by Midhun HP News | Nov 11, 2024 | Latest News, കേരളം
കൊച്ചി: സീപ്ലെയിന്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയന്റെ ഭരണത്തില്‍ ഒരു വികസന പദ്ധതി എടുത്തുപറയാന്‍ സാധിക്കുമോ എന്നും സുധാകരന്‍ മാധ്യമങ്ങളോട് ചോദിച്ചു.
‘കേരളത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയന്റെ ഭരണത്തില്‍ കേരളത്തില്‍ എന്തുമാറ്റം വന്നു? സീപ്ലെയിന്‍ ഞങ്ങള്‍ കൊണ്ടുവന്നതാണ്. 2013ല്‍ ഞങ്ങള്‍ കൊണ്ടുവന്നതാണ്. അന്ന് ഈ പദ്ധതി കൊണ്ടുവന്നപ്പോള്‍ കുറ്റവും കുറവും പറഞ്ഞ് മാറ്റി കൊണ്ടുപോയതാണ്’…. കെ സുധാകരന്‍ വിമര്‍ശിച്ചു.

by Midhun HP News | Nov 11, 2024 | Latest News, കേരളം
കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിലെ പ്രതിയും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ പി പി ദിവ്യ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ ഹാജരായി. രാവിലെ 10.30നാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്, എച്ച് ഒ ശ്രീജിത്ത് കോടേരിയുടെ മുൻപിൽ ഹാജരായി ഒപ്പിട്ടത്. എല്ലാ തിങ്കളാഴ്ച്ചയും രാവിലെ 10 മുതൽ 11 വരെയുള്ള സമയത്തിനുള്ളിൽ ഹാജരാകണമെന്ന് ജാമ്യ വ്യവസ്ഥയിൽ കോടതി ഉത്തരവിട്ടിരുന്നു.
പി പി ദിവ്യ അര മണിക്കൂറോളമാണ് സ്റ്റേഷനിൽ ചിലവഴിച്ചത്. ദിവ്യ ഒപ്പിടാൻ എത്തുന്നുണ്ടെന്നറിഞ്ഞ് വൻ മാധ്യമപ്പട തന്നെ സ്റ്റേഷനിലെത്തിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചുവെങ്കിലും ഒന്നും പറയാതെ ടൗൺ സ്റ്റേഷന് മുൻപിൽ നിർത്തിയിട്ട കാറിൽ കയറി പോകുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് ഓഫിസിന് മുൻപിൽ തന്നെ കാണാനായി കാത്തുനിന്ന സഹപ്രവർത്തകരോട് കൈ വീശി യാത്ര പറഞ്ഞാണ് ദിവ്യ അഭിഭാഷകൻ്റെ നീലക്കാറിൽ മടങ്ങിയത്. ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, അഭിഭാഷകർ, പ്രദേശിക നേതാക്കൾ എന്നിവർ ദിവ്യയോടൊപ്പമുണ്ടായിരുന്നു. നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കർശന വ്യവസ്ഥകളോടെയാണ് ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.
by Midhun HP News | Nov 11, 2024 | Latest News, കേരളം
തിരുവനന്തപുരം: കടയുടമയെ വാഹനമിടിച്ച് വീഴ്ത്തി ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. പെരുമ്പഴുതൂരിൽ പ്രൊവിഷണൽ സ്റ്റോർ നടത്തുന്ന കരിപ്രക്കോണം കൃപാസദനത്തിൽ രാജന്(60) നേരെയാണ് ആക്രമണമുണ്ടായത്. തൊട്ടടുത്ത കട നടത്തുന്ന വണ്ടന്നൂർ പാരഡൈസ് വീട്ടിൽ വിനോദ് കുമാർ(43) ആണ് ക്വട്ടേഷൻ നൽകിയത്.
കടയിലെത്തിയ തന്റെ പെൺസുഹൃത്തിനോട് രാജൻ മോശമായി പെരുമാറിയതിൽ പ്രകോപിച്ചായിരുന്നു ക്വട്ടേഷൻ. സംഭവത്തിൽ ക്വട്ടേഷൻ ഏറ്റെടുത്ത കുന്നത്തുകാൽ, വണ്ടിത്തടം, ആലക്കോട്ടുകോണം, ആന്റണി ഭവനിൽ മനോജ് എന്നുവിളിക്കുന്ന ആന്റണിയും(33) അറസ്റ്റിലായി. 25000രൂപയ്ക്കായിരുന്നു ക്വട്ടേഷൻ.
കഴിഞ്ഞമാസം 28-ന് രാത്രി 11.30-ന് വിഷ്ണുപുരത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് സംഭവം നടന്നത്. കടയടച്ചശേഷം സ്‌കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്ന രാജനെ പിന്നിൽനിന്നും കാറിൽ പിന്തുടർന്നെത്തിയ ക്വട്ടേഷൻ സംഘം ഇടിച്ചിട്ടു. തുടർന്ന് വാളും ഇരുമ്പ് പൈപ്പുംകൊണ്ട് ആക്രമിച്ചു. ഈ സമയം രാജന്റെ കടയിലെ ജീവനക്കാരൻ പിന്നാലെ വരുകയായിരുന്നു. ആക്രമിക്കുന്നതു കണ്ട് ഇയാൾ തടയാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ വാൾവീശി ഭീഷണിപ്പെടുത്തിയശേഷം കടന്നുകളഞ്ഞു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ സംഘത്തിലെ നെടുമങ്ങാട്, മുണ്ടേല, കൊക്കോതമംഗലം, മേലെവിളവീട്ടിൽ രഞ്ജിത്(34), നെടുമങ്ങാട്, മഞ്ച, പത്താംകല്ല്, പാറക്കാട് തോട്ടരികത്തുവീട്ടിൽ സുബിൻ(32), പാങ്ങോട്, കല്ലറ, തുമ്പോട്, ഒഴുകുപാറ, എസ്.ജി. ഭവനിൽ സാം(29) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് ആന്റണിയും വിനോദ്കുമാറും പിടിയിലാകുന്നത്. ഇരുവരും രാജനെ ഇടിച്ചിട്ട കാറിലുണ്ടായിരുന്നു.

by Midhun HP News | Nov 11, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.
ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും പുറമേ പാലക്കാട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞ് ഞായറാഴ്ച രാവിലെ ആറിന് 124.60 അടിയിലെത്തി. തലേദിവസം ജലനിരപ്പ് 124.75 അടി ആയിരുന്നു.
by Midhun HP News | Nov 11, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 58,000ല്‍ താഴെയെത്തി. ഇന്ന് പവന് 440 രൂപ കുറഞ്ഞതോടെയാണിത്. 57,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. 7220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. 11 ദിവസത്തിനിടെ ഏകദേശം 1300 രൂപയാണ് കുറഞ്ഞത്. ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. എന്നാല്‍ ഇന്ന് വീണ്ടും വില കുറയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
by Midhun HP News | Nov 11, 2024 | Latest News, കേരളം
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ പരാമവധി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. വോട്ട് പിടിക്കാനായി കൂടുതൽ നേതാക്കൾ ഓരോ മുന്നണിക്ക് വേണ്ടിയും ഇന്ന് കളത്തിലിറങ്ങും. പാലക്കാട് ഇന്ന് യുഡിഎഫിന്റെയും ബിജെപിയുടെയും ട്രാക്ടർ റാലികളും നടക്കുന്നുണ്ട്
വയനാട്ടിൽ കൊട്ടിക്കലാശത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയും എത്തും. പ്രിയങ്ക ഗാന്ധിക്കൊപ്പം രാവിലെ ബത്തേരിയിലും വൈകിട്ട് തിരുവമ്പാടിയിലും കൊട്ടിക്കലാശത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. രണ്ടിടത്തും ഇരുവരും ഒന്നിച്ച് റോഡ് ഷോയ്‌ക്കെത്തും
എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് കൽപ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ് ഷോയിൽ പങ്കെടുക്കും.
ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാർഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം നടക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനൊപ്പം കെപിസിസി പ്രസിഡന്റ് കെ സുധാകരനും എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപിനൊപ്പം പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി സരിനും കൊട്ടിക്കലാശത്തിൽ പങ്കെടുക്കും.
Recent Comments