തുമ്പിക്കൈ ഉയര്‍ത്തി കൊമ്പന്‍ ഇന്ദ്രസെന്‍; സ്മൃതിദിനത്തില്‍ ഗുരുവായൂര്‍ കേശവന് ശ്രദ്ധാഞ്ജലി

തുമ്പിക്കൈ ഉയര്‍ത്തി കൊമ്പന്‍ ഇന്ദ്രസെന്‍; സ്മൃതിദിനത്തില്‍ ഗുരുവായൂര്‍ കേശവന് ശ്രദ്ധാഞ്ജലി

തൃശൂര്‍: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി പാലിച്ച് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ സ്മൃതിദിനം ആചരിച്ചു. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ പ്രതിമയ്ക്ക് മുന്നില്‍ തുമ്പിക്കൈ ഉയര്‍ത്തി ഗുരുവായൂര്‍ ദേവസ്വം ആനത്തറവാട്ടിലെ ഇളം മുറക്കാരന്‍ കൊമ്പന്‍ ഇന്ദ്രസെന്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു.

ഇന്ന് രാവിലെ 6.30 ന് തിരുവെങ്കിടത്തു നിന്നുമാണ് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള ഗജഘോഷയാത്ര ആരംഭിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള നിശ്ചിത അകലം പാലിച്ച് ദേവസ്വത്തിലെ 5 ആനകള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. തുടര്‍ന്നാണ് ശ്രീവല്‍സം അതിഥിമന്ദിര വളപ്പിലെത്തി കേശവന്‍ പ്രതിമയ്ക്ക് മുന്നില്‍ സ്മരണാഞ്ജലി അര്‍പ്പിച്ചത്. ദേവസ്വം കൊമ്പന്‍ ഇന്ദ്രസെന്‍ ആണ് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ ഛായാചിത്രം ശിരസിലേറ്റിയത്. കൊമ്പന്‍ ബല്‍റാം ഗുരുവായൂരപ്പന്റെ ചിത്രവും കൊമ്പന്‍ വിഷ്ണു ഭഗവതിയുടെ ചിത്രവും ശിരസിലേറ്റി. ശ്രീവല്‍സത്തിന് മുന്നില്‍ ദേവസ്വം ആനകളായ അക്ഷയ കൃഷ്ണന്‍, ഗോപീകണ്ണന്‍, വിനായകന്‍, പീതാംബരന്‍, ദേവി എന്നിവര്‍ നേരത്തെയെത്തി കേശവന് ശ്രദ്ധാഞ്ജലി നേര്‍ന്നു.

പെണ്‍കുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങി മരിച്ചു

പെണ്‍കുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങി മരിച്ചു

പത്തനംതിട്ട: സഹപാഠിയായ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു. ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജിയാണ് (21) മരിച്ചത്. തിരുവല്ലയിലെ തിരുമൂലപുരത്തെ വാടകവീട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജർമൻഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയിലെത്തിയത്.

സഹപാഠിയായ 19-കാരിയെ വീഡിയോ കോൾ ചെയ്തു കൊണ്ട് അഭിജിത്ത് കഴുത്തിൽ കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു. പെൺകുട്ടി വീട്ടിലെത്തി നോക്കിയപ്പോഴെക്കും യുവാവ് മരിച്ചിരുന്നു. പെൺകുട്ടിയാണ് പൊലീസ് സ്റ്റേഷനിൽ വിവരമറിയച്ചത്. ഇടുക്കി സ്വദേശികളായ ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സുഹൃത്തുക്കളായ ആൺകുട്ടികളോട് പെൺകുട്ടി ഇടപഴകുന്നത് അഭിജിത്തിന് ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലി പലതവണ ഇരുവരും തമ്മിൽ തർക്കമുണ്ടായി. അഭിജിത്ത് തന്നെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നുവെന്നും പെൺകുട്ടി മൊഴിൽ പറയുന്നു. ഒടുവിൽ വിവരം പെൺകുട്ടി രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് പ്രണയബന്ധത്തിൽ നിന്നും പിന്മാറുന്നതായി യുവാവിനോട് പറയുകയും ചെയ്തു. ഇതാണ് ആത്മഹത്യയിലേക്കു നയിച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്.

‘ഭക്തര്‍ ക്ഷേത്രത്തില്‍ പോകുന്നത് ദൈവത്തെ കാണാന്‍; മുഖ്യമന്ത്രിയുടെയും എംഎല്‍എമാരുടെയും മുഖം കാണാനല്ല’

‘ഭക്തര്‍ ക്ഷേത്രത്തില്‍ പോകുന്നത് ദൈവത്തെ കാണാന്‍; മുഖ്യമന്ത്രിയുടെയും എംഎല്‍എമാരുടെയും മുഖം കാണാനല്ല’

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെയും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനെയും അഭിനന്ദിക്കുന്ന ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ക്ഷേത്രങ്ങളില്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെയോ, എംഎല്‍എമാരുടെയോ, ബോര്‍ഡ് അംഗങ്ങളുടെയോ മുഖം കാണാനല്ല, ദൈവത്തെ കാണാനാണ് ഭക്തര്‍ ക്ഷേത്രത്തിലെത്തുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. ആലപ്പുഴ തുറവൂര്‍ മഹാക്ഷേത്രത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിനെതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം.

മണ്ഡലകാലത്ത് ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനം അനുവദിച്ചതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി എന്‍ വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, എംഎല്‍എ എന്നിവരെ അഭിനന്ദിച്ചുകൊണ്ടുള്ള ചിത്രങ്ങളടങ്ങിയ ഫ്ളക്സ് ബോര്‍ഡാണ് സ്ഥാപിച്ചിരുന്നത്. ഫ്‌ലെക്‌സില്‍ അതൃ്പതി അറിയിച്ച കോടതി ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ ഉടമയാണെന്ന് ധരിക്കരുത്. ബോര്‍ഡ് അതിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ നിയന്ത്രിക്കുന്ന ട്രസ്റ്റി മാത്രമാണ്. ഭക്തര്‍ ക്ഷേത്രങ്ങളില്‍ പോകുന്നത് ദൈവത്തെ കാണാനാണ്. അല്ലാതെ മുഖ്യമന്ത്രിയെയും എംഎല്‍എ, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവരുടെ മുഖം കാണാനല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

തുറവൂര്‍ ക്ഷേത്രം ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമാണ്. അവിടെ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കടമയാണ്. ഇത്തരം ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ക്ഷേത്ര ഉപദേശക സമിതിയുടെ ജോലിയല്ലെന്നും ഭക്തരില്‍ നിന്ന് ലഭിക്കുന്ന പണം ഇതിനായി ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു.

റേഡിയോ സിലോണിൽ മുഴങ്ങിയ മലയാളി ശബ്‌ദം; സരോജിനി ശിവലിം​ഗം അന്തരിച്ചു

റേഡിയോ സിലോണിൽ മുഴങ്ങിയ മലയാളി ശബ്‌ദം; സരോജിനി ശിവലിം​ഗം അന്തരിച്ചു

കോയമ്പത്തൂർ: ശ്രീലങ്കയിലെ റേഡിയോ സിലോണിന്റെ മലയാളം പരിപാടികളുടെ അവതാരകയെന്ന നിലയിൽ പ്രശസ്തയായിരുന്ന സരോജിനി ശിവലിം​ഗം (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച രാവിലെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

പാലക്കാട് സ്വദേശിനിയായ സരോജിനി ശ്രീലങ്കക്കാരനായ ആർആർ ശിവലിം​ഗത്തെ വിവാഹം കഴിച്ച് എഴുപതുകളുടെ തുടക്കത്തിലാണ് ശ്രീലങ്കയിൽ എത്തുന്നത്. യാദൃച്ഛികമായി റേഡിയോയിൽ കേട്ട മലയാളം പരിപാടിയിൽ ആകൃഷ്ടയാവുകയും പിന്നീട് റേഡിയോ അവതാരകയായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. അക്കാലത്ത് ദിവസവും അരമണിക്കൂറായിരുന്നു റേഡിയോയിൽ മലയാളം പരിപാടി.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശ്രോതാക്കളുടെ കത്തുകളുടെ അവതരണവും നാട്ടിലുള്ള കുടുംബാം​ഗങ്ങൾക്കായി സന്ദേശ ​ഗാനങ്ങൾ അവതരിപ്പിക്കുന്നതും ഏറെ ശ്രദ്ധേയമായിരുന്നു. മാരിവില്ല്, രാ​ഗസം​ഗമം, ശബ്ദലഹരി, വനിതാരം​ഗം തുടങ്ങിയ ഒട്ടേറെ റേഡിയോ പരിപാടികൾക്ക് തുടക്കമിട്ട സരോജിനി ശിവലിം​ഗത്തിന് ലോകമെമ്പാടും ആരാധകരുണ്ടായിരുന്നു. 1983ൽ ശ്രീലങ്കയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ കുടുംബമായി നാട്ടിലേക്ക് മടങ്ങി. വർഷങ്ങളായി കോയമ്പത്തൂരായിരുന്നു താമസം.

മക്കള്‍ തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിച്ചില്ല; ലോറന്‍സിന്റെ മൃതദേഹം രണ്ടരമാസമായി മോര്‍ച്ചറിയില്‍

മക്കള്‍ തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിച്ചില്ല; ലോറന്‍സിന്റെ മൃതദേഹം രണ്ടരമാസമായി മോര്‍ച്ചറിയില്‍

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട് മക്കള്‍ തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിച്ചില്ലെന്ന് മധ്യസ്ഥന്‍. കുടുംബവുമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ ഒത്തുതീര്‍പ്പിലെത്താന്‍ സാധിച്ചില്ലെന്നുമുള്ള റിപ്പോര്‍ട്ട് മധ്യസ്ഥനായി പ്രവര്‍ത്തിച്ച മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ എന്‍ സുഗുണപാലന്‍ ഹൈക്കോടതിയില്‍ നല്‍കി. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ബെഞ്ച് മാറ്റി.

ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് ഡിവിഷന്‍ ബെഞ്ചിന് നല്‍കിയ അപ്പീലിലാണ് കോടതി മധ്യസ്ഥനെ നിയോഗിക്കാന്‍ നിര്‍ദേശിച്ചത്. മരിച്ചയാളോട് അല്‍പ്പമെങ്കിലും ആദരവ് കാണിക്കണമെന്നും തര്‍ക്കങ്ങള്‍ കുടുംബത്തിനുള്ളില്‍ തന്നെ പരിഹരിക്കാന്‍ ശ്രമിക്കൂ എന്നും വ്യക്തമാക്കിയായിരുന്നു അന്നത്തെ കോടതി നടപടി. തുടര്‍ന്നാണ് കുടുംബം മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ എന്‍ സുഗുണപാലനെ മധ്യസ്ഥനായി നിശ്ചയിച്ചത്. മക്കള്‍ തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ തനിക്ക് സാധിച്ചില്ലെന്ന് മധ്യസ്ഥന്‍ അറിയിച്ചതോടെ തീരുമാനം വീണ്ടും കോടതിയുടെ പരിഗണനയിലായി. സെപ്റ്റംബര്‍ 21ന് അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവിന്റെ മൃതദേഹം ഇപ്പോഴും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് നല്‍കിയ അപ്പീലിന് പുറമേ മറ്റൊരു മകള്‍ സുജാത ബോബനും കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി വിട്ടുനല്‍കാന്‍ നേരത്തേ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. തര്‍ക്കം പരിശോധിക്കാന്‍ രൂപീകരിച്ച മെഡിക്കല്‍ കോളജ് സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ ശരിയായ രീതിയിലല്ല സമിതി തങ്ങളെ കേട്ടത് എന്നു കാട്ടി ആശ ലോറന്‍സ് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

സന്നിധാനത്ത് ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ല; സ്‌പെഷല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്

സന്നിധാനത്ത് ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ല; സ്‌പെഷല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്

കൊച്ചി: സന്നിധാനത്ത് നടന്‍ ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്ന് ശബരിമല സ്‌പെഷല്‍ പൊലീസ് ഓഫീസറുടെ റിപ്പോര്‍ട്ട്. ദേവസ്വം ഗാര്‍ഡുകളാണ് ദിലീപിന് മുന്‍നിരയില്‍ സ്ഥാനം ഉറപ്പാക്കിയതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വിഷയം പരിഗണിക്കും.

ഹരിവരാസനം കീര്‍ത്തനം പാടുന്ന സമയം മുഴുവനും സന്നിധാനത്തിന് മുന്നില്‍ നില്‍ക്കാന്‍ സൗകര്യം ചെയ്തുകൊടുത്തത് ദേവസ്വം ഗാര്‍ഡുകളാണ്. പൊലീസ് ഇക്കാര്യത്തില്‍ ഒരു സഹായവും ചെയ്തിട്ടില്ല. ദിലീപിനും സംഘത്തിനും പൊലീസിന്റെ ഭാഗത്തു നിന്നും ഒരു സംരക്ഷണവും പരിരക്ഷയും നല്‍കിയിട്ടില്ല.ദിലീപിന് മുന്‍നിരയില്‍ വിഐപി പരിഗണന നല്‍കിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇനി ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് എന്നും സന്നിധാനം സ്‌പെഷല്‍ പൊലീസ് ഓഫീസര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.