ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ ഡയറിയായി എറണാകുളം മില്‍മ

ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ ഡയറിയായി എറണാകുളം മില്‍മ

കൊച്ചി: രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഓണ്‍ ഗ്രിഡ് സൗരോര്‍ജ ഡയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം (മില്‍മ) മാറി. മില്‍മ എറണാകുളം യൂണിയന്റെ തൃപ്പൂണിത്തുറയില്‍ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്റാണ് നേട്ടത്തിലെത്തിയത്.

16 കോടി രൂപയാണ് പദ്ധതിയുടെ ആകെ മുതല്‍മുടക്ക്. ഡയറി പ്രോസസിംഗ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്മെന്റ് സ്‌കീമില്‍ നിന്നുള്ള 9.2 കോടി രൂപയുടെ വായ്പയും, മേഖലാ യൂണിയന്റെ തനതു ഫണ്ടായ 6.8 കോടി രൂപയും ഉപയോഗിച്ചാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഡയറി കോമ്പൗണ്ടിലെ തടാകത്തില്‍ സ്ഥാപിച്ചിരിക്കുന്ന എട്ട് കെവിയുടെ ഫ്ളോട്ടിങ് സോളാര്‍ പാനലുകള്‍, കാര്‍പോര്‍ച്ച് മാതൃകയില്‍ സജീകരിച്ച 102 കിലോ വാട്ട് സോളാര്‍ പാനലുകള്‍, ഗ്രൗണ്ടില്‍ സ്ഥാപിച്ചിരിക്കുന്ന 1890 കിലോ വാട്ട് സോളാര്‍ പാനലുകള്‍ എന്നീ രീതിയിലാണ് സോളാര്‍ പ്ലാന്റ് ക്രമീകരണം.

മില്‍മയുടെ സരോര്‍ജ്ജ നിലയം പ്രതിവര്‍ഷം 2.9 ദശലക്ഷം യൂണിറ്റുകള്‍ (ജിഡബ്ല്യുഎച്) ഹരിതോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുകയും ഇതുവഴി പ്രതിവര്‍ഷം 1.94 കോടി രൂപ ഊര്‍ജ്ജ ചെലവ് ഇനത്തില്‍ ലാഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. പ്ലാന്റ് വഴി ഓരോ വര്‍ഷവും ഏകദേശം 2,400 മെട്രിക് ടണ്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറന്തള്ളലാണ് കുറയ്ക്കുന്നത്. ഇത് ഏകദേശം ഒരുലക്ഷം മരങ്ങള്‍ നടുന്നതിന് തുല്യമാണ്. പകല്‍ സമയങ്ങളില്‍ ഡെയറിയുടെ മുഴുന്‍ ഊര്‍ജ ആവശ്യകതയും നിറവേറ്റുകയും ഡിസ്‌കോമിന്റെ കൈവശമുള്ള മിച്ച ഊര്‍ജ്ജം പീക്ക്, ഓഫ് പീക്ക് സമയങ്ങളില്‍ ഉള്‍ക്കൊള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.

അനെര്‍ട്ട് ആണ് പ്രൊജക്ടിന്റെ സാങ്കേതിക മേല്‍നോട്ടം വഹിച്ചത്. കെ.സി കോപര്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയും, ടെസ്റ്റിംഗും, കമ്മീഷനിംഗും നിര്‍വഹിക്കുകയും ചെയ്തു. ബിഐഎസ് അംഗീകരിച്ച 540 ഡബ്ല്യു പി സ്വെലെക്ട് എച് എച് വി മോണോ പെര്‍ക് ഹാഫ് കട്ട് മൊഡ്യൂളുകള്‍, ഓസ്ട്രിയയില്‍ നിന്നുള്ള ഫ്രോണിയസ് ഇന്‍വെര്‍ട്ടറുകള്‍ (100 കിലോവാട്ട് വീതമുള്ള 16 യൂണിറ്റുകള്‍), മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ കാറ്റിന് പ്രതിരോധിക്കാന്‍ തക്കവണ്ണം രൂപകല്‍പ്പന ചെയ്ത ഗാല്‍വനൈസ്ഡ് അയണ്‍ മൗണ്ടിംഗ് ഘടനകള്‍ എന്നിവയാണ് പ്ലാന്റില്‍ ഉള്ളത്.

തടസ്സമില്ലാത്ത നീരിക്ഷണത്തിനും കെ.എസ്.ഇ.ബിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുള്ള സ്‌കാഡ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യനാണ് പദ്ധതി നാടിന് സമര്‍പ്പിച്ചത്. ചടങ്ങില്‍ ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി പങ്കെടുത്തു.

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍

ആലപ്പുഴ: കേരള സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 15ന് വൈകിട്ട് നാല് മണിക്ക് സെന്റ് ജോസഫ്സ് സ്‌കൂളില്‍ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ എന്‍ ബാലഗോപാല്‍, സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി സജി ചെറിയാന്‍, പി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും.

നഗരത്തിലെ അഞ്ച് സ്‌കൂളുകളാണ് പ്രധാന വേദികളാവുക. ലിയോതേര്‍ട്ടീന്ത് ഹൈസ്‌കൂള്‍, ലജനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്ററി സ്‌കൂള്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍, എസ്ഡിവിബോയ്സ്, ഗേള്‍സ് എന്നീ സ്‌കൂളുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളിലായാണ് മേള നടക്കുന്നത്. ശാസ്ത്രോത്സവത്തിന്റെ പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ സാമൂഹികശാസ്ത്ര, ഐടി മേളകളും, ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍ ശാസ്ത്രമേളയും, ലജ്ജനത്തുല്‍ മുഹമ്മദീയ ഹൈസ്‌കൂളില്‍ ഗണിതശാസ്ത്രമേളയും, പ്രവര്‍ത്തി പരിചയമേള എസ്.ഡി.വി.ബോയ്സ്,ഗേള്‍സ് സ്‌കൂളുകളിലും ആണ് നടക്കുന്നത്. കൂടാതെ കരിയര്‍ സെമിനാര്‍, കരിയര്‍ എക്സിബിഷന്‍,നിരവധി കലാപരിപാടികള്‍ തുടങ്ങിയവും ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദികളിലായി നടക്കും.

ഇത്തവണ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സംഘാടക സമിതിയുടെ നാമഥേയത്തില്‍ എഡ്യുക്കേഷന്‍ മിനിസ്റ്റേഴ്സ് ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 5,000 ത്തോളം വിദ്യാര്‍ത്ഥികള്‍ 180 ഓളം ഇനങ്ങളിലായാണ് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നത്. സബ്ജില്ലകളില്‍ നിന്ന് ഒന്നാം സ്ഥാനം നേടി റവന്യൂ ജില്ലകളില്‍ പങ്കെടുത്ത് അവിടുന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി എത്തുന്ന വിദ്യാര്‍ത്ഥികള്‍ ആണ് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ പ്രതിഭകളായി പങ്കെടുക്കുന്നത്.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു രാവിലെ ഒമ്പതു മണിക്ക് പതാക ഉയര്‍ത്തുന്നതോടെ സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ രജിസ്ട്രേഷന്‍ നവംബര്‍-15 ന് പ്രധാന വേദിയായ സെന്റ് ജോസഫ്സ് സ്‌കൂളില്‍ ആരംഭിക്കും. നവംബര്‍ 15-ന് വൈകിട്ട് നാല് മണിക്ക് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രിയും സംഘാടക സമിതി ചെയര്‍മാനുമായ സജി ചെറിയാന്‍, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളാകും.

ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, വിവിധ ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ പങ്കെടുക്കും. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു നന്ദിയും രേഖപ്പെടുത്തും. മേളയോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികള്‍ ?അരങേറും.

നവംബര്‍ 15 ന് വൈകിട്ട് അഞ്ച് മണിക്ക് ഇപ്റ്റ നാട്ടരങ്ങും നവംബര്‍ 16-ന് ശനിയാഴ്ച രണ്ടുമണി മുതല്‍ സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ഡോ.ജിതേഷ്.ജിയുടെ ശാസ്ത്രദര്‍ശന്‍ വരയരങ്ങും നടക്കും. അന്നേ ദിവസം 7.30 മുതല്‍ കേരള കലാമണ്ഡലം അവതരിപ്പിയ്ക്കുന്ന രംഗ്മാല സെന്റ് ജോസഫ്സ് എച്ച്.എസില്‍ നടക്കും. നവംബര്‍ 17, അഞ്ച് മണിക്ക് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടും നടക്കും.

ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വി.എച്ച്.?എസ് ഇ എക്സ്പോയും നടക്കും, നവംബര്‍ 16-ന് രാവിലെ 10 ന് ശാസ്ത്ര സംവാദത്തില്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ.എസ്. സോമനാഥ്, മൂന്ന് മണിക്ക് ഇന്ത്യാ മിസൈല്‍ വുമണ്‍ ഡോ.ടെസ്സി തോമസ് തുടങ്ങിയവര്‍ ക്ഷണിക്കപ്പെട്ട വിദ്യാര്‍ത്ഥികളുമായി ശാസ്ത്രസംവാദം നടത്തും. നവംബര്‍ 17-ന് 10 മണിക്ക് ഗഗന്‍യാന്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ.എം.മോഹനന്‍, ഉച്ചക്ക് രണ്ടു മണിക്ക് ടെക്‌ജെന്‍ഷ്യ സി.ഇ.ഒ. ജോയി സെബാസ്റ്റ്യന്‍ എന്നിവര്‍ സെന്റ് ജോസഫ്സ് എച്ച്.എസില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കും.

വിവിധ ജില്ലകളില്‍ നിന്നും ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും സ്വീകരിക്കുന്നതിന് ട്രാന്‍സ്പോര്‍ട്ട് കമ്മറ്റിയുടെ കീഴില്‍ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പ്രത്യേകം സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അനുഗമിക്കുന്ന അധ്യാപകര്‍ക്കും എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സൗകര്യം ചെയ്തുതന്ന കണിച്ചുകുളങ്ങര ക്ഷേത്രം വക ചിക്കര കേന്ദ്രത്തിലും, ആലപ്പുഴ നഗരത്തിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലുമായി താമസ സൗകര്യം ഒരുക്കും. താമസ സ്ഥലത്ത് നിന്ന് വേദികളില്‍ എത്തിപ്പെടാന്‍ റൂട്ട് മാപ്പ് തയ്യാറാക്കി സ്‌കാന്‍ ചെയ്ത് പ്രത്യേകം നല്‍കും. ഒരു ദിവസം ശരാശരി 1500 വിദ്യാര്‍ത്ഥികള്‍ക്കും അനുഗമര്‍ക്കും താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. താമസ സ്ഥലത്തു നിന്ന് വേദികളില്‍ എത്താന്‍ പ്രത്യേകം വാഹനം സജ്ജമാക്കിയിട്ടുണ്ട്.ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുഭിക്ഷമായ ഭക്ഷണം സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. ലജനത്തുല്‍ മുഹമ്മദീയ സ്‌കൂളിലെ പാചകപ്പുരയില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകശാല നാല് ദിനവും പ്രവര്‍ത്തിക്കുന്നത്.

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഉല്‍പ്പാദന സേവന കേന്ദ്രങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെയും സേവന പ്രവര്‍ത്തനങ്ങളുടെയും പ്രദര്‍ശനമാണ് വൊക്കേഷണല്‍ എക്സ്പോ. റീജിയണല്‍ തലത്തില്‍ നടന്ന മത്സരങ്ങളിലെ വിജയികളാണ് പങ്കെടുക്കുന്നത്. ഒരു റീജിയണില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 ടീം വീതം ഏഴ് റീജിയണുകളിലായി 84 ടീമുകളാണ് മത്സരത്തിന് ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എത്തുന്നത്.

കരിക്കുലവുമായി ബന്ധപ്പെട്ട പ്രോഫിറ്റബിള്‍, മാര്‍ക്കറ്റബിള്‍, ഇന്നവേറ്റീവ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. അഗ്രികള്‍ച്ചര്‍, എഞ്ചിനീയറിംഗ്, കൊമേഴ്സ്, പാരാ മെഡിക്കല്‍, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ വിവിധ മേഖലകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കന്ററി വിഭാഗത്തിലെ മത്സരാര്‍ത്ഥികള്‍. പ്രദര്‍ശനത്തോടൊപ്പം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉണ്ടാകും. മത്സരങ്ങളുടെ മൂല്യനിര്‍ണ്ണയശേഷം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പൊതുജനത്തിനും പ്രദര്‍ശനം കാണാന്‍ അവസരമുണ്ടാകും.

വ്യാജ പ്രചാരണങ്ങളെ തള്ളണമെന്ന് പിപി ദിവ്യ

വ്യാജ പ്രചാരണങ്ങളെ തള്ളണമെന്ന് പിപി ദിവ്യ

കണ്ണൂര്‍: ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തിയ പാര്‍ട്ടി നടപടിയില്‍ താന്‍ അതൃപ്തി പ്രകടിപ്പിച്ചെന്ന മാധ്യമവാര്‍ത്തകളില്‍ പ്രതികരണവുമായി സിപിഎം നേതാവ് പിപി ദിവ്യ. തന്റെ പ്രതികരണമെന്ന നിലയില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തന്റെ അഭിപ്രായമല്ലെന്നും ഇത്തരമൊരു പ്രതികരണം താന്‍ നടത്തിയിട്ടില്ലെന്നും പിപി ദിവ്യ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

‘മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല.ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ എനിക്കു പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചു വന്ന രീതി. അത് തുടരും, എന്റെ പാര്‍ട്ടി സ്വീകരിച്ച നടപടി ഞാന്‍ അംഗീകരിക്കുന്നു. എന്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ – പി പി ദിവ്യ കുറിച്ചു.

തനിക്കെതിരായ പാര്‍ട്ടി നടപടിയില്‍ അതൃപ്തി പ്രകടിപ്പച്ചെന്നും തന്നെ തരംതാഴ്ത്തിയത് തന്റെ ഭാഗം കേള്‍ക്കാതെയാണെന്ന തരത്തിലുമാണ് ദിവ്യക്കെതിരെ വാര്‍ത്തകള്‍ പ്രചരിച്ചത്. വെള്ളിയാഴ്ച വീട്ടിലെത്തിയശേഷം ദിവ്യ നേതാക്കളെ ഫോണില്‍ വിളിച്ച് തന്റെ ദിവ്യ അതൃപ്തി അറിയിച്ചെന്ന താരത്തിലായിരുന്നു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ പിപി. ദിവ്യയെ പാര്‍ട്ടി ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തിക്കൊണ്ടുള്ള നടപടി കഴിഞ്ഞദിവസമാണ് ഉണ്ടായത്.

ഡെപ്യൂട്ടി തഹസീല്‍ദാര്‍ നാടുവിട്ടത് ഭീഷണി ഭയന്ന്, പത്തുലക്ഷം രൂപ തട്ടി; മൂന്ന് പേര്‍ അറസ്റ്റില്‍

ഡെപ്യൂട്ടി തഹസീല്‍ദാര്‍ നാടുവിട്ടത് ഭീഷണി ഭയന്ന്, പത്തുലക്ഷം രൂപ തട്ടി; മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: തിരൂര്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ പി ബി ചാലിബിനെ കാണാതായ സംഭവത്തിനു പിന്നില്‍ ബ്ലാക് മെയിലിങ് എന്നു പൊലീസ് കണ്ടെത്തല്‍. പോക്സോ കേസില്‍ പെടുത്തി കുടുംബം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ചാലിബില്‍നിന്നു മൂവര്‍ സംഘം പത്തു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടത്താണി സ്വദേശികളായ ഷെഫീഖ്, ഫൈസല്‍, വെട്ടിച്ചിറ സ്വദേശി അജ്മല്‍ എന്നിവരെ അറസ്റ്റ് ചെയ്തു. തിരൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ മാസം 16 ആം തീയതി മുതല്‍ 26 ആം തീയതി വരെ പ്രതികള്‍ തഹസീല്‍ദാറില്‍ നിന്ന് പത്തുലക്ഷത്തിലധികം രൂപ തട്ടിയെടുത്തതെന്ന് പൊലീസ് കണ്ടെത്തല്‍. പല ഘട്ടങ്ങളിലായാണ് പ്രതികള്‍ പണം തട്ടിയെടുത്തത്. പിന്നീട് വീണ്ടും പണം തട്ടിയെടുക്കാന്‍ ശ്രമം നടത്തിയപ്പോഴാണ് ചാലിബ് നാട് വിട്ടതെന്നാണ് വിവരം. പോക്‌സോ കേസില്‍ ഉള്‍പ്പെടുത്തി കുടുംബം തകര്‍ക്കുമെന്ന് പ്രതികള്‍ ചാലിബിനെ ഭീഷണിപ്പെടുത്തിയെന്നും പല ഘട്ടങ്ങളിലായി തുക കൈമാറിയെന്നും പിന്നീടും പണം ആവശ്യപ്പെട്ടപ്പോള്‍ മാനസിക പ്രയാസത്താല്‍ നാടുവിടുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ബുധനാഴ്ച മലപ്പുറത്ത് നിന്ന് കാണാതായ ചാലിബ് ഇന്നലെ അര്‍ധരാത്രിയോടെ് വീട്ടിലെത്തിയിരുന്നു. മാനസിക പ്രയാസം മൂലമാണ് നാടുവിട്ടതെന്ന് ചാലിബ് പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. ചാലിബിനെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴാണ് ഭീണഷണിപ്പെടുത്തി പണം തട്ടിയ സംഘത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും പൊലീസ് പറഞ്ഞു.

ട്രാക്കില്‍ വിള്ളല്‍; കോട്ടയം – ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

ട്രാക്കില്‍ വിള്ളല്‍; കോട്ടയം – ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

കോട്ടയം: അടിച്ചിറ പാര്‍വതിക്കലിലെ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയം ഏറ്റുമാനൂര്‍ റൂട്ടിലെ ട്രെയിനുകളുടെ വേഗം കുറയ്ക്കും. വിള്ളല്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി പരശുറാം, ശബരി എക്‌സ്പ്രസ്സുകളും കൊല്ലം എറണാകുളം മെമു ട്രെയിനും അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടിരുന്നു.

പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചതായി റെയില്‍വേ അറിയിച്ചു. ട്രെയിനുകള്‍ കോട്ടയത്തും ഏറ്റുമാനൂരിനും ഇടയില്‍ വേഗം കുറച്ച് ഓടുമെന്നും അധികൃതര്‍ അറിയിച്ചു.

രാവിലെ 11.30ഓടെയാണ് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോട്ടയത്ത് നിന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയ ശേഷം പ്രശ്നം താത്കാലികമായി പരിഹരിച്ചു. പൂര്‍ണമായും പരിഹരിക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും. അതിനായി നടപടിക്രമങ്ങള്‍ തുടങ്ങിയതായും റെയില്‍വേ അറിയിച്ചു.

വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു. നാട്ടാനകളിലെ കാരണവര്‍ സ്ഥാനം അലങ്കരിക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആനയാണിത്. എണ്‍പതിനോടടുത്ത് പ്രായമുണ്ട്. വടക്കുന്നാഥക്ഷേത്രത്തില്‍ ഭണ്ഡാരപ്പിരിവു നടത്തി വാങ്ങിയ ആന എന്നതാണ് ഇതിന്റെ സവിശേഷത. വടക്കുന്നാഥ ക്ഷേത്രത്തില്‍ നടയിരുത്തിയതാണ് ഇതിനെ. പൂരമെഴുന്നള്ളിപ്പുകളില്‍ ഏറെ ആരാധാകരുള്ള ആനയാണ്.

1987നു ശേഷമാണ് പോബ്സണ്‍ ഗ്രൂപ്പ് ആനയെ നാട്ടിലെത്തിക്കുന്നത്. മുപ്പതുവര്‍ഷം മുമ്പാണ് വടക്കുന്നാഥന് സ്വന്തമായത്.