by Midhun HP News | Dec 11, 2024 | Latest News, കേരളം
തൊടുപുഴ: നിർത്തിയിട്ടിരുന്ന കാറിൽ രക്തത്തിൽ കുളിച്ച നിലയിൽ 2 യുവാക്കളെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇടുക്കി രാജകുമാരിക്ക് സമീപം സേനാപതി റോഡിലാണ് യുവാക്കളെ രക്തത്തിൽ കുളിച്ച നിലയിൽ കാറിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
രാത്രി എട്ട് മണിയോടെ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനു വെളിയിൽ രക്തം പുരണ്ട ഷർട്ട് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. നാട്ടുകാരുടെ പരിശോധനയിലാണ് രക്തത്തിൽ കുളിച്ച് യുവാക്കളെ ബോധരഹിതമായ നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനു പിന്നാലെ ഉടുമ്പൻചോല പൊലീസ് സ്ഥലത്തെത്തി ഇരുവരേയും രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലുമെത്തിച്ചു. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി.
by Midhun HP News | Dec 11, 2024 | Latest News, കേരളം
കൊല്ലം: നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ കൊല്ലം മാടൻനടയിലെ കുടുംബ വീട്ടിൽ മോഷണം. വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും മോഷണം പോയി. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
രണ്ട് പേരാണ് കവർച്ച നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംശയമുള്ള രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇവരാണോ മോഷണം നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ചൊവ്വാഴ്ച വൈകിട്ട് സുരേഷ് ഗോപിയുടെ സഹോദര പുത്രനും കുടുംബവും വീട്ടിൽ എത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്.
ഇവർ വീട്ടിൽ എത്തിയപ്പോൾ രണ്ടു പേർ മതിൽ ചാടി കടന്നു പോകുന്നത് കണ്ടു. പിന്നീട് നടത്തിയ പരിശോധനയിൽ വീടിനു സമീപത്തെ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന പഴയ പാത്രങ്ങളും ഇരുമ്പ് സാധനങ്ങളും മോഷണം പോയതായി കണ്ടെത്തി. ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.
by Midhun HP News | Dec 11, 2024 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്ന് വിചാരണ കോടതിയിൽ ആരംഭിക്കും. എറണാകുളം സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികൾ നടക്കുന്നത്.
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. 2018 മാർച്ച് എട്ടിനാണ് വിചാരണ നടപടികൾ ആരംഭിച്ചത്. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.വാദം പൂർത്തിയാക്കാൻ രണ്ടാഴ്ച സമയം വേണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെടും. അന്തിമ വാദത്തിന്റെ നടപടി ക്രമങ്ങൾ ഒരു മാസം കൊണ്ടു പൂർത്തിയാക്കിയേക്കും. വാദം പൂർത്തിയായി കേസ് വിധി പറയുന്നതിനായി മാറ്റും.
ഷൂട്ടിങിനു ശേഷം തിരികെ വരിരയായിരുന്ന നടിയുടെ കാറിനു പിന്നില വാഹനമിടിപ്പിച്ച് നിർത്തുകയും അതിക്രമിച്ചു കയറി ലൈംഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് കേസ്.
by Midhun HP News | Dec 10, 2024 | Latest News, കേരളം
കോഴിക്കോട്: റീല്‍സ് ചിത്രീകരണത്തിനിടെ സുഹൃത്തിന്റെ വാഹനമിടിച്ച് 21കാരന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടികെ ആല്‍വിന്‍ ആണ് മരിച്ചത്. ബീച്ച് റോഡില്‍ വെള്ളയില്‍ ഭാഗത്ത് ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു.
റോഡിന്റെ ഇരുവശത്തുനിന്നും വരുന്ന രണ്ട് ആഡംബരവാഹനങ്ങള്‍ ആല്‍വിന്‍ റോഡിന്റെ നടുവില്‍ നിന്ന് ചിത്രീകരിക്കുകയായിരുന്നു. അതിനിടെ സുഹൃത്തിന്റെ കാര്‍ ആല്‍വിന്റെ മേലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് വെള്ളയില്‍ പൊലീസ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടകാരണമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. അപകടത്തില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
by Midhun HP News | Dec 10, 2024 | Latest News, കേരളം
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും എംപിയുമായ എംകെ രാഘവനെതിരെ മാടായി കോ ഓപറേറ്റിവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ഥി. നിയമനം നടത്തിയത് പണം വാങ്ങിയിട്ടാണെന്നും നിയമനം സുതാര്യമാണെന്ന എംപിയുടെ വാദം തെറ്റാണെന്നും അഭിമുഖത്തിനെത്തിയ കെബി നിതീഷ് പറഞ്ഞു. നിയമനം കിട്ടിയവരുടെ ബാങ്ക് അക്കൗണ്ട്, വായ്പാ വിവരങ്ങള്‍ പരിശോധിച്ചാല്‍ അഴിമതി പുറത്തുവരുമെന്നും നിതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
‘വളരെ സുതാര്യമായിട്ടാണ് മാടായി കോളജില്‍ നിയമനം നടന്നതെന്നാണ് എംപി എംകെ രാഘവന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. ശനിയാഴ്ച നടന്ന ഇന്റര്‍വ്യൂവില്‍ ഞാനും പങ്കെടുത്തിരുന്നു. രണ്ടാമതായിരുന്നു എന്റെ അഭിമുഖം. അപ്പോള്‍ തന്നെ ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായ സര്‍ക്കാര്‍ പ്രതിനിധിക്ക് ഞാന്‍ ഒരു പരാതി നല്‍കിയിരുന്നു. എംകെ രാഘന്‍ എംപിയുടെ ബന്ധു ധനേഷ്, പയ്യന്നൂര്‍ സ്വദേശി എന്നിവര്‍ക്ക് നേരത്തെ തന്നെ ജോലി വാഗ്ദാനം ചെയ്തതായും അവരോട് അതിനായി സാമ്പത്തികവും വാങ്ങിയിരുന്നെന്ന് നിതീഷ് പറഞ്ഞു. അവരുടെ പേര് വച്ച് തന്നെയാണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ പറഞ്ഞവര്‍ക്ക് തന്നെയാണ് പിന്നീട് ജോലി കിട്ടിയത്. നിയമനത്തിനായി അവരില്‍ നിന്ന് പത്ത് ലക്ഷംരൂപ വാങ്ങിയിരുന്നു. ഇവരുടെ ബാങ്ക് ലോണുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും’ -നിതീഷ് പറഞ്ഞു.
കോളജിലെ നിയമനത്തില്‍ എംകെ രാഘവനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംപിയുടെ കോലം കത്തിച്ചിരുന്നു. മാടായിയില്‍ കല്യാശേരി, മാടായി ബ്ളോക്ക് ഭാരവാഹികളും പ്രവര്‍ത്തകരുമാണ് രാഘവനെതിരെ പ്രതിഷേധപ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തത്. അതിനുപിന്നാലെ നിയമനം സുതാര്യമാണെന്നും ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു.
എസ്സ്‌സി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിയമനം നടന്നത്. രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്നും സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും രാഘവന്‍ പറഞ്ഞു. സുപ്രീം കോടതി നിബന്ധനകള്‍ക്ക് വിധേയമായാണ് നിയമനം നടത്തിയതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കോളജില്‍ നാല് അനധ്യാപക തസ്തികകള്‍ നിയമം നടക്കാതെ ഒഴിഞ്ഞുകിടക്കുകയയിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 83 അപേക്ഷകരെത്തി. ഓഫീസ് അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്നിങ്ങനെയുള്ള തസ്തികകളിലേക്കായിരുന്നു നിയമനം. ഓഫീസ് അറ്റന്‍ഡര്‍ തസ്തിക ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്തതാണ്. അന്ധരായ അപേക്ഷകരില്ലാത്തതിനാല്‍ ബധിരനായ ആള്‍ക്ക് നിയമനം നല്‍കുകയായിരുന്നു. സുപ്രീം കോടതി നിര്‍ദേശം പാലിച്ചാണ് ഈ പോസ്റ്റില്‍ നിയമനം നടത്തിയത്. ഇന്റര്‍വ്യൂ നടത്തിയത് താനല്ലെന്നും ജോയിന്റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനാണെന്നും എംകെ രാഘവന്‍ പറഞ്ഞു.
നിയമനം കിട്ടിയ ആള്‍ ബന്ധുവായിരിക്കാം. എന്നാല്‍ ആ ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല നിയമനം നല്‍കിയത്. തന്റെ കൈകള്‍ പരിശുദ്ധമെന്നും ഒരാളുടെ കൈയില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും എംകെ രാഘവന്‍ പറഞ്ഞു. മാടായി കോളജിനെ കുറിച്ച് പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് രാഘവന്‍ വ്യക്തമാക്കി. 29ാമത്തെ വയസില്‍ താന്‍ മുന്‍കൈയെടുത്താണ് കോളജ് ആരംഭിച്ചത്. ഏഴ് മാസം മുന്‍പാണ് കോളജിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്. താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയിട്ടും നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചതിനാലാണ് സ്ഥാനം ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡയറക്ടര്‍ ബോര്‍ഡംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തത് തന്നോടാലോചിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.തന്റെ കോലം കത്തിച്ചത് തന്നെ കത്തിച്ചതിന് തുല്യമാണ്. ഇളക്കി വിടുന്നവരെ തനിക്ക് അറിയാം. പേര് ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Dec 10, 2024 | Latest News, കേരളം
തൃശൂര്‍: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി പാലിച്ച് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ സ്മൃതിദിനം ആചരിച്ചു. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ പ്രതിമയ്ക്ക് മുന്നില്‍ തുമ്പിക്കൈ ഉയര്‍ത്തി ഗുരുവായൂര്‍ ദേവസ്വം ആനത്തറവാട്ടിലെ ഇളം മുറക്കാരന്‍ കൊമ്പന്‍ ഇന്ദ്രസെന്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു.
ഇന്ന് രാവിലെ 6.30 ന് തിരുവെങ്കിടത്തു നിന്നുമാണ് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള ഗജഘോഷയാത്ര ആരംഭിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള നിശ്ചിത അകലം പാലിച്ച് ദേവസ്വത്തിലെ 5 ആനകള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. തുടര്‍ന്നാണ് ശ്രീവല്‍സം അതിഥിമന്ദിര വളപ്പിലെത്തി കേശവന്‍ പ്രതിമയ്ക്ക് മുന്നില്‍ സ്മരണാഞ്ജലി അര്‍പ്പിച്ചത്. ദേവസ്വം കൊമ്പന്‍ ഇന്ദ്രസെന്‍ ആണ് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ ഛായാചിത്രം ശിരസിലേറ്റിയത്. കൊമ്പന്‍ ബല്‍റാം ഗുരുവായൂരപ്പന്റെ ചിത്രവും കൊമ്പന്‍ വിഷ്ണു ഭഗവതിയുടെ ചിത്രവും ശിരസിലേറ്റി. ശ്രീവല്‍സത്തിന് മുന്നില്‍ ദേവസ്വം ആനകളായ അക്ഷയ കൃഷ്ണന്‍, ഗോപീകണ്ണന്‍, വിനായകന്‍, പീതാംബരന്‍, ദേവി എന്നിവര്‍ നേരത്തെയെത്തി കേശവന് ശ്രദ്ധാഞ്ജലി നേര്‍ന്നു.
Recent Comments