by Midhun HP News | Jul 10, 2026 | Latest News, കേരളം
കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം വ്യാപക റെയ്ഡ് നടത്തി. വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ നടത്തിയ മിന്നല്‍ പരിശോധയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ അന്നപൂര്‍ണ ഹോട്ടലില്‍ നിന്നും പഴകിയ കുറുമക്കറി, ചപ്പാത്തി, കോളിഫ്ളവര്‍, നൂഡില്‍സ് എന്നിവയും കപ്പാലം ജങ്ഷനിലെ ഹോട്ടല്‍ വസന്തവിഹാറില്‍ നിന്ന് പഴകിയ പൊറോട്ടമാവും വസന്തവിഹാറിന്റെ തന്നെ മന്തി മഹലില്‍ നിന്ന് പഴകിയ കുക്ക്ഡ് ഷവായി, വേവിച്ച ചിക്കന്‍, മന്തി റൈസ് എന്നിവയും പിടിച്ചെടുത്തു.
ഹൈവേയിലെ ഈറ്റ് ആന്റ് ഡ്രിങ്ക് റസ്റ്റോറന്റില്‍ നിന്ന് പഴകിയ ചപ്പാത്തി പിടിച്ചെടുത്തു. ഹോട്ടല്‍ പാഥേയം, ചിറവക്കിലെ കെഎഫ്‌സി ഔട്ട്ലെറ്റ്, മന്നയിലെ റോയല്‍ ടീസ്റ്റാള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ മഞ്ഞപിത്ത ബാധിതമായ നഗരങ്ങളിലൊന്നാണ് തളിപ്പറമ്പ്. സിസിഎം രഞ്ജിത്ത് കുമാര്‍, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ദിലീപ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി രതീഷ്, കെപി പ്രിയിഷ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

by Midhun HP News | Jul 10, 2026 | Latest News, കേരളം
കൊച്ചി: പശ്ചിമേഷ്യയിലെ സംഘര്‍ഷം കനത്തതോടെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നത്. വെള്ളിയാഴ്ച രാവിലെ 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 13,275 രൂപയായും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,200 രൂപയായും ഉയര്‍ന്നു.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് സ്വര്‍ണവിലയില്‍ വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തിയിരുന്നു. രണ്ട് തവണയായി പവന് 960 രൂപയോളമാണ് വര്‍ധിച്ചത്. ഇന്നലെ വൈകിട്ട് വിപണി ക്ലോസ് ചെയ്യുമ്പോള്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 1,05,920 രൂപയും ഗ്രാമിന് 13,240 രൂപയുമായിരുന്നു നിരക്ക്. ഈ കുതിപ്പ് തുടര്‍ന്നുകൊണ്ടാണ് ഇന്ന് വിപണി വീണ്ടും ഉയര്‍ന്ന നിരക്കില്‍ വ്യാപാരം ആരംഭിച്ചത്.
പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും കനത്തതാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ തിരിയാന്‍ കാരണം. എന്നാല്‍ രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ട്രോയ് ഔണ്‍സിന് 11.80 ഡോളര്‍ (0.29%) കുറഞ്ഞ് 4,120.1 ഡോളറിലാണ് അന്താരാഷ്ട്ര വ്യാപാരം നടക്കുന്നത്.
കേരളത്തിലെ സ്വര്‍ണവിലയുടെ ചരിത്രത്തില്‍ ഇക്കഴിഞ്ഞ ജനുവരി 29നാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 1,31,160 രൂപയായിരുന്നു വില.
വെള്ളിവിലയും തിരിച്ചുകയറുന്നു
ഇന്നലെ വിലയില്‍ വന്‍ ഇടിവ് നേരിട്ട വെള്ളി വിപണിയും ഇന്ന് നേട്ടത്തിലാണ്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 5 രൂപ വര്‍ധിച്ച് 240 രൂപയായി. 10 ഗ്രാം വെള്ളിക്ക് 2,400 രൂപ എന്ന നിരക്കിലാണ് നിലവില്‍ സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത്. ഇന്നലെ വെള്ളിവിലയില്‍ ഗ്രാമിന് 10 രൂപയുടെയും കിലോയ്ക്ക് 10,000 രൂപയുടെയും കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിനു വിപരീതമാണ് ഇന്നത്തെ ട്രെന്‍ഡ്.

by Midhun HP News | Jul 10, 2026 | Latest News, കേരളം
ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. ചടയമംഗലം കുരിയോട് ഭാഗത്ത് വെച്ചാണ് ബസിന് തീ പിടിച്ചത്. പുനലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസിന്റെ മുന്‍ ടയറാണ് യാത്രയ്ക്കിടെ കത്തിയത്.കടക്കല്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണ്.
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. അപകട സമയം എട്ട് യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. മുന്നിലൂടെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം റോഡരികില്‍ നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണച്ചിട്ടുണ്ട്.

by Midhun HP News | Jul 10, 2026 | Latest News, കേരളം
ഇടുക്കി: അഞ്ചുവർഷം മുൻപ് വനം വകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകിട്ടാത്തതിൽ പ്രതിഷേധിച്ച് നേര്യമംഗലം ചെമ്പൻകുഴി ഫോറസ്റ്റ് ഓഫീസിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി. ജെസിബിക്ക് ഉള്ളിൽ കയറി ശരീരത്തിൽ പെട്രോൾ ഒഴിച്ച് ജീവനൊടുക്കുമെന്നാണ് യുവാവ് ഭീഷണി മുഴക്കിയത്. ഇടുക്കി കഞ്ഞിക്കുഴി വരിക്കമുത്തൻ സ്വദേശിയായ അജീഷാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അവഗണനയിൽ മനംനൊന്ത് അതീവ ഗുരുതരമായ ഈ വേറിട്ട പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
വീട് നിർമ്മാണത്തിനിടെ പിടിച്ചെടുത്തു; വനഭൂമി കൈയേറിയെന്ന് ആരോപണം
തന്റെ സ്വന്തം സ്ഥലത്ത് വീട് നിർമ്മാണത്തിനായി മണ്ണ് മാറ്റുന്നതിനിടെയാണ് അജീഷിന്റെ ജെസിബി വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുന്നത്. വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് അതിക്രമിച്ചു കയറി മണ്ണുമാറ്റി എന്ന ഗുരുതരമായ ആരോപണമാണ് ഇയാൾക്കെതിരെ വനംവകുപ്പ് ഉന്നയിച്ചിട്ടുള്ളത്.
നഗരംപാറ റെയിഞ്ച് ഓഫീസറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് 2020-ൽ കഞ്ഞിക്കുഴി വരിക്കമുത്തനിൽ നിന്നും ഈ ജെസിബി വനംവകുപ്പ് പിടിച്ചെടുക്കുന്നത്.
കസ്റ്റഡിയിലെടുത്ത വാഹനം പിന്നീട് നേര്യമംഗലം ചെമ്പൻകുഴി ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റുകയും കഴിഞ്ഞ അഞ്ച് വർഷമായി അവിടെത്തന്നെ സൂക്ഷിച്ചുവരികയുമായിരുന്നു. വർഷങ്ങളായി കിടക്കുന്നതിനാൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന വാഹനം തുരുമ്പെടുത്തു നശിക്കുന്ന അവസ്ഥയിലാണ്.
പെട്രോളുമായി ജെസിബിക്ക് മുകളിൽ; ഫോറസ്റ്റ് ഓഫീസിൽ വൻ പരക്കംപാച്ചിൽ
തന്റെ ഏക ജീവിതമാർഗ്ഗമായ വാഹനം വിട്ടുകിട്ടുന്നതിനായി കഴിഞ്ഞ അഞ്ചുവർഷമായി അജീഷ് നിരന്തരം ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു. എന്നാൽ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ അനുകൂല നിലപാടും ഉണ്ടാകാത്തതിനെ തുടർന്നാണ് ഇന്ന് രാവിലെ 10 മണിയോടെ ഇയാൾ പ്രതിഷേധവുമായി ചെമ്പൻകുഴിയിലെത്തിയത്.ഓഫീസ് പരിസരത്ത് നിർത്തിയിട്ടിരുന്ന തന്റെ ജെസിബിക്കുള്ളിലേക്ക് പെട്ടെന്ന് കയറിയ അജീഷ്, കയ്യിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലും വാഹനത്തിലും ഒഴിക്കുകയായിരുന്നു. വാഹനം വിട്ടുകിട്ടിയില്ലെങ്കിൽ തീക്കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ വിളിച്ചുപറഞ്ഞതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും പരിഭ്രാന്തിയിലായി. വിവരമറിഞ്ഞ് കരിമണൽ പൊലീസും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. യുവാവിനെ അനുനയിപ്പിച്ച് വാഹനത്തിൽ നിന്നും താഴെയിറക്കാനുള്ള ചർച്ചകളും ശ്രമങ്ങളും പുരോഗമിക്കുകയാണ്.

by Midhun HP News | Jul 10, 2026 | Latest News, കേരളം
കൽപ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും. ഇന്നലെ നടത്തിയ തിരച്ചിലിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അവശേഷിക്കുന്ന രണ്ടുപേർക്കായുള്ള തിരച്ചിലാണ് ഇന്ന് തുടരുക. മീനാക്ഷിപുഴ കേന്ദ്രീകരിച്ചും സോൺ ഒന്നിലും മൂന്നിലുമാണ് തിരച്ചിൽ നടത്തുക.അതേസമയം മണ്ണിടിച്ചിൽ പശ്ചാത്തലത്തിൽ നിർദിഷ്ട തുരങ്കപതയുടെ ആനക്കാംപൊയിൽ ഭാഗത്തെ നിർമാണ പ്രവർത്തികളും താൽക്കാലികമായി നിർത്തിവച്ചു. രണ്ട് ഷിഫ്റ്റുകളിലായി മുന്നൂറോളം തൊഴിലാളികളാണ് നിർമാണ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നത്. നിർമാണം നടക്കുന്ന ഭൂരിഭാഗം മേഖലയും പാറക്കെട്ടുകൾ ആയതിനാൽ ഇവിടെ മണ്ണിടിച്ചിൽ സാധ്യത കുറവാണെന്നാണ് അധികൃതരുടെ നിഗമനം.
അതിനിടെ, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ്റെ ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് വയനാട് എത്തും. മണ്ണിടിച്ചിലുണ്ടായ മേഖലയിൽ സംഘം വിശദമായ പരിശോധന നടത്തും. സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയും ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കും. എത്രയും വേഗം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചേക്കും.

by Midhun HP News | Jul 10, 2026 | Latest News, കേരളം
തിരുവനന്തപുരം: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടകാരണം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതല്ലെന്ന് പൊലീസ് കണ്ടെത്തി. കാര്‍ ബൈക്കിന് പിന്നിലിടിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ കാര്‍ ഓടിച്ച വിഷ്ണു എന്ന യുവാവ് പിടിയിലായി. അപകടമുണ്ടാക്കിയ കാറും കസ്റ്റഡിയിലെടുത്തു. ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കളായ എറണാകുളം സ്വദേശി നവീന്‍ സിബി, തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മന്‍ എന്നിവരാണ് മരിച്ചത്.
ഐ ടി ജീവനക്കാരായ ഇരുവരും തിരുവല്ലത്ത് നിന്നും കോവളം ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവര്‍ക്കും 25 വയസ്സാണ്. ഇന്നലെ നവീന്റെ ജന്മദിനമായിരുന്നു. അത് ആഘോഷിക്കാനായി കോവളത്തേക്ക് പോകുകയായിരുന്നു നവീനും മൃദുലയും. ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ അപകടസ്ഥലത്ത് നടത്തിയ പരിശോധനയില്‍ പൊലീസിന് തോന്നിയ സംശയമാണ് സംഭവത്തില്‍ നിര്‍ണായകമായത്.
ബൈക്കിന് പിന്നിലിരുന്ന മൃദുല മീറ്ററുകളോളം ദൂരേയ്ക്ക് തെറിച്ചു വീണ് തലയിടിക്കുകയായിരുന്നു. കാറ്റ് പിടിച്ചു അപകടം ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് പൊലീസ് വിലയിരുത്തി. തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബൈക്കിന് പിന്നില്‍ ഒരു കാര്‍ പോകുന്നത് കണ്ടെത്തി. ഈ കാറിന്റെ ഉടമ മലയിന്‍കീവ് സ്വദേശി വിഷ്ണുവാണെന്നും പൊലീസ് മനസ്സിലാക്കി. തുടര്‍ന്ന് രാത്രി തന്നെ വിഷ്ണുവിന്റെ വീട്ടില്‍ പൊലീസ് സംഘമെത്തി.
വീടിന് മുന്നിലുണ്ടായിരുന്ന കാറില്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചതിന്റെ പാടുകളും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍, അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച കാര്യം സമ്മതിച്ചു. അപകടമുണ്ടായശേഷം കാര്‍ നിര്‍ത്താതെ പോയെന്നും പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ നവീനും മൃദുലയും തലയിടിച്ചു വീണാണ് മരണം സംഭവിച്ചത്. പിടിയിലായ വിഷ്ണുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
നവീന്‍ ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനിയറും, മൃദുല കിന്‍ഫ്രയിലെ ഐടി ജീവനക്കാരിയുമാണ്. തിരുവല്ലം ടോള്‍ പ്ലാസ് കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. മൃദുല അപകട സ്ഥലത്തുവച്ചു തന്നെ മരിച്ചു, നവീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പഠനകാലം മുതൽ ഇവർ സുഹൃത്തുക്കളായിരുന്നു.

Recent Comments