by Midhun HP News | Nov 8, 2024 | Latest News, കേരളം
പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ ശല്യം ചെയ്ത ശേഷം രക്ഷപ്പെടാൻ ശ്രമിച്ചയാളെ യുവതി പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതി കൊല്ലം കരിക്കോട് വയലിൽ പുത്തൻവീട്ടിൽ ഷാനിറി (42)നെതിരെ ഏനാത്ത് പൊലീസ് കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതിനാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.
വ്യാഴാഴ്ച രാത്രി ഏഴിന് അടൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോയ കെഎസ്ആർടിസി ബസിൽ പുതുശേരി ഭാഗത്തുവച്ചായിരുന്നു സംഭവം. യാത്രയ്ക്കിടയിൽ ഇയാൾ ശരീരത്തിൽ സ്പർശിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചതോടെ യുവതി ശക്തമായി പ്രതികരിച്ചു. തുടർന്ന് ഇയാൾ ബസിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചപ്പോൾ കണ്ടക്ടർ രണ്ടു വാതിലുകളും അടച്ചു.
പുതുശേരിഭാഗം പെട്രോൾ പമ്പിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് നിർത്തിയപ്പോൾ ഇയാൾ ഗ്ലാസ് ചില്ലുകളിലൊന്നു നീക്കി പുറത്തേക്കു ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് യുവതി ബസിൽ നിന്നിറങ്ങി ഇയാളുടെ പിന്നാലെ ഓടുകയും പെട്രോൾ പമ്പിനു സമീപം പിടിച്ചുനിർത്തി ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ഇയാളെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

by Midhun HP News | Nov 8, 2024 | Latest News, കേരളം
പത്തനംതിട്ട: പി പി ദിവ്യയ്ക്ക് ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് എഡിഎം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ. ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു മഞ്ജുഷയുടെ പ്രതികരണം. അഭിഭാഷകനോട് ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കി.
ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതാണ്. കേസില്‍ നീതിക്കായി നിയമപോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് നവീന്‍ബാബുവിന്റെ കുടുംബം കോടതിയില്‍ വാദിച്ചിരുന്നു. നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ പി പി ദിവ്യയ്ക്ക് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാന്‍ഡിലായി 11 ദിവത്തിന് ശേഷമാണ് ദിവ്യ ജയിലിന് പുറത്തിറങ്ങാന്‍ പോകുന്നത്. ദിവ്യയെ ഒക്ടോബര്‍ 29-നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 11 ദിവസമായി ദിവ്യ കണ്ണൂര്‍ വനിതാ ജയിലിലാണ്.

by Midhun HP News | Nov 8, 2024 | Latest News, കേരളം
കോഴിക്കോട്: മലപ്പുറം തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ബി ചാലിബിന്റെ തിരോധാനത്തില്‍ വഴിത്തിരിവ്. കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബ് വീട്ടുകാരെ ഫോണില്‍ വിളിച്ചു. മാനസിക പ്രയാസത്തിലാണ് നാടു വിട്ടതെന്നും, വീട്ടിലേക്ക് തിരിച്ചു വരുമെന്നും ചാലിബ് ഭാര്യയോട് പറഞ്ഞു. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് ടവര്‍ ലൊക്കേഷന്‍ എന്നാണ് സൂചന.
ഒറ്റയ്ക്കായാണ് ഉള്ളതെന്നും, കൂടെ ആരും ഇല്ലെന്നും ചാലിബ് സൂചിപ്പിച്ചതായി വീട്ടുകാര്‍ പറഞ്ഞു. ചാലിബിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ്, ചാലിബ് വീട്ടിലേക്ക് വിളിച്ചത്. കാണാതായതിന് ശേഷം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും, പിന്നീട് ഉഡുപ്പിയിലുമാണ് കാണിച്ചത്. ബുധനാഴ്ച വൈകിട്ട് ചാലിബ് ഓഫീസില്‍ നിന്നും 5.15 ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിച്ചു. പിന്നീട് വാട്ട്‌സ് ആപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു. എന്നാല്‍ രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

by Midhun HP News | Nov 8, 2024 | Latest News, കേരളം
തിരുവനന്തപുരം തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ യുവാവിന് കുത്തേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വെമ്പായം സ്വദേശി സുജിത് (25) നാണ് ഇടത് നെഞ്ചിൽ കുത്തേറ്റത്.
ഷിയാസ് എന്നയാളാണ് കുത്തിയതെന്ന് സുജിത് പൊലീസിന് മൊഴി നൽകി. ഇയാളെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുജിത്തിൽ നിന്ന് ഒരു കത്തി കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.
by Midhun HP News | Nov 8, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു. ഇന്ന് ഏഴു ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. അതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
by Midhun HP News | Nov 8, 2024 | Latest News, കേരളം
തിരുവനന്തപുരം: മൊബൈൽ ഫോൺ കുറഞ്ഞ നിരക്കിൽ റീച്ചാർജ് ചെയ്യാം എന്ന പേരിൽ നടക്കുന്ന തട്ടിപ്പിൽ വീഴരുതെന്ന് കേരള പൊലീസ്. ‘ഇത്തരം വ്യാജപ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടർന്ന് റീചാർജിങിനായി യുപിഐ പിൻ നൽകുന്നതോടെ പരാതിക്കാരന് തൻറെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നു. ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ റീചാർജ് സന്ദേശങ്ങൾ തീർച്ചയായും അവഗണിക്കണം.’- കേരള പൊലീസ് ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി.

കുറിപ്പ്:
മൊബൈൽ ഫോൺ റീചാർജിങ് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടർന്ന് റീചാർജിങിനായി യു.പി.ഐ പിൻ നൽകുന്നതോടെ പരാതിക്കാരന് തൻറെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നു.
ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ റീചാർജ് സന്ദേശങ്ങൾ തീർച്ചയായും അവഗണിക്കണം. ഇത്തരം തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റ് മുഖേനയോ സൈബർ പോലീസിനെ അറിയിക്കണം.
Recent Comments