by Midhun HP News | Oct 19, 2024 | Latest News, കേരളം
തിരുവന്തപുരം: പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളുടെ പേരില്‍ വ്യാജ വെബ് സൈറ്റ് നിര്‍മ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാര്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കുന്നത്. ഈ വെബ്‌സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍ നല്‍കാമെന്ന് പ്രചരിപ്പിക്കുന്നത്.

വ്യാജ ബുക്കിങ് ഓഫറുകള്‍ അടങ്ങിയ പരസ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് അടുത്ത പടി. ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ വെബ്‌സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജവെബ്‌സൈറ്റിലൂടെ പണം അടച്ച് വാഹനം ബുക്ക് ചെയ്യുന്നതോടെ തുക നഷ്ടപ്പെടും. ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ തിരിച്ചറിയുന്നതിന് അവയുടെ വിലാസം സൂക്ഷ്മമായി പരിശോധിക്കണം. യഥാര്‍ഥ വെബ്‌സൈറ്റില്‍നിന്ന് ഒന്നോ രണ്ടോ അക്ഷരങ്ങള്‍ തെറ്റിച്ചാകും വ്യാജ വെബ്‌സൈറ്റുകളുടെ വിലാസം.

വളരെ കുറഞ്ഞ വിലയ്ക്ക് വാഹന ബുക്കിങ് വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചുമാത്രമേ ബുക്കിങ് നടപടികളുമായി മുന്നോട്ട് പോകാവൂ. ഇത്തരം തട്ടിപ്പ് ശ്രദ്ധയിപ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ അറിയിക്കുക
by Midhun HP News | Oct 19, 2024 | Latest News, കേരളം
ശബരിമല ദർശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തിൽ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വി ജോയിയുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശബരിമല മണ്ഡല – മകര വിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീര്‍ത്ഥാടനം സുമഗമമാക്കാനുമുള്ള നടപടികളുടെയും ഭാഗമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലും ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി യോഗങ്ങള്‍ ചേര്‍ന്ന് വിശദമായ ആസൂത്രണം നടത്തിയിരുന്നു.തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാവര്‍ക്കും സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ്, വനം, ആരോഗ്യം, പൊതുമരാമത്ത്, ഫയര്‍ ആൻഡ് റസ്ക്യൂ, ലീഗല്‍ മെട്രോളജി, ദുരന്തനിവാരണം, ഭക്ഷ്യ – പൊതുവിതരണം, ഇറിഗേഷന്‍, കെഎസ്‌ഇബി, കെഎസ്‌ആര്‍ടിസി, ബിഎസ്‌എന്‍എല്‍, വാട്ടര്‍ അതോറിട്ടി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകളും സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.
by Midhun HP News | Oct 18, 2024 | Latest News, കേരളം
കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന നാടക അവാർഡ് വിതരണത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ആറ്റിങ്ങൽ നഗര സഭയിൽ വൈസ് ചെയർമാൻ തുളസിധരൻ പിള്ള ഉദ്ഘാടനം ചെയ്തു സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ രമ്യ സുധീർ, ഗിരിജ ടീച്ചർ, ഷീജ, സൈജു രാജ്, ബിപിൻകാരേറ്റ്,സുചിത്ര , കടയ്ക്കാവൂർഅജയഘോഷ്, പ്രദീപ്, സുനിൽ മണമ്പൂർ ,റീജ തുടങ്ങിയവർ പങ്കെടുത്തു
by Midhun HP News | Oct 18, 2024 | Latest News, കേരളം
കൊച്ചി: എഡിഎം നവീന്‍ ബാബു മരിച്ച കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ആത്മഹത്യാ പ്രേരണാക്കുറ്റത്തില്‍ തലശേരി പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി നാളെ പരിഗണിക്കും.
തനിക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയത് ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജി. കേസില്‍ അറസ്റ്റിനുള്ള സാധ്യതയുണ്ട്. അതിനാല്‍ അറസ്റ്റ് തടയണമെന്നും ഹര്‍ജിയില്‍ ദിവ്യ ആവശ്യപ്പെടുന്നു. തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത് കണ്ണൂര്‍ കലക്ടറാണ്. കലക്ടറേറ്റില്‍ മറ്റൊരു പരിപാടിയില്‍ സംബന്ധിക്കുമ്പോഴാണ് കലക്ടര്‍ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത്. അവിടെയെത്തിയപ്പോള്‍ തന്നെ സംസാരിക്കാനായി ക്ഷണിച്ചതും കലക്ടറാണ്.
കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സംസാരിച്ചപ്പോള്‍ തനിക്ക് അറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞത്. അത് സദുദ്ദേശ്യത്തോടെയായിരുന്നു. ഏതെങ്കിലും തരത്തില്‍ ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള ഒരു പ്രേരണയും തന്റെ സംസാരത്തില്‍ ഉണ്ടായിരുന്നില്ല. ഒരു അഴിമതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുകമാത്രമാണ് താന്‍ ചെയ്തതെന്ന് ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.
കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ കേസ് എടുത്തത്. പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ദിവ്യയെ പ്രതി ചേര്‍ത്ത് ഇന്നലെ കോടതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.എഡിഎമ്മിന്റെ മരണം വിവാദമായതിന് പിന്നാലെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു സിപിഎം മാറ്റിയിരുന്നു.
by Midhun HP News | Oct 18, 2024 | Latest News, കേരളം
എറണാകുളത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വണ്ടി നമ്പർ തിരുത്തി ചുറ്റിക്കറങ്ങിയ കമിതാക്കളെ പൊക്കി ആർടിഒ. ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ പലയിടങ്ങളിലായി മോട്ടർ വാഹന വകുപ്പിന്റെ ക്യാമറകളിൽ 35 തവണയാണ് കമിതാക്കൾ കുടുങ്ങിയത്. ഇവരെ പിടികൂടിയ ആർടിഒ കമിതാക്കളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയായിരുന്നു. ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ 44,000 രൂപ പിഴ അടയ്ക്കാനും എൻഫോഴ്സ്മെന്റ് ആർടിഒ കെ. മനോജ് ഉത്തരവിട്ടു.സ്കൂട്ടറിന്റെ നാലക്ക നമ്പറിൽ അവസാനത്തെ അക്കം ചുരണ്ടിക്കളഞ്ഞ നിലയിലായിരുന്നു കമിതാക്കൾ എം വി ഡി യെ പറ്റിച്ചുകൊണ്ടിരുന്നത്. ശേഷിക്കുന്ന മൂന്ന് അക്കങ്ങളുള്ള ബൈക്കിന്റെ ഉടമയ്ക്കാണു നിരന്തരമായി നോട്ടിസ് എത്തിക്കൊണ്ടിരുന്നത്. ചെയ്യാത്ത കുറ്റത്തിനു തുടർച്ചയായി നോട്ടിസ് ലഭിച്ചതോടെ യാതഥാർത്ഥ ബൈക്ക് ഉടമ ആർടി ഓഫിസിലെത്തിയപ്പോഴാണ് സംഭവം പൊലീസിന് മനസിലാകുന്നത്.
9 വരെയുള്ള അക്കങ്ങൾ ചേർത്തു പരിശോധിച്ചപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് സ്കൂട്ടർ ഉടമയായ യുവതിയെ പൊലീസ് വിളിപ്പിക്കുകയായിരുന്നു. സംഭവം പൊലീസ് അറിഞ്ഞു എന്ന് വ്യക്തമായതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രണയിക്കുന്ന യുവാവുമായിട്ടായിരുന്നു ഇരുചക്ര വാഹനത്തിൽ കറക്കമെന്നും യുവതി പറഞ്ഞു.ജനുവരി മുതൽ ഈ മാസം പകുതി വരെയുള്ള കാലയളവിൽ എറണാകുളം ജില്ലയിലെ ഭൂരിഭാഗം വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇരുവരും വണ്ടി നമ്പർ മാറ്റി എത്തിയിരുന്നു. പിഴയായി തങ്ങളുടെ കൈവശമുണ്ടായിരുന്ന 5,000 രൂപ കമിതാക്കൾ അടച്ചു. ലൈസൻസിന്റെ ഒരു മാസത്തെ സസ്പെൻഷൻ കാലാവധി കഴിയും മുൻപു ശേഷിക്കുന്ന പിഴ അടയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്.
by Midhun HP News | Oct 18, 2024 | Latest News, കേരളം
കൊല്ലം: വയസ് 107 ആണ്. എങ്കിലും സംഗീതത്തിലെ ആവേശം ഒട്ടും ചോര്‍ന്നിട്ടില്ല കുഞ്ഞമ്മ ചാക്കോയ്ക്ക്. സ്വരശുദ്ധിയും ഹാര്‍മോണിയ പെട്ടിയുടെ ശബ്ദവും ഇപ്പോഴും നിറയുകയാണ് പൂയപ്പള്ളിയിലുള്ള വീട്ടില്‍.
ചാത്തന്നൂരിലെ ഒരു സാധാരണ ക്രിസ്ത്യന്‍ കുടുംബത്തിലാണ് കുഞ്ഞമ്മ ചാക്കോയുടെ ജനനം. എട്ട് വര്‍ഷം കര്‍ണാടക സംഗീതം അഭ്യസിച്ചു. അക്കാലത്ത് സാധാരണ പെണ്‍കുട്ടികള്‍ക്ക് സംഗീതം പഠിക്കുക എന്ന ആഗ്രഹം വളരെ കുറവായിരുന്നു. കുഞ്ഞമ്മയുടെ ആഗ്രഹത്തിന് കുടുംബം എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്നു. തുടര്‍ന്ന് അമ്മാവന്‍ കുഞ്ഞമ്മയെ സംഗീതം പഠിപ്പിക്കാന്‍ ഒരു ഭാഗവതരെ ഏര്‍പ്പാടാക്കി. സംഗീതം ഒരാളുടെ ചുണ്ടുകള്‍ ചലിപ്പിക്കുക മാത്രമല്ല, ദൈവത്തപ്പോലും പ്രീതിപ്പെടുത്തുന്ന തരത്തില്‍ സ്വരമാധുര്യമുള്ളതായിരിക്കണം. കുടുംബം നല്‍കിയ പിന്തുണ അത്രയേറെ വലുതാണെന്നു കുഞ്ഞമ്മ പറഞ്ഞു.
21 വയസുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു. കുടുംബം പോറ്റാന്‍ കുഞ്ഞമ്മ പിന്നീട് ചേര്‍ത്ത് പിടിച്ചത് സംഗീതത്തെയാണ്. പള്ളിപെരുന്നാളുകളിലും വിവാഹങ്ങളിലും പിറന്നാള്‍ ആഘോഷങ്ങളിലും ശവസംസ്‌കാര ചടങ്ങുകളിലുള്‍പ്പെടെ കുഞ്ഞമ്മയുടെ ശ്ബ്ദം പ്രിയപ്പെട്ടതായി.
പൂയപ്പള്ളിയിലെ മാര്‍ത്തോമ്മാ പള്ളിയുടെ ഗായക സംഘത്തിലെ അംഗം എന്ന നിലയിലും കുഞ്ഞമ്മ നാട്ടില്‍ അറിയപ്പെടുന്ന ഗായികയായി മാറി. ആയിരത്തിലധികം ചടങ്ങുകളിലും മറ്റ് ഇവന്റുകളിലും കുഞ്ഞമ്മ പാടി. അതും ഹാര്‍മോണിയത്തിന്റെ അകമ്പടിയില്‍. പ്രായാധിക്യത്തിലും പാടിക്കൊണ്ടിരിക്കാന്‍ തന്നെയാണ് കുഞ്ഞമ്മയ്ക്ക് ഏറെയിഷ്ടം.
ആരോഗ്യം വഷളാവുകയും കാഴ്ച മങ്ങുകയും ചെയ്തിട്ടും കുഞ്ഞമ്മ എല്ലാ ദിവസവും പാടുന്നുണ്ട്. ജീവന്‍ നിലനിര്‍ത്തുന്നത് തന്നെ സംഗീതത്തിന്റെ ശക്തിയാണെന്ന് കുഞ്ഞമ്മ പറയും. കുഞ്ഞമ്മ പാടുക മാത്രമല്ല, സ്വന്തം വരികള്‍ രചിച്ച് സംഗീതം നല്‍കുക കൂടി ചെയ്യുമായിരുന്നുവെന്ന് മകള്‍ ലില്ലിക്കുട്ടിയും പറയുന്നു.
Recent Comments