നവീന്‍ബാബുവിന്റെ മരണം: തെളിവുകള്‍ സംരക്ഷിക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി

നവീന്‍ബാബുവിന്റെ മരണം: തെളിവുകള്‍ സംരക്ഷിക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണണെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ, യാത്രയയപ്പ് യോഗത്തിന്റെ മുഖ്യസാക്ഷി കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍, പെട്രോള്‍ പമ്പ് തുടങ്ങാന്‍ അപേക്ഷ നല്‍കിയ ടി വി പ്രശാന്ത് എന്നിവരുടെ ഫോണ്‍ കോള്‍, ടവര്‍ ലൊക്കേഷന്‍ തുടങ്ങിയ തെളിവുകള്‍ സംരക്ഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ജില്ലാ കലക്ടറുടേത് അടക്കം കേസില്‍ ഉള്‍പ്പെട്ടവരുടെ ഫോണ്‍ കോളുകള്‍, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവുകള്‍ സംരക്ഷിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

നവംബര്‍ മാസത്തെ റേഷന്‍ ഇന്നു കൂടി; നാളെ റേഷന്‍ കടകള്‍ക്ക് അവധി

നവംബര്‍ മാസത്തെ റേഷന്‍ ഇന്നു കൂടി; നാളെ റേഷന്‍ കടകള്‍ക്ക് അവധി

തിരുവനന്തപുരം: നവംബര്‍ മാസത്തെ റേഷന്‍ ഇന്നു കൂടി ലഭിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് നാളെ റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. ഡിസംബര്‍ മാസത്തെ റേഷന്‍ ഈ മാസം അഞ്ചു മുതല്‍ ( വ്യാഴാഴ്ച) വിതരണം ചെയ്തുതുടങ്ങും. നീല കാര്‍ഡുകാര്‍ക്ക് മൂന്നു കിലോ അരിയും വെള്ള കാര്‍ഡുകാര്‍ക്ക് 5 കിലോ അരിയും 10.90 രൂപ നിരക്കില്‍ ലഭിക്കുമെന്നും സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

പൊലീസ് സ്റ്റേഷനില്‍ ഒരാളെ ശാരീരികമായി പീഡിപ്പിക്കുന്നത് കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ല; കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ട: ഹൈക്കോടതി

പൊലീസ് സ്റ്റേഷനില്‍ ഒരാളെ ശാരീരികമായി പീഡിപ്പിക്കുന്നത് കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ല; കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ട: ഹൈക്കോടതി

കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ഒരാളെ ശാരീരിക പീഡനത്തിന് ഇരയാക്കുന്നത് പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം നടപടികളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി സ്വീകരിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തനിക്കെതിരെ കേസെടുക്കാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിനെതിരെ നിലമ്പൂര്‍ എസ്‌ഐ ആയിരുന്ന സി അലവി നല്‍കിയ റിവിഷന്‍ പെറ്റീഷന്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ ബാബു ഉത്തരവ് പുറപ്പെടുവിച്ചത്.

ഹര്‍ജിക്കാരന്റെ പ്രവൃത്തിയും ഒദ്യോഗിക കൃത്യനിര്‍വഹണവും തമ്മില്‍ ന്യായമായ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്ന് കോടതി വിലയിരുത്തി. സ്ത്രീയെ അധിേപിച്ചെന്ന പരാതിയില്‍ 2008 ജൂലൈയില്‍ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി യുവാവിനെ എസ്‌ഐ മര്‍ദ്ദിച്ചെന്നാണ് കേസ്. സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായിരുന്ന യുവാവിന്റെ സഹാദരി മര്‍ദ്ദനം തടയാന്‍ ശ്രമിച്ചു. ഗര്‍ഭിണിയായ സഹോദരിയെയും മര്‍ദ്ദിച്ചെന്നും കേസില്‍ പറയുന്നു. യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും, അന്വേഷണം നടത്തിയ ഡിവൈഎസ്പി വ്യാജ കേസാണ് ഇതെന്ന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് നല്‍കിയ സ്വകാര്യ അന്യായത്തിലാണ് എസ്‌ഐക്കെതിരെ കേസെടുക്കാന്‍ നിലമ്പൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. എന്നാല്‍ കൃത്യനിര്‍വഹണത്തിനിടെയുള്ള സംഭവമായിരുന്നു ഇതെന്നാണ് എസ്‌ഐ വാദിച്ചത്. സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ കേസെടുക്കാനാകൂ എന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഇതു മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കിയത്.

കാര്‍ വന്നത് അമിതവേഗത്തില്‍; റിപ്പോര്‍ട്ട് ഇന്ന് കൈമാറുമെന്ന് ആര്‍ടിഒ

കാര്‍ വന്നത് അമിതവേഗത്തില്‍; റിപ്പോര്‍ട്ട് ഇന്ന് കൈമാറുമെന്ന് ആര്‍ടിഒ

ആലപ്പുഴ: കളര്‍കോട് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കാര്‍ വാടകയ്ക്ക് നല്‍കിയത് അനധികൃതമായെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ. വാഹനത്തിന്റെ പഴക്കവും കനത്ത മഴ കാരണം കാഴ്ച മങ്ങിയതും അപകടത്തിന് കാരണമായതായും ആര്‍ടിഒ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും.

വാഹനത്തിന്റെ അമിത വേഗം അപകടത്തിന് കാരണമായിട്ടുണ്ടെന്ന് ആര്‍ടിഒ പറഞ്ഞു. വാഹനം വളരെ സ്പീഡിലായിരുന്നു എന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൂടാതെ പഴയ വണ്ടിയാണെന്നതും അപകടത്തിന് കാരണമായി. വാഹനം ഓടിച്ച ആളുടെ പരിചയക്കുറവും ഒരു കാരണമാണ്. ഡ്രൈവര്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ട് അഞ്ചുമാസമേ ആയിട്ടുള്ളു. ഏഴ് പേര്‍ക്ക് ഇരിക്കാവുന്ന വാഹനത്തില്‍ പതിനൊന്നുപേര്‍ കയറിയതും അപകടത്തിന്റെ ആക്കം കൂട്ടിയതായി ആര്‍ടിഒ പറഞ്ഞു.

പെര്‍മിറ്റലധികം ആളുകള്‍ ഉണ്ടായാല്‍ വാഹനം നിയന്ത്രിക്കുക എളുപ്പമല്ല. വാഹനം ഫെയ്‌സ് ടു ഫെയ്‌സ് ആണ് ഇടിച്ചിരുന്നതെങ്കില്‍ ഇത്ര പേര്‍ മരിക്കാന്‍ ഇടയാകുമായിരുന്നില്ല. എയര്‍ ബാഗ് ഉണ്ടെങ്കിലും ഇടിയുടെ ആഘാതത്തില്‍ അത് തകര്‍ന്നുപോകുമായിരുന്നു. വാഹനത്തിന്റെ ബ്രേക്ക് സിസ്റ്റത്തിന് തകരാര്‍ ഉണ്ടായിരുന്നില്ലെന്നും മഴയത്ത് പെട്ടന്ന് ബ്രേക്കിട്ടതും അപകടത്തിന് കാരണമായതായി ആര്‍ടിഒ പറഞ്ഞു.

ഇന്നലെ രാത്രി 9.20 ഓടെ കെഎസ്ആര്‍ടി ബസിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന 5 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് മരിച്ചത്. ആലപ്പുഴ ഗവ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്‍(19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വല്‍സന്‍ (19), കോട്ടയം ചേന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പിപി മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (19) എന്നിവരാണു മരിച്ചത്. 6 പേര്‍ക്കു പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്. കാറിലുണ്ടായിരുന്ന 11 പേരും ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളാണ്.

കനത്ത മഴയിൽ മരക്കൊമ്പ് വീഴാതിരിക്കാൻ വെട്ടിച്ചു; കാർ കുളത്തിൽ വീണ് യുവാവ് മരിച്ചു

കനത്ത മഴയിൽ മരക്കൊമ്പ് വീഴാതിരിക്കാൻ വെട്ടിച്ചു; കാർ കുളത്തിൽ വീണ് യുവാവ് മരിച്ചു

കണ്ണൂർ: കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. കനത്ത മഴയിൽ ഒടിഞ്ഞു വീണ മരക്കൊമ്പ് കാറിലേക്ക് വീഴാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം. നിയന്ത്രണം വിട്ട് കാർ കുളത്തിലേക്ക് മറിയുകയായിരുന്നു.

ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ഒരു പരീക്ഷ കഴിഞ്ഞ് ഇന്ന് പുലർച്ചെ ഇമ്മാനുവൽ നാട്ടിലേക്ക് മടങ്ങാനായി തലശ്ശേരിയിൽ എത്തി. കാർ ഇവിടെ നിർത്തിയിട്ടതായിരുന്നു. ഇവിടെ നിന്നു കാറിൽ മടങ്ങുന്നതിനിടെ വീടിനു തൊട്ടടുത്തു വച്ചു തന്നെയാണ് അപകടം സംഭവിച്ചത്.ഡ്രൈവിങിനിടെ കനത്ത മഴയിൽ മരക്കൊമ്പ് പൊട്ടി വീഴുന്നത് ഇമ്മാനുവൽ കണ്ടു. ഇതോടെയാണ് കാർ വെട്ടിച്ചത്. വണ്ടി ഒരു തെങ്ങിൽ ഇടിച്ച് റോഡരികിലുണ്ടായിരുന്ന വലിയ കുളത്തിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ എത്തി ഇമ്മാനുവലിനെ പുറത്തെടുത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആലപ്പുഴയിൽ 5 മെഡിക്കല്‍ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അപകടത്തിന്റെ ആഘാതം ഉയർത്തിയത് ഓവർലോഡ്

ആലപ്പുഴയിൽ 5 മെഡിക്കല്‍ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അപകടത്തിന്റെ ആഘാതം ഉയർത്തിയത് ഓവർലോഡ്

ആലപ്പുഴയിൽ 5 മെഡിക്കല്‍ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അപകടത്തിന്റെ ആഘാതം ഉയർത്തിയത് ഓവർലോഡ്.

ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടവേര കാറില്‍ 12 പേരാണ് ഉണ്ടായിരുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം പറഞ്ഞു. വാഹനം ഓടിച്ച വിദ്യാർത്ഥിയുമായി സംസാരിച്ച ശേഷമാണ് ഉദ്യോഗസ്ഥർ ഇക്കാര്യം പറഞ്ഞത്. ഒൻപത് മണിയോടെയാണ് അപകടം ഉണ്ടായത്. ആ സമയം ഒരു മണിക്കൂറോളമായി ആലപ്പുഴ നഗരപ്രദേശത്ത് നല്ല മഴയായിരുന്നു. മഴ മൂലം കാഴ്ച മങ്ങിയതും അപകടത്തിന് വഴിവെച്ചിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നും രണ്ടും വർഷ മെഡിക്കല്‍ വിദ്യാർത്ഥികളാണ് അപകടത്തില്‍പെട്ടത്. ആലപ്പുഴയില്‍ നിന്നും കായംകുളത്തേക്ക് പോകുകായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലേക്കാണ് കാർ ഇടിച്ചുകയറിയത്.

2010 മോഡല്‍ ടവേര കാറാണ് അപകടത്തില്‍പെട്ടത്. വാഹനം പൂർണമായി തകർന്നിട്ടുണ്ട്. ശ്രീദീപ് (പാലക്കാട്) മുഹമ്മദ് ഇബ്രാഹിം, ദേവാനന്ദ് (ലക്ഷദ്വീപ്), മുഹമ്മദ് ജബ്ബാർ (കണ്ണൂർ) ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്ന ഒരു കുട്ടിയുടെ നിലയും ഗുരുതരമാണ്. വണ്ടാനം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലുമായിട്ടാണ് കുട്ടികളെ പ്രവേശിപ്പിച്ചിട്ടുളളത്.