സ്വര്‍ണവില വീണ്ടും 57,000ല്‍ താഴെ

സ്വര്‍ണവില വീണ്ടും 57,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഒറ്റയടിക്ക് 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും 57000ല്‍ താഴെ എത്തി. 56,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 7090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവില രണ്ടു ദിവസത്തിനിടെ 1800 രൂപ ഇടിഞ്ഞിരുന്നു. തുടര്‍ന്ന് ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. പിന്നീട് രണ്ടു ദിവസങ്ങളിലായി 560 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഫിൻജാൽ ചുഴലിക്കാറ്റ് ദുർബലമായി; മഴ തുടരും

ഫിൻജാൽ ചുഴലിക്കാറ്റ് ദുർബലമായി; മഴ തുടരും

പുതുച്ചേരിക്കും കല്‍പാക്കത്തിനും ഇടയില്‍ കരകയറിയ ഫിൻജാൽ ചുഴലിക്കാറ്റ് ദുർബലമായി. ഇന്ന് രാത്രിയോടെ ഇത് ന്യൂനമർദമായി മാറും. ഇതോടെ കേരളത്തിൽ മധ്യ, വടക്കൻ ജില്ലകളിൽ വരുംദിനങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. പശ്ചിമഘട്ട മേഖലകളിലടക്കം തീവ്രമഴ ലഭിക്കും.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: ശില്പശാലയും അവാർഡ് വിതരണവും നടന്നു

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: ശില്പശാലയും അവാർഡ് വിതരണവും നടന്നു

മുടപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ലേബർ ബഡ്ജറ്റ് രൂപീകരണവും, ആക്ഷൻ പ്ലാൻ തയ്യാറാക്കലും നടന്നു. തുടർന്ന് ശില്പശാലയും അവാർഡ് ദാനവും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി നിർവഹിച്ചു.

വൈസ് പ്രസിഡന്റ് അഡ്വ. എസ്. ഫിറോസ് ലാൽ അധ്യക്ഷത വഹിച്ചു. കടക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഷീല, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലാലിജ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കവിത സന്തോഷ്, പി മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി അജിത, ജി ശ്രീകല, ബിഡിഒ സ്റ്റാർലി ഒ എസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായ എ ആർ അജിത് കുമാർ, രാജീവ്, ജോയിന്റ് ബിഡിഒ രാജേഷ് ടി, അസിസ്റ്റന്റ് എൻജിനീയർ കുശ്ബു എന്നിവർ പ്രസംഗിച്ചു.
കടക്കാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും, വക്കം ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടിയെടുത്ത കേസിൽ രണ്ടുപേരെ സൈബര്‍ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം അരീക്കോട് സ്വദേശി മുഹമ്മദ് മുഹ്സിൽ, കോഴിക്കോട് മാവൂര്‍ സ്വദേശി കെ പി മിസ്ഹാബ് എന്നിവരാണ് പിടിയിലായത്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാലു കോടി രൂപയാണ് ഇവര്‍ കാക്കനാട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഉത്തരേന്ത്യൻ സംഘങ്ങളെ സഹായിക്കുന്നവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് പൊലീസ് എന്ന വ്യാജേന വീഡിയോ കാളിൽ വന്നുകൊണ്ടുള്ള ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് രാജ്യമാകെ വ്യാപകമാകുന്നതിനിടെയാണ് സംഭവത്തിൽ മലയാളികളും അറസ്റ്റിലാകുന്നത്.

കൊച്ചിയില്‍ വന്‍ തീപിടിത്തം; ഗോഡൗണിലെ ഒന്‍പത് തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊച്ചിയില്‍ വന്‍ തീപിടിത്തം; ഗോഡൗണിലെ ഒന്‍പത് തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊച്ചി: സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം. സമീപത്തെ വീടും കടകളും പാര്‍ക്കിങ് ഏരിയയിലെ വാഹനങ്ങളം കത്തിനശിച്ചു. ഗോഡൗണിലുണ്ടായിരുന്ന ഒന്‍പതുപേരെ അഗ്‌നിശമന രക്ഷപ്പെടുത്തി. വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് മുന്നരമണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്.

സൗത്ത് റെയില്‍വേ പാലത്തിന് സമീപമായതിനാല്‍ ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു. രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. തീ നിയന്ത്രണവിധേയമെന്ന് അഗ്‌നിശമന സേന അറിയിച്ചു.

ഫിൻജാൽ ചുഴലി; സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത

ഫിൻജാൽ ചുഴലി; സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഫിൻജാൽ ചുഴലിയുടെ പ്രഭാവത്തില്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഫിൻജാൽ കരകയറിയ ശേഷമാകും സംസ്ഥാനത്ത് ശക്തമായ പ്രഭാവമുണ്ടാകുകയെന്നാണ് വിലയിരുത്തല്‍. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ഞായറാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകലില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

ചൊവ്വാഴ്ച മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.