ആറ്റിങ്ങൽ ടിബി  ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സഞ്ചാരി മോട്ടോഴ്സ് സ്ഥാനത്തിനുള്ളിൽ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സഞ്ചാരി മോട്ടോഴ്സ് സ്ഥാനത്തിനുള്ളിൽ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് സമീപം പ്രവർത്തിക്കുന്ന സഞ്ചാരി മോട്ടോഴ്സ് എന്ന സ്ഥാനത്തിനുള്ളിൽ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിശദവിവരങ്ങൾ അറിവായിട്ടില്ല

വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 11 പേർക്ക് പരിക്ക്

വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 11 പേർക്ക് പരിക്ക്

വയനാട് വൈത്തിരിയില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 11 പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിയുകയയായിരുന്നു. കർണാടകയിലെ കുശാൽനഗറിൽ നിന്നുള്ള ബസ് ആണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കുശാൽനഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. 45 വിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്.

ഒമ്പത് അധ്യാപകരും ഒരു കുക്കും ബസിലുണ്ടായിരുന്നു. വിനോദയാത്രയ്ക്ക് എത്തിയ കെപിഎസ് ആർനള്ളി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് അപകടത്തില്‍പെട്ടത്.

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി വി പ്രശാന്തിനും കോടതി നോട്ടീസ്

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി വി പ്രശാന്തിനും കോടതി നോട്ടീസ്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ടി വി പ്രശാന്തിനും നോട്ടീസ്. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ടത്. കേസ് ഈ മാസം 10 ന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കേസില്‍ പ്രതി ചേര്‍ക്കാത്ത ജില്ലാ കലക്ടറുടേയും ടിവി പ്രശാന്തിന്റേയും മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കില്ലേയെന്ന് കോടതി ചോദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇരുവര്‍ക്കും നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് അഭിപ്രായപ്പെട്ടാണ് കുടുംബം കോടതിയെ സമീപിച്ചത്.

നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണ ഉദ്യോഗസ്ഥര്‍ വേണ്ടത്ര തെളിവുകള്‍ ശേഖരിക്കുന്നില്ലെന്നും, ലഭിച്ച തെളിവുകള്‍ സംരക്ഷിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും കുടുംബം ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എഡിഎമ്മിന്റെ മരണം വിവാദമായ സാഹചര്യത്തില്‍ നവീന്‍ബാബു സഞ്ചരിച്ചിരുന്ന വഴിയിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് സംരക്ഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ, യാത്രയയപ്പ് യോഗത്തിന്റെ മുഖ്യസാക്ഷി കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍, പെട്രോള്‍ പമ്പ് തുടങ്ങാന്‍ അപേക്ഷ നല്‍കിയ ടി വി പ്രശാന്ത് എന്നിവരുടെ ഫോണ്‍ കോള്‍, ടവര്‍ ലൊക്കേഷന്‍ തുടങ്ങിയ തെളിവുകള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എല്ലാത്തരം തെളിവുകളും സംരക്ഷിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. എഡിഎം താമസിച്ച സ്ഥലത്ത് സിസിടിവി കാമറകൾ ഇല്ലയെന്നുമാണ് പ്രോസിക്യൂഷൻ പറ‍ഞ്ഞത്.

ഉള്ളുനീറി വണ്ടാനം മെഡിക്കൽ കോളേജ്; പ്രതീക്ഷയോടെ എത്തിയ കലാലയത്തിൽ നിന്നും ചേതനയറ്റ് മടക്കം

ഉള്ളുനീറി വണ്ടാനം മെഡിക്കൽ കോളേജ്; പ്രതീക്ഷയോടെ എത്തിയ കലാലയത്തിൽ നിന്നും ചേതനയറ്റ് മടക്കം

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരണപ്പെട്ട എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. മരണത്തിലും ഒരുമിച്ചായിരുന്ന കൂട്ടുകാർക്ക് നെഞ്ച് പൊട്ടിയാണ് വണ്ടാനം മെഡിക്കല്‍ കോളേജിലെ സഹപാഠികൾ വിട നൽകിയത്. വിദ്യാര്‍ത്ഥികളായ ഇബ്രാഹിം, ദേവാനന്ദ്, ആയുഷ് രാജ്, ശ്രീദീപ്, മുഹമ്മദ് ജബ്ബാര്‍ എന്നിവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് ശേഷം വീട്ടുകാർക്ക് കൈമാറും. ഏറെ പ്രതീക്ഷയോടെ ഒരുമാസം മുന്‍പ് വണ്ടാനം മെഡിക്കല്‍ കോളേജിലെത്തിയവരാണ് ഇന്ന് ചേതനയറ്റ് കോളേജിലെത്തിയത്.

പ്രിയപ്പെട്ടവർക്ക് വണ്ടാനം മെഡിക്കൽ കോളേജ് വിടനൽകുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ മാതാപിതാക്കളും, പ്രിയപ്പെട്ട സഹപാഠികളുടെ വിയോഗത്തില്‍ പൊട്ടിക്കരയുന്ന വിദ്യാര്‍ത്ഥികളുമാണ് മെഡിക്കല്‍ കോളേജില്‍ തടിച്ചുകൂടിയത്. മന്ത്രി വീണ ജോര്‍ജ്, സജി ചെറിയാന്‍ തുടങ്ങി നിരവധി ജനപ്രതിനിധകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയത്.

കഴിഞ്ഞ ദിവസം ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിലാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ മരണപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാർ പൂര്‍ണമായും തകര്‍ന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ കാറില്‍ നിന്നും പുറത്തെടുക്കാനായത്.

പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാര്‍ വാടകയ്‌ക്കെടുത്ത് ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം. കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മങ്ങിയതോ ബ്രേക്ക് കിട്ടാതിരുന്നതോ ആകാം അപകടത്തില്‍ കലാശിച്ചതെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെ നിഗമനം.

പിന്നോട്ടെടുത്ത ബസ് മുന്നോട്ടുകുതിച്ചു; സ്റ്റാന്‍ഡില്‍ കാത്തിരിക്കുന്ന യുവാവിന്റെ ദേഹത്തേക്ക് പാഞ്ഞുകയറി

പിന്നോട്ടെടുത്ത ബസ് മുന്നോട്ടുകുതിച്ചു; സ്റ്റാന്‍ഡില്‍ കാത്തിരിക്കുന്ന യുവാവിന്റെ ദേഹത്തേക്ക് പാഞ്ഞുകയറി

തൊടുപുഴ: സ്റ്റാന്‍ഡില്‍ ബസ് കാത്തിരിക്കുന്നതിനിടെ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറി. കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സ്റ്റാന്‍ഡിനുള്ളില്‍ കസേരയിലിരുന്ന കുമളി അരമിനിയില്‍ വിഷ്ണു ബസിനടിയില്‍പെട്ടെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. കുമളി – മൂന്നാര്‍ റൂട്ടില്‍ ഓടുന്ന ദിയ ബസ് ആണ് അപകടം ഉണ്ടാക്കിയത്.

പിന്നോട്ടെടുത്ത ബസ്, ഗിയര്‍ മാറിവീണ് മുന്നോട്ട് കുതിച്ച് ഉയര്‍ത്തിക്കെട്ടിയ തറയും പിന്നിട്ട് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി. ഈ സമയം സ്റ്റാന്‍ഡില്‍ ബസ് കാത്തിരിക്കുന്നവര്‍ക്കായുള്ള കസേരയില്‍ ഫോണില്‍ നോക്കിയിരിക്കുകയായിരുന്നു വിഷ്ണു. 5 സീറ്റു വീതമുള്ള 2 ഇരിപ്പിടങ്ങളാണ് ആ ഭാഗത്തുള്ളത്. ഇവയുടെ രണ്ടിന്റെയും നടുവിലേക്കാണു ബസ് ഇടിച്ചുകയറിയത്. കസേര ഇളകി പിന്നോട്ടുമറിഞ്ഞു. ഇതിന്റെ അടിയില്‍പെട്ടതിനാലാണു വിഷ്ണുവിനു പരുക്കേല്‍ക്കാതിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വിഷ്ണുവിന്റെ തലയൊഴിച്ചുള്ള ഭാഗം ബസ്സിനടിയില്‍ കുടുങ്ങുകയും ചെയ്തു.

സംഭവത്തില്‍ യുവാവിന് പരിക്ക് ഇല്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ല. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഡ്രൈവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും ഇടുക്കി ജോയിന്റ് ആര്‍ടിഒ അറിയിച്ചു.

‘അകലം പാലിച്ചില്ല’; തൃപ്പൂണിത്തുറ ആന എഴുന്നള്ളിപ്പില്‍ കേസ്

‘അകലം പാലിച്ചില്ല’; തൃപ്പൂണിത്തുറ ആന എഴുന്നള്ളിപ്പില്‍ കേസ്

കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പില്‍ വനംവകുപ്പ് കേസെടുത്തു. ഹൈക്കോടതി മാര്‍ഗനിര്‍ദേശപ്രകാരമുള്ള അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രം ഭരണസമിതിക്കെതിരെയാണ് കേസെടുത്തത്. വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും ആനകളും ആളുകളും തമ്മില്‍ എട്ടു മീറ്റര്‍ അകലവും പാലിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തില്‍ ഈ അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.

മഴ മൂലമാണ് മാര്‍ഗനിര്‍ദേശപ്രകാരമുള്ള അകലം പാലിക്കാനാകാതിരുന്നതെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. വൃശ്ചികോത്സവത്തിന്റെ ആദ്യ ദിവസം രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി അളന്ന് തിട്ടപ്പെടുത്തിയതു പ്രകാരം നിശ്ചിത അകലത്തിലായിരുന്നു രാവിലെ കാഴ്ച ശീവേലി അടക്കം നടന്നത്. രണ്ടു നിരയായിട്ടായിരുന്നു ആനകളെ നിര്‍ത്തിയിരുന്നത്. വൃശ്ചികോത്സവത്തിന് 15 ആനകളെയാണ് എഴുന്നള്ളിക്കുന്നത്. ഉത്സവത്തിനായി ആനകളുടെ അകലം അടക്കമുള്ള മാര്‍ഗരേഖയില്‍ ഇളവു തേടി ദേവസ്വം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇളവ് അനുവദിച്ചിരുന്നില്ല.