by Midhun HP News | Nov 11, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ ‘ഡിഹാവ്‌ലന്‍ഡ് കാനഡ’ കൊച്ചി കായലില്‍ ബോള്‍ഗാട്ടി പാലസിനും നഗരത്തിനുമിടയിലെ പാലസ് വാട്ടര്‍ഡ്രോമില്‍ ഇറങ്ങി.
17 സീറ്റുള്ള വിമാനത്തിന്‍റെ മാട്ടുപ്പെട്ടിയിലേക്കുള്ള ആദ്യ സര്‍വീസ് തിങ്കളാഴ്ച ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. ചടങ്ങില്‍ വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തില്‍ വിമാനത്തിന് മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം നല്‍കും.
ഞായറാഴ്ച പകല്‍ 11 മണിക്കാണ് വിമാനം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്നാണ് കൊച്ചി കായലിൽ വിമാനം പറന്നിറങ്ങിയത്.
കനേഡിയന്‍ പൗരന്മാരായ ക്യാപ്റ്റന്‍ ഡാനിയല്‍ മോണ്‍ഗോമറി, ക്യാപ്റ്റന്‍ റോഡ്ജര്‍ ബ്രെന്‍ജര്‍ എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാര്‍.
സംസ്ഥാന ടൂറിസം സെക്രട്ടറി കെ. ബിജു, വ്യോമായാന സെക്രട്ടറി ബിജു പ്രഭാകര്‍, ജില്ലാകളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കേരള ടൂറിസം അഡി. ഡയറക്ടര്‍ പി. വിഷ്ണുരാജ്, വിവിധ ടൂറിസം സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സീപ്ലെയിനിന് കൊച്ചിയിൽ സ്വീകരണം നല്‍കി.
by Midhun HP News | Nov 10, 2024 | Latest News, കേരളം
ആലപ്പുഴ: ആലപ്പുഴയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15) ആണ് മരിച്ചത്. എലിയെ പിടിക്കാനായി കെണിയൊരുക്കി വെച്ച എലിവിഷം ചേര്‍ത്ത തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കുട്ടി കഴിക്കുകയായിരുന്നു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. രണ്ടു ദിവസം മുമ്പാണ് സ്‌കൂള്‍ വിട്ടു വന്ന വിദ്യാര്‍ത്ഥിനി, എലിക്കെണിയാണെന്ന് അറിയാതെ തേങ്ങാപ്പൂള്‍ കഴിച്ചത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞ ഉടന്‍ തന്നെ കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
മുയല്‍ മാന്തിയതിനെത്തുടര്‍ന്ന് കുട്ടിയുടെ മുത്തശ്ശി ശാന്തമ്മ റാബിസ് വാക്‌സിന്‍ എടുത്തിരുന്നു. വാക്‌സിന്റെ പാര്‍ശ്വഫലമായി മുത്തശ്ശി തളര്‍ന്നു വീഴുകയും ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു. ശാന്തമ്മ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുട്ടിയുടെ അമ്മയും അച്ഛനും ശാന്തമ്മയെ ചികിത്സിക്കാനായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു.

by Midhun HP News | Nov 10, 2024 | Latest News, കേരളം
കൊല്ലം: കൊല്ലം തെന്മലയില്‍ സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഇടമണ്‍ സ്വദേശി നിഷാദിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഇടമണ്‍ സ്വദേശികളായ രാജീവ്, സുജിത്ത്, സിബിന്‍, അരുണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴം രാത്രിയാണ് സംഭവം. നിഷാദും സുജിത്തും തമ്മില്‍ നാലുവര്‍ഷത്തോളമായി ഒരു സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച തര്‍ക്കം തുടരുന്നതിനിടെയാണ് യുവാവിനെ അഞ്ചംഗസംഘം കെട്ടിയിട്ട് മര്‍ദിച്ചത്.
ഇടമണ്‍ ആനൂരിലുള്ള സ്ത്രീയുടെ വീട്ടില്‍ രാത്രി നിഷാദ് എത്തിയപ്പോള്‍ സുജിത്ത് സംഘവും ചേര്‍ന്ന് ഇയാളെ പിടികൂടി വൈദ്യുതിത്തൂണില്‍ കെട്ടിയിടുകയും മര്‍ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാരകായുധങ്ങളുമായുള്ള ആക്രമണത്തില്‍ സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിസയിലാണ്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

by Midhun HP News | Nov 10, 2024 | Latest News, കേരളം
മലപ്പുറം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മന്ത്രി ഒ ആര്‍ കേളു ചങ്ങാടത്തില്‍ കുടുങ്ങി. മലപ്പുറം വഴിക്കടവില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. ഏതാനും എല്‍ഡിഎഫും നേതാക്കളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മന്ത്രിയേയും സംഘത്തെയും കരയ്‌ക്കെത്തിച്ചത്.
വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസിക്കോളനിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പുന്നപ്പുഴയില്‍ മന്ത്രി കേളു ചങ്ങാടത്തില്‍ കുടുങ്ങിയത്. ചങ്ങാടം കുറച്ചു ദൂരം മുന്നോട്ടുപോയതിന് പിന്നാലെ കല്ലില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് തണ്ടര്‍ ബോള്‍ട്ടും, പൊലീസും നാട്ടുകാരും ചേര്‍ന്നാണ് മന്ത്രിയെയും എല്‍ഡിഎഫ് നേതാക്കളെയും കരയിലേക്ക് തിരിച്ചെത്തിച്ചത്.
2018 വരെ ആദിവാസി കോളനിയിലേക്ക് പോകാന്‍ ഇരുമ്പിന്റെ പാലമുണ്ടായിരുന്നു. 2018 ലെ പ്രളയത്തില്‍ ആ പാലം തകര്‍ന്നു. അതിനുശേഷം പാലം നിര്‍മ്മിക്കണമെന്ന് ആദിവാസികള്‍ അടക്കം നാട്ടുകാര്‍ നിരന്തരം ആവശ്യം ഉന്നയിച്ചു വരികയായിരുന്നു. മുള കെട്ടിക്കൊണ്ടുള്ള ചങ്ങാടത്തിലാണ് ആദിവാസികള്‍ അടക്കമുള്ളവര്‍ ആശുപത്രികളിലേക്കും മറ്റും പോകാൻ മറുകരയിലെത്തുന്നത്.
by Midhun HP News | Nov 10, 2024 | Latest News, കേരളം
കൊല്ലം: വീട്ടിലെത്തി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു കത്തിച്ച ശേഷം സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. കൊല്ലം അഴീക്കലിൽ ആയിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ കോട്ടയം പാല സ്വദേശി ഷിബു ചാക്കോ (47) ആണ് മരിച്ചത്. അഴീക്കൽ സ്വദേശിനി ഷൈജാമോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഷൈജാമോൾക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രാത്രി എട്ട് മണിയോടെയാണ് ഷൈജാമോളും അച്ഛനും അമ്മയും താസിക്കുന്ന വീട്ടിൽ എത്തി ഷിബു ചാക്കോ കൃത്യം നടത്തിയത്. ഏറെക്കാലം ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്നുവരാണ്.
നിരവധി കേസുകളിൽ പ്രതിയാണ് ഷിബു ചാക്കോ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

by Midhun HP News | Nov 9, 2024 | Latest News, കേരളം
ആലപ്പുഴ: ഭിന്നശേഷിക്കാരനായ യുവാവിനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങിമരിച്ചു. ആലപ്പുഴ ആര്യാട്ട് മണ്ണഞ്ചേരി പഞ്ചായത്ത് 12-ാം വാര്‍ഡ് ആരാമം തെക്കേപ്പറമ്പില്‍ സുരേഷ് (54) ആണ് മരിച്ചത്. മകന്‍ വിഷ്ണുവിനെ (29) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജന്മനാ ഭിന്നശേഷിക്കാരനായ വിഷ്ണു കിടപ്പിലായിരുന്നു. ശനിയാഴ്ച രാവിലെ സുരേഷിന്റെ ഭാര്യ ലത പനിക്കു ചികിത്സ തേടി ആശുപത്രിയില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ വിഷ്ണുവിനെ അടുക്കളയോടു ചേര്‍ന്നുള്ള മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. കാലുകള്‍ നിലത്തു മുട്ടിയിരുന്നു. മുഖത്തു തട്ടിവിളിച്ചപ്പോള്‍ കണ്ണു തുറന്നു. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു സുരേഷിന്റെ മൃതദേഹം. കേരള ബെയ്ലേഴ്‌സ് കയര്‍ ഫാക്ടറി ജീവനക്കാരനാണു സുരേഷ്. മണ്ണഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Recent Comments