by Midhun HP News | Dec 5, 2024 | Latest News, കേരളം
കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ദക്ഷിണ റെയില്‍വേയുമായി നടത്തിയ ചര്‍ച്ച പോസിറ്റീവെന്ന് കെ റെയില്‍ എംഡി അജിത് കുമാര്‍. റെയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷാജി സക്കറിയയുമായാണ് കെ റെയില്‍ എംഡി ചര്‍ച്ച നടത്തിയത്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയില്‍വേ ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തത വരുത്തുകയായിരുന്നു ചര്‍ച്ചയുടെ ഉദ്ദേശം.
നാല്‍പ്പത്തിയഞ്ച് മിനിറ്റാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ച നീണ്ടത്. ഇപ്പോള്‍ നടന്നത് പ്രാഥമിക ചര്‍ച്ചയായിരുന്നെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അജിത് കുമാര്‍ പറഞ്ഞു. റെയില്‍വേ മുന്നോട്ടുവെച്ചിരിക്കുന്ന ഡിപിആറുമായി ബന്ധപ്പെട്ട് തുടര്‍ചര്‍ച്ചകള്‍ക്ക് കെ റെയില്‍ തയാറാകുന്നുവെന്നാണ് ലഭിക്കുന്ന സൂചന.
വീതികുറഞ്ഞ സ്റ്റാന്‍ഡേര്‍ഡ് ഗേജിന് പകരം സില്‍വര്‍ ലൈനിന്റെ ട്രാക്ക് റെയില്‍വേ ഉപയോഗിക്കുന്നതു പോലുള്ള ബ്രോഡ്‌ഗേജാക്കണമെന്നും വന്ദേഭാരതും ഗുഡ്‌സ്‌ട്രെയിനുകളും ഇതിലൂടെ ഓടിക്കണമെന്നുമാണ് റെയില്‍വേയുടെ പ്രധാന നിര്‍ദ്ദേശം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സില്‍വര്‍ലൈന്‍ ട്രെയിനുകള്‍ മാത്രം ഓടുന്ന പാതയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.
by Midhun HP News | Dec 5, 2024 | Latest News, കേരളം
കൊല്ലം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപറിന്റെ ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. 12 കോടിയുടെ ഒന്നാം സമ്മാനമാണു ദിനേശിനു കിട്ടിയത്. നികുതികൾ പിടിച്ചശേഷം 6.18 കോടി രൂപയാണു ദിനേശിനു കയ്യിൽ കിട്ടുക. കൊല്ലം ജയകുമാര്‍ ലോട്ടറീസ് എടുത്ത പത്ത് ടിക്കറ്റില്‍ ഒന്നിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ദിനേശ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍പ് ഇവിടെ നിന്ന് ടിക്കറ്റ് എടുത്തിരുന്നു. അപ്പോഴൊക്കെ ചെറിയ സമ്മാനം ലഭിച്ചിരുന്നു. ഇതാദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നതെന്ന് ദിനേശ് കുമാര്‍ പറഞ്ഞു. ലോട്ടറി അടിച്ചതറിഞ്ഞ് ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇന്നാണ് ഒന്നാം സമ്മാനം ലഭിച്ച കാര്യം വീട്ടുകാരെ അറിയിച്ചത്. ലോട്ടറി തുക ബാങ്കില്‍ നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പമാണ് ദിനേശ്, ജയകുമാര്‍ ലോട്ടറി സെന്ററിലെത്തിയത്. മാലയിട്ട് ബൊക്ക നല്‍കി പൊന്നാടയണിയിച്ചാണ് ദിനേശിനെ ലോട്ടറി സെന്ററിലുള്ളവര്‍ സ്വീകരിച്ചത്. തലപ്പാവും അദ്ദേഹത്തെ അണിയിച്ചു.
കൊല്ലം ജയകുമാര്‍ ലോട്ടറീസ് വിറ്റ JC 325526 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം JA 378749, JB 939547, JC 616613, JD 211004, JE 584418 എന്നീ ടിക്കറ്റുകള്‍ക്ക്. ഗോര്‍ക്കി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.
അഞ്ച് പരമ്പരകള്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം പത്ത് ലക്ഷമാണ് മൂന്നാം സമ്മാനം. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.
by Midhun HP News | Dec 5, 2024 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ പാലപ്പള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മൂന്ന് മണിക്കൂറിലേറെ നേരം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ദൗത്യം വിഫലമായി.
ഇന്നു രാവിലെ എട്ടോടെയാണ് ഉപയോഗശൂന്യമായി കിടന്ന സെപ്ടിക് ടാങ്കില്‍ കാട്ടാനക്കുട്ടി വീണത്. കണ്ടെത്തിയ നാട്ടുകാര്‍ വിവരം വനംവകുപ്പിനെ അറിയിച്ചു. കുട്ടിയാനയുടെ ശരീരത്തേക്ക് മണ്ണ് ഇടിഞ്ഞുവീണതിനാല്‍ എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
ജെസിബി ഉപയോഗിച്ച് കുഴിയുടെ വീതീ കൂട്ടാന്‍ ശ്രമിച്ചും ജെസിബിയില്‍ ചവിട്ടി കയറാന്‍ ആനയ്ക്ക് വഴിയൊരുക്കാന്‍ ശ്രമിച്ചും രക്ഷാദൗത്യം മുന്നോട്ടുപോയെങ്കിലും ഫലമുണ്ടായില്ല. പത്തുമിനിറ്റിലേറെയായി ആന അനക്കമില്ലാതെ കിടക്കുന്നതുകണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി സ്ഥിരീകരിച്ചത്.
by Midhun HP News | Dec 5, 2024 | Latest News, കേരളം
ആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി സംഭവത്തില്‍ എഴ് വയസുകാരിയായ മകളുടെ നിര്‍ണായക മൊഴി പുറത്ത്. അമ്മ ആതിര അച്ഛനെ തടിക്കഷണം കൊണ്ട് തലയ്ക്കടിക്കുന്നത് കണ്ടുവെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. കായംകുളം പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്‍-ബീന ദമ്പതികളുടെ ഏക മകനായിരുന്ന വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന് നേരത്തെ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതോെടെയാണ് ഭാര്യ ആതിരയെ പൊലീസ് ഒന്നാം പ്രതിയാക്കിയത്. ആതിരയുടെ പിതൃസഹോദരങ്ങളായ ബാബുരാജ് (54), പത്മന്‍ (41), പൊടിമോന്‍ (50) എന്നിവരും പ്രതിപട്ടികയിലുണ്ട്. തൃക്കുന്നപ്പുഴ പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.
മകളുടെ കണ്മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. ഒന്നര വര്‍ഷക്കാലമായി പിണങ്ങി താമസിക്കുകയായിരുന്നു വിഷ്ണുവും ഭാര്യ ആതിരയും. കുട്ടിയെ ധാരണപ്രകാരം പരസ്പരം മാറിമാറിയാണ് നോക്കിയിരുന്നത്. ഇതുപ്രകാരം മകളെ തിരിച്ചേല്‍പ്പിക്കാന്‍ ഭാര്യവീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. എന്നാല്‍ മകള്‍ അച്ഛനൊപ്പം പോകണമെന്ന് വാശിപിടിച്ച മകളെ ആതിര അടിച്ചു.
ഇതേച്ചൊല്ലി ആതിരയും വിഷ്ണുവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ വിഷ്ണു ആതിരയെ അടിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പിതൃസഹോദരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘം ചേര്‍ന്ന് വിഷ്ണുവിനെ മര്‍ദിക്കുകയായിരുന്നുവെന്നും ബോധരഹിതനായി കിടന്ന വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നുമുള്ള വിവരമാണ് നേരത്തെ പുറത്ത് വന്നിരുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണു മരിക്കുകയുമായിരുന്നു.
by Midhun HP News | Dec 5, 2024 | Latest News, കേരളം
ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ കളര്‍കോട് വാഹനാപകടത്തില്‍ വാഹന ഉടമയ്‌ക്കെതിരെ നടപടിയെടുക്കും. വാഹനം നല്‍കിയത് വാടകയ്ക്ക് തന്നെയാണെന്ന് വ്യക്തമായി. അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന ഗൗരി ശങ്കര്‍ വാഹന ഉടമയായ ഷാമില്‍ ഖാന് 1,000 രൂപ ഗൂഗിള്‍ പേ ചെയ്തുകൊടുത്തതിന്റെ തെളിവ് പൊലീസ് ശേഖരിച്ചു.
വിദ്യാര്‍ത്ഥികളുമായുള്ള പരിചയത്തിന്റെ പുറത്താണ് വാഹനം വിട്ടുനല്‍കിയതെന്നും വാടക വാങ്ങിയിരുന്നില്ലെന്നുമാണ് തുടക്കം മുതല്‍ ഷാമില്‍ ഖാന്‍ പറഞ്ഞിരുന്നത്. വാഹനം വാടകയ്ക്ക് നല്‍കുന്നതിനുള്ള ലൈസന്‍സും ഷാമില്‍ ഖാന് ഇല്ല. ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നത്. ഷാമില്‍ ഖാന്റെ മൊഴി നേരത്തെ ആര്‍ടിഒ രേഖപ്പെടുത്തിയിരുന്നു. നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയ ശേഷം മൊഴിരേഖപ്പെടുത്തുകയായിരുന്നു.
‘മരിച്ച മുഹമ്മദ് ജബ്ബാര്‍ സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കാവശ്യപ്പെട്ട് വിളിക്കുമായിരുന്നു. ആ പരിചയത്തിന്റെ പേരിലാണ് കാര്‍ ചോദിച്ചത്. ഒഴിവുദിവസം കിട്ടിയെന്നും സിനിമയ്ക്ക് പോകാനാണെന്നുമാണ് കുട്ടികള്‍ പറഞ്ഞത്. ആദ്യം കാര്‍ നല്‍കാന്‍ വിസമ്മതിച്ചു. എന്നാല്‍ മുഹമ്മദ് ജബ്ബാറിന്റെ സഹോദരനുമായി സംസാരിച്ച ശേഷം കാര്‍ നല്‍കുകയായിരുന്നു. ആറുപേര്‍ ഉണ്ടാകുമെന്നാണ് തന്നോട് പറഞ്ഞത്. പതിനൊന്ന് പേര്‍ ഉണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു’, എന്നാണ് അപകടത്തിന് പിന്നാലെ ഷാമില്‍ ഖാന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്.
അതേസമയം സംഭവത്തില്‍ കാറോടിച്ച വിദ്യാര്‍ത്ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണ് കേസ്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാറുമായി ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.
by Midhun HP News | Dec 5, 2024 | Latest News, കേരളം
കാസര്‍കോട്: കാസര്‍കോട് ബേക്കല്‍ പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. മന്ത്രവാദിനിയായ യുവതി അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശി ജിന്നുമ്മ എന്ന ഷെമീമ (38), ഭര്‍ത്താവ് ഉബൈദ്, പൂച്ചക്കാട് സ്വദേശി അന്‍സിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സ്വര്‍ണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ഗഫൂറിന്റെ വീട്ടില്‍ വെച്ച് മന്ത്രവാദം നടത്തി സ്വര്‍ണം തട്ടിയെടുത്തിരുന്നു. 596 പവന്‍ സ്വര്‍ണമാണ് സംഘം തട്ടിയെടുത്തത്. മന്ത്രവാദത്തിനു ശേഷം പലതവണയായി കൈപ്പറ്റിയ സ്വര്‍ണം തിരിച്ചു ചോദിച്ചപ്പോള്‍ ഗഫൂറിന്റെ തല ഭിത്തിയില്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. തട്ടിയെടുത്ത സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചയാളാണ് ആയിഷയെന്ന് പൊലീസ് സൂചിപ്പിച്ചു. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യവസായിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്മയില്‍ എം സി അബ്ദുല്‍ ഗഫൂറിനെ (55) 2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മകളും മകന്റെ ഭാര്യയും ഈ സമയത്ത് ബന്ധുവീട്ടിലായിരുന്നുവെന്നാണ് പൊലീസില്‍ നല്‍കിയ മൊഴിയിലും പരാതിയിലും വ്യക്തമാക്കിയിരുന്നത്.
സ്വാഭാവിക മരണമാണെന്നാണ് ആദ്യം പൊലീസും വീട്ടുകാരും കരുതിയത്. ഇതേത്തുടര്‍ന്ന് സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ നിന്നും 600 പവനോളം സ്വര്‍ണം കാണാതായത് മനസ്സിലായതോടെ മരണത്തില്‍ സംശയം തോന്നി. തുടര്‍ന്ന് മൃതദേഹം കുഴിച്ചെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. എന്നാല്‍ അബ്ദുള്‍ ഗഫൂറിന്റേത് കൊലപാതകമാണെന്ന് പറഞ്ഞ് ആക്ഷന്‍ കമ്മിറ്റി സമരം നടത്തിയിരുന്നു. തങ്ങളുടെ ആരോപണം സത്യമാണെന്ന് കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ വ്യക്തമാക്കി.
Recent Comments