by Midhun HP News | Nov 9, 2024 | Latest News, കേരളം
കൊച്ചി: ക്രിമിനൽ കേസിൽ ജയിലിലാകുമോയെന്ന ഭയത്തോടെ ക്ലാസെടുക്കേണ്ട സ്ഥിതിയിലാണ് അധ്യാപകരെന്ന് കേരള ഹൈക്കോടതി. ക്ലാസിനുള്ളിൽ ഡെസ്കിൽ കാൽ കയറ്റിവച്ചത് ചോദ്യം ചെയ്തപ്പോൾ ചീത്ത വിളിച്ച ഏഴാം ക്ലാസുകാരനെ അടിച്ച അധ്യാപികയ്ക്കെതിരായ കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം. എന്തു ചെയ്യണം, ചെയ്യരുതെന്ന ഭയപ്പാടിൽ കുട്ടികളെ പഠിപ്പിക്കേണ്ടി വരുന്നതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനു ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു.
ഗുരുദക്ഷിണയായി ചോദിച്ച പെരുവിരൽ രണ്ടാമതൊന്ന് ആലോചിക്കാതെ മുറിച്ചു നൽകിയ ഏകലവ്യൻ പകർന്ന പാഠമൊക്കെ ഇപ്പോൾ തലകീഴായി മറിഞ്ഞെന്നും ജസ്റ്റിസ് എ ബദ്ദറുദ്ദീൻ പറഞ്ഞു. അച്ചടക്ക പാലനത്തിന്റെ ഭാഗമായാണ് കുട്ടിയെ ശാസിച്ചതെന്ന് അധ്യാപിക ഹർജിയിൽ വ്യക്തമാക്കി. ‘വീട്ടിൽ ചെയ്യുന്നതു പോലെ ഇവിടെ ചെയ്യരുത് എന്നു പറഞ്ഞപ്പോൾ, ‘വീട്ടുകാരെ പറഞ്ഞതു കൊണ്ട് ടീച്ചറെ അസഭ്യം പറഞ്ഞു’ എന്ന് കുട്ടി തന്നെ മൊഴി നൽകിയതും ചൂണ്ടിക്കാട്ടി.
കുട്ടികളുടെ നല്ലതിനായി അധ്യാപകർ സ്വീകരിക്കുന്ന ശിക്ഷണ നടപടികളെ കുറ്റകൃത്യമായി ചിത്രീകരിക്കരുതെന്നും കോടതി പറഞ്ഞു. ഇത് സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഈ അവസ്ഥ തുടർന്നാൽ അച്ചടക്കമുള്ള പുതുതലമുറ എങ്ങനെയുണ്ടാകുമെന്നതിൽ ആശങ്കയുടെന്നും കോടതി വ്യക്തമാക്കി.
കുട്ടിയ്ക്ക് പരിക്കില്ലാതിരുന്നിട്ടും ബാലനീതി നിയമത്തിലെ വകുപ്പുകൾ അടക്കം ഉൾപ്പെടുത്തി അധ്യാപികയുടെ പേരിൽ തൃശൂർ വാടാനപ്പള്ളി പൊലീസ് കേസെടുത്തിരുന്നു. ശാരീരികമായോ മാനസികമായോ കുട്ടിയ്ക്ക് ബുദ്ധിമുട്ടുണ്ടാകണമെന്ന് അധ്യാപിക ആഗ്രഹിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കി ഉത്തരവിറക്കിയത്.
by Midhun HP News | Nov 9, 2024 | Latest News, കേരളം
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത് സാന്ദ്ര തോമസ് കോടതിയെ സമീപിച്ചു. നടപടി റദ്ദാക്കണമെന്നും പുറത്താക്കിയത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര എറണാകുളം സബ് കോടതിയെ സമീപിച്ചത്. തനിക്കെതിരെ ഉയർന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്ര പ്രതികരിച്ചു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനത്തിനെതിരെ ഫിലിം ചേംമ്പറിനും കത്ത് നൽകും. നീക്കം മുന്നിൽ കണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിയമ നടപടികൾ തുടങ്ങി. അച്ചടക്കം ലംഘിച്ചു എന്ന കാരണം കാണിച്ച് സാന്ദ്രയെ കഴിഞ്ഞ ദിവസമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമ്മര്‍ദ്ദത്തില്‍ ആക്കുന്ന പ്രതികരണങ്ങള്‍ സാന്ദ്രയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു.
ഇതിനുപുറമേ അസോസിയേഷനിലെ അംഗങ്ങളായ ആന്റോ ജോസഫ്, ബി രാഗേഷ്, സന്ദീപ് മേനോന്, ലിസ്റ്റിന് സ്റ്റീഫൻ, സിയാദ് കോക്കർ അടക്കമുള്ളവര്‍ക്കെതിരെ സാന്ദ്ര തോമസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിനിടെ തനിക്കെതിരെ ലൈംഗിക അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉണ്ടായി എന്നായിരുന്നു പരാതി. പരാതിയുമായി വരുന്നവരെ നിശബ്ദരാക്കുകയെന്ന ഉദ്ദേശത്തിലാണ് തന്നെപ്പോലൊരാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയതെന്ന് സാന്ദ്ര പ്രതികരിച്ചിരുന്നു.

by Midhun HP News | Nov 9, 2024 | Latest News, കേരളം
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് 11 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത. ചിലയിടങ്ങളില്‍ 40 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഇന്നലെ ശക്തമായ മഴയാണു ലഭിച്ചത്.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. അടുത്ത ദിവസം തന്നെ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്.

by Midhun HP News | Nov 9, 2024 | Latest News, കേരളം
തൊടുപുഴ: പീരുമേട്ടില്‍ വീട്ടിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ അമ്മ നോക്കിനില്‍ക്കെ, അനുജനും അനുജത്തിയും ചേര്‍ന്ന് ചേട്ടനെ അടിച്ചുകൊന്നു. പള്ളിക്കുന്ന് വുഡ്ലാന്‍ഡ്‌സ് എസ്റ്റേറ്റില്‍ കൊല്ലമറ്റത്തില്‍ ബാബുവിന്റെ മകന്‍ ബിബിന്‍ (29) ആണ് കൊല്ലപ്പെട്ടത്. കേസില്‍ സഹോദരങ്ങളായ വിനോദ് (24), ബിനിത (26), അമ്മ പ്രേമ (50) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആത്മഹത്യയെന്ന് ബന്ധുക്കള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച കേസില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ബിബിനെ ആശുപത്രിയിലെത്തിച്ച പ്രതികള്‍ സംഭവം ആത്മഹത്യയാണെന്നാണ് പ്രചരിപ്പിച്ചത്.
ബിനിതയുടെ മകളുടെ പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പൊലീസ് പറഞ്ഞു. 5-ാം തീയതി വൈകീട്ട് ബിബിന്‍ മദ്യപിച്ചു വീട്ടിലെത്തി. ബിനിതയുടെ സുഹൃത്തുക്കള്‍ സ്ഥിരമായി വീട്ടിലെത്തുന്നതിനെ ബിബിന്‍ ചോദ്യം ചെയ്തു. തര്‍ക്കത്തിനിടെ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു.
ഇതുകണ്ട ബിനിത വീട്ടിലിരുന്ന ഫ്‌ലാസ്‌ക് എടുത്തു ബിബിന്റെ തലയ്ക്കടിച്ചു. അതിനിടെ സഹോദരന്റെ ചവിട്ടേറ്റു കുഴഞ്ഞുവീണ ബിബിനെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. ഡിവൈഎസ്പി വിശാല്‍ ജോണ്‍സ്, എസ്എച്ച്ഒ ഗോപിചന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
by Midhun HP News | Nov 9, 2024 | Latest News, കേരളം
ഡര്‍ബന്‍: ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ. മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ 61 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ മുന്നോട്ടുവെച്ച 203 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സിന് ഓള്‍ഔട്ടായി. സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ ആണ് കളിയിലെ താരം.
ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്ണോയിയും മൂന്നുവിക്കറ്റ് വീതംനേടി. ആവേശ് ഖാന്‍ രണ്ടുവിക്കറ്റും അര്‍ഷ്ദീപ് സിങ് ഒരുവിക്കറ്റും സ്വന്തമാക്കി. ഹെന്റിച് ക്ലാസന്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 25 റണ്‍സ് എടുത്ത ക്ലാസനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കുകയായിരുന്നു. ഇതോടെ നാലുമത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി(1-0).
ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടമായ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 47പന്തില്‍ 9 സിക്സിന്റെയും 7 ബൗണ്ടറിയുടെയും അകമ്പടിയോയാണ് സഞ്ജു സാംസണ്‍ സെഞ്ച്വറി അടിച്ചത്. ഇതോടെ ടി20യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ താരമായി സഞ്ജു. ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യന്‍ താരം തേടുന്ന അതിവേഗ സെഞ്ച്വറിയാണിത്.
രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് സഞ്ജു. 27 പന്തില്‍ അര്‍ധെസഞ്ചുറിയിലെത്തിയ സഞ്ജു സെഞ്ച്വറിയിലെത്താന്‍ പിന്നീട് എടുത്തത് 20 പന്തുകള്‍ മാത്രം. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ താരത്തിന്റെ അതിവേഗ ടി20 സെഞ്ച്വറിയെന്ന റെക്കോര്‍ഡും ഡര്‍ബനില്‍ സഞ്ജു അടിച്ചെടുത്തു. 55 പന്തില്‍ സെഞ്ച്വറിയിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് 47 പന്തില്‍ സെഞ്ച്വറിയിലെത്തി സഞ്ജു മറികടന്നത്.
പാട്രിക് ക്രുഗര്‍ക്കതിരെ സിക്‌സ് അടിച്ച് 98ല്‍ എത്തിയ സഞ്ജു അടുത്ത പന്തില്‍ സിംഗിളെടുത്ത് 99ല്‍ എത്തി. കേശവ് മാഹാരാജിനെതിരെ സിംഗിളെടുത്ത് തന്റെ രണ്ടാം ടി20 സെഞ്ച്വറിയിലെത്തി. സെഞ്ച്വറിക്കുശേഷം എന്‍കബയോംസി പീറ്ററിനെ വീണ്ടും സിക്‌സിന് പറത്തിയ സഞ്ജു അടുത്ത പന്തും സിക്‌സ് അടിക്കാനുള്ള ശ്രമത്തില്‍ ബൗണ്ടറിയില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ കൈകളിലെത്തി. സിക്‌സ് എന്നുറപ്പിച്ച പന്ത് സ്റ്റബ്‌സ് മനോഹരമായി കൈയിലൊതുക്കുകയായിരുന്നു. 50 പന്തില്‍ 10 സിക്‌സും ഏഴ് ഫോറും പറത്തിയ സഞ്ജു പതിനാറാം ഓവറിലെ അവസാന പന്തിലാണ് പുറത്തായത്.
by Midhun HP News | Nov 9, 2024 | Latest News, കേരളം
ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി ജലവിമാനമെത്തുന്നു. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക. നവംബർ 11 തിങ്കളാഴ്ച രാവിലെ 11 ന് മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് സീപ്ലെയിൻ താണിറങ്ങും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. എം എൽ എമാരായ എ. രാജ,എം. എം. മണി എന്നിവർ സന്നിഹിതരായിരിക്കും.
കൊച്ചി ബോൾഗാട്ടി പാലസിൽ നവംബർ 11 രാവിലെ 9.30ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്റിയാസാണ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ജലവിമാനത്തിൻ്റെ പരീക്ഷണപ്പറക്കൽ ഫ്ലാഗ് ഓഫ് ചെയ്യുക.
കെ എസ് ഇ ബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടിയിലേത്. ടൂറിസം രംഗത്ത് ഇടുക്കിക്ക് വലിയ പ്രതീക്ഷയാണ് സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കൽ നൽകുന്നത്. റോഡ് മാർഗ്ഗം കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ നേരിട്ട് പറന്നിറങ്ങാമെന്നത് വിദേശ വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കും.
Recent Comments