by Midhun HP News | Oct 23, 2024 | Latest News, കേരളം
പാലക്കാട് : പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് അയ്യപ്പൻകാവിനുസമീപം വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ചു. ഇന്നലെ രാത്രി 11നായിരുന്നു അപകടം. കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാറും മണ്ണാർക്കാട്ടുനിന്ന് പാലക്കാട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്.
അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ മൂന്നു പേർ തൽക്ഷണം മരിച്ചു. രണ്ടു പേരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. കോങ്ങാട് മണ്ണാന്തറ കീഴ്‌മുറി വീട്ടിൽ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തിൽ വീട്ടിൽ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ് (31), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പിൽ മുഹമ്മദ് അഫ്സൽ (17) എന്നിവരാണ് മരിച്ചത്.

by Midhun HP News | Oct 23, 2024 | Latest News, കേരളം
കൊച്ചി: വീണ്ടും വിവാഹം കഴിക്കും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വിവാഹ ജീവിതത്തിലേയ്ക്ക് കടന്ന് നടന്‍ ബാല. നടന്റെ നാലാം വിവാഹമാണിത്. ഇത്തവണ നടന്റെ മാമന്റെ മകള്‍ കോകിലയാണ് ജീവിത സഖി.
”ബന്ധുവാണ് വധു. പേര് കോകില. എന്റെ അമ്മയ്ക്ക് വരാന്‍ പറ്റിയില്ല. 74 വയസുണ്ട്. വരണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ആരോഗ്യനില മോശമാണ്. കോകിലയുടെ ചെറുപ്പത്തിലെ ആഗ്രഹമാണ് ഇപ്പോള്‍ നടന്നത്. വാഴ്ത്തണമെന്ന് ആഗ്രഹമുള്ളവര്‍ വാഴ്ത്തുക. കഴിഞ്ഞ ഒരു കൊല്ലമായി എന്റെ ആരോഗ്യ നിലയില്‍ നല്ല മാറ്റമുണ്ട്. ആ സമയത്തൊക്കെ കൂടെ നിന്ന ആളാണ് കോകില”യെന്നും വിവാഹശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.

കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. പ്രമുഖ ഗായിക അടക്കം മൂന്നൂ പേര്‍ ജീവിത സഖിയായി എത്തിയിരുന്നു എങ്കിലും വിവാഹജീവിതം മുന്നോട്ടുപോയിരുന്നില്ല. തന്റെ 250 കോടിയുടെ സ്വത്തുക്കള്‍ അന്യം നിന്നുപോകാതെ ഇരിക്കാന്‍ വിവാഹം ഉണ്ടാകുമെന്നു കഴിഞ്ഞ ദിവസമാണ് ബാല അറിയിച്ചത്.
by Midhun HP News | Oct 23, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 58,720 രൂപയായാണ് പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് മുന്നേറ്റം കാഴ്ചവെച്ചത്.

by Midhun HP News | Oct 23, 2024 | Latest News, കേരളം
മലപ്പുറം : കഥകളി ആചാര്യന്‍ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അന്തരിച്ചു. 77 വയസ്സായിരുന്നു. പുലര്‍ച്ചെ 2.30ഓടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കഥകളി ആചാര്യന്‍ കീഴ്പടം കുമാരന്‍ നായരുടെ ശിഷ്യനാണ്. കാട്ടാളന്‍, ഹംസം, ബ്രാഹ്മണന്‍ തുടങ്ങിയ പ്രധാന വേഷങ്ങളില്‍ അറിയപ്പെടുന്ന നടനാണ്. കലാമണ്ഡലം ഫെലോഷിപ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് നാലിന് കാറല്‍മണ്ണ നരിക്കാട്ടിരി മന വളപ്പില്‍ നടക്കും. നാടക സംവിധായകന്‍ നരിപ്പറ്റ രാജു സഹോദരനാണ്.

by Midhun HP News | Oct 23, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം സ്വീകരിക്കുന്ന നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് സജിമോന്‍ പാറയിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി ബി വരാലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഹേമ കമ്മിറ്റിക്കു മുമ്പാകെ വന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് കേരള ഹൈക്കോടതി ഉത്തരവിട്ടത്. ഇതു ചോദ്യം ചെയ്താണ് സജിമോന്റെ ഹര്‍ജി. അടിയന്തിരമായി ഹര്‍ജി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സജിമോന്‍ പാറയിലിന്റെ അഭിഭാഷകന്‍ സുപ്രീം കോടതി രജിസ്ട്രിക്ക് കത്ത് നല്‍കുകയായിരുന്നു. ഹര്‍ജിക്കാരന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി ഹാജരാകുമെന്നാണ് സൂചന.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍ അടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് ഉത്തരവിട്ടത്. പരാതിക്കാരുടെ പേരുകള്‍ പരസ്യപ്പെടുത്തരുതെന്നും ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഹേമ കമ്മിറ്റിക്ക് മുമ്പാകെ പീഡന പരാതി നല്‍കിയിരുന്ന പലരും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
by Midhun HP News | Oct 23, 2024 | Latest News, കേരളം
തിരുവനന്തപുരം: മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് ചുഴലിക്കാറ്റായും നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും. നാളെ രാത്രിയോ മറ്റന്നാള്‍ അതിരാവിലെയോ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്ത് പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ കരയില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. തമിഴ്‌നാടിനു മുകളില്‍ മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് ഏഴു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.
Recent Comments