പുതിയ വികസന സ്വപ്‌നങ്ങളിലേക്ക്; സീപ്ലെയിന്‍ പരീക്ഷണപ്പറക്കല്‍ വിജയകരം

പുതിയ വികസന സ്വപ്‌നങ്ങളിലേക്ക്; സീപ്ലെയിന്‍ പരീക്ഷണപ്പറക്കല്‍ വിജയകരം

കൊച്ചി: കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിന് പ്രതീക്ഷയുടെ പുതിയ ചിറക് നല്‍കി സീപ്ലെയിന്‍ പരീക്ഷണപ്പറക്കല്‍ വിജയകരം. പരീക്ഷണപ്പറക്കലിന്‍റെ ഭാഗമായി ബോള്‍ഗാട്ടി പാലസിന് സമീപം കായലില്‍ നിന്ന് പറന്നുയര്‍ന്ന സീപ്ലെയിന്‍ ലക്ഷ്യസ്ഥാനമായ മാട്ടുപ്പെട്ടിയില്‍ ഒരു മണിക്കൂറിനകം ലാന്‍ഡ് ചെയ്തു. ബോള്‍ഗാട്ടി പാലസില്‍ സീപ്ലെയിനിന്‍റെ ഫ്ലാഗ് ഓഫ് കര്‍മം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് നിര്‍വഹിച്ചത്. വിമാനത്തില്‍ മന്ത്രിമാര്‍ അടക്കം യാത്ര ചെയ്തു.

പരീക്ഷണപ്പറക്കലിന് എത്തിയ ഡി ഹാവില്ലന്‍ഡ് കാനഡയുടെ സീപ്ലെയിന്‍ ഞായറാഴ്ച പകല്‍ 3.30നാണ് കൊച്ചി കായലിലെ വാട്ടര്‍ഡ്രോമില്‍ പറന്നിറങ്ങിയത്. സീപ്ലെയിനിന് എല്ലാ സാങ്കേതികപിന്തുണയും നല്‍കുന്നത് സിയാലാണ്.

ചെറുവിമാനത്തില്‍ 17 സീറ്റാണുള്ളത്. 30 സീറ്റുള്ളവയുമുണ്ട്. റണ്‍വേയ്ക്കുപകരം വെള്ളത്തിലൂടെ നീങ്ങിയാണ് പറന്നുയര്‍ന്നത്. വെള്ളത്തില്‍ത്തന്നെ ലാന്‍ഡ് ചെയ്യുന്ന തരത്തിലാണ് സീപ്ലെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിമാനത്തിന്റെ വലിപ്പവും യാത്രികരുടെ എണ്ണവും അനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും ആറടി ആഴമുള്ള ജലാശയത്തില്‍പ്പോലും സുരക്ഷിതമായി ഇറങ്ങാനാകും.

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളിലൂടെയാണ് യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുക. ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കുപുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കല്‍ എന്നിവിടങ്ങളിലാകും വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കുക. സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള സ്വകാര്യ കമ്പനിയും സ്പൈസ് ജെറ്റും ചേര്‍ന്നാണ് ഡി ഹാവില്ലന്‍ഡ് കാനഡയുടെ സര്‍വീസ് നിയന്ത്രിക്കുന്നത്.

നാലു വയസുകാരന്റെ കാലിൽ സ്പൂൺ ചൂടാക്കി വച്ചു: അമ്മയ്ക്കെതിരെ കേസ്

നാലു വയസുകാരന്റെ കാലിൽ സ്പൂൺ ചൂടാക്കി വച്ചു: അമ്മയ്ക്കെതിരെ കേസ്

കൊല്ലം: നാലു വയസുകാരന്റെ കാലിൽ സ്പൂൺ ചൂടാക്കിവെച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കേസ്. കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്‌സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34) ആണ് അങ്കണവാടി വിദ്യാര്‍ഥിയായ മകനോട് ക്രൂരത കാണിച്ചത്. മിഠായി വാങ്ങാന്‍ പേഴ്സിൽ നിന്ന് പണമെടുത്തു എന്ന് പറഞ്ഞായിരുന്നു ആക്രമണം.

കുട്ടിയുടെ വലതു കാലിൽ ​ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ്. പൊതുപ്രവര്‍ത്തകരുടെ ഇടപെടലിലാണ് കിളികൊല്ലൂര്‍ പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ചായ വീണെന്നാണ് അശ്വതി ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീടാണ് പേഴ്സില്‍നിന്ന് പണമെടുത്ത ദേഷ്യത്തില്‍ സ്പൂണ്‍ ചൂടാക്കി കാല്‍ പൊള്ളിച്ചെന്നു സമ്മതിക്കുകയായിരുന്നു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

സീപ്ലെയിന്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

സീപ്ലെയിന്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

കൊച്ചി: സീപ്ലെയിന്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയന്റെ ഭരണത്തില്‍ ഒരു വികസന പദ്ധതി എടുത്തുപറയാന്‍ സാധിക്കുമോ എന്നും സുധാകരന്‍ മാധ്യമങ്ങളോട് ചോദിച്ചു.

‘കേരളത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയന്റെ ഭരണത്തില്‍ കേരളത്തില്‍ എന്തുമാറ്റം വന്നു? സീപ്ലെയിന്‍ ഞങ്ങള്‍ കൊണ്ടുവന്നതാണ്. 2013ല്‍ ഞങ്ങള്‍ കൊണ്ടുവന്നതാണ്. അന്ന് ഈ പദ്ധതി കൊണ്ടുവന്നപ്പോള്‍ കുറ്റവും കുറവും പറഞ്ഞ് മാറ്റി കൊണ്ടുപോയതാണ്’…. കെ സുധാകരന്‍ വിമര്‍ശിച്ചു.

പി പി ദിവ്യ പൊലീസ് സ്റ്റേഷനിൽ ഹാജരായി; ‘ഒന്നും മിണ്ടാതെ’ മടങ്ങി

പി പി ദിവ്യ പൊലീസ് സ്റ്റേഷനിൽ ഹാജരായി; ‘ഒന്നും മിണ്ടാതെ’ മടങ്ങി

കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിലെ പ്രതിയും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ പി പി ദിവ്യ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ ഹാജരായി. രാവിലെ 10.30നാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്, എച്ച് ഒ ശ്രീജിത്ത് കോടേരിയുടെ മുൻപിൽ ഹാജരായി ഒപ്പിട്ടത്. എല്ലാ തിങ്കളാഴ്ച്ചയും രാവിലെ 10 മുതൽ 11 വരെയുള്ള സമയത്തിനുള്ളിൽ ഹാജരാകണമെന്ന് ജാമ്യ വ്യവസ്ഥയിൽ കോടതി ഉത്തരവിട്ടിരുന്നു.

പി പി ദിവ്യ അര മണിക്കൂറോളമാണ് സ്റ്റേഷനിൽ ചിലവഴിച്ചത്. ദിവ്യ ഒപ്പിടാൻ എത്തുന്നുണ്ടെന്നറിഞ്ഞ് വൻ മാധ്യമപ്പട തന്നെ സ്റ്റേഷനിലെത്തിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചുവെങ്കിലും ഒന്നും പറയാതെ ടൗൺ സ്റ്റേഷന് മുൻപിൽ നിർത്തിയിട്ട കാറിൽ കയറി പോകുകയായിരുന്നു.

ജില്ലാ പഞ്ചായത്ത് ഓഫിസിന് മുൻപിൽ തന്നെ കാണാനായി കാത്തുനിന്ന സഹപ്രവർത്തകരോട് കൈ വീശി യാത്ര പറഞ്ഞാണ് ദിവ്യ അഭിഭാഷകൻ്റെ നീലക്കാറിൽ മടങ്ങിയത്. ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, അഭിഭാഷകർ, പ്രദേശിക നേതാക്കൾ എന്നിവർ ദിവ്യയോടൊപ്പമുണ്ടായിരുന്നു. നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കർശന വ്യവസ്ഥകളോടെയാണ് ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.

കടയുടമയെ വാഹനമിടിച്ച് വീഴ്ത്തി ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ

കടയുടമയെ വാഹനമിടിച്ച് വീഴ്ത്തി ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ

തിരുവനന്തപുരം: കടയുടമയെ വാഹനമിടിച്ച് വീഴ്ത്തി ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. പെരുമ്പഴുതൂരിൽ പ്രൊവിഷണൽ സ്റ്റോർ നടത്തുന്ന കരിപ്രക്കോണം കൃപാസദനത്തിൽ രാജന്(60) നേരെയാണ് ആക്രമണമുണ്ടായത്. തൊട്ടടുത്ത കട നടത്തുന്ന വണ്ടന്നൂർ പാരഡൈസ് വീട്ടിൽ വിനോദ് കുമാർ(43) ആണ് ക്വട്ടേഷൻ നൽകിയത്.

കടയിലെത്തിയ തന്റെ പെൺസുഹൃത്തിനോട് രാജൻ മോശമായി പെരുമാറിയതിൽ പ്രകോപിച്ചായിരുന്നു ക്വട്ടേഷൻ. സംഭവത്തിൽ ക്വട്ടേഷൻ ഏറ്റെടുത്ത കുന്നത്തുകാൽ, വണ്ടിത്തടം, ആലക്കോട്ടുകോണം, ആന്റണി ഭവനിൽ മനോജ് എന്നുവിളിക്കുന്ന ആന്റണിയും(33) അറസ്റ്റിലായി. 25000രൂപയ്ക്കായിരുന്നു ക്വട്ടേഷൻ.

കഴിഞ്ഞമാസം 28-ന് രാത്രി 11.30-ന് വിഷ്ണുപുരത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് സംഭവം നടന്നത്. കടയടച്ചശേഷം സ്‌കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്ന രാജനെ പിന്നിൽനിന്നും കാറിൽ പിന്തുടർന്നെത്തിയ ക്വട്ടേഷൻ സംഘം ഇടിച്ചിട്ടു. തുടർന്ന് വാളും ഇരുമ്പ് പൈപ്പുംകൊണ്ട് ആക്രമിച്ചു. ഈ സമയം രാജന്റെ കടയിലെ ജീവനക്കാരൻ പിന്നാലെ വരുകയായിരുന്നു. ആക്രമിക്കുന്നതു കണ്ട് ഇയാൾ തടയാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ വാൾവീശി ഭീഷണിപ്പെടുത്തിയശേഷം കടന്നുകളഞ്ഞു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ സംഘത്തിലെ നെടുമങ്ങാട്, മുണ്ടേല, കൊക്കോതമംഗലം, മേലെവിളവീട്ടിൽ രഞ്ജിത്(34), നെടുമങ്ങാട്, മഞ്ച, പത്താംകല്ല്, പാറക്കാട് തോട്ടരികത്തുവീട്ടിൽ സുബിൻ(32), പാങ്ങോട്, കല്ലറ, തുമ്പോട്, ഒഴുകുപാറ, എസ്.ജി. ഭവനിൽ സാം(29) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് ആന്റണിയും വിനോദ്കുമാറും പിടിയിലാകുന്നത്. ഇരുവരും രാജനെ ഇടിച്ചിട്ട കാറിലുണ്ടായിരുന്നു.

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകും

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.

ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും പുറമേ പാലക്കാട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞ് ഞായറാഴ്ച രാവിലെ ആറിന് 124.60 അടിയിലെത്തി. തലേദിവസം ജലനിരപ്പ് 124.75 അടി ആയിരുന്നു.