കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി അനുവദിച്ചു; ധനമന്ത്രി

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി അനുവദിച്ചു; ധനമന്ത്രി

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ആഴ്‌ചയിൽ 20 കോടി നൽകിയിരുന്നു. പ്രതിമാസ 50 കോടി രൂപ വീതമാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി നൽകുന്നത്‌. ഈ വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ വകയിരുത്തിയത്‌. ഇതിനകം 1111 കോടി നൽകി. ഈ സർക്കാർ ഇതുവരെ 6100 കോടി രൂപ കെഎസ്‌ആർടിസിക്കായി അനുവദിച്ചുവെന്നും ബാലഗോപാല്‍ അറിയിച്ചു.

നേരത്തെ, സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപ കൂടി സർക്കാർ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു. ജനറൽ പർപ്പസ്‌ ഫണ്ട്‌ (പൊതുആവശ്യ ഫണ്ട്‌) തുകയാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 150 കോടി ലഭിക്കും. ജില്ലാ പഞ്ചായത്തുകൾക്ക്‌ ഏഴു കോടിയും, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 10 കോടിയും അനുവദിച്ചു. മുൻസിപ്പാലിറ്റികൾക്ക്‌ 26 കോടിയും, കോർപറേഷനുകൾക്ക്‌ 18 കോടിയും വകയിരുത്തി. ഈ സാമ്പത്തിക വർഷം ഇതുവരെ 6250 കോടി രുപയാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സർക്കാർ കൈമാറിയതെന്നും ധനകാര്യ മന്ത്രി പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത; മൂന്ന് ജില്ലകളില്‍ തീവ്രമഴ

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത; മൂന്ന് ജില്ലകളില്‍ തീവ്രമഴ

തിരുവനന്തപുരം: തുലാവര്‍ഷം ശക്തമാകുന്നുവെന്ന സൂചന നല്‍കി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. നേരത്തെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നി ജില്ലകള്‍ക്കൊപ്പം ഈ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരുന്നത്. തീവ്രമഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തുടര്‍ന്ന് തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. തെക്കു കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പി.പി ദിവ്യ വൈകിട്ട് ജയിൽ മോചിതയാകും

പി.പി ദിവ്യ വൈകിട്ട് ജയിൽ മോചിതയാകും

എഡിഎം – കെ നവീൻ ബാബുവിന്റെ മരണത്തിൽ ജാമ്യം ലഭിച്ച പി പി ദിവ്യ വൈകിട്ട് നാലുണിയോടെ ജയിലിൽ നിന്ന് പുറത്തിറങ്ങും. പി പി ദിവ്യയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയെങ്കിലും ജയിലിൽ നിന്നിറങ്ങുമ്പോൾ സ്വീകരിക്കാനായി സിപിഐഎം വനിതാ നേതാക്കളും കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി വി ഗോപിനാഥും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യനും പള്ളിക്കുന്ന് ജയിലിനു മുന്നിലുണ്ട്.

പിപി ദിവ്യയെ കൈവിടില്ലെന്ന് ആവർത്തിക്കുകയാണ് സിപിഐഎം. കേഡർക്ക് തെറ്റ് സംഭവിച്ചാൽ അത് തിരുത്തി മുന്നോട്ടു പോകുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ദിവ്യയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സിപിഐഎം നേതാക്കള്‍ അവിടെ പോയിരുന്നല്ലോ എന്ന ചോദ്യത്തിലും അദ്ദേഹം പ്രതികരിച്ചു. നേതാക്കള്‍ ഇനിയും ഒപ്പം പോകുമെന്നും ജയിലില്‍ നിന്ന് വന്നാലും പോകുമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യ എന്നു പറയുന്നത് ശത്രുവാണോ? പാര്‍ട്ടി കേഡര്‍ ആയിരുന്നല്ലോ, കേഡര്‍ക്ക് തെറ്റ് സംഭവിച്ചാല്‍ അത് തിരുത്തി മുന്നോട്ടു പോകും. തെറ്റിന്റെ പേരില്‍ കൊല്ലാന്‍ ആകില്ലല്ലോ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതിയില്‍ ദിവ്യ എടുക്കുന്ന നിലപാട് ദിവ്യയുടെ വ്യക്തിപരമായ നിലപാടാണെന്നും അത് പാര്‍ട്ടി നിലപാടായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറുകൊണ്ട് ദിവ്യയെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി. കോണ്‍ഗ്രസിന്റെ പൈലി രീതിയല്ല സിപിഐഎം ചെയ്തത് – എംവി ഗോവിന്ദന്‍ പറഞ്ഞു.

മാതമംഗലത്ത് ആടിനെ കടിച്ചു കൊന്നത് പുലി തന്നെ; വ്യാപക തിരച്ചിൽ

മാതമംഗലത്ത് ആടിനെ കടിച്ചു കൊന്നത് പുലി തന്നെ; വ്യാപക തിരച്ചിൽ

കണ്ണൂർ: പയ്യന്നൂർ മാതമംഗലത്ത് വെള്ളോറയിൽ ആടുകളെ കടിച്ചു കൊന്നത് പുലി തന്നെയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. എന്നാല്‍ പുലിയുടെ ദൃശ്യം കാമറയില്‍ പതിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ പി രതീശന്‍ പറഞ്ഞു. ഇന്ന് രാവിലെ മുതല്‍ പ്രത്യേക ആര്‍ആര്‍ടി സംഘം പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തും.

ഇതിന് ശേഷമായിരിക്കും പുലിയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിക്കുക. 24 മണിക്കൂറും വനംവകുപ്പ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പ്രദേശവാസികൾ പരിഭ്രമിക്കേണ്ടതില്ലെന്നും, വളര്‍ത്തുമൃഗങ്ങള്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

വെള്ളോറ, കക്കറ ഭാഗങ്ങളില്‍ സ്ഥാപിച്ച കാമറകളിലൊന്നും പുലിയുടെ ദൃശ്യങ്ങൾ ഇതേവരെ ലഭിച്ചിട്ടില്ല. വെള്ളോറ കടവനാട് ബുധനാഴ്ച്ച വെള്ളോറ അറക്കാല്‍പ്പാറ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പന്തല്‍മാക്കന്‍ രവീന്ദ്രന്‍ എന്നയാളുടെ വീട്ടിലെ ആടിനെയാണ് പുലി കടിച്ചു കൊന്നത്. മറ്റൊരാടിന് പരിക്കേറ്റ നിലയിലുമാണ്. രണ്ട് ദിവസം മുന്നേ കക്കറയില്‍ ഒരു വളര്‍ത്തുനായയെ കടിച്ച് കൊണ്ടുപോയി കൊന്നിരുന്നു. ഇതേ തുടർന്നാണ് അക്രമകാരിയായ അജ്ഞാത ജീവി പുലിയാണെന്ന് സ്ഥിരീകരിച്ചത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി

തൃശൂര്‍: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി. വൃശ്ചികം ഒന്നാം തീയതിയായ നവംബര്‍ 16 മുതല്‍ 2025 ജനുവരി 19 വരെ ദര്‍ശനസമയം ഒരു മണിക്കൂര്‍ നീട്ടാനാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

വൈകുന്നേരത്തെ ദര്‍ശനത്തിനായി ക്ഷേത്രം നട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും. നിലവില്‍ നാലര മണിക്കാണ് നട തുറക്കുന്നത്. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥമാണ് നടപടി. ഇതോടെ ഒരു മണിക്കൂര്‍ അധിക സമയം ഭക്തര്‍ക്ക് ദര്‍ശനത്തിന് ലഭിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്.

ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍ അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥന്‍, വി ജി രവീന്ദ്രന്‍, മനോജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായി.

ഇത്ര നാളും ചര്‍ച്ച ചെയ്തതല്ല, വേറെയും ചില കാര്യങ്ങളുണ്ട്: അഡ്വ. വിശ്വന്‍

ഇത്ര നാളും ചര്‍ച്ച ചെയ്തതല്ല, വേറെയും ചില കാര്യങ്ങളുണ്ട്: അഡ്വ. വിശ്വന്‍

കണ്ണൂര്‍: ജാമ്യം അനുവദിച്ചു കൊണ്ടുള്ള തലശ്ശേരി കോടതിയുടെ വിധി ആശ്വാസകരമെന്ന് പി പി ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍. ചാരത്തിനിടയ്ക്ക് കനല്‍ക്കട്ട പോലെ സത്യമുണ്ട്. സത്യം ഇനിയും പുറത്തു വരേണ്ടതുണ്ട്. ഇനിയും കുറേ കാര്യങ്ങള്‍ കോടതിയെ ധരിപ്പിക്കാനുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ പിപി ദിവ്യയുടെ നിരപരാധിത്വം അസന്നിഗ്ധമായി തെളിയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും കെ വിശ്വന്‍ പറഞ്ഞു.

നിലവിലുള്ള തെളിവു നിയമവും ലഭ്യമായ ശാസ്ത്രീയ തെളിവുകളുമെല്ലാം സഹായത്തിനെത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ബഹളം കൊണ്ടോ വ്യാഖ്യാനം കൊണ്ടോ സത്യത്തെ മറച്ചു വെക്കാന്‍ കഴിയില്ല. തീക്ഷ്ണമായ തെളിവുകള്‍ സ്വാഭാവികമായും കോടതി ശരിയായ വിധത്തില്‍ പരിശോധിക്കും എന്നതാണ് ഈ വിധി കൊണ്ട് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും അഡ്വ. കെ വിശ്വന്‍ പറഞ്ഞു.

ഇനിയും കുറേ കാര്യങ്ങള്‍ പുറത്തു വരാനുണ്ട്. ഇനിയും കുറേ വസ്തുതകള്‍ കോടതിയില്‍ അവതരിപ്പിക്കാനുണ്ട്. ഇന്നു വൈകീട്ട് മൂന്നുമണിയോടെ വിധിപ്പകര്‍പ്പ് ലഭിക്കും. ഇന്നു തന്നെ പി പി ദിവ്യയെ ജയില്‍മോചിതയാക്കാനാകുമെന്നാണ് കരുതുന്നത്. അന്വേഷണത്തോട് സഹകരിക്കേണ്ട ബാധ്യത ഏതു പൗരനുമുണ്ട്. പൊലീസ് സത്യം കണ്ടെത്താനുള്ള ശ്രമമാണ് നടത്തേണ്ടത്. സത്യം തെളിയിക്കേണ്ട ഉത്തരവാദിത്തം പ്രതിയെന്ന് ആരോപിക്കുന്ന ആളുകള്‍ക്കുമുണ്ട്.