മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ അക്ഷരത്തെറ്റുകള്‍; തിരിച്ചുവാങ്ങാന്‍ നിര്‍ദേശം നല്‍കി ഡിജിപി

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ അക്ഷരത്തെറ്റുകള്‍; തിരിച്ചുവാങ്ങാന്‍ നിര്‍ദേശം നല്‍കി ഡിജിപി

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ നിറയെ അക്ഷരത്തെറ്റുകള്‍. ഇതിനെ തുടര്‍ന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ ഡിജിപി നിര്‍ദേശം നല്‍കി. മെഡല്‍ സ്വീകരിച്ച പൊലീസുകാരാണ് അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയത്.

മെഡലുകളില്‍ മുഖ്യമന്ത്രിയുടെ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ’ എന്നാണ് രേഖപ്പെടുത്തിയത്. പൊലീസ് മെഡല്‍ എന്നത് തെറ്റായി ‘പോലസ് മെഡന്‍’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മെഡല്‍ ജേതാക്കളായ പൊലീസുകാര്‍ ഇത്തരം അക്ഷരത്തെറ്റുകള്‍ കണ്ടെതിനെ തുടര്‍ന്ന് മേലധികാരികളോട് വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ഡിജിപി വിഷയത്തില്‍ ഇടപെട്ട് എത്രയും പെട്ടെന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം നല്‍കി. കൂടാതെ, അക്ഷരത്തെറ്റുകള്‍ തിരുത്തി പുതിയ മെഡലുകള്‍ നല്‍കാന്‍ മെഡലുകള്‍ നിര്‍മിക്കാന്‍ കരാറെടുത്ത സ്ഥാപനത്തോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മെഡിസെപ്പിൽ പൊളിച്ചു പണി; പാക്കേജുകളും ചികിത്സ നിരക്കും പരിഷ്ക്കരിക്കും, ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ വിദ​ഗ്ധസമിതി

മെഡിസെപ്പിൽ പൊളിച്ചു പണി; പാക്കേജുകളും ചികിത്സ നിരക്കും പരിഷ്ക്കരിക്കും, ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ വിദ​ഗ്ധസമിതി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആരോ​ഗ്യ സുരക്ഷ പദ്ധതിയായ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം. നിലവിലുള്ള പാളിച്ചകൾ തിരുത്തി ജീവനക്കാർക്ക് കൂടുതൽ ഗുണപ്രദമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ ആറം​ഗ വിദ​ഗ്ധ സമിതിയെ നിയോഗിച്ചു. പദ്ധതി നടത്തിപ്പുകാരായ ഓറിയന്റൽ ഇന്‍ഷുറൻസ് കമ്പനിയുമായുള്ള കരാർ അടുത്ത ജൂണിൽ അവസാനിക്കും.

പദ്ധതിക്കെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിരുന്നു. പല വന്‍കിട ആശുപത്രികളും പദ്ധതിയില്‍ നിന്ന് പിന്‍മാറിയിരുന്നു. വിമർശനങ്ങൾ കണക്കിലെടുത്താകും രണ്ടാം ഘട്ടം നടപ്പാക്കുക. ഡോ ശ്രീറാം വെങ്കിട്ടരാമനാണ് സമിതി അധ്യക്ഷൻ. പാക്കേജുകളും ചികിത്സ നിരക്കും പരിഷ്ക്കരിക്കും. 2022 ജൂലൈ ഒന്നിനാണ് മെഡിസെപ്പ് പദ്ധതി കൊണ്ടു വരുന്നത്.

സർക്കാർ ജീവനക്കാർ, പെൻഷൻകാർ, കുടുംബാംഗങ്ങൾ എന്നിവരടക്കം 30 ലക്ഷം പേര്‍ക്ക് സൗജന്യ വിദ​ഗ്ധ ചികിത്സ എന്നതായിരുന്നു വാ​ഗ്ദാനം. ആദ്യ ഒരു വർഷം പദ്ധതി മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് പോയെങ്കിലും പിന്നീട് സര്‍ക്കാർ നേരിടേണ്ടി വന്നത് വിമര്‍ശനങ്ങളുടെ പെരുമഴയായിരുന്നു. പാക്കേജുകളുടെ പേരിൽ ചൂഷണം എന്നതായിരുന്നു പ്രധാന വിമര്‍ശനം.

പദ്ധതി ഒരു വർഷം പിന്നിട്ടപ്പോഴേക്കും പല വന്‍കിട ആശുപത്രികളും പിന്‍മാറിയത് സര്‍ക്കാരിന് തിരിച്ചടിയായി. ഇതിനിടെ വന്‍നഷ്ടമാണെന്നും പ്രീമിയം തുക വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇന്‍ഷുറൻസ് കമ്പനിയും രംഗത്ത് വന്നു.

കഴിഞ്ഞവർഷത്തേക്കാൾ 22.32 അടിയുടെ വർധന; ഇടുക്കി അണക്കെട്ടിൽ ശേഷിയുടെ 71.36 ശതമാനം വെള്ളം

കഴിഞ്ഞവർഷത്തേക്കാൾ 22.32 അടിയുടെ വർധന; ഇടുക്കി അണക്കെട്ടിൽ ശേഷിയുടെ 71.36 ശതമാനം വെള്ളം

തൊടുപുഴ: ഇടുക്കി ജലസംഭരണിയിൽ ആകെ ശേഷിയുടെ 71.36 ശതമാനം വെള്ളം. 2377.56 അടിയാണ്‌ ജലനിരപ്പ്‌. കഴിഞ്ഞവർഷം ഇതേദിവസത്തേക്കാൾ 22.32 അടിയുടെ വർധന ഇത്തവണയുണ്ട്‌. 2023ൽ 2355.24 അടിയായിരുന്നു ജലനിരപ്പ്‌. ശേഷിയുടെ 50.27 ശതമാനം

പദ്ധതി പ്രദേശത്ത്‌ ഇത്തവണ തുലാമഴ കാര്യമായി പെയ്‌തില്ല. കഴിഞ്ഞദിവസം രണ്ടു മില്ലീമീറ്റർ മഴയേ ലഭിച്ചുള്ളു. എന്നാൽ ജില്ലയുടെ മറ്റു പ്രദേശങ്ങളിൽ മഴ കനക്കുന്നുണ്ട്‌. ഒരുദിവസം സംഭരണിയിലേക്ക്‌ 56.80 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിയെത്തുമ്പോൾ വൈദ്യുതോൽപാദനശേഷം 12.706 ലക്ഷം ഘനമീറ്റർ മലങ്കര ഡാമിലെത്തുന്നുണ്ട്‌. മൂലമറ്റത്ത്‌ വൈദ്യുതോൽപാദനം കുറച്ചു. ശനിയാഴ്‌ച 1.889 ദശലക്ഷം യൂണിറ്റാണ്‌ ഉൽപ്പാദിപ്പിച്ചത്‌.

ചക്രവാതച്ചുഴി: ഇന്ന് ആറുജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി: ഇന്ന് ആറുജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കന്‍ തമിഴ് നാടിനും ശ്രീലങ്കക്കും മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി അടുത്ത നാലു ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ മിന്നലടിച്ചു; സ്ത്രീ മരിച്ചു

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ മിന്നലടിച്ചു; സ്ത്രീ മരിച്ചു

ആലപ്പുഴ: മിന്നലടിച്ച് സ്ത്രീ മരിച്ചു. ആലപ്പുഴ വീയപുരത്താണ് ദാരുണസംഭവമുണ്ടായത്. ആനാരി വലിയ പറമ്പിൽ ശ്യാമള (58) ആണ് മരിച്ചത്. വീയപുരം വിത്ത് ഉൽപാദന കേന്ദ്രത്തിലെ പുഞ്ചയിൽ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.

വിജ്ഞാനോത്സവവും മലയാള ഭാഷാ ദിനാചരണവും സംഘടിപ്പിച്ചു

വിജ്ഞാനോത്സവവും മലയാള ഭാഷാ ദിനാചരണവും സംഘടിപ്പിച്ചു

കേരളപ്പിറവിയോടനുബന്ധിച്ച് കിഴുവിലം ഗവ:യു.പി.എസിൽ സംഘടിപ്പിച്ച വിജ്ഞാനോത്സവവും മലയാള ഭാഷാ ദിനാചരണവും കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ രജിത ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് ശാന്തി അധ്യക്ഷത വഹിച്ചു. സ്വാഗതം ഹെഡ്മിസ്ട്രസ്സ് എസ് ഷീബ പറഞ്ഞു. അശംസകൾ അർപ്പിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ആർ ശ്രീകണ്ഠൻ നായർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആർ സുലഭ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് വിനിത, വാർഡ് മെമ്പർമാരായ ജി.ജി അനീഷ്, പ്രസന്ന എ,മുൻ ഹെഡ്മാസ്റ്റർ എസ് സതീഷ് കുമാർ, പൂർവ്വ വിദ്യാർത്ഥി സലിഹുദ്ദീൻ,അധ്യാപകനായ റ്റി.ആർ ബാലമുരളികൃഷ്ണൻ എന്നിവർ സംസാരിച്ചു.

സ്റ്റാഫ് സെക്രട്ടറി പി.വി സീമ നന്ദിയും പറഞ്ഞു. ചടങ്ങിൽ സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഗുരു ജ്യോതി പുരസ്കാരം ലഭിച്ച റ്റി.ആർ ബാലമുരളീകൃഷ്ണനെ പ്രസിഡന്റ് ആദരിച്ചു. ക്വിസ് മത്സരത്തിൽ ഒന്നും, രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർഥികൾക്ക് ആറ്റിങ്ങൽ സി.ഇ മെമ്മോറിയൽ ഹോമിയോ മൊമെന്റോയും ക്യാഷ് അവാർഡും ശാസ്ത്രമേള- കലോത്സവങ്ങളിൽ എ ഗ്രേഡും ഒന്നാം സ്ഥാനം നേടിയവർക്കുള്ള ട്രോഫികളും വിതരണം ചെയ്തു. അറബിക് കലോത്സവത്തിന് ഓവറോൾ നേടാൻ സഹായിച്ച ഫാത്തിമ ബീവിയേയും ആദരിച്ചു.