താഴ്ന്നത്. എണ്ണവില റോക്കറ്റ് പോലെ കുതിക്കുന്നതും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്.

അതിനിടെ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിന്റെ പാതയിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് 450ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 24,150 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. എഫ്എംസിജി, റിയല്‍റ്റി ഓഹരികള്‍ ഒഴികെ മറ്റെല്ലാ സെക്ടറുകളും നേട്ടത്തിന്റെ പാതയിലാണ്. കോള്‍ ഇന്ത്യ, സണ്‍ഫാര്‍മ, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, അദാനി എന്റര്‍പ്രൈസസ്, ടാറ്റ സ്റ്റീല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

നിഫ്റ്റി സ്‌മോള്‍കാപ്100 0.89 ശതമാനമാണ് മുന്നേറിയത്. നിഫ്റ്റി മിഡ്കാപ്100 0.38 ശതമാനമാണ് കുതിച്ചത്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങാമെന്ന പ്രതീക്ഷയാണ് ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്.

അക്രമിക്കെതിരെ ട്രംപിനെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി

അക്രമിക്കെതിരെ ട്രംപിനെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിയുതിര്‍ത്ത അക്രമിക്കെതിരെ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റം കൂടി ചുമത്തി. മൂന്ന് പ്രധാന കുറ്റങ്ങളാണ് അക്രമിയായ 31 കാരന്‍ കോള്‍ തോമസ് അലനെതിരെ ചുമത്തിയിട്ടുള്ളത്. ട്രംപിനെതിരെ വധശ്രമം, കുറ്റകൃത്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ മാരകായുധങ്ങള്‍ കൈവശം വെച്ചു, അക്രമത്തിനിടെ വെടിയുതിര്‍ത്തു എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

കോടതിയില്‍ ഹാജരാക്കിയ കോള്‍ തോമസ് അലനെ ഫെഡറല്‍ കസ്റ്റഡിയില്‍ തുടരാന്‍ കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. അതേസമയം അക്രമവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ യുഎസ് അറ്റോര്‍ണി ജനറലിന്റെ ചുമതല വഹിക്കുന്ന ടോഡ് ബ്ലാഞ്ച് വെളിപ്പെടുത്തി. അക്രമിയെ കീഴ്‌പ്പെടുത്തിയത് ഡിന്നര്‍ വേദിയുടെ മുകളിലത്തെ നിലയില്‍ വെച്ചാണെന്നാണ് അറ്റോര്‍ണി ജനറല്‍ അറിയിച്ചിട്ടുള്ളത്.

സുരക്ഷാ ചെക്‌പോസ്റ്റുകള്‍ ഭേദിച്ചു കടക്കാന്‍ ശ്രമിച്ച കോള്‍ തോമസ് അലനെതിരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഞ്ചു തവണ വെടിവെച്ചു. എന്നാല്‍ പരിക്കുകളൊന്നുമില്ലാതെ ഇയാളെ തന്ത്രപരമായി വീഴ്‌പ്പെടുത്താന്‍ സാധിച്ചു. അക്രമത്തിന് രണ്ടു ദിവസം മുമ്പ് തന്നെ വാഷിങ്ടണിലെ ഹോട്ടലില്‍ മുറിയെടുത്ത് ഇയാള്‍ താമസം തുടങ്ങി. ആക്രമണത്തിന് മുന്നൊരുക്കങ്ങള്‍ നടത്തി. താന്‍ ചെയ്യാന്‍ പോകുന്ന കൃത്യത്തെ സംബന്ധിച്ച് കുടുംബാംഗങ്ങള്‍ക്ക് ഇയാള്‍ ഇമെയില്‍ അയച്ചിരുന്നുവെന്നും അറ്റോര്‍ണി പറയുന്നു.

സര്‍ക്കാര്‍ നയങ്ങളോടുള്ള അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് ഇയാള്‍ തയ്യാറാക്കിയിരുന്നു. ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളെയാണ് താന്‍ ലക്ഷ്യമിടുന്നതെന്നും അയാള്‍ സൂചിപ്പിച്ചു. എന്നാല്‍ കോള്‍ തോമസ് അലനെതിരെ ഇതുവരെ ക്രിമിനല്‍ റെക്കോര്‍ഡുകളൊന്നും ഇല്ലെന്ന് പൊലീസ് അറിയിച്ചു. ആക്രമണം ഇയാള്‍ ഒറ്റയ്ക്ക് ചെയ്ത പ്രവൃത്തിയാണെന്നും, മറ്റാരുടേയും സഹായം ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായി എന്നാണ് യുഎസ് ഏജന്‍സികളുടെ വിലയിരുത്തല്‍.

മാസങ്ങളുടെ കാത്തിരിപ്പ്; മകളെ കൊന്ന പ്രതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് പിതാവ്

മാസങ്ങളുടെ കാത്തിരിപ്പ്; മകളെ കൊന്ന പ്രതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് പിതാവ്

ചെന്നൈ: മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ വെട്ടിക്കൊന്ന് പിതാവ്. 30 കാരനായ അജിത് കുമാറാണ് കൊല്ലപ്പെട്ടത്. തഞ്ചാവൂരിലെ മേലകലകുടിയിലാണ് സംഭവം. കൊലക്കേസില്‍ അകത്തായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു പിതാവും സുഹൃത്തുക്കളും വീട്ടില്‍ കയറി അജിത് കുമാറിനെ വെട്ടിക്കൊല്ലുന്നത്.

യുവതിയുടെ പിതാവായ പുണ്യമൂര്‍ത്തിയും (53) സുഹൃത്തുക്കളായ എം ലോകേഷ്, ഡി രാമലിംഗം, എ കറുപ്പയ്യ എന്നിവരും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. പുലര്‍ച്ചെ രണ്ട് മണിക്ക് ഉറങ്ങിക്കിടക്കുകയായിരുന്ന അജിത് കുമാറിനെ സംഘം വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പുണ്യമൂര്‍ത്തിയും സുഹൃത്തുക്കളും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

പെയ്ന്റിങ് തൊഴിലാളിയായിരുന്നു അജിത് കുമാര്‍. ഇയാളും പുണ്യമൂര്‍ത്തിയുടെ മകള്‍ കാവ്യയും പ്രണയത്തിലായിരുന്നു. അധ്യാപികയായിരുന്നു കാവ്യ. അജിത്തുമായുള്ള കാവ്യയുടെ പ്രണയം വീട്ടുകാര്‍ അംഗീകരിച്ചില്ല. തുടർന്ന്, ബന്ധുവായ യുവാവുമായി കാവ്യയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചതോടെ പ്രണയബന്ധം തകര്‍ന്നു.

2025 നവംബര്‍ 23 ന് സ്‌കൂളിലേക്ക് പോവുകയായിരുന്ന കാവ്യയെ അജിത് തടഞ്ഞു നിര്‍ത്തി കുത്തിക്കൊല്ലുകയായിരുന്നു. കേസില്‍ അകത്തായ അജിത് ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങുന്നത്. വിവരമറിഞ്ഞ പുണ്യമൂര്‍ത്തി സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് പകരം വീട്ടാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിക്ക് അജിത് കുമാറിനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലുന്നത്. കൊലപാതകത്തിന് ശേഷം ആയുധങ്ങളോടെ പ്രതികള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ചര്‍ച്ചയ്ക്ക് വഴി തെളിയുന്നു?; ഉപാധികള്‍ മുന്നോട്ടുവെച്ച് ഇറാന്‍

ചര്‍ച്ചയ്ക്ക് വഴി തെളിയുന്നു?; ഉപാധികള്‍ മുന്നോട്ടുവെച്ച് ഇറാന്‍

ഇസ്ലാമാബാദ്: പശ്ചിമേഷ്യയില്‍ സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യത തെളിച്ച് ഇറാന്‍ വിദേശകാര്യമന്ത്രിയും സംഘവും ഇസ്ലാമാബാദില്‍ തിരിച്ചെത്തി. കഴിഞ്ഞ വെള്ളിയാഴ്ച പാകിസ്ഥാനിലെത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും, സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് സംഘം ഇസ്ലാമാബാദിലേക്ക് യാത്ര തിരിക്കും മുമ്പ് മടങ്ങിയിരുന്നു. നേരെ ഒമാനിലേക്ക് പോയ അരാഗ്ചി, ഒമാന്‍ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. അവിടെ നിന്നാണ് ഇസ്ലാമാബാദില്‍ തിരിച്ചെത്തിയത്.

വെള്ളിയാഴ്ച മധ്യസ്ഥശ്രമത്തിന് നേതൃത്വം നല്‍കുന്ന പാകിസ്ഥാനിലെത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, വിദേശകാര്യമന്ത്രി ഇഷാഖ് ദര്‍, സേനാ മേധാവി അസിം മുനീര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെടിനിര്‍ത്തല്‍ കാര്യത്തില്‍ ഇറാന്റെ നിലപാട് പാകിസ്ഥാനെ അറിയിച്ചിരുന്നു.

ആണവ പദ്ധതികളുടെ കാര്യത്തിലും ഹോർമുസിലെ ഗതാഗതത്തിലും നിയന്ത്രണങ്ങൾക്ക് വഴങ്ങില്ലെന്നാണ് ഇറാന്‍റെ തീരുമാനം. ഇക്കാര്യം രേഖാമൂലം പാകിസ്ഥാൻ വഴി അമേരിക്കയെ അറിയിച്ചെന്ന് ഫാർസ് ന്യൂസ്‌ ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ രണ്ട് കാര്യങ്ങളിലും വിട്ടുവീഴ്ചയ്ക്ക് ഇറാൻ തയ്യാറല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ചർച്ചകൾ വേണമെന്ന് കൂടിക്കാഴ്ചയ്ക്കിടെ ഇറാനോട്, ഒമാൻ വിദേശകാര്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

അതിനിടെ ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ സമവായത്തിനായി നയതന്ത്ര ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. ഖത്തർ പ്രധാനമന്ത്രി, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി, ഫ്രാൻസ് വിദേശകാര്യ മന്ത്രി എന്നിവർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി ഫോണിൽ സംസാരിച്ചു. സൗദി വിദേശകാര്യ മന്ത്രിയും ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ യുഎഇ വിദേശകാര്യ മന്ത്രിയുമായി ആശയം വിനിമയം നടത്തി. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി ഇറാൻ വിദേശകാര്യ മന്ത്രി സംസാരിക്കും.

ഇറാൻ ചർച്ചയ്ക്ക് തയ്യാറാകാത്തതിനെത്തുടർന്ന് പാകിസ്താനിലേക്കുള്ള യു എസ്. പ്രതിനിധികളുടെ യാത്ര പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാൻ സംഘം ‍ഞായറാഴ്ച തിരിച്ചെത്തിയിരിക്കുന്നത്. യു.എസ്. പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കഷ്‌നർ എന്നിവർ ഇറാൻസംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശനിയാഴ്ച പാകിസ്താനിലേക്കു പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. എന്നാൽ ഇറാൻ സംഘം ഇസ്ലാമാബാദിൽ നിന്നും മടങ്ങിയതോടെ യുഎസ് സംഘത്തിന്റെ യാത്ര ട്രംപ് റദ്ദാക്കുകയായിരുന്നു.