ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച

ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യ സമര്‍പ്പിച്ച ജാമ്യേപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി വെള്ളിയാഴ്ച പുറപ്പെടുവിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന വാദത്തിലൂന്നിയാണ് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞുവെന്ന ജില്ലാ കലക്ടറുടെ മൊഴിയും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുണ്ട്. തെറ്റുപറ്റിയെന്ന് പറയുന്നത് കൈക്കൂലി അല്ലാതെ മറ്റെന്താണ്. വെറുതെ പറ്റിപ്പോയി എന്ന് ആരെങ്കിലും പറയുമോ. നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ ടി വി പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ട്. പ്രശാന്തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

പ്രശാന്തന്‍ കൈക്കൂലി നല്‍കിയതായി ഉത്തരവില്‍ പറയുന്നു. ദിവ്യയുടെ ആരോപണങ്ങള്‍ ശരിവക്കുന്നതാണിത്. ഇരുവരും നേരിട്ട് സംസാരിച്ചതിന് തെളിവുണ്ട്. ഇരുവരും സംസാരിച്ചതിന്റെ ഫോണ്‍ രേഖകളും ദിവ്യയുടെ അഭിഭാഷകന്‍ കൈമാറി. ആദ്യം എഡിഎമ്മാണ് പ്രശാന്തനെ വിളിച്ചത്. എന്തിനാണ് എഡിഎം നവീന്‍ബാബു പ്രശാന്തനെ വിളിച്ചത്. ഇതല്ലാതെ ഇരുവരും തമ്മില്‍ മറ്റെന്ത് ഇടപാടാണ് ഉള്ളത്?. പെട്രോള്‍ പമ്പില്‍ ബിനാമി ഇടപാടുണ്ടെങ്കില്‍ അതും അന്വേഷിക്കട്ടെയെന്നും ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു.

യാത്രയയപ്പ് ചടങ്ങിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിട്ടില്ല. ചില മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ കൊടുക്കുകയാണ് ചെയ്തത്. നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിടണമെന്ന ലക്ഷ്യം ദിവ്യക്കില്ലായിരുന്നു. ആ വേദിയില്‍ അങ്ങനെ സംസാരിക്കേണ്ടായിരുന്നു എന്ന് സമ്മതിക്കുന്നു. എന്നാല്‍ ഉദ്ദേശമില്ലാതെ ചെയ്താല്‍ കുറ്റമാകുമോ?. പ്രശാന്തനും ഗംഗാധരനും ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് മാത്രമേ നല്‍കാനാകൂവെന്നും ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചു. ദിവ്യയുടെ മകളുടെ വിദ്യാഭ്യാസം, അച്ഛന്റെ ആരോഗ്യപ്രശ്‌നം എന്നിവയും പരിഗണിക്കണമെന്നും ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ ദിവ്യയുടെ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ജാമ്യം നല്‍കിയാല്‍ പി പി ദിവ്യ സാക്ഷികളെ സ്വാധീനിക്കും. എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണത്തില്‍ തെളിവില്ല. ഫോണ്‍ രേഖകള്‍ കൈക്കൂലിക്ക് തെളിവല്ല. 19-ാം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചയാളാണ്. ഇതുവരെ അഴിമതി ആരോപണങ്ങളും ഉണ്ടായിട്ടില്ല. സത്യസന്ധനും സംശുദ്ധനുമായ ഓഫീസറാണ് നവീന്‍ബാബു. സര്‍ക്കാര്‍ ജീവനക്കാരനായ പ്രശാന്തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് ചട്ടലംഘനം നടത്തിയതിനാണ്. പെട്രോള്‍ പമ്പിനുള്ള നിരാക്ഷേപ പത്രം എഡിഎം നവീന്‍ബാബു വൈകിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

അന്വേഷണവുമായി സഹകരിക്കാതെ ഒളിവില്‍ പോയ ആളാണ് പി പി ദിവ്യയെന്ന് നവീന്‍ബാബുവിന്റെ കുടുംബം കോടതിയില്‍ ചൂണ്ടിക്കാട്ടി. രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും അന്വേഷണ സംഘത്തിന് മുന്നില്‍ ദിവ്യ ഹാജരായില്ല. കലക്ടര്‍ അരുണ്‍ കെ വിജയന്‍ നവീന്‍ബാബുവുമായി സൗഹൃദമുള്ള ആളല്ല. കലക്ടറോട് നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന ദിവ്യയുടെ വാദം തെറ്റ്. കലക്ടര്‍ അവധിപോലും നല്‍കാത്ത ആള്‍. മാനസിക ഐക്യം ഇല്ലാത്ത ആളോട് ആരെങ്കിലും കുറ്റസമ്മതം നടത്തുമോ?. കലക്ടറുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം. കൈക്കൂലി കൊടുത്തെങ്കില്‍ എന്തുകൊണ്ട് പ്രശാന്തിനെതിരെ നടപടിയില്ല എന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ചോദിച്ചു.

പാലായില്‍ മാണി സി കാപ്പന്റെ വിജയം അസാധുവാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

പാലായില്‍ മാണി സി കാപ്പന്റെ വിജയം അസാധുവാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പാലാ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സി വി ജോണ്‍ ആണ് മാണി സി കാപ്പന്റെ വിജയം അസാധുവാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജനപ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പണം ചെലവാക്കി, സ്ഥാനാര്‍ത്ഥിത്വത്തിന് ആവശ്യമായ രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയില്ല തുടങ്ങിയ ആരോപണങ്ങളാണ് മാണി സി കാപ്പനെതിരെ സി വി ജോണ്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫീസര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. എന്നാല്‍, ആരോപണത്തിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി ജയചന്ദ്രന്‍ ഹര്‍ജി തള്ളിയത്. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു.

വീട്ടിലിരുന്ന് ജോലി ചെയ്യാം’; പരസ്യത്തില്‍ പണി കിട്ടാതെ നോക്കണം, മുന്നറിയിപ്പുമായി കേരള പൊലീസ്

വീട്ടിലിരുന്ന് ജോലി ചെയ്യാം’; പരസ്യത്തില്‍ പണി കിട്ടാതെ നോക്കണം, മുന്നറിയിപ്പുമായി കേരള പൊലീസ്

വീട്ടിലിരുന്ന് ജോലി ചെയ്യാം’; പരസ്യത്തില്‍ പണി കിട്ടാതെ നോക്കണം, മുന്നറിയിപ്പുമായി കേരള പൊലീസ് വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന ജോലിവാഗ്ദാനവുമായി ഇറങ്ങിയിരിക്കുന്ന വ്യാജന്മാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വീട്ടിലിരുന്ന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പണം സമ്പാദിക്കാം എന്ന സന്ദേശത്തോടെ വരുന്ന തട്ടിപ്പിനെതിരെയാണ് കേരള പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് തന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഇന്നത്തെ കാലത്ത് ജോലി ചെയ്ത് സ്വന്തമായി പണം സമ്പാദിക്കുക എന്നത് പ്രായലിംഗവ്യത്യാസമില്ലാതെ ഏവരുടെയും ആഗ്രഹമാണ്. അപ്പോള്‍ വീട്ടില്‍ ഇരുന്നുതന്നെ പണം സമ്പാദിക്കാനുള്ള അവസരം ലഭിച്ചാലോ!

ഇങ്ങനെ വീട്ടിലിരുന്ന് പണം നേടാമെന്ന ജോലിവാഗ്ദാനങ്ങള്‍ മിക്കപ്പോഴും തട്ടിപ്പാകും. അങ്ങനെയൊരു തട്ടിപ്പാണ് വീട്ടിലിരുന്ന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പണം സമ്പാദിക്കാം എന്നത്. സുഹൃത്തുക്കളില്‍നിന്നോ അജ്ഞാത നമ്പറില്‍ നിന്നോ ആകാം ഇത്തരം സാമ്പത്തിക തട്ടിപ്പിന് തുടക്കം കുറിക്കുന്ന ലിങ്ക് ലഭിക്കുക. ഈ ലിങ്കിലൂടെ വെബ്‌സൈറ്റില്‍ കയറുമ്പോള്‍ യൂസര്‍ അക്കൗണ്ട് തുടങ്ങാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ചില മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കും. ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ യൂസര്‍ അക്കൗണ്ടില്‍ തുക ലഭിച്ചതായി കാണാം. കൂടുതല്‍ പണം സമ്പാദിക്കാനായി കൂടുതല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അതിന് ഒരു നിശ്ചിക തുക ഡെപ്പോസിറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു.

ഓരോ ഘട്ടം കഴിയുമ്പോഴും വ്യാജ വെബ്‌സൈറ്റിലെ അക്കൗണ്ടില്‍ തുക വര്‍ദ്ധിക്കുന്നതായി കാണാം. കൂടാതെ ഈ വെബ്‌സൈറ്റിന്റെ ലിങ്ക് കൂടുതല്‍ ആളുകള്‍ക്ക് അയച്ചുനല്‍കിയാല്‍ കൂടുതല്‍ വരുമാനം വര്‍ദ്ധിക്കുമെന്ന വാഗ്ദാനവും കിട്ടും.അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ കഴിയാതെ വരുമ്പോള്‍ മാത്രമാണ് വഞ്ചിക്കപ്പെട്ടെന്നു നിങ്ങള്‍ മനസ്സിലാക്കുക. അപ്പോഴേയ്ക്കും ഈ ലിങ്കിലൂടെ കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരകളായിട്ടുണ്ടാകും. ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞ് ജാഗ്രത പുലര്‍ത്തുക. ഓര്‍ക്കുക, എളുപ്പവഴിയിലൂടെ പണം സമ്പാദിക്കാനുള്ള വഴികള്‍ തട്ടിപ്പിലേക്കുള്ള വഴികളായിരിക്കും. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറില്‍ വിവരമറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണം.

പിഎസ്‌സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി

പിഎസ്‌സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി

കൊച്ചി: ഉദ്യോഗാര്‍ത്ഥിയുടെ ജാതി സംബന്ധിച്ച് സംശയം തോന്നിയാല്‍ അന്വേഷണം നടത്താന്‍ പിഎസ് സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തട്ടിപ്പ് കാണിച്ചാണ് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നതുള്‍പ്പെടെ സംശയം തോന്നിയാല്‍ റവന്യൂ വകുപ്പിനോ ബന്ധപ്പെട്ട ഏജന്‍സിക്കോ വിഷയം റഫര്‍ ചെയ്യണം. ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും പി എസ് സിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി എം മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഹിന്ദു നാടാര്‍ വിഭാഗത്തിനായി നീക്കിവെച്ച ഫയര്‍മാന്‍ തസ്തികയിലേക്കുള്ള നിയമനം മതംമാറിയെന്ന പേരില്‍ നിഷേധിച്ച പിഎസ് സി നടപടി ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി എസ് പി അനു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. 2015 ല്‍ അനുവിന് ആദ്യം ജയില്‍ വാര്‍ഡനായി നിയമനം ലഭിച്ചിരുന്നു. പിന്നീട് ഫയര്‍മാനായി സെലക്ഷന്‍ ലഭിച്ചപ്പോള്‍ വാര്‍ഡന്‍ ജോലി രാജിവെച്ചു. ഒരു വര്‍ഷത്തിന് ശേഷമാണ് ജാതി തട്ടിപ്പു നടത്തിയെന്ന് കാണിച്ച് പി എസ് സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതിക്ക് ശേഷം അനു ഹിന്ദു നാടാര്‍ വിഭാഗത്തില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് മാറി. പിന്നീട് ജയില്‍ വാര്‍ഡന്റെ തസ്തികയിലേക്ക് അപേക്ഷ നല്‍കിയശേഷം വീണ്ടും ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നുവെന്നും പി എസ് സി ചൂണ്ടിക്കാട്ടി. അഡൈ്വസ് മെമ്മോ റദ്ദാക്കിയ പി എസ് സി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും ഉത്തരവിട്ടു. ഭാവിയില്‍ അപേക്ഷ നല്‍കുന്നതും പിഎസ് സി വിലക്കി. ഈ ഉത്തരവ് ചോദ്യം ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്രൂണലിനെ സമീപിച്ചെങ്കിലും, പിഎസ് സി നിലപാട് ശരിവെക്കുകയായിരുന്നു.

എന്നാല്‍ താന്‍ മതം മാറിയിട്ടില്ലെന്നും ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള യുവതിയെ വിവാഹം കഴിച്ചതിന്റെ ചടങ്ങാണ് പള്ളിയില്‍ നടന്നതെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. എസ്എസ്എല്‍സി ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളില്‍ ഹിന്ദു നാടാര്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നും ബോധിപ്പിച്ചു. എന്നാല്‍ ഹര്‍ജിക്കാരന്‍ 2014 ല്‍ ആര്യസമാജം വഴി ഹിന്ദുമതം സ്വീകരിച്ചെന്നതും ഇതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനവും മതംമാറ്റത്തിന് തെളിവാണെന്ന് പിഎസ് സി വാദിച്ചു. തുടര്‍ന്ന് പിഎസ് സിയുടെ ഉത്തരവുകള്‍ റദ്ദാക്കിയ ഹൈക്കോടതി, ഹര്‍ജിക്കാരന്റെ ജാതി നിര്‍ണയത്തിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുന്നതിന് ഉത്തരവ് തടസ്സമല്ലെന്നും വ്യക്തമാക്കി.

മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചു കയറിയ ഡ്രഡ്ജർ തുമ്പയിൽ മണലിൽ താഴ്ന്നു

മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചു കയറിയ ഡ്രഡ്ജർ തുമ്പയിൽ മണലിൽ താഴ്ന്നു

തിരുവനന്തപുരത്ത് തുമ്പയിൽ ഡ്രഡ്ജർ മണലിൽ താഴ്ന്നു. മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചു കയറിയ ഡ്രഡ്ജറാണ് മണലിൽ താഴ്ന്നത്. വിഴിഞ്ഞത്തേക്ക് കൊണ്ടു പോകവേയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ഡ്രഡ്ജറിനെ വിഴിഞ്ഞത്തേക്ക് കെട്ടി വലിച്ചു കൊണ്ടു പോയത്.

ചക്രവാതച്ചുഴിയും, ന്യൂനമര്‍ദ്ദപാത്തിയും; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴിയും, ന്യൂനമര്‍ദ്ദപാത്തിയും; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കന്‍ തമിഴ്‌നാട് വരെ ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാത ചുഴിയുമുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. വെള്ളിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.