റഷ്യയില്‍ നിന്ന് 288 എസ്-400 മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ, ചെലവ് 10,000 കോടി

റഷ്യയില്‍ നിന്ന് 288 എസ്-400 മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ, ചെലവ് 10,000 കോടി

ഡല്‍ഹി: റഷ്യയില്‍ നിന്ന് 10,000 കോടി രൂപ ചെലവില്‍ 288 എസ്-400 മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) നിന്ന് ഇതുസംബന്ധിച്ച അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. 120 ഹ്രസ്വദൂര മിസൈലുകളും 168 ദീര്‍ഘദൂര മിസൈലുകളും ഫാസ്റ്റ് ട്രാക്ക് പ്രൊസീജിയര്‍ വഴിയാണ് വാങ്ങുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളെയും ഡ്രോണുകളെയും വെടിവച്ചിടാന്‍ എസ്-400 സംവിധാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. ആ സമയത്ത് തീര്‍ന്നുപോയ സ്റ്റോക്ക് നികത്താനാണ് പുതിയ നീക്കം. നിലവില്‍ കരാറൊപ്പിട്ട രണ്ട് എസ്-400 മിസൈലുകള്‍ കൂടി ഈ വര്‍ഷം ജൂണിലും നവംബറിലുമായി ഇന്ത്യയ്ക്ക് ലഭിക്കും.

പാന്റ്‌സിര്‍ ഷോര്‍ട്ട് റേഞ്ച് സിസ്റ്റത്തിനൊപ്പം റഷ്യയില്‍ നിന്ന് അഞ്ച് എസ്-400 സംവിധാനങ്ങള്‍ കൂടി വാങ്ങണമെന്ന് വ്യോമസേന ആവശ്യപ്പെട്ടിരുന്നു. സായുധ ഡ്രോണുകളെയും കാമികേസ് ഡ്രോണുകളെയും നേരിടുന്നതില്‍ റഷ്യന്‍ മിസൈല്‍ സംവിധാനം ഫലപ്രദമാണ്. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് വരുന്ന വ്യോമ നീക്കങ്ങളെ ഫല്വപ്രദമായി പ്രതിരോധിക്കാന്‍ എസ്-400, പാന്റ്‌സിര്‍ മിസൈല്‍ സംവിധാനങ്ങളെ ഇരട്ടപാളികളുള്ള പ്രതിരോധ സംവിധാനത്തിന് കഴിയും.

വ്യോമസേനയ്ക്കായി 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ഏകദേശം 3.60 ലക്ഷം കോടി രൂപയുടെ വിവിധ പ്രതിരോധ പദ്ധതികള്‍ക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരിക്കുന്നത്.

6, 6, 6, 6, 4; 14 പന്തില്‍ 22; 20 പന്തില്‍ 50! കത്തിക്കയറി ഇഷാന്‍ മടങ്ങി

6, 6, 6, 6, 4; 14 പന്തില്‍ 22; 20 പന്തില്‍ 50! കത്തിക്കയറി ഇഷാന്‍ മടങ്ങി

ന്യൂഡല്‍ഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇഷാന്‍ കിഷന്‍. താരം 20 പന്തില്‍ 50 റണ്‍സ് അടിച്ചെടുത്തു. ജെജെ സ്മിറ്റ് ആറാം ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ ഇഷാന്‍ 14 പന്തില്‍ 22 റണ്‍സായിരുന്നു.

സ്മിറ്റിന്റെ ആദ്യ പന്തില്‍ റണ്ണില്ല. പിന്നീടുള്ള അഞ്ച് പന്തുകളില്‍ നിന്നു ഇഷാന്‍ 28 റണ്‍സ് വാരിയാണ് 20 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തിയത്. സ്മിറ്റിന്റെ 2, 3, 4 5 പന്തുകള്‍ സിക്‌സര്‍ തൂക്കി 46ല്‍ എത്തിയ ഇഷാന്‍ ആറാം പന്തില്‍ ഫോറടിച്ചാണ് അര്‍ധ ശതകത്തിലെത്തിയത്.

പിന്നാലെ താരം പുറത്താകുകയും ചെയ്തു. 24 പന്തില്‍ 6 ഫോറും 5 സിക്‌സും സഹിതം ഇഷാന്‍ 61 റണ്‍സ് അടിച്ചാണ് മടങ്ങിയത്. താരത്തിന്റെ മികവില്‍ ഇന്ത്യന്‍ സ്‌കോര്‍ 7 ഓവറില്‍ 104 റണ്‍സിലെത്തുകയും ചെയ്തു. നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസിനാണ് വിക്കറ്റ്.

ടോസ് നേടി നമീബിയ ആദ്യം പന്തെറിയാന്‍ തീരുമാനിക്കകയായിരുന്നു. ഇഷാനൊപ്പം മലയാളി താരം സഞ്ജു സാംസണാണ് ഇത്തവണ കളിക്കാനിറങ്ങിയത്. താരത്തിന്റെ കന്നി ലോകകപ്പ് പോരാട്ടം കൂടിയായിരുന്നു ഇത്. മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിനു പക്ഷേ അധികം മുന്നോട്ടോ പോകാനായില്ല.

ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങിയ സഞ്ജു സാംസണ്‍ 8 പന്തില്‍ 22 റണ്‍സുമായി പുറത്തായി. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മലയാളി താരത്തിന്റെ മടക്കം. 3 സിക്‌സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന്റെ സിക്‌സടിക്കാനുള്ള ശ്രമം പാളിപ്പോയി.

കഴിഞ്ഞ മത്സരം കളിച്ച മുഹമ്മദ് സിറാജിനു പകരം ജസ്പ്രിത് ബുംറ ഇലവനില്‍ തിരിച്ചെത്തി. ആദ്യ മത്സരത്തില്‍ യുഎസ്എക്കെതിരെ ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. നമീബിയ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോടു പരാജയപ്പെട്ടാണ് കളിക്കുന്നത്.

അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ടെക്കി മാതാപിതാക്കളെ കുത്തിക്കൊന്നു

അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ടെക്കി മാതാപിതാക്കളെ കുത്തിക്കൊന്നു

ബംഗളൂരൂ: വിജ്ഞാന നഗറില്‍ മാതാപിതാക്കളെ അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ടെക്കിയായ മകന്‍ കുത്തിക്കൊന്നു. നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥന്‍ നവീന്‍ ചന്ദ്ര ഭട്ട് (60), ഡോ. ശ്യാമള ഭട്ട് (55) എന്നിവരാണ് ഫ്‌ലാറ്റിനുള്ളില്‍ വച്ചുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 33 വയസ്സുള്ള രോഹന്‍ ചന്ദ്ര ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം.

രോഹന്‍ പുതിയ സംരംഭം ആരംഭിക്കുന്നതിനായി മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ രോഹന്‍ ഇരുവരെയും കുത്തിക്കാല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ഉടന്‍ തന്നെ മണിപ്പാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ഇവരുടെ മകള്‍ യുഎസിലാണ്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മകള്‍ വന്നശേഷം പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ ആരംഭിക്കാനാണ് പൊലീസ് തീരുമാനം. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം കണ്ടെത്താനായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

യുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം

യുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം

വാഷിങ്ടണ്‍: അമേരിക്കയില്‍ പൊലീസ് ഓഫീസര്‍ ഓടിച്ച വണ്ടി ഇടിച്ച് മരിച്ച ഇന്ത്യന്‍ യുവതിയുടെ കുടുംബത്തിന് വന്‍ തുക നഷ്ടപരിഹാരം. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ജാഹ്നവി കണ്ഡുലയുടെ കുടുംബത്തിന് 29 ദശക്ഷം ഡോളറാണ് ( 262 കോടി രൂപ)നഷ്ടപരിഹാരമായി ലഭിക്കുക. വാഷിങ്ടണിലെ സിയാറ്റില്‍ നഗര ഭരണകൂടം ആണ് നഷ്ടപരിഹാരം അനുവദിച്ചത്. 2023 ല്‍ ആയിരുന്നു യുവതിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം. അമേരിക്കയിലെ സിയാറ്റിലില്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ പൊലീസ് വാഹനമിടിച്ചായിരുന്നു അപകടം.

ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് ആണ് നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചത്. ‘ജാഹ്നവി കണ്ഡുലയുടെ മരണം അതീവ ദുഃഖകരമാണ്. സാമ്പത്തിക പരമായ ഈ ഒത്തുതീര്‍പ്പ് 23 കാരിയുടെ കുടുംബത്തിന് ആശ്വാസം നല്‍കുമെന്ന് നഗരം പ്രതീക്ഷിക്കുന്നു.’ എന്നാണ് സിറ്റി അറ്റോര്‍ണിയുടെ പ്രതികരണം.

സൗത്ത്‌ലേക്ക് യൂണിയനിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി കാംപസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു. ഡിസംബറില്‍ പഠനം പൂര്‍ത്തിയാക്കാനിരിക്കെയായിരുന്നു അപകടം ഉണ്ടായത്. പൊലീസുകാരനായ കെവിന്‍ ഡേവ് ഓടിച്ച കാര്‍ അമിത വേഗതയിലെത്തി കുട്ടിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ (25 മൈല്‍) വേഗപരിധിയുള്ള പ്രദേശത്ത് 119 കിലോമീറ്റര്‍ (74 മൈല്‍) വേഗതയില്‍ ആയിരുന്നു കെവിന്‍ ഡേവ് വാഹനം ഓടിച്ചിരുന്നത്. ജാഹ്നവിയുടെ മരണത്തിനിടയാക്കിയ വാഹനാപകത്തെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് പ്രതിഷേധം വര്‍ധിപ്പിച്ചു.

ജാഹ്നവി കണ്ഡുലയുടെ മരണത്തെയാണ് അപകടം ഉണ്ടാക്കിയ യുഎസ് പൊലീസ് ഉദ്യോഗസ്ഥന്‍ പരിഹാസച്ചിരിയാടെ അധിക്ഷേപിച്ചതും വലിയ പ്രതിഷേധം ഉയത്തിയിരുന്നു. ഉ ദ്യോഗസ്ഥന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയിലെ ദൃശ്യങ്ങളും സംഭാഷണവും പുറത്തുവന്നതോടെ, സംഭവം വിവാദമാകുകയായിരുന്നു. സിയാറ്റില്‍ പൊലീസ് ഓഫീസേഴ്‌സ് ഗില്‍ഡ് വൈസ് പ്രസിഡന്റ് ഡാനിയല്‍ ഓഡറര്‍, ഗില്‍ഡിന്റെ പ്രസിഡന്റിനോട് വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെയായിരുന്നു ജാഹ്നവിയുടെ ജീവന് വിലയില്ലെന്ന പരാമര്‍ശം ഉദ്യോഗസ്ഥന്‍ നടത്തിയത്. ‘അവള്‍ മരിച്ചു, സാധാരണക്കാരിയാണ്, ഒരു ചെക്ക് എഴുതൂ. പതിനൊന്നായിരം ഡോളര്‍. അവള്‍ക്ക് 26 വയസ്സായിരുന്നു, അവളുടെ ജീവന് വലിയ വിലയില്ല’- തമാശമട്ടില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുകയും ചിരിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

പണിമുടക്ക് തുടങ്ങി, കേരളം നിശ്ചലമാകും; സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചു

പണിമുടക്ക് തുടങ്ങി, കേരളം നിശ്ചലമാകും; സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചു

ഡല്‍ഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നയങ്ങള്‍ക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അര്‍ധരാത്രി ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്ക് വ്യാഴാഴ്ച അര്‍ധരാത്രി വരെ നീളും.

കേരളത്തില്‍ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കുന്നതിനാല്‍ സംസ്ഥാനം പൂര്‍ണ്ണമായും സ്തംഭിച്ചേക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാരും ഉള്‍പ്പെടെ കോടിക്കണക്കിന് തൊഴിലാളികളാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്.

കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകളും സമരമുഖത്തുണ്ട്. സിപിഎം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികളുടെയും മറ്റ് പ്രതിപക്ഷ പാര്‍ടികളുടെ പിന്തുണയിലാണ് പണിമുടക്ക്. തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി, വിത്ത് ഭേദഗതി ബില്ലുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയും ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം എഫ്ഡിഐ, ആണവോര്‍ജ മേഖലയുടെ സ്വകാര്യവല്‍ക്കരണം എന്നിവയ്ക്കെതിരെയുമാണ് പണിമുടക്ക്. രാജ്യത്തെ ആയിരത്തിലധികം കേന്ദ്രങ്ങളില്‍ സിഐടിയു പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഓരോ കേന്ദ്രങ്ങളിലും ആയിരം പേര്‍ വീതം പങ്കാളികളാകും.

പ്രതിഷേധത്തിന്റെ ഭാഗമായി പൊതുയോഗങ്ങളും പ്രകടനങ്ങളും വാഹനറാലികളുമുണ്ട്. രാജ്യതലസ്ഥാന മേഖലയില്‍ ആറിടങ്ങളിലാണ് പ്രതിഷേധം.ആശുപത്രി ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവാ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

അഖിലേന്ത്യാ പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്തംഭിക്കും. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല. പണിമുടക്ക് വിവരം അറിയാതെയെത്തുന്ന ടൂറിസ്റ്റുകളുടെ വാഹനങ്ങള്‍ അനുവദിക്കും. ചരമം, വിവാഹം തുടങ്ങിയ ആവശ്യത്തിന് പോകുന്ന വാഹനങ്ങള്‍ക്ക് ബോര്‍ഡുവച്ച് യാത്രചെയ്യാം. പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍ തുടങ്ങിയ അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, പണിമുടക്കിന് സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല.

രാജ്യം ഇന്ന് പണിമുടക്കുന്നു, കേരളം നിശ്ചലമാകും

രാജ്യം ഇന്ന് പണിമുടക്കുന്നു, കേരളം നിശ്ചലമാകും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ കോഡുകളുള്‍ക്കെതിരെ ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും സംയുക്തമായി ആഹ്വാനം ചെയ്ത പണിമുടക്കിന് തുടക്കം. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവാ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സര്‍ക്കാര്‍ അനുകൂല സംഘടനയായ ബിഎംഎസ് പണിമുടക്കുമായി സഹകരിക്കുന്നില്ല.

ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാര്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരും പണിമുടക്കിന്റെ ഭാഗമാവും. ഭരണ പ്രതിപക്ഷ സംഘടകള്‍ പണിമുടക്കിന്റെ ഭാഗമാകുന്നതോടെ കേരളത്തിലെ വ്യവസായ കാര്‍ഷിക വാണിജ്യ വ്യാപാര മേഖലകള്‍ നിശ്ചലമാകും. മഹിളാ, വിദ്യാര്‍ഥി, യുവജന സംഘടനകളും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. വ്യാഴാഴ്ച 650 കേന്ദ്രങ്ങളില്‍ പ്രതിഷേധറാലികളും യോഗങ്ങളും സംഘടിപ്പിക്കും. ജില്ലാ, ഏരിയാ കേന്ദ്രങ്ങളില്‍ ഉച്ചവരെനീളുന്ന യോഗങ്ങളുണ്ടാകും. കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി സംയുക്ത സമരസമിതിയുടെ ഭാഗമാണെങ്കിലും കേരളത്തില്‍ യോജിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കില്ല. എന്നാല്‍ ബ്ലോക്ക് മണ്ഡലം തലത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് കെപിസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഷോപ്പിങ് മാളുകളും സ്പെഷല്‍ ഇക്കണോമിക് സോണുകളും സ്തംഭിക്കും. പാല്‍, പത്രം, ആശുപത്രി, മരുന്നുകടകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് അടക്കം അവശ്യ സര്‍വീസ് ഒഴിച്ച് മറ്റെല്ലാ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും. വൈദ്യുതി, വിത്ത് ഭേദഗതി ബില്ലുകള്‍, ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം എഫ്ഡിഐ, ആണവോര്‍ജ മേഖലയുടെ സ്വകാര്യവല്‍ക്കരണം പിന്‍വലിക്കുക തുടങ്ങിയവയാണ് തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തുന്ന പ്രധാന വിഷയങ്ങള്‍.