by Midhun HP News | Nov 5, 2024 | Latest News, കേരളം
കണ്ണൂര്‍: എഡിഎം കെ നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുക.
ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ദിവ്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും, നീതി ലഭിക്കാനായി നിയമപരമായ പോരാട്ടത്തിന് ഏതറ്റം വരെയും പോകുമെന്നും നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പെട്രോള്‍പമ്പ് അഴിമതിയില്‍ നവീന്‍ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടാണ് റവന്യൂവകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
വിവാദമായ യാത്രയയപ്പ് യോഗത്തിനുശേഷം എഡിഎം നവീന്‍ബാബു തന്നെ വന്നുകണ്ടിരുന്നുവെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുമുള്ള കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയില്‍ കേന്ദ്രീകരിച്ചാകും ദിവ്യക്കുവേണ്ടിയുള്ള വാദം. ഹര്‍ജി ഫയലില്‍ സ്വീകരിച്ചപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനായി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്ത് കുമാര്‍ സമയം ആവശ്യപ്പെട്ടിരുന്നു.
by Midhun HP News | Nov 5, 2024 | Latest News, കേരളം
കൊല്ലം: കൊല്ലം കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതികളുടെ ശിക്ഷാവിധിയിൽ ഇന്ന് വാദം നടക്കും. കേസിൽ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഇന്നലെ വിധിച്ചിരുന്നു. പ്രതികളില്‍ ഒരാളെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു.
കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ, നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരുടെ ശിക്ഷയിലാണ് കോടതി ഇന്ന് വാദം കേൾക്കുക. നാലാം പ്രതി കുൽകുമാര തെരുവിൽ ഷംസുദ്ദീനെയാണ് വെറുതെ വിട്ടത്.പ്രതികൾക്കുമേൽ ചുമത്തിയ രാജ്യദ്രോഹക്കുറ്റം കോടതി ഒഴിവാക്കിയിട്ടുണ്ട്. 2016 ജൂൺ 15 ന് രാവിലെ 10.50 ന് കൊല്ലം കലക്ടറേറ്റ് വളപ്പിലെ മുൻസിഫ് കോടതിക്ക് മുമ്പിൽ തൊഴിൽ വകുപ്പിന്റെ ഉപയോഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്ഫോടനം. ചോറ്റുപാത്രത്തിൽ സ്ഥാപിച്ച ബോംബ് പൊട്ടി പേരയം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സാബുവിന് പരിക്കേറ്റിരുന്നു.

by Midhun HP News | Nov 5, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,840 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില കഴിഞ്ഞദിവസം മുതലാണ് ഇടിയാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 680 രൂപ കുറഞ്ഞാണ് 59,000ല്‍ താഴെ എത്തിയത്.മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വര്‍ധിച്ച് 60,000ലേക്ക് നീങ്ങിയിരുന്ന സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ തിരിച്ചിറങ്ങിയത്. 21 ദിവസത്തിനിടെ ഏകദേശം 3500 രൂപ വര്‍ധിച്ച ശേഷമാണ് മൂന്ന് ദിവസം കൊണ്ട് 800 രൂപ താഴ്ന്നത്.

by Midhun HP News | Nov 4, 2024 | Latest News, കേരളം
കൊച്ചി: ‘ഒറ്റത്തന്ത’ പ്രയോഗം പിന്‍വലിച്ചാല്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കുമെന്നാണ് സര്‍ക്കാര്‍ നയമെന്നും ക്ഷണിക്കാന്‍ ഇനിയും സമയമുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി. സുരേഷ് ഗോപി രഹസ്യമായി ആംബുലന്‍സില്‍ കയറി വരുമോയെന്ന് അറിയില്ലെന്നും മന്ത്രി പരിഹസിച്ചു. തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ വെല്ലുവിളിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ ‘ഒറ്റത്തന്ത’ പരാമര്‍ശം. ചേലക്കരയിലെ ബിജെപി തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു പരാമര്‍ശം. എന്നാല്‍ താന്‍ ആരുടെയും അച്ഛനു വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.
‘ഞാന്‍ സര്‍ക്കാര്‍ നയം നേരത്തെ പറഞ്ഞു. സുരേഷ്‌ഗോപി ഒറ്റത്തന്ത പ്രയോഗം പിന്‍വലിച്ചാല്‍ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് പറഞ്ഞു. ഇനിയും സമയമുണ്ട്. ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും ഉണ്ട്. കക്ഷി ഇനി രഹസ്യമായി ആംബുലന്‍സില്‍ കയറി വരുമോയെന്ന് പറയാന്‍ കഴിയില്ല’മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കായികമേളയിലേക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നു മന്ത്രി വി.ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു.

‘ഇവിടെ വന്നു കുട്ടികളുടെ തന്തയ്ക്കു വിളിച്ചുപോയാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. എന്തും എപ്പോഴും വിളിച്ചു പറയുന്നയാളാണു സുരേഷ് ഗോപി. ഐക്യകേരള രൂപീകരണത്തിനു ശേഷം ഇവിടെ ഒട്ടേറെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നടന്നിട്ടുണ്ട്. ഇങ്ങനെ ഒറ്റത്തന്തയ്ക്കു വിളിക്കുന്നത് ആദ്യമായാണ്. കേരളത്തിലെ ജനങ്ങളെ ‘ഒറ്റത്തന്തയ്ക്കു പിറന്നവന്‍’ എന്നു വിളിച്ച് ആക്ഷേപിച്ചതു പിന്‍വലിച്ചാല്‍ മേളയിലേക്ക് സുരേഷ് ഗോപിയെ വിളിക്കാം’ മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

by Midhun HP News | Nov 4, 2024 | Latest News, കേരളം
തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു. മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയം വരുന്നത്. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയില്‍ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്‌ളഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തല്‍ കുളം, ബാസ്‌കറ്റ് ബോള്‍ ഫുട്‌ബോള്‍ മൈതാനങ്ങള്‍, കൂടാതെ മാറ്റ് കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടാവും.
ലീസ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ 33 വര്‍ഷത്തേക്കാണ് ഭൂമി ഏറ്റെടുക്കുക. പദ്ധതിയിലൂടെ ക്ഷേത്രത്തിനു 21,35000 രൂപ വാര്‍ഷികം ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കെസിഎ നല്‍കും. പദ്ധതിയുടെ ഭാഗമായി പ്രദേശികവാസികള്‍ക്ക് ജോലിക്ക് മുന്‍ഗണന നല്‍കാനും വ്യവസ്ഥ ഉണ്ട്. ഭഗവതി ക്ഷേത്രത്തിന്റെയും അസോസിയേഷന്റെയും പേരിലായിരിക്കും സ്‌പോര്‍ട്‌സ് ഹബ് നിര്‍മ്മിക്കുക. ഈ വര്‍ഷം ഡിസംബറില്‍ കരാര്‍ ഒപ്പിടും. 2025 ജനുവരിയോടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ട നിര്‍മ്മാണം 2026 ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം. രണ്ടാം ഘട്ടം 2027 ഏപ്രില്‍ മാസത്തോടെ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
2018-ല്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ കോവിഡ് മൂലം വൈകുകയായിരുന്നു. മദ്രാസ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്ട് 1951 പ്രകാരം തുടങ്ങിയ നടപടികള്‍ മലബാര്‍ ദേവസ്വവും അമ്പലം ട്രസ്റ്റ്റ്റും സെപ്റ്റംബറില്‍ തന്നെ പൂര്‍ത്തിയാക്കി. പുതിയ പദ്ധതി പാലക്കാട് ജില്ലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സ്‌പോര്‍ട്‌സ് ഹബ് പൂര്‍ത്തിയാകുന്നതോടുകൂടി എല്ലാ കായിക ഇനങ്ങളും ഒരു കുടക്കിഴില്‍ വരുന്നത് ജില്ലയിലെ കായിക മേഖലക്ക് വന്‍ കുതിപ്പ് ഉണ്ടാക്കുമെന്നും പാലക്കാട് ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്‍ അഭിപ്രായപെട്ടു.

by Midhun HP News | Nov 4, 2024 | Latest News, കേരളം
പാലക്കാട്: അപമാനം നേരിട്ട പാലക്കാട് പ്രചാരണത്തിന് എത്തില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ല. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്നു വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയില്‍ സംഭവിച്ച അപമാനം മാത്രമല്ലെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വൈകാരിക കുറിപ്പില്‍ സന്ദീപ് വാര്യര്‍ പറഞ്ഞു. ആശ്വസിപ്പിക്കാന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും സന്ദീപ് വാര്യര്‍ പറയുന്നു.
തങ്ങള്‍ ഒരുമിച്ച് യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ അഭിപ്രായം സന്ദീപ് വാര്യര്‍ തള്ളി. ‘നമ്മള്‍ ഒരിക്കലും യുവമോര്‍ച്ചയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. കൃഷ്ണകുമാര്‍ ഏട്ടന്‍ എപ്പോഴെങ്കിലും എന്റെ വീട് കണ്ടിട്ടുണ്ടോ?. എന്റെ അമ്മ രണ്ടുവര്‍ഷം മുമ്പ് മരിച്ചുകിടന്നപ്പോള്‍ പോലും ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നിങ്ങള്‍ വന്നില്ല. എന്റെ അമ്മയുടെ മൃതദേഹത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങള്‍ ആരും വെച്ചില്ല’ എന്നും കുറിപ്പില്‍ സന്ദീപ് വാര്യര്‍ പറഞ്ഞു.
‘കണ്‍വെന്‍ഷനില്‍ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യര്‍ പിണങ്ങിപ്പോയി എന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണ്. അങ്ങനെ വേദിയില്‍ ഒരു സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ അറിയുന്ന മുഴുവന്‍ പേര്‍ക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവര്‍ത്തകന്‍ മാത്രമാണ് ഞാന്‍. എനിക്ക് ചില മാനസിക പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട് എന്നത് സത്യമാണ്. ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് എല്ലാ വിജയാശംസകളും നേരുന്നു’ എന്നും കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മര്‍ദ്ധത്തിലാണ് . മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനില്ല എന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നു. അതിനവരെ കുറ്റപ്പെടുത്തുന്നില്ല . അതവരുടെ ധര്‍മ്മം. നിര്‍വ്വഹിക്കട്ടെ.
ആയിരക്കണക്കിന് സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത് . സ്‌നേഹിക്കുന്നവരുടെ വികാരങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നുണ്ട്. അവരുടെ സ്‌നേഹത്തിനു മുന്നില്‍ ഞാന്‍ നമസ്‌കരിക്കുകയാണ്.
പുറത്തു വന്ന വാര്‍ത്തകള്‍ പലതും വാസ്തവ വിരുദ്ധവും അര്‍ദ്ധസത്യങ്ങളുമാണ് . കണ്‍വെന്‍ഷനില്‍ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യര്‍ പിണങ്ങിപ്പോയി എന്നാണ് വാര്‍ത്ത. അങ്ങനെ വേദിയില്‍ ഒരു സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്‌നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവന്‍ പേര്‍ക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവര്‍ത്തകന്‍ മാത്രമാണ് ഞാന്‍.
പക്ഷേ എനിക്ക് ചില മാനസിക പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാന്‍ സാധിക്കില്ല. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയില്‍ സംഭവിച്ച അപമാനം മാത്രമല്ല. Chain of events ആണ്. അതൊന്നും ഞാനിപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല.
ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച് മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാന്‍ കഴിയില്ല. Sorry to say that.
ഈ അവസരത്തില്‍ ആ കാര്യങ്ങള്‍ മുഴുവന്‍ തുറന്നു പറയാന്‍ ഞാന്‍ തയ്യാറല്ല. പ്രിയ സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ ഏട്ടന് വിജയാശംസകള്‍ . കൃഷ്ണകുമാര്‍ ഏട്ടന്‍ ഇന്നലെ ചാനലില്‍ പറയുന്നത് കേട്ടു ഞാനും സന്ദീപും യുവമോര്‍ച്ച കാലം മുതല്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിച്ചതാണെന്ന്. ഏട്ടാ, നമ്മള്‍ ഒരിക്കലും യുവമോര്‍ച്ചയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. ഏട്ടന്‍ എപ്പോഴെങ്കിലും എന്റെ വീട് കണ്ടിട്ടുണ്ടോ?
എന്റെ അമ്മ രണ്ടുവര്‍ഷം മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ , അന്ന് ഞാന്‍ നിങ്ങളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. അതായത് പ്രോട്ടോകോള്‍ പ്രകാരം വേദിയില്‍ ഇരിക്കേണ്ട ആള്‍. എന്റെ അമ്മ എന്നത് പോട്ടെ , സംഘപ്രസ്ഥാനങ്ങള്‍ക്ക് കാര്യാലയം നിര്‍മ്മിക്കാന്‍ സ്വന്തം വളപ്പിലെ സ്ഥലം കിടക്കയില്‍ അസുഖബാധിതയായി കിടന്നുകൊണ്ട് ആവശ്യത്തിന് എടുത്തോ എന്ന് അനുമതി നല്‍കിയ ഒരു അമ്മ , മരിച്ചുകിടന്നപ്പോള്‍ പോലും ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നിങ്ങള്‍ വന്നില്ല. ഇന്ന് നിങ്ങളുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡോക്ടര്‍ സരിന്‍ എന്റെ വീട്ടില്‍ ഓടി വന്നിരുന്നു. ഞാന്‍ ഏറെ ബഹുമാനിച്ചിരുന്ന ആനത്തലവട്ടം ആനന്ദന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എഎ റഹീം, ബിആര്‍എം ഷഫീര്‍, വി ടി ബല്‍റാം, മുകേഷ് എംഎല്‍എ തുടങ്ങി എതിര്‍പക്ഷത്തുള്ളവര്‍ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങള്‍ അര്‍പ്പിച്ചപ്പോള്‍ ഒരു ഫോണ്‍കോളില്‍ പോലും എന്നെയോ എന്റെ അച്ഛനെയോ നിങ്ങള്‍ ആശ്വസിപ്പിച്ചില്ല. ഒരു സംഘടനയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകേണ്ട മാനസിക അടുപ്പവും സ്‌നേഹവും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദര്‍ഭങ്ങളിലായിരിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. വരാത്ത ബാക്കി പ്രമുഖരെ കുറിച്ച് ഒന്നും എനിക്ക് വിഷമമില്ല. ഞാന്‍ സംസ്ഥാന ഭാരവാഹി ഇരിക്കുന്ന കാലത്തും എന്റെ അമ്മയുടെ മൃതദേഹത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങള്‍ ആരും വെച്ചില്ല എന്നത് മറന്നുപോകരുത്. എന്നെ കൂടുതല്‍ സ്‌നേഹിച്ചു കൊല്ലരുത് എന്നു മാത്രമേ പറയാനുള്ളൂ.
സന്ദീപ് വാര്യര്‍ മാറിനില്‍ക്കരുത് എന്ന് നിങ്ങള്‍ പുറത്തേക്ക് പറയുമ്പോഴും കഴിഞ്ഞ അഞ്ചാറു ദിവസമായി എനിക്കു നേരിട്ട അപമാനത്തില്‍ ഒന്ന് സംസാരിക്കാന്‍ ഒരാള്‍ വന്നത് ഇന്ന് രാവിലെയാണ്. വന്ന ആള്‍ക്ക് പ്രത്യേകിച്ചൊന്നും പറയാനുമുണ്ടായിരുന്നില്ല. എനിക്കും കൂടുതല്‍ ഒന്നും പറയാനില്ല. കൃഷ്ണകുമാര്‍ ഏട്ടന് വിജയാശംസകള്‍ നേരുന്നു. ബിജെപി ജയിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
എന്നാല്‍ അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ല. പ്രതികരണം ഇത്രയും വൈകിയത് എന്നെ ഒന്ന് ആശ്വസിപ്പിക്കാന്‍ ഞാന്‍ ബഹുമാനിക്കുന്ന മുതിര്‍ന്ന ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് എന്നെ സ്‌നേഹിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഇത്രമാത്രം പങ്കുവെക്കുന്നത്.
Recent Comments