by Midhun HP News | Dec 1, 2024 | Latest News, കേരളം
കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് 20 പവന്‍ സ്വര്‍ണാഭരണം തട്ടിയ കേസില്‍ അറസ്റ്റ്. വടകര മയ്യന്നൂര്‍ സ്വദേശി പാലോള്ള പറമ്പത്ത് മുഹമ്മദ് നജീറാ(29)ണ് പിടിയിലായത്. ചെക്യാട് താനക്കോട്ടൂര്‍ സ്വദേശിനിയുടെ അഞ്ചുപവന്‍ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കുറ്റ്യാടി ചെറിയ കുമ്പളം സ്വദേശിനിയെ കബളിപ്പിച്ച് പ്രതി 15 പവന്‍ തട്ടിയെടുത്തെന്ന പരാതിയില്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ കേസുണ്ട്.
പഴയ ആഭരണങ്ങള്‍ക്ക് പകരം പുതിയത് നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി താനക്കോട്ടൂരിലെ യുവതിയെ കബളിപ്പിച്ചത്. മൂന്നുലക്ഷത്തിലേറെ വില വരുന്ന സ്വര്‍ണാഭരണവുമായാണ് യുവാവ് മുങ്ങിയത്. ജ്വല്ലറി ഉടമയെന്ന് പരിചയപ്പെടുത്തി വിലകൂടിയതും അപൂര്‍വവുമായ ആഭരണങ്ങളുടെ ശേഖരം ഉണ്ടെന്നും പഴയ ആഭരണങ്ങള്‍ക്ക് പകരം ഇവ നല്‍കാമെന്നുമായിരുന്നു ഇന്‍സ്റ്റഗ്രാം വഴി യുവതികളെ വിശ്വസിപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച യുവാവ് പരാതിക്കാരിയുടെ വീടിന് സമീപമെത്തുകയും ആഭരണങ്ങള്‍ യുവതിയില്‍നിന്ന് വാങ്ങിക്കുകയും പകരം പണമടങ്ങിയ ബാഗെന്നുപറഞ്ഞ് ഗിഫ്റ്റ് നല്‍കുകയും ചെയ്തു. വീട്ടിലെത്തി ഗിഫ്റ്റ് നല്‍കിയ ബാഗ് തുറന്നുപരിശോധിച്ചപ്പോള്‍ പണത്തിന് പകരം ഹല്‍വയും 100 രൂപയുടെ മിഠായിയുമായിരുന്നു ഉണ്ടായിരുന്നത്.
by Midhun HP News | Dec 1, 2024 | Latest News, കേരളം
തിരുവനന്തപുരം: നവംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നുവരെ നീട്ടിയതായി മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. നാലിന് മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് വ്യാപരികള്‍ക്ക് അവധിയായിരിക്കും. അഞ്ചുമുതല്‍ ഡിസംബര്‍ മാസത്തെ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
by Midhun HP News | Nov 30, 2024 | Latest News, കേരളം
പത്തനംതിട്ട: കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നു ഭക്ഷ്യധാന്യം കടത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നായിരുന്നു വകുപ്പുതല വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത്. ഗോഡൗൺ ചുമതലയുണ്ടായിരുന്ന അനിൽ കുമാർ, ജയദേവ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്.
ഒക്ടോബർ മാസത്തിൽ സിവിൽ സപ്ലൈസ് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 800 ക്വിൻറൽ അരിയും ഗോതമ്പും കടത്തിയെന്നാണ് എഫ്ഐആർ. 36 ലക്ഷം രൂപയുടെ തിരിമറിയാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്കു പുറമേ ലോറി ഡ്രൈവറേയും പ്രതി ചേർത്തു.
by Midhun HP News | Nov 30, 2024 | Latest News, കേരളം
ഇത്തിക്കരയാറ്റില്‍ കാണാതായ പതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. ചാത്തന്നൂർ കല്ലുവാതുക്കല്‍ വരിഞ്ഞം കാരൂര്‍കുളങ്ങര തുണ്ടുവിള വീട്ടില്‍ രവിയുടേയും അംബികയുടേയും മകന്‍ അച്ചുവാണ് മരിച്ചത്.
കൂട്ടുകാരുമൊത്ത് ഇത്തിക്കരയാറ്റില്‍ കല്ലുവാതുക്കല്‍ മണ്ണയത്ത് കുളിക്കാനിറങ്ങിയതാണ് അച്ചുവെന്ന് പോലിസ് പറയുന്നു. കഴിഞ്ഞ 23-ന് അച്ചുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പാരിപ്പള്ളി പോലിസില്‍ പരാതി നല്‍കിയിരുന്നു.
കുളിക്കുന്നതിനിടെ കയത്തിലകപ്പെട്ടതോടെ മൂന്ന് കുട്ടികളും ഭയന്ന് തിരികെ പോയി. അച്ചുവിനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചെങ്കിലും ആറ്റിലകപ്പെട്ട കാര്യം ഇവര്‍ ആരോടും പറഞ്ഞില്ല. പോലിസ് ചോദിച്ചെങ്കിലും തങ്ങള്‍ക്കൊപ്പം സമീപത്തെ ക്ഷേത്രത്തില്‍ അയ്യപ്പന്‍കഞ്ഞി കുടിക്കാനെത്തിയെന്നും പിന്നീട് കണ്ടില്ലെന്നുമാണ് മൊഴി നല്‍കിയത്.
അന്വേഷണം നടക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം കൂട്ടുകാര്‍ തങ്ങളുടെ അധ്യാപകരോട് അച്ചുവുമൊത്ത് കളിക്കാന്‍ പോയ വിവരം വെളിപ്പെടുത്തി. ഈ വിവരം പ്രധാനധ്യാപിക പാരിപ്പള്ളി പോലിസില്‍ അറിയിച്ചു. തുടര്‍ന്ന് മണ്ണയം ഭാഗത്ത് ആറ്റില്‍ നടത്തിയ പരിശോധനയിൽ മുളങ്കാടുകള്‍ക്കിടയില്‍ അച്ചുവിന്റെ മൃതദേഹം കണ്ടെത്തി.
by Midhun HP News | Nov 30, 2024 | Latest News, കേരളം
കോട്ടയം: ബലക്ഷയത്തെ തുടര്‍ന്ന് നഗരത്തിലെ ആകാശപ്പാതയുടെ മേല്‍ക്കൂര പൊളിച്ചുനീക്കണമെന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട്. തുരുമ്പെടുത്ത പൈപ്പുകള്‍ വേഗം നീക്കം ചെയ്യണമെന്നും പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറല്‍ എന്‍ജിനീയറിങ് റിസര്‍ച് സെന്റര്‍ എന്നിവര്‍ നടത്തിയ ബലപരിശോധനാ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ ബലപരിശോധന നടത്തിയത്. ബലക്ഷയത്തെ തുടര്‍ന്ന് അടിസ്ഥാന തൂണുകള്‍ ഒഴികെ മേല്‍ക്കൂര മുഴുവന്‍ നീക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആകാശപ്പാതയെ കൊല്ലാന്‍ ഒരു കാരണം കണ്ടെത്തിയതാണെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2015 ഡിസംബര്‍ 22ന് ആണ് ആകാശപ്പാതയുടെ നിര്‍മാണം ആരംഭിച്ചത്. പദ്ധതിക്ക് 5.18 കോടി രൂപ അനുവദിച്ചു. നിര്‍മാണം അടുത്ത ഘട്ടത്തിലേക്കു കടന്നപ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. തുടര്‍ന്നു കിറ്റ്‌കോയ്ക്കുള്ള ഫണ്ട് കുടിശികയായി. അതോടെ പണി സ്തംഭിക്കുകയായിരുന്നു.
തൃശൂരില്‍ ഉള്‍പ്പെടെ ആകാശപ്പാത വന്നു. ഇവിടെ സാങ്കേതികവും നയപരവുമായ കാരണങ്ങള്‍ പറയുകയാണ്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായിട്ടും ആകാശപ്പാത പൊളിക്കുമെന്നു നിയമസഭയില്‍ ഒരു മന്ത്രിയെക്കൊണ്ട് പറയിപ്പിച്ച സര്‍ക്കാരാണു ഭരണം നടത്തുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.
by Midhun HP News | Nov 30, 2024 | Latest News, കേരളം
പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. വൃശ്ചികം ഒന്നിനു നട തുറന്ന് 12 ദിവസത്തിനുള്ളില്‍ 10 ലക്ഷത്തിലധികം ഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 54 ശതമാനം അധികമാണിത്. 87,999 തീര്‍ഥാടകരെത്തിയ വ്യാഴാഴ്ചയാണ് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത്.
ഭക്തരുടെ എണ്ണത്തിലെ കുതിച്ചു ചാട്ടം ദേവസ്വത്തിന്‍റെ വരുമാനത്തിലും വര്‍ധനവുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.5 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും 63 കോടിയിലധികം വരുമാനം ലഭിച്ചെന്നും ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15.89 കോടിയിലധികം വരുമാനമാണുണ്ടായത്. അരവണ വില്‍പ്പനയില്‍ മാത്രം 28 കോടി ലഭിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 9.5 കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 3.5 ലക്ഷം അപ്പവും വിറ്റു. 39 ലക്ഷം രൂപ അപ്പം വിറ്റതില്‍ നിന്ന് മാത്രം ലഭിച്ചു. കഴിഞ്ഞ വര്‍ഷം 19.4 കോടി രൂപയാണ് അരവണ വില്‍പ്പനയില്‍ ലഭിച്ചത്. ഇത്തവണ 12 ദിവസം കൊണ്ട് 28.93 കോടി രൂപയാണ് നേടിയത്. 9.53 കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് കൂടിയിട്ടും സുഗമമായ ദര്‍ശനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടത് നേട്ടമാണെന്നാണ് ദേവസ്വം പ്രസിഡന്റ് പറഞ്ഞു. ഇരുപതിലധികം സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും കൂട്ടായ പ്രയത്‌നത്തിന് പുറമെ മുഖ്യമന്ത്രിമാരും മന്ത്രിമാരും നല്‍കിയ പിന്തുണ ഇത്തവണ പരാതികള്‍ ഒഴിവാക്കാന്‍ സഹായകമായി. സന്നിധാനം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പമ്പാ നദിയില്‍ വസ്ത്രം വലിച്ചെറിയുന്നതും മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ആചാരത്തിന്റെ ഭാഗമല്ലെന്ന് തന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഭക്തജനങ്ങളില്‍ പരമാവധി അവബോധം സൃഷ്ടിക്കാനും ഇത്തരം പ്രവണതകള്‍ തടയാന്‍ ജീവനക്കാരെ നിയമിക്കാനും ബോര്‍ഡ് ആലോചിക്കുന്നുണ്ട്. സ്‌പോട് ബുക്കിങിലൂടെ പരമാവധി ഭക്തരെ പ്രവേശിപ്പിക്കുന്നതിന് പമ്പയില്‍ മാത്രം എട്ട് കൗണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഭക്തര്‍ ആധാര്‍ കാര്‍ഡ് കൈവശം വെച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
Recent Comments