by Midhun HP News | Oct 22, 2024 | Latest News, കേരളം
ചടയമംഗലം: സ്വകാര്യ ബസ് ദേഹത്തുകൂടി കയറിയിറങ്ങി ബൈക്ക് യാത്രികനായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു. സി.പി.എം പോരേടം തെരുവിൻഭാഗം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പോരേടം വടക്കേലഴികത്ത് വീട്ടിൽ എം. രാധാകൃഷ്ണപിള്ളയാണ് (56) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിന് അർക്കന്നൂരിന് സമീപം ബൈക്കിനെ സ്വകാര്യ ബസ് മറികടക്കുന്നതിനിടെയായിരുന്നു അപകടം.
ബസിന്റെ മുൻഭാഗം ഹാൻഡിലിൽ തട്ടിയതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി. ബസിനടിയിൽപ്പെട്ട രാധാകൃഷ്ണപിള്ളയുടെ ശരീരത്തിലൂടെ പിൻവശത്തെ ചക്രം കയറി ഇറങ്ങുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. പരേതനായ മാധവൻ പിള്ളയുടെയും ഓമനയമ്മയുടെയും മകനാണ്. അവിവാഹിതനാണ്. ചടയമംഗലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം. ബാബുരാജിന്റെ സഹോദരനാണ്.
by Midhun HP News | Oct 22, 2024 | Latest News, കേരളം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. യോഗത്തിന് മുമ്പ് ദിവ്യയുടെ ഫോണ്‍ കോള്‍ തനിക്ക് വന്നിരുന്നു. അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി വിശദീകരിച്ചിട്ടുണ്ട്. എനിക്കറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ട്. അത് മാധ്യമങ്ങളോട് പറയാനാവില്ലെന്നും കലക്ടര്‍ അരുണ്‍ കെ വിജയന്‍ പറഞ്ഞു.
പൊലീസ് ഇന്നലെ വൈകീട്ടാണ് തന്റെ ക്യാംപ് ഓഫീസില്‍ വെച്ചാണ് മൊഴിയെടുത്തത്. അതില്‍ അസ്വാഭാവികതയൊന്നുമില്ല. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്ക് നല്‍കിയ മൊഴി തന്നെയാണ് പൊലീസിനും നല്‍കിയത്. കോള്‍ റെക്കോര്‍ഡ് അടക്കമുള്ള കാര്യങ്ങളെല്ലാം അന്വേഷണസംഘത്തിന് നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണം നടക്കുകയാണ്. താന്‍ ദിവ്യയെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. താന്‍ യോഗത്തിലേക്ക് ക്ഷണിച്ചു എന്നത് അവരുടെ ക്ലെയിം ആണല്ലോ എന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ഇതേക്കുറിച്ച് താന്‍ ജഡ്ജ്‌മെന്റ് നടത്തുന്നതു ശരിയല്ല. നവീന്‍ബാബുവിന്റെ മരണത്തിനു ശേഷം ദിവ്യയുമായി സംസാരിച്ചിട്ടില്ല. യോഗത്തിനു ശേഷം എഡിഎം നവീന്‍ബാബുവുമായി സംസാരിച്ചിരുന്നുവോയെന്ന ചോദ്യത്തിന്, അന്വേഷണത്തിന്റെ ഭാഗമായതിനാല്‍ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മറുപടി. താന്‍ അവധി അപേക്ഷ നല്‍കിയിട്ടില്ല. സ്ഥലംമാറ്റത്തിനും അപേക്ഷ നല്‍കിയിട്ടില്ല. അതെല്ലാം സര്‍ക്കാര്‍ തീരുമാനിക്കേണ്ടതാണ്. സര്‍ക്കാര്‍ തീരുമാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും.
എഡിഎം നവീന്‍ബാബുവുമായി നല്ല റിലേഷന്‍ഷിപ്പ് ആയിരുന്നു. അവധി നല്‍കാറുണ്ടായിരുന്നില്ലെന്ന എഡിഎമ്മിന്റെ കുടുംബത്തിന്റെ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, അത് ഇവിടെ പരിശോധിച്ചാല്‍ അറിയാമെന്ന് മറുപടി പറഞ്ഞു. വളരെ നല്ല വര്‍ക്കിങ് റിലേഷന്‍ഷിപ്പ് ആയിരുന്നു എഡിഎമ്മുമായിട്ട് ഉണ്ടായിരുന്നത്. പെട്രോള്‍ പമ്പ് എന്‍ഒസിയുമായി ബന്ധപ്പെട്ട് പി പി ദിവ്യയുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.
പെട്രോള്‍ പമ്പ് എന്‍ഒസിയുമായി ബന്ധപ്പെട്ട ഫയലിന്റെ സ്‌ക്രൂട്ടിനി മാത്രമാണ് താന്‍ നടത്തിയത്. അത് അന്വേഷണമെന്ന് പറയാനാവില്ല. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് പുറത്തു വിടേണ്ടത് സര്‍ക്കാരാണ്. ഈ വിഷയങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പ് പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും അറിവുണ്ടായിരുന്നില്ല. ആരോപണങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.
by Midhun HP News | Oct 22, 2024 | Latest News, കേരളം
ഡൽഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി. ഇതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി അറിയിച്ചു. സിദ്ദിഖ് തെളിവ് നശിപ്പിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയില്‍ വാദിച്ചത്. സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലത്തിന് എതിർ സത്യവാങ്മൂലം നല്‍കാൻ സമയം വേണമെന്ന് സിദ്ദിഖ് കോടതിയോടോ ആവശ്യപ്പെട്ടു.
ഇത് പരിഗണിച്ചാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയത്. അതേസമയം, എട്ട് കൊല്ലം കാലതാമസം എങ്ങനെ വന്നുവെന്ന് കോടതി വീണ്ടും ആരാഞ്ഞു. സിദ്ദിഖിനായി മുതിർന്ന അഭിഭാഷകർ വി ഗിരിയാണ് ഹാജരായത്. സൂപ്പർസ്റ്റാറിനെതിരെ പോകാൻ പലരും മടിക്കുമെന്നും പരാതി നല്‍കുന്നതിന് മുമ്പ് തന്നെ ഫേസ്ബുക്കിൽ വിഷയം ഉയർത്തിയിരുന്നുവെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയില്‍ പറഞ്ഞു.
എട്ട് കൊല്ലത്തിന് ശേഷമല്ലേ കേസെന്നായിരുന്നു കോടതിയുടെ ചോദ്യം. ബലാത്സംഗക്കേസിൽ സുപ്രീംകോടതിയിൽ ഇന്നലെ സിദ്ദിഖ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായെന്നും പൊലീസ് ആവശ്യപ്പെട്ടതിൽ തന്റെ കൈവശമുള്ള തെളിവുകളും ഫോൺ നമ്പർ വിവരങ്ങളും കൈമാറിയെന്നുമായിരുന്നു സിദ്ദിഖിന്‍റെ സത്യവാങ്മൂലം. പഴയ ഫോണുകൾ തന്‍റെ കൈയിൽ ഇല്ല. ഐപാഡ് ഉപയോഗിക്കുന്നില്ല. പൊലീസ് തന്നെ നിയമവിരുദ്ധമായി പിന്തുടരുകയാണ്.
ഇത് സംബന്ധിച്ച് താൻ പരാതി നൽകിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിൽ അജ്ഞാതരായ ചിലർ തന്നെയും, തന്റെ കുടുംബ അംഗങ്ങളെയും പിന്തുടർന്നു. ഇത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചതിനെ തുടർന്നാണെന്നും ആരോപിക്കുന്നു. സിദ്ദിഖ് നൽകിയ പരാതിയിൽ പൊലീസ് നൽകിയ രേഖമൂലമുള്ള മറുപടിയും അധിക സത്യവാങ്മൂലത്തിൽ ചേർത്തിട്ടുണ്ട്.
by Midhun HP News | Oct 22, 2024 | Latest News, കേരളം
ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ വെബ്‌സൈറ്റ് അടച്ചു. വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യാന്‍ വേണ്ടിയെന്നാണ് ബെവ്‌കോയുടെ വിശദീകരണം. വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വിലയില്‍ തിരിമറി നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് അടച്ചതെന്നാണ് പുറത്തു വന്ന വിവരം. booking.ksbc.co.in എന്ന സൈറ്റാണ് താത്ക്കാലികമായി അടച്ചത്. യുപിഎ വഴി പണമടച്ചാണ് മിക്കവരും ഓണ്‍ലൈനായി മദ്യം വാങ്ങുന്നത്.
ഹാക് ചെയ്യാന്‍ സാധ്യതയെന്ന് സൈബര്‍ വിദഗ്ധന്‍ ചൂണ്ടിക്കാട്ടിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് വെബ്‌സൈറ്റ് അടച്ചുപൂട്ടിയതെന്നാണ് വിവരം. വെബ്‌സൈറ്റുവഴി മദ്യം വാങ്ങുന്നവര്‍ക്ക് സാധാരണയായി ഒരു മറുപടി എസ്എംഎസ് ലഭിക്കാറുണ്ട്. എസ്എംഎസില്‍ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കാണിക്കാറില്ല. അതുകൊണ്ടുതന്നെ ഔട്ട്‌ലെത്തിലെത്തി ഇത് കാണിച്ച് മദ്യം വാങ്ങുമ്പോള്‍ തിരിമറി നടക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വിലയിരുത്തിയിട്ടുണ്ട്.
തിരക്കുള്ള സമയത്ത് എസ്എംഎസുകളും സിസ്റ്റത്തിലെ വിവരങ്ങളും ഒത്തുനോക്കാന്‍ ജീവനക്കാര്‍ ബുദ്ധിമുട്ട് നേരിടുന്നു എന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ബെവ്‌കോ വെബ്‌സൈറ്റ് താത്ക്കാലികമായി അടച്ചത്. വളരെക്കുറച്ചുപേര്‍ മാത്രമേ ഈ വെബ്‌സൈറ്റിലൂടെ മദ്യം വാങ്ങാറുള്ളൂ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
by Midhun HP News | Oct 22, 2024 | Latest News, കേരളം
തൃശൂര്‍: മണ്ണുത്തി ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ്സിനു മുകളില്‍ കയറി ഇരുന്ന് യുവാക്കളുടെ അപകടകരമായ യാത്ര. വഴിയാത്രക്കാരാണ് യുവാക്കളുടെ സാഹസിക യാത്ര കാമറയില്‍ പകര്‍ത്തിയത്. സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്കെതിരെയും ബസിലെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു. വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിലായിരുന്നു അപകടകരമായ യാത്ര നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മണ്ണുത്തി ദേശീയപാതയിലും ചിറക്കക്കോട് ഭാഗത്തുമാണ് യുവാക്കള്‍ അപകടകരമായ യാത്ര നടത്തിയത്. അപകടകരമായ യാത്ര നടത്താന്‍ യുവാക്കള്‍ക്ക് സൗകര്യം ഒരുക്കി നല്‍കിയതിനാണ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ കേസെടുത്തത്. മണ്ണുത്തി ദേശീയപാതയില്‍ നിന്ന് ചിറക്കക്കോട് ഭാഗത്തേയ്ക്ക് ബസ് തിരിഞ്ഞപ്പോള്‍ വഴിയാത്രക്കാരാണ് മണ്ണുത്തി പൊലീസിനെ വിവരം അറിയിച്ചത്.
തുടര്‍ന്ന് ബസിനെ പിന്തുടര്‍ന്ന് മണ്ണുത്തി പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ബസും മൂന്ന് യാത്രക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.
by Midhun HP News | Oct 22, 2024 | Latest News, കേരളം
കൊച്ചി: സ്‌കൂള്‍ യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥിയെ വഴക്കു പയുകയും വീട്ടില്‍ പറഞ്ഞു വിടുകയും ചെയ്ത പ്രിന്‍സിപ്പലിനെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി. സ്‌കൂളിലെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോം ധരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചതെന്നും പ്രിന്‍സിപ്പലിനെതിരെ ചുമത്തിയ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 ാം വകുപ്പ് നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി.
തൃശൂര്‍ ജില്ലയിലെ സ്‌കൂളില്‍ 2020ലാണ് കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനി പരീക്ഷാഫലം അറിയുന്നതിനും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ വാങ്ങാനുമാണ് സ്‌കൂളിലെത്തിയത്. പ്രിന്‍സിപ്പലിനെ കണ്ടപ്പോള്‍ അഭിവാദ്യം ചെയ്ത വിദ്യാര്‍ഥിനിയോട് എന്തുകൊണ്ടാണ് യൂണിഫോം ധരിക്കാത്തതെന്ന് ചോദിച്ചു. തുടര്‍ന്ന് യൂണിഫോം ധരിച്ച് വരാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥിനിയെ വീട്ടിലേയ്ക്ക് തിരികെ വിട്ടുവെന്നാണ് പരാതി. പ്രിന്‍സിപ്പലിന്റെ പെരുമാറ്റം കുട്ടിക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നും പരാതിയിലുണ്ട്.
പരാതിക്കാരിയായ വിദ്യാര്‍ഥിനിയുടെ മാതാവ് അതേ സ്‌കൂളിലെ അധ്യാപികയായിരുന്നു. പരീക്ഷാ നടത്തിപ്പ് ചുമതലയില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ഈ അധ്യാപികക്ക് പ്രിന്‍സിപ്പല്‍ മെമ്മോ നല്‍കിയിരുന്നു. ഇതിന് ശേഷമാണ് യൂണിഫോം ധരിക്കാത്തതിന് തിരികെ അയച്ചതില്‍ പരാതി ഉയര്‍ന്നതെന്നും പ്രിന്‍സിപ്പല്‍ കോടതിയില്‍ വാദിച്ചു. കേസ് ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നും പ്രിന്‍സിപ്പല്‍ വാദിച്ചു.
Recent Comments