കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു: 40 പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു: 40 പേർക്ക് പരിക്ക്

മലപ്പുറം: കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് നാൽപ്പതോളം പേർക്ക് പരിക്ക്. കോഴിക്കോട് തൊട്ടില്‍പ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. റോഡിൽ നിന്ന് പത്തടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം. ദേശീയപാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. അറുപതോളം പേര്‍ ബസ്സിലുണ്ടായിരുന്നു. സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് പുറമെ നിന്നും യാത്ര ചെയ്യുന്നവരുണ്ടായിരുന്നു. തലകീഴായി കിടന്ന ബസിൽ നിന്ന് ഏറെ ശ്രമകരമായാണ് ആളുകളെ പുറത്തെത്തിച്ചത്.

പരിക്കേറ്റവരെ തിരൂരങ്ങാടിയിലെയും സമീപത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ മുപ്പതിലേറെപ്പേരെ പ്രവേശിപ്പിച്ചു. അഞ്ചുപേരെ കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് മാറ്റി. നാട്ടുകാരും മറ്റു വാഹനങ്ങളിൽ സ്ഥലത്തെത്തിയവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കായികമേള: കൊച്ചി മെട്രോ സൗജന്യയാത്ര നാളെ മുതൽ 11 വരെ

കായികമേള: കൊച്ചി മെട്രോ സൗജന്യയാത്ര നാളെ മുതൽ 11 വരെ

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. കായികമേള തുടങ്ങുന്ന നവംബര്‍ അഞ്ചാം തിയതി മുതല്‍ പതിനൊന്നാം തിയതി വരെയാണ് സൗജന്യ യാത്ര. ദിവസവും 1000 കുട്ടികള്‍ക്ക് സൗജന്യ യാത്രയൊരുക്കാനാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്.

എറണാകുളം ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷാണ് സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചത്. താരങ്ങള്‍ക്ക് മേള സംഘാടകര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാം. സംസ്ഥാന സ്‌കൂള്‍ കായിമമേള എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഇന്ന് വൈകീട്ട് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. ഒളിംപിക്‌സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന കായികമേളയില്‍ 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികള്‍ മാറ്റുരയ്ക്കും. ചരിത്രത്തിലാദ്യമായി ഗള്‍ഫ് രാജ്യങ്ങളിലെ കേരള സിലബസ് പഠിപ്പിക്കുന്ന എട്ട് സ്‌കൂളുകളും കായികമേളയില്‍ പങ്കെടുക്കും. ചാംപ്യന്‍പട്ടം നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള എവര്‍ റോളിംഗ് സ്വര്‍ണ്ണക്കപ്പ് ഈ വര്‍ഷം മുതല്‍ നല്‍കും.

ദിവ്യയ്ക്ക് നാളെ നിര്‍ണായകം; ജാമ്യാപേക്ഷ കോടതി പരിഗണിക്കും

ദിവ്യയ്ക്ക് നാളെ നിര്‍ണായകം; ജാമ്യാപേക്ഷ കോടതി പരിഗണിക്കും

കണ്ണൂര്‍: എഡിഎം കെ നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ജാമ്യഹര്‍ജിയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നാളെ വാദം കേള്‍ക്കുക.

ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ദിവ്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും, നീതി ലഭിക്കാനായി നിയമപരമായ പോരാട്ടത്തിന് ഏതറ്റം വരെയും പോകുമെന്നും നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പെട്രോള്‍പമ്പ് അഴിമതിയില്‍ നവീന്‍ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടാണ് റവന്യൂവകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

വിവാദമായ യാത്രയയപ്പ് യോഗത്തിനുശേഷം എഡിഎം നവീന്‍ബാബു തന്നെ വന്നുകണ്ടിരുന്നുവെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുമുള്ള കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയില്‍ കേന്ദ്രീകരിച്ചാകും ദിവ്യക്കുവേണ്ടിയുള്ള വാദം. ഹര്‍ജി ഫയലില്‍ സ്വീകരിച്ചപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനായി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്ത് കുമാര്‍ സമയം ആവശ്യപ്പെട്ടിരുന്നു. നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ പി പി ദിവ്യ ഒക്ടോബര്‍ 29-നാണ് അറസ്റ്റിലായത്. തലശ്ശേരി കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ദിവ്യ പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. കണ്ണൂര്‍ പള്ളിക്കുന്ന് വനിതാ ജയിലില്‍ റിമാന്‍ഡിലാണ് പി പി ദിവ്യ ഇപ്പോഴുള്ളത്.

സുല്ലിട്ട് സ്വര്‍ണവില; 59,000ല്‍ താഴെ തന്നെ

സുല്ലിട്ട് സ്വര്‍ണവില; 59,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ചയ്ക്ക് സമാനമായി 59,000ല്‍ താഴെ തന്നെയാണ് സ്വര്‍ണവില. 58,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7370 രൂപ. പണിക്കൂലിയും നികുതിയും ചേരുമ്പോള്‍ വില വീണ്ടും ഉയരും.

ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില കഴിഞ്ഞദിവസമാണ് ഇടിഞ്ഞത്. ഉടന്‍ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 680 രൂപ കുറഞ്ഞാണ് 59,000ല്‍ താഴെ എത്തിയത്. മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വര്‍ധിച്ച് 60,000ലേക്ക് നീങ്ങിയിരുന്ന സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ തിരിച്ചിറങ്ങിയത്. 21 ദിവസത്തിനിടെ ഏകദേശം 3500 രൂപ വര്‍ധിച്ച ശേഷമാണ് രണ്ടുദിവസം കൊണ്ട് 680 രൂപ താഴ്ന്നത്.

മ‍ഴക്കെടുതി; വെള്ളം കയറി 2000 കോഴിക്കുഞ്ഞുങ്ങൾ ചത്തു

മ‍ഴക്കെടുതി; വെള്ളം കയറി 2000 കോഴിക്കുഞ്ഞുങ്ങൾ ചത്തു

കനത്ത മഴയിൽ വെള്ളം കയറി തിരുവനന്തപുരം പോത്തൻകോട് കർഷകന്‍റെ 2000 കോഴി കുഞ്ഞുങ്ങൾ ചത്തു. പ്രദേശത്തെ ആയിരത്തോളം വാഴകളും നശിച്ചു. പോത്തൻകോട് അയിരുപ്പാറ മേലേവിള വാർഡിൽ പ്രദീപ് കുമാറിന്‍റെ കോഴിക്കുഞ്ഞുങ്ങളാണ് വെള്ളം കയറി ചത്തത്. 25 ചാക്ക് കോഴി തീറ്റയും വെള്ളം കയറി നശിച്ചു. സമീപത്തെ നീർചാലിന് കുറുകെയുള്ള പൈപ്പ് അടഞ്ഞതോടെയാണ് പ്രദേശത്ത് മുഴുവൻ വെള്ളം കയറിയത്. നാല് ലക്ഷം രൂപയുടെ നാശ നഷ്ടം ഉണ്ടായതയായി കർഷകൻ പറയുന്നു.

ഡ്രൈവിങ് ലൈസന്‍സ് ഇനി ഡിജിറ്റല്‍.,പുതിയ അപേക്ഷകര്‍ക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ലഭിക്കില്ല

ഡ്രൈവിങ് ലൈസന്‍സ് ഇനി ഡിജിറ്റല്‍.,പുതിയ അപേക്ഷകര്‍ക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ലഭിക്കില്ല

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ഇനി ഡിജിറ്റല്‍. ഡിജിറ്റല്‍ ലൈസന്‍സ് സംവിധാനം നടപ്പാക്കി. പുതിയ അപേക്ഷകര്‍ക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ലഭിക്കില്ല.

ടെസ്റ്റ് വിജയിച്ചു കഴിഞ്ഞാല്‍ വെബ്സൈറ്റില്‍നിന്ന് ലൈസന്‍സ് ഡൗണ്‍ലോണ്‍ ചെയ്യണം. ഇത് ഡിജി ലോക്കര്‍, എം പരിവാഹന്‍ ആപ്പുകളില്‍ സൂക്ഷിക്കാം. ആവശ്യക്കാര്‍ക്ക് സ്വന്തമായി പ്രിന്റ് എടുക്കുകയും ചെയ്യാം.