by Midhun HP News | Dec 2, 2024 | Latest News, കേരളം
കണ്ണൂര്‍: വളപട്ടണത്ത് അരിവ്യാപാരി അഷ്‌റഫിന്റെ വീട് കുത്തിത്തുറന്ന് 267 പവന്‍ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ അയല്‍വാസി ലിജീഷ് സമാനമായ രീതിയില്‍ നേരത്തെയും മോഷണം നടത്തിയതായി കണ്ണൂര്‍ കമ്മീഷണര്‍ അജിത് കുമാര്‍. മോഷ്ടിച്ച പണവും സ്വര്‍ണവും ലീജിഷ് വീട്ടിലെ കട്ടിലിനടിയില്‍ പ്രത്യേകം സജ്ജമാക്കിയ അറയിലാണ് ഒളിപ്പിച്ചതെന്നും വീട്ടില്‍ നിന്ന് 267 പവനും ഒരു കോടി ഇരുപത് ലക്ഷം ആആആ രൂപയും കണ്ടെത്തിയതായി കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
25ാം തീയതിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതെന്ന് കമ്മീഷണര്‍ പറഞ്ഞു. 19ാം തീയതി അഷ്‌റഫ് കുടംബസമേതം മധുരയില്‍ കല്യാണത്തിന് പോയിരുന്നു. അതുകഴിഞ്ഞ് 24ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ലോക്കര്‍ പൊട്ടിച്ച് അതിലുണ്ടിയിരുന്ന ഒരുകോടിയിലധികം രൂപയും 300 പവന്‍ സ്വര്‍ണവും മോഷണം പോയതായി മനസിലാക്കുന്നത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. വീടിന്റെ പുറകിലുള്ള ജനല്‍ പൊട്ടിച്ചാണ് അയല്‍വാസിയായ ലീജീഷ് അതിവിദഗ്ധമായി മോഷണം നടത്തിയതെന്ന് കമ്മീഷണര്‍ പറഞ്ഞു. വിരലടയാള വിദഗ്ധന്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിനായി ഇരുപതംഗങ്ങളുളള പ്രത്യേക സംഘം രൂപികരിച്ചു.
നൂറോളം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായി കമ്മീഷണര്‍ പറഞ്ഞു. 67 പേരുടെ വിരലടയാളങ്ങള്‍ പരിശോധിച്ചു. 215 പേരെ ചോദ്യം ചെയ്തു. കോഴിക്കോട്, മംഗലാപുരം വരെ റെയില്‍വേയിലെ ടവര്‍ ഡം പരിശോധിച്ചതായും കമ്മീഷണര്‍ പറഞ്ഞു. പ്രതിയെ ശനിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. വിരലടയാളം പരിശോധിച്ചു. അതിനിടെ പ്രതി കീച്ചേരിയില്‍ സമാനമായ രീതിയില്‍ മോഷണം നടത്തിയതായും കണ്ടെത്തി. ഏറെ നേരത്തെ ചോദ്യം ചെയ്യിലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചതെന്ന് കമ്മീഷണര്‍ പറഞ്ഞു.
19ന് മോഷണം നടത്തിയ ലീജീഷ് മറന്നുവച്ച ആയുധം എടുക്കുന്നതിനായി 21 ന് വീണ്ടും വീട്ടില്‍ കയറി. മുഖം മൂടിയും വസ്ത്രങ്ങളും പ്രതി കത്തിച്ചതായും കമ്മീഷണര്‍ പറഞ്ഞു. മോഷണത്തിനായി ഉപയോഗിച്ച ഉപകരണങ്ങള്‍ പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. മോഷണത്തിന് മുന്‍പായി അഷ്‌റഫിന്റെ വീട്ടിലെ കാമറകള്‍ പ്രതി മറച്ചതായും തിരിച്ചുവച്ച കാമറയിലൊന്നില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതാണ് അന്വേഷണത്തില്‍ നിര്‍ണായകമായതെന്നും പൊലീസ് പറഞ്ഞു. വീട്ടില്‍ സ്വര്‍ണവും പണവും ഉണ്ടെന്ന് പ്രതിക്ക് അറിയാമായിരുന്നെന്നും കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
3 മാസം മുന്‍പു ഗള്‍ഫില്‍നിന്നു തിരിച്ചുവന്ന ലിജീഷ് കഴിഞ്ഞ വര്‍ഷം കീച്ചേരിയില്‍ മോഷണം നടത്തിയതും ജനല്‍ ഗ്രില്‍ ഇളക്കിയായിരുന്നു. അവിടെ നിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവന്‍ സ്വര്‍ണവുമാണ് ലിജീഷ് കവര്‍ന്നത്. ലിജീഷിനെ പിടികൂടിയത് അറിഞ്ഞ പലര്‍ക്കും ആശ്ചര്യമാണ്. ഇങ്ങനെയൊക്കെ ഇയാള്‍ ചെയ്യുമോയെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്‌റഫിന്റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചിരുന്നു. അഷ്‌റഫിന്റെ വിവരങ്ങളെല്ലാം അറിയുന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന് പൊലീസ് ആദ്യം മുതല്‍ സംശയിച്ചതാണു വഴിത്തിരിവായത്.
by Midhun HP News | Dec 2, 2024 | Latest News, കേരളം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് എപ്പോള്‍ പുതുക്കണം, എങ്ങനെ, പിഴയില്ലാതെ അടക്കാനുള്ള പരിധി തുടങ്ങിയ കാര്യങ്ങളില്‍ കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ലൈസന്‍സ് പുതുക്കുന്നതിന്, 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ഒറിജിനല്‍ ഡ്രൈവിങ്ങ് ലൈസന്‍സും കണ്ണു പരിശോധന സര്‍ട്ടിഫിക്കറ്റും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മതി. 40 വയസ്സ് കഴിഞ്ഞവര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും കൂടി കരുതണമെന്നും എംവിഡി പറയുന്നു.
ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി കഴിയുന്നതിനേക്കാള്‍ ഒരു വര്‍ഷം മുമ്പ് മുതല്‍ ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുന്നതാണ്. അതുപോലെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം വരെയും പിഴയില്ലാതെ ലൈസന്‍സ് പുതുക്കാവുന്നതാണ്.കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുന്നതെങ്കില്‍ വാഹനം ഓടിച്ച് കാണിക്കണം.
മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
സ്‌നേഹമുള്ളവരെ, നമ്മുടെ കൈവശമുള്ള ലൈസന്‍സ് പുതുക്കുന്നതിന്, 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ഒറിജിനല്‍ ഡ്രൈവിങ്ങ് ലൈസന്‍സും കണ്ണു പരിശോധന സര്‍ട്ടിഫിക്കറ്റും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മതി.40 വയസ്സ് കഴിഞ്ഞവര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും കൂടി കരുതേണ്ടതാണ്.
ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി കഴിയുന്നതിനേക്കാള്‍ ഒരു വര്‍ഷം മുമ്പ് മുതല്‍ ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുന്നതാണ്. അതുപോലെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം വരെയും പിഴയില്ലാതെ ലൈസന്‍സ് പുതുക്കാവുന്നതാണ്.കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുന്നതെങ്കില്‍ വാഹനം ഓടിച്ച് കാണിക്കേണ്ടതാണ്.www.parivahan.gov.in എന്ന സൈറ്റില്‍ പ്രവേശന ശേഷം ഓണ്‍ലൈന്‍ സര്‍വീസ്- ഡ്രൈവിംഗ് ലൈസന്‍സ് റിലേറ്റഡ് സര്‍വീസ്- സ്റ്റേറ്റ് -എന്നിവ സെലക്ട് ചെയ്താല്‍ ലൈസന്‍സുമായി ബന്ധപ്പെട്ട ഒരുപാട് സര്‍വീസുകളുടെ ഐക്കണുകള്‍ കാണാന്‍ സാധിക്കും. അതില്‍ ഡ്രൈവ് ലൈസന്‍സ് റിന്യൂവല്‍ എന്ന ഓപ്ഷനില്‍ ഡ്രൈവ് ലൈസന്‍സ് നമ്പറും / ഡേറ്റ് ഓഫ് ബര്‍ത്തും എന്‍ട്രി വരുത്തിയാല്‍ ലൈസന്‍സ് പുതുക്കുന്നതിന് നമുക്ക് അപേക്ഷ തയ്യാറാക്കാന്‍ സാധിക്കും. 400 രൂപയാണ് ഫീസിനത്തില്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട തുക.
ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ തയ്യാറാക്കി കഴിഞ്ഞാല്‍ നമുക്കൊരു അപ്ലിക്കേഷന്‍ നമ്പര്‍ ജനറേറ്റ് ആവുകയും,അപ്ലിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഡോക്യുമെന്റ്‌സ് അപ്ലോഡ് ല്‍ പോയി ഡോക്യുമെന്റ്‌സ് അപ്ലോഡ് ചെയ്യാനും ഫീസ് പേമെന്റില്‍ പോയി ഫീ അടയ്ക്കാനും സാധിക്കുന്നതാണ്.
ബുക്ക് രൂപത്തിലുള്ള ലൈസന്‍സ്/ പേപ്പര്‍ രൂപത്തിലുള്ളലൈസന്‍സ് ആണെങ്കില്‍ ആദ്യം ഓഫീസില്‍ കൊണ്ടുവന്ന് പ്രസ്തുത ലൈസന്‍സ് സാരഥി എന്ന സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്തതിനുശേഷം നമുക്ക് ലൈസന്‍സ് സംബന്ധമായ സര്‍വീസിന് ഓണ്‍ലൈനായി അപേക്ഷിക്കാനായി സാധിക്കുകയുള്ളൂ. ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കിയാല്‍ ആയത് ഓഫീസില്‍ കൊണ്ട് പോയി കൊടുക്കേണ്ട ആവശ്യമില്ല .ഓണ്‍ലൈന്‍ വഴി ആയത് ഇഷ്യൂ ചെയ്തു കഴിഞ്ഞാല്‍ നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ അതിന്റെ പ്രിന്റ് എടുക്കാനും ഡിജിറ്റല്‍ ആയിട്ട് സൂക്ഷിക്കാനും സാധിക്കുന്നതാണ്.
by Midhun HP News | Dec 2, 2024 | Latest News, കേരളം
കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ സിപിഎം നേതാവ് പിആര്‍ അരവിന്ദാക്ഷന് ജാമ്യം. കേസിലെ മറ്റൊരു പ്രതി പികെ ജീല്‍സിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു വര്‍ഷത്തില്‍ അധികമായി ഇരുവരും ജയിലിലാണ്
ഇനിയും ജാമ്യം നിഷേധിക്കേണ്ട സാഹചര്യമില്ലെന്നും കേസില്‍ വിചാരണ വൈകുമെന്നതും കണക്കിലെടുത്താണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് സിഎസ് ഡയസാണ് ഇരുവരുടെയും ജാമ്യാപേക്ഷയില്‍ വാദം കേട്ടത്. വടക്കാഞ്ചേരി നഗരസഭാംഗമാണ് അരവിന്ദാക്ഷന്‍. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി നേരത്തെ അരവിന്ദാക്ഷന് കോടതി പത്തുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കരുവന്നൂര്‍ ബാങ്കില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ തൃശൂര്‍ കോലഴി സ്വദേശി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തായ അരവിന്ദാക്ഷന്‍ പണം ഇടപാടിലെ ഇടനിലക്കാരനാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. തൃശൂര്‍ പാര്‍ളിക്കാടുള്ള വീട്ടില്‍നിന്ന് 2023 സെപ്റ്റംബര്‍ 26ന് പുലര്‍ച്ചെയാണ് ഇഡി അറസ്റ്റ് ചെയ്തത്.
by Midhun HP News | Dec 2, 2024 | Latest News, കേരളം
തിരുവനന്തപുരം: ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കേരളത്തിൽ തുലാവർഷം ഒരു രണ്ടാം വരവ് വരും.
ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. തുലാവർഷം തുടങ്ങിയ ഒക്ടോബർ മാസത്തിൽ പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല. നവംബറിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെങ്കിലും സംസ്ഥാനത്താകെ
മഴ ശക്തമായിരുന്നില്ല.
എന്നാൽ ഡിസംബർ മാസം തുടങ്ങുമ്പോൾ തുലാവർഷം അതിശക്തമായേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. പുതുച്ചേരിയിൽ തീരം തൊട്ട ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവമാണ് കേരളത്തിൽ തുലാവർഷത്തെ ഡബിൾ എഞ്ചിനാക്കുന്നത്. നിലവിലെ അറിയിപ്പ് പ്രകാരം ഡിസംബർ ആദ്യവാരം കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യതയാണുള്ളത്. ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിൽ, നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.
നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
by Midhun HP News | Dec 2, 2024 | Latest News, കേരളം
കണ്ണൂര്‍: വളപട്ടണത്തെ വന്‍ കവര്‍ച്ച കേസിലെ പ്രതി കസ്റ്റഡിയില്‍. അയല്‍വാസിയായ ലിജീഷ് ആണ് പിടിയിലായത്. കഴിഞ്ഞ മാസം 20നായിരുന്നു അരി വ്യാപാരിയായ അഷ്റഫിന്റെ വീട്ടില്‍ നിന്ന് ഒരു കോടി രൂപയും മൂന്നൂറ് പവനും മോഷണം പോയത്. അഷ്റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടില്‍ കവര്‍ച്ച നടന്നത്.
മോഷണം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് പ്രതി പൊലീസിന്റെ കസ്റ്റഡിയിലായത്. കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിന് നേരത്തെ സംശയം ഉണ്ടായിരുന്നു. കവര്‍ച്ച നടത്തി തൊട്ടടുത്ത ദിവസവും കള്ളന്‍ ഇതേവീട്ടില്‍ കയറിയതിന്റെസിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രൊഫഷണല്‍ സംഘമല്ലെന്ന നിഗമനത്തിലെത്തിയിരുന്നു.
സുഹൃത്തുക്കളുടെ ഉള്‍പ്പെടെ ഫോണ്‍ കോളുകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതിയായ ലിജീഷിലേക്കെത്തുന്നത്. ഇയാളുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മോഷണം നടന്ന ദിവസവും തലേന്നും ലിജീഷ് അഷ്‌റഫിന്റെ വീട്ടിലെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ കവര്‍ച്ച നടത്തിയത് താന്‍ തന്നെയെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പ്രതിയുടെ വീട്ടില്‍ നിന്ന് മോഷണം പോയ ഒരു കോടി രൂപയും മൂന്നൂറ് പവനും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞമാസം 19ന് വീടുപൂട്ടി മധുരയിൽ കല്യാണത്തിനു പോയ അഷ്റഫും കുടുംബവും 24നു രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ജനലിന്റെ ഗ്രിൽ ഇളക്കിമാറ്റി അകത്തുകടന്ന് കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച പണവും ആഭരണങ്ങളുമാണു കവർന്നത്.
by Midhun HP News | Dec 2, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടര്‍ന്ന് ഈ ജില്ലകളില്‍ അതിതീവ്ര മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴയ്ക്കു സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ കൊണ്ട് അര്‍ഥമാക്കുന്നത്.അതിതീവ്ര മഴ മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
എറണാകുളം, ഇടുക്കി, തൃശ്ശുര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. മധ്യ തെക്കന്‍ കേരളത്തിലെ മലയോരമേഖകളില്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലോട് കൂടിയായിരിക്കും മഴയ്ക്ക് സാധ്യത.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രികാലയാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമണ്‍ ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി, ഇല വീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ഡിസംബര്‍ നാലുവരെയാണ് നിരോധനം.
Recent Comments