യാത്രാക്ലേശത്തിന് അറുതി; നവീകരണം പൂര്‍ത്തിയാക്കി കുണ്ടന്നൂര്‍-തേവര പാലം തുറന്നു

യാത്രാക്ലേശത്തിന് അറുതി; നവീകരണം പൂര്‍ത്തിയാക്കി കുണ്ടന്നൂര്‍-തേവര പാലം തുറന്നു

കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി അടച്ച കുണ്ടന്നൂര്‍-തേവര പാലം തുറന്നു. നവീകരണം പൂര്‍ത്തിയാക്കി തിങ്കളാഴ്ച വെളുപ്പിന് മൂന്നുമണിയോടെയാണ് പാലം തുറന്നത്. ഞായറാഴ്ച രാത്രി തന്നെ ഇരുചക്രവാഹനങ്ങള്‍ പാലത്തിലൂടെ ഓടിത്തുടങ്ങിയിരുന്നു. ഇതോടെ ഈ മേഖലയിലെ കടുത്ത യാത്രാക്ലേശത്തിന് ശമനമായി.

ആകെ 1720 മീറ്റര്‍ നീളമുള്ള പാലത്തിലെ ടാറിങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. പാലം ഒരുമാസം അടച്ചിട്ട് ജോലികള്‍ നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ ജോലികള്‍ നടത്തണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് 15 ദിവസം കൊണ്ട് പണി തീര്‍ക്കുകയായിരുന്നു. പൊട്ടിപ്പൊളിയുകയോ ഇളകിപ്പോകുകയോ ചെയ്യാത്ത സ്റ്റോണ്‍ മാട്രിക്സ് അസ്ഫാള്‍ട്ട് (എസ്എംഎഫ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ടാറിങ് ആണ് നടത്തിയിട്ടുള്ളത്. എന്നാല്‍ നവീകരണം പൂര്‍ത്തിയാക്കിയ കുണ്ടന്നൂര്‍-തേവര പാലത്തില്‍ ആദ്യ മഴയത്തുതന്നെ വെള്ളം കെട്ടിനിന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടന കേസ്: മൂന്ന് പേര്‍ കുറ്റക്കാര്‍

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടന കേസ്: മൂന്ന് പേര്‍ കുറ്റക്കാര്‍

കൊല്ലം: കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. പ്രതികളില്‍ ഒരാളെ കോടതി കുറ്റവിമുക്തനാക്കി. നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്. കേസില്‍ പൊലീസ് പ്രതിചേര്‍ത്ത ഷംസുദ്ദീനെ കോടതി വെറുതേ വിട്ടു.

കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്. പ്രതികള്‍ക്കുള്ള ശിക്ഷാവിധി കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. 2016 ജൂണ്‍ 15ന് രാവിലെ കൊല്ലം കലക്ടറേറ്റ് വളപ്പിലെ ഉപയോഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്‌ളീഡര്‍ സേതുനാഥും പ്രതിഭാഗത്തിനുവേണ്ടി കുറ്റിച്ചല്‍ ഷാനവാസും ഹാജരായി.

തൃശൂരില്‍ മയക്കുമരുന്നുമായി നാലു യുവാക്കള്‍ അറസ്റ്റില്‍

തൃശൂരില്‍ മയക്കുമരുന്നുമായി നാലു യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ മയക്കുമരുന്നുമായി നാലു യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. വരവൂര്‍ സ്വദേശികളായ പ്രമിത്ത്, വിശ്വാസ്, വേളൂര്‍ സ്വദേശി സലാഹുദ്ദീന്‍, ചേലക്കര സ്വദേശി ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.

വരവൂര്‍ കൊറ്റുപ്പുറം റിസോര്‍ട്ടില്‍ നിന്നാണ് കഞ്ചാവും എംഡിഎംഎയുമായി യുവാക്കള്‍ പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് ഏഴ് ഗ്രാം എംഡിഎംഎയും ഒന്‍പത് കിലോ കഞ്ചാവും എരുമപ്പെട്ടി പൊലീസ് കണ്ടെടുത്തു.

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റു

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റു

കോട്ടയം: നീണ്ടൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റു. ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടമുണ്ടായത്. ഇടിമിന്നലേറ്റ് അരമണിക്കൂറോളം റോഡിൽ കിടന്ന ഇരുവരേയും അതുവഴി ഓട്ടോറിക്ഷയിലെത്തിയ കുടമാളൂര്‍ സ്വദേശികളായ യുവാക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.

ബൈക്കിലായിരുന്നു ഇരുവരും കൈപ്പുഴ കാറ്റിലെത്തിയത്. ശക്തമായ കാറ്റും മഴയും ഈ സമയത്തുണ്ടായിരുന്നു. സന്ദര്‍ശകരുടെ എണ്ണവും കുറവായിരുന്നു. പാടശേഖരത്തിലുള്ള പ്രദേശമായതിനാല്‍ വഴിയില്‍ പെട്ടെന്നുതന്നെ വെള്ളംനിറഞ്ഞിരുന്നു. അതിനാൽ ഇരുവരും ഇടിമിന്നലേറ്റ് കിടന്നത് ആരും കണ്ടില്ല.

കുടമാളൂര്‍ സ്വദേശികളായ നാലുയുവാക്കളാണ് യാദൃച്ഛികമായാണ് ഇടിമിന്നലേറ്റ് കിടക്കുന്നത് കണ്ടത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ ഇരുവര്‍ക്കും ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കിവരുകയാണ്.

ഇനി കൗമാരക്കുതിപ്പിന്റെ നാളുകള്‍; സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തുടക്കം

ഇനി കൗമാരക്കുതിപ്പിന്റെ നാളുകള്‍; സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തുടക്കം

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് എറണാകുളത്ത് തുടക്കമാകും. വൈകീട്ട് നാലിന് മന്ത്രി വി ശിവന്‍കുട്ടി കായികമേള ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിക്കും. 3,500 വിദ്യാർത്ഥികൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക.

11ാം തീയതി വരെയാണ് മത്സരങ്ങള്‍ നടക്കുക. 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികള്‍ മാറ്റുരയ്ക്കും. 1,562 സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും അണ്ടര്‍ 14, 17, 19 കാറ്റഗറികളിലായി ഗള്‍ഫിലെ എട്ട് സ്‌കൂളുകളില്‍ നിന്ന് 50 കുട്ടികളും പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള കേരള സിലബസ് പഠിക്കുന്ന സ്‌കൂളുകള്‍ മേളയില്‍ പങ്കെടുക്കുന്നത്.

ഇന്ന് മത്സരങ്ങളൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ല. നാളെ അത്ലറ്റിക്‌സ്, അത്ലറ്റിക്‌സ് (ഇന്‍ക്ലൂസീവ്), ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ത്രോബോള്‍ തുടങ്ങി 20 ഓളം മത്സരങ്ങള്‍ ഉണ്ടാകും. സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്കുള്ള ദീപശിഖാ പ്രയാണവും ജേതാക്കള്‍ക്കുള്ള ട്രോഫിയും വഹിച്ചുകൊണ്ടുള്ള യാത്രകള്‍ ഇന്ന് കൊച്ചിയിലെത്തിച്ചേരും.

ആലുവ മുതൽ ഫോർട്ട്‌കൊച്ചി വരെയുള്ള 32 സ്‌കൂളുകളിലെ നാലായിരം കുട്ടികളുടെ കലാപരിപാടികൾ ഉദ്ഘാടന ചടങ്ങിന് മിഴിവേകും. ഉദ്ഘാടനത്തിന് ശേഷം ബാൻഡ് മാർച്ച് ആരംഭിക്കും. 100 മുത്തുക്കുടകൾ അകമ്പടി സേവിക്കും. നാവിക എൻസിസി കേഡറ്റുകളുടെ 24 കൊച്ചി ഫോർമേഷനും നടക്കും. ആയിരം പേരുടെ മാസ്ഡ്രിൽ. തുടർന്ന് ആയിരംപേർ അണിനിരക്കുന്ന സൂംബ ഡാൻസ്. ആയിരംപേർ അണിനിരക്കുന്ന ഫ്രീഹാൻഡ് എക്‌സർസൈസും ക്യൂൻ ഒഫ് അറേബ്യൻ സീ സാംസ്‌കാരിക പരിപാടിയും കുട്ടികൾ അവതരിപ്പിക്കും. കൊച്ചിൻ കാർണിവൽ, അത്തച്ചമയം എന്നിങ്ങനെ രണ്ട് വിഭാഗമായിട്ടുള്ള കലാപരിപാടിയും അരങ്ങേറും. കരിമരുന്ന് പ്രയോഗവും ഉണ്ടാവും.

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍രാജ്(19) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു മരണം. ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ ഇന്നലെ മരിച്ചിരുന്നു. കിനാനൂര്‍ സ്വദേശി രതീശ്, നീലേശ്വരം സ്വദേശി ബിജു എന്നിവരാണ് ഇന്നലെ മരിച്ചത്. പൊള്ളലേറ്റ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സന്ദീപ് ശനിയാഴ്ചയും മരിച്ചിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടത്തില്‍ 150-ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.