മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി. വിചാരണക്കോടതിയിലാണ് അതിജീവിത ഹര്‍ജി നല്‍കിയത്. ദിലീപിനെതിരെ പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കിയെന്ന ആരോപണത്തിലാണ് നടി ഹര്‍ജി സമര്‍പ്പിച്ചത്.

ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപിനെതിരെ പൊലീസ് കള്ളത്തെളിവുണ്ടാക്കിയെന്ന ആരോപണം ശ്രീലേഖ ഉന്നയിച്ചത്. ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ശ്രീലേഖ പറഞ്ഞിരുന്നു. ഇതേ കേസില്‍ ദിലീപിന് അനുകൂലമായ തരത്തില്‍ ശ്രീലേഖ പറഞ്ഞ പ്രസ്താവനകള്‍ വിവാദമായി കാലങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ശ്രീലേഖ മറ്റൊരു അഭിമുഖത്തില്‍ തന്റെ നിലപാട് ആവര്‍ത്തിച്ചത്. ദിലീപ് ഈ കേസില്‍ ശിക്ഷിക്കപ്പെടില്ലെന്ന് ശ്രീലേഖ ഐപിഎസ് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കേസിന്റെ വിചാരണ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ശ്രീലേഖ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് കോടതി നടപടികളോടുള്ള അനാദരവാണെന്നാണ് അതിജീവിത ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടിയത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം ഇന്ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുക. നടന്‍ ദിലീപ് ഉള്‍പ്പെടെ 9 പേരാണ് കേസില്‍ പ്രതികള്‍. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തിന് ശേഷം സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.

2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടിയെ അതിക്രൂരമായി ആക്രമിച്ചത്. 2018 മാര്‍ച്ചില്‍ ആരംഭിച്ച കേസിന്റെ വിചാരണ നടപടികളാണ്, വര്‍ഷങ്ങള്‍ക്കുശേഷം അന്തിമഘട്ടത്തിലേക്ക് എത്തുന്നത്. കേസില്‍ സാക്ഷിവിസ്താരം ഒന്നരമാസം മുമ്പ് പൂര്‍ത്തിയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ തെളിവുകളുമായി ബന്ധപ്പെട്ട് അന്തിമവാദത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. ഒരു മാസത്തിനകം അന്തിമവാദത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനാണ് സാധ്യത.

കുതിച്ചു കുതിച്ച് സ്വര്‍ണ വില; രണ്ടു ദിവത്തിനിടെ ഉയര്‍ന്നത് 1240 രൂപ

കുതിച്ചു കുതിച്ച് സ്വര്‍ണ വില; രണ്ടു ദിവത്തിനിടെ ഉയര്‍ന്നത് 1240 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുതിപ്പ്. പവന് 640 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,280 രൂപ. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 7285ല്‍ എത്തി.

ഇന്നലെ പവന്‍ വില അറുന്നൂറു രൂപ ഉയര്‍ന്നിരുന്നു. രണ്ടു ദിവസത്തിനിടെ സ്വര്‍ണ വിലയില്‍ ഉണ്ടായത് 1240 രൂപയുടെ വര്‍ധന. കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ രണ്ടായിരത്തിലേറെ രൂപയാണ് പവന് കൂടിയത്.ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. പിന്നീട് വില താഴ്‌ന്നെങ്കിലും തിരിച്ചു കയറുകയായിരുന്നു.

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂർ കൊട്ടേക്കാട് മറിഞ്ഞ ബൈക്ക് വീണ്ടും ഓൺ ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞ ശേഷം വീണ്ടും ഓൺ ചെയ്തപ്പോൾ ടാങ്കിൽ നിന്ന് ചോർന്ന ഇന്ധനത്തിന് തീ പിടിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കോർപറേഷനിലെ മാലിന്യ സംസ്കരണ പ്ലാൻ്റിൽ താൽക്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. കൊട്ടേക്കാട് പള്ളിയ്ക്ക് മുമ്പിൽ ഇന്നലെ ഒൻപതോടെയാണ് അപകടമുണ്ടായത്. തീ പിടുത്തത്തില്‍ ബൈക്ക് പൂർണമായും കത്തി നശിച്ചിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

കാറിന് ഇൻഷുറൻസ് ഇല്ല, വീഡിയോ എടുത്ത മൊബൈൽ ഫോൺ ഹാജരാക്കാൻ നിർദേശം

കാറിന് ഇൻഷുറൻസ് ഇല്ല, വീഡിയോ എടുത്ത മൊബൈൽ ഫോൺ ഹാജരാക്കാൻ നിർദേശം

കോ​ഴി​ക്കോ​ട്: റീൽസ് ചിത്രീകരണത്തിനിടെ യുവാവിനെ ഇടിച്ചിട്ടത് ബെൻസ് കാർ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ബെൻസ് കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ബെൻസ് കാർ ഓടിച്ചയാളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. വിഡിയോ എടുത്ത മൊബൈൽ ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ബെൻസ് കാർ തെലങ്കാന രജിസ്ട്രേഷനിലുള്ളതാണ്. മറ്റു രേഖകൾ വാഹനത്തിനുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്.

അതേസമയം മോട്ടോർ വാഹന വകുപ്പ് കൂടുതൽ നടപടിക്കൊരുങ്ങി. വിഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ ഉടമസ്ഥർക്ക് നിർദേശം നൽകി. വിഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ബെൻസ് കാറും ഡിഫെൻഡർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ഡ്രൈവർമാരുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്.

രണ്ട് വാഹനങ്ങളുടെയും രജിസ്ട്രേഷൻ സസ്‌പെൻഡ് ചെയ്യാനും നീക്കമുണ്ട്. അതേസമയം ആൽവിന്റെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് ബീച്ച് ആശുപത്രിയിൽ നടക്കും. പ്ര​ദേ​ശ​ത്തു​ള്ള സി​സി​ടി​വി ഫൂ​ട്ടേ​ജു​ക​ള്‍ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ഡി​ഫ​ന്‍​ഡ​റി​ന് ഒ​റി​ജി​ന​ല്‍ ന​മ്പ​ര്‍​പ്ലേ​റ്റ് അ​നു​വ​ദി​ച്ചി​രു​ന്നു. താ​ല്‍​ക്കാ​ലി​ക ന​മ്പ​ര്‍ പ്ലേ​റ്റ് ഉ​പ​യോ​ഗി​ച്ചാ​യിരുന്നു ഷൂ​ട്ടിങ്. അ​തും നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇന്നലെ രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വിഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആ​ല്‍​വി​ന്‍ മരിച്ചത്. വാഹനങ്ങളുടെ ചേസിങ് വിഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് രാവിലെ ഏഴരയോടെയായിരുന്നു അപകടം.

ആല്‍വിന്‍ മുൻപ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വിഡിയോ ചിത്രീകരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവർ ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.സ്വകാര്യ സ്ഥാപനത്തിന്‍റെ ഉടമയുടേയും ബന്ധുവിന്‍റേയും വാഹനമാണ് വിഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. ഒ​രാ​ഴ്ച്ച മു​ന്‍​പാ​ണ് ആ​ല്‍​വി​ന്‍ ഗ​ള്‍​ഫി​ല്‍ നി​ന്നും നാ​ട്ടി​ൽ എ​ത്തി​യ​ത്.

ആലുവയിൽ പെരിയാറിലേക്ക് ചാടിയ 23 കാരി മരിച്ചു; വിവാഹം കഴിഞ്ഞത് ഒരു വർഷം മുൻപ്

ആലുവയിൽ പെരിയാറിലേക്ക് ചാടിയ 23 കാരി മരിച്ചു; വിവാഹം കഴിഞ്ഞത് ഒരു വർഷം മുൻപ്

കൊച്ചി: ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ നിന്നു പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു. ആലുവ കുട്ടമശേരി കണിയാമ്പിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ​ഗ്രീഷ്മ (23) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് കൊട്ടാരക്കടവിൽ നിന്നു മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ നിന്നു ​​ഗ്രീഷ്മ പെരിയാറിലേക്ക് ചാടിയത്. പൊലീസും ഫയർഫോഴ്സും ചേർന്നു എട്ടേമുക്കാലോടെ മൃതദേഹം കണ്ടെത്തി. ഒരു വർഷം മുൻപാണ് ​ഗ്രീഷ്മയും അനീഷും വിവാഹിതരായത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇന്ന് ​ഗുരുവായൂർ ഏകാദശി; വ്രതാനുഷ്ഠാനത്തിൽ മുഴുകി ഭക്തർ

ഇന്ന് ​ഗുരുവായൂർ ഏകാദശി; വ്രതാനുഷ്ഠാനത്തിൽ മുഴുകി ഭക്തർ

തൃശൂർ: പ്രസിദ്ധമായ ​ഗുരുവായൂർ ഏകാദശി ഇന്ന്. ഭക്തർ വ്രതാനുഷ്ഠാനത്തോടെയായിരിക്കും ഇന്ന് കണ്ണനെ ദർശിക്കാനെത്തുക. ദശമി ദിനമായ ഇന്നലെ പുലർച്ചെ നട തുറന്നു. ഇനി ദ്വാദശി ദിനമായ നാളെ രാവിലെ 9 മണിക്കാണ് നട അടയ്ക്കുക. പൂജകൾക്ക് മാത്രമായിരിക്കും ഇന്ന് നട അടയ്ക്കുക.

ഏകാദശികളിൽ ഏറ്റവും പ്രധാനമാണ് ​ഗുരുവായൂർ ഏകദാശി. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ​ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത്. അതിനാൽ ​ഗുരുവായൂർ ഏകാദശി ​ഗുരുവായൂർ പ്രതിഷ്ഠാ ദിനമായും കണക്കാക്കുന്നു. ഭ​ഗവാൻ ​ഗീതോപദേശം നൽകിയ ദിനം കൂടിയാണിത്.

ഭ​ഗവാൻ മഹാവിഷ്ണു ദേവീദേവൻമാർക്കൊപ്പം ​ഗുരുവായൂർക്കെഴുന്നള്ളുന്ന ദിനമാണിതെന്നും വിശ്വാസമുണ്ട്. ഇന്നേ ദിവസം ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്നതു പോലും സുകൃതമാണെന്നു ഭക്തർ കരുതുന്നു.

ഏകദാശിയോടനുബന്ധിച്ച് ചാവക്കാട് താലൂക്കിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. തൃശൂർ ജില്ലാ കലക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കേന്ദ്ര, സംസ്ഥാന, അർധ സർക്കാർ സ്ഥാപനങ്ങളിലെ നിയമന പരീക്ഷകൾക്കും അവധി ബാധകമല്ല.