‘നാടുവിട്ടത് മാനസിക പ്രയാസം മൂലം’; മലപ്പുറത്ത് നിന്ന് കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടിലെത്തി

‘നാടുവിട്ടത് മാനസിക പ്രയാസം മൂലം’; മലപ്പുറത്ത് നിന്ന് കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടിലെത്തി

കോഴിക്കോട്: മലപ്പുറത്ത് നിന്ന കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ബി ചാലിബ് വീട്ടില്‍ മടങ്ങിയെത്തി. അര്‍ധരാത്രിയോടെയാണ് ചാലിബ് വീട്ടിലെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാടുവിട്ടതെന്ന് ചാലിബ് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.

ചാലിബിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെ, ചാലിബ് ഇന്നലെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടില്‍ മടങ്ങിയെത്തിയത്. മാനസിക പ്രയാസത്തിലാണ് നാടു വിട്ടതെന്നും വീട്ടിലേക്ക് തിരിച്ചു വരുമെന്നും ചാലിബ് ഭാര്യയോട് പറഞ്ഞതായാണ് ബന്ധുക്കള്‍ പറഞ്ഞത്.

ഒറ്റയ്ക്കാണ് ഉള്ളതെന്നും കൂടെ ആരും ഇല്ലെന്നുമാണ് ചാലിബ് വീട്ടുകാരോട് പറഞ്ഞത്. ചാലിബിനെ കാണാതായതിന് ശേഷം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും പിന്നീട് ഉഡുപ്പിയിലുമാണ് കാണിച്ചത്. ബുധനാഴ്ച വൈകിട്ട് ചാലിബ് ഓഫീസില്‍ നിന്നും 5.15 ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിച്ചു. പിന്നീട് വാട്‌സ്ആപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്‌സൈസ് ടീം ഉണ്ടെന്നും പറഞ്ഞു. എന്നാല്‍ രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

‘പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണം’; നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് മഞ്ജുഷ

‘പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണം’; നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് മഞ്ജുഷ

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. നിലവിലെ എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ല. ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണം. ഇക്കാര്യവും കോടതിയെ ബോധ്യപ്പെടുത്തും. ഇന്നലെ പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചത്.

അതിനിടെ തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ജുഷ അപേക്ഷ നല്‍കി. കൂടിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല. കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റി നല്‍കണമെന്നും മഞ്ജു ആവശ്യപ്പെട്ടു. കോന്നി തഹസില്‍ദാരായ മഞ്ജുഷ നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അവധിയിലാണ്. അടുത്തമാസം തിരികെ ജോലിയില്‍ പ്രവേശിക്കാനിരിക്കേയാണ് അപേക്ഷ നല്‍കിയത്.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ വളരെയധികം ദുഃഖമുണ്ടെന്നാണ് പി പി ദിവ്യ ഇന്നലെ പ്രതികരിച്ചത്. ഉദ്യോഗസ്ഥരോട് സദുദ്ദേശത്തോടെ മാത്രമേ ഇടപെടാറുള്ളൂവെന്നും പി പി ദിവ്യ ആവര്‍ത്തിച്ചു. താനിപ്പോഴും നിയമത്തില്‍ വിശ്വസിക്കുന്നു. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കും. നവീന്‍ ബാബുവിന്റെ കുടുംബത്തെ പോലെ തന്നെ എഡിഎമ്മിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്നും പി പി ദിവ്യ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പള്ളിക്കുന്നിലെ വനിതാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി പി ദിവ്യ.

തിരുവനന്തപുരത്ത് ഇന്ന് രാത്രി എട്ട് മണി വരെ ജലവിതരണം മുടങ്ങും

തിരുവനന്തപുരത്ത് ഇന്ന് രാത്രി എട്ട് മണി വരെ ജലവിതരണം മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്ന് വിവിധ ഇടങ്ങളിൽ ജലവിതരണം മുടങ്ങും. ശാസ്തമംഗലം ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കുന്നതിനാണ് നിയന്ത്രണം. ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപ്പെടുത്തുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്.

ശാസ്തമംഗലം, പൈപ്പിന്മൂട്, ഊളൻപാറ, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, ജവഹർനഗർ എന്നിവിടങ്ങളിൽ ആണ് ഇന്ന് ജലവിതരണം മുടങ്ങുക. ജനങ്ങൾ വേണ്ട മുൻകരുതൽ സ്വീകരിക്കണം എന്ന് നേരത്തെ ജല അതോറിറ്റി അറിയിച്ചു. ശനിയാഴ്ച്ച രാത്രി എട്ടു മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

സ്വര്‍ണവില കുറഞ്ഞു; 58,000ന് മുകളില്‍ തന്നെ

സ്വര്‍ണവില കുറഞ്ഞു; 58,000ന് മുകളില്‍ തന്നെ

കൊച്ചി: കഴിഞ്ഞ ദിവസം 1300 രൂപയുടെ കനത്ത ഇടിവിന് ശേഷം ഇന്നലെ തിരിച്ചുകയറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞു. 7275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായി സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നതിനും വ്യാഴാഴ്ച സാക്ഷ്യം വഹിച്ചു. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് 60,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവിലയില്‍ കഴിഞ്ഞദിവസം ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്.

58,000ല്‍ താഴെയാണ് സ്വര്‍ണവില എത്തിയത്. എന്നാല്‍ ഇന്നലെ തിരിച്ചുകയറിയ സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍ എത്തുകയായിരുന്നു.

എന്‍ എന്‍ കൃഷ്ണദാസിനെ തള്ളി സിപിഎം ജില്ലാ നേതൃത്വം

എന്‍ എന്‍ കൃഷ്ണദാസിനെ തള്ളി സിപിഎം ജില്ലാ നേതൃത്വം

പാലക്കാട്: പാലക്കാട്ടെ ട്രോളി വിവാദത്തില്‍ മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസിന്റെ പ്രസ്താവനയെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. പെട്ടിയില്‍ കള്ളപ്പണമാണെന്ന് സുരേഷ് ബാബു ആവര്‍ത്തിച്ചു. ട്രോളിയില്‍ പരാതിയുമായി മുന്നോട്ടു പോകും. സിപിഎം കൊടുത്ത പരാതിയും അന്വേഷണത്തിന്റെ ഭാഗമാകും. നിയമപരമായ അന്വേഷണം നടത്തിക്കഴിയുമ്പോഴാണ് കള്ളപ്പണ വിവാദത്തിന്റെ കൃത്യമായ വസ്തുത പുറത്തു വരികയെന്നും സുരേഷ് ബാബു പറഞ്ഞു.

കള്ളപ്പണം വന്നു എന്നത് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ പുറത്തു വിട്ടതാണ്. തെളിവു സഹിതം വരുന്ന ചില വസ്തുതകള്‍ പൂര്‍ണമായും, കള്ളപ്പണം കൊണ്ടുവന്നു എന്നു തെളിയിക്കപ്പെടുന്ന നിലയിലേക്കാണ് എത്തുന്നത്. ഇന്നലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതില്‍ ഒട്ടേറെ വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ട്. ആദ്യം കയറിയത് ഷാഫിയുടെ കാറിലാണെന്നാണ് രാഹുല്‍ പറഞ്ഞത്. ഷാഫിയുമായി സംസാരിക്കാനായിട്ടാണ് ആ കാറില്‍ കയറിയതെന്നും പറഞ്ഞതായിട്ടാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

എന്നാല്‍ ഷാഫി ആ കാറിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാഫിയുമായിട്ടാണോ, അദ്ദേഹത്തിന്റെ സ്റ്റാഫുമായിട്ടാണോ സംസാരിച്ചതെന്ന് രാഹുല്‍ വ്യക്തമാക്കണം. പ്രധാനപ്പെട്ട വിരോധാഭാസം എന്തെന്നാല്‍ കെപിഎം ഹോട്ടലില്‍ നിന്നും 10 മീറ്റര്‍ പോലും ദൂരമില്ല പ്രസ് ക്ലബ്ബിന്റെ അടുത്തേക്ക്. പ്രസ് ക്ലബിന്റെ മതിലിനോട് ചേര്‍ന്നാണ് ഹോട്ടലിന്റെ മതില്‍. പ്രസ് ക്ലബിന്റെ മുന്നില്‍ വരെ ഒരു കാറില്‍. അതു കഴിഞ്ഞ് രാഹുല്‍ സ്വന്തം കാറില്‍ 700 മീറ്റര്‍ അകലെ കെ ആര്‍ ടവറിന് മുന്നിലെത്തി. സാധാരണ ഗതിയില്‍ അധോലോക സിനിമകളിലാണ് കാറുകളില്‍ മാറിമാറിക്കയറുന്നത് നമ്മളെല്ലാം കാണുന്നതെന്ന് സുരേഷ് ബാബു പറഞ്ഞു.

അധോലോക സംഘങ്ങളുടെ രീതി സാധാരണ നമ്മുടെയൊന്നും അനുഭവത്തില്‍ കണ്ടിട്ടില്ല. ഇതെല്ലാം എന്തോ ബോധപൂര്‍വം മറച്ചു പിടിക്കാനുള്ള സംഗതിയാണ്. ഒരു ഘട്ടത്തിലും ഒരു കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിക്കോട് ആണെന്ന് പറഞ്ഞിട്ടില്ല. ഇത്രയെല്ലാം പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍, കോഴിക്കോട്ടേക്കുള്ള സഞ്ചാരമധ്യേ കാറിലിരുന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സമൂഹമാധ്യമത്തിലൂടെ ലൈവിന് വരാതിരുന്നതെന്തുകൊണ്ടാണ്?. കാറില്‍ ഇന്ന ആളുകളുണ്ട്, ബാഗേജില്‍ ഇന്നതൊക്കെയാണ് എന്നെല്ലാം പറയാമായിരുന്നു. എന്തിനാണ് ഒളിക്കുന്നത്. സത്യസന്ധമായി പറയാമായിരുന്നില്ലേയെന്ന് ഇ എന്‍ സുരേഷ് ബാബു ചോദിച്ചു.

‘പ്രതിക്ക് സ്വഭാവിക മനുഷ്യാവകാശം നൽകാം’; പിപി ദിവ്യയുടെ ജാമ്യ ഉത്തരവ്

‘പ്രതിക്ക് സ്വഭാവിക മനുഷ്യാവകാശം നൽകാം’; പിപി ദിവ്യയുടെ ജാമ്യ ഉത്തരവ്

പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് പുറത്ത്. സ്ത്രീയെന്ന പരിഗണന പ്രതിക്ക് നൽകുന്നതായി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി. പ്രതിക്ക് സ്വഭാവിക മനുഷ്യവകാശം നൽകാമെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. ദിവ്യയുടെ ആരോഗ്യസ്ഥിതിയും പരിഗണിക്കുന്നതായി കോടതി ജാമ്യ ഉത്തരവിൽ പറയുന്നു.

ജയിലിനല്ല ജാമ്യത്തിനാണ് ആദ്യ പരിഗണന. പിതാവിന്റെ രോഗാവസ്ഥയും പരിഗണിക്കുന്നതായി കോടതി. പ്രതിക്കെതിരായ പൊതുവികാരം ജാമ്യം തടയുന്നതിന് മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. പിതാവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. പിപി ദിവ്യക്ക് ജാമ്യം ലഭിച്ചാലും കേസ് അട്ടിമറിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് കോടതി പറയുന്നു. പൊതുപ്രവർത്തകയായ പ്രതി ഇനി അന്വേഷണത്തോട് നിസഹകരിക്കുമെന്ന് കരുതാനാകില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു.

കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നത് പ്രസക്തിയില്ല. ജാമ്യാപേക്ഷയിൽ വിഷയം പരിഗണിക്കേണ്ടതില്ല. അത് അന്വേഷണത്തിലാണ് കണ്ടത്തേണ്ടതെന്ന് കോടതി പറയുന്നു. സാഹചര്യങ്ങൾ മാത്രം പരിഗണിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, 2 ആൾ ജാമ്യം എന്നിവയും ജില്ല വിട്ടു പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, പാസ്പോർട്ട് സമർപ്പിക്കണം എന്നിവയാണ് ജാമ്യ വ്യവസ്ഥയിൽ ഉൾപ്പെടുന്നത്.

കേസിൽ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. യാത്രയയപ്പ് യോഗത്തിലെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിഭാ​ഗം കോടതിയിൽ സമ്മതിച്ചിരുന്നു.