കൊട്ടാരക്കരയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി

കൊട്ടാരക്കരയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി

കൊട്ടാരക്കര: തൃക്കണ്ണമംഗലില്‍ അച്ഛനെ കൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കണ്ണമംഗല്‍ അജിത് നിലയത്തില്‍ തങ്കപ്പന്‍ ആചാരി(82) ആണ് കൊല്ലപ്പെട്ടത്. മകന്‍ അജിത്ത്(45)നെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. താന്‍ അച്ഛനെ കൊലപ്പെടുത്തിയതായി അജിത്ത് സുഹൃത്തിനെ ഫോണില്‍ അറിയിക്കുകയായിരുന്നു.

പോലീസെത്തി പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ കഴുത്തില്‍ തോര്‍ത്ത് മുറുകി മരിച്ച നിലയില്‍ തങ്കപ്പന്‍ ആചാരിയെ കണ്ടെത്തിയത്. സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ തിണ്ണയില്‍ മദ്യലഹരിയില്‍ കിടന്നിരുന്ന അജിത്തിനെ പോലീസ് പിടികൂടുകയായിരുന്നു. വിരമിച്ച അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥനായിരുന്നു തങ്കപ്പന്‍ ആചാരി.

അജിത്തും തങ്കപ്പനാചാരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.സ്ഥിരം മദ്യപാനിയാണ് അജിത്. മദ്യപിച്ച് അച്ഛനും മകനും രാത്രി തര്‍ക്കമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ശേഷം ആയുധം ഉപയോഗിച്ച് ആക്രമിക്കുകയുമുണ്ടായി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ പരിശോധന നടത്തുകയാണ്. വിവാഹമോചിതനായ അജിത്തും മകനും ഒരുമിച്ചാണ് താമസിച്ചിരുന്നത്.

വയനാട്: കേരളത്തിന് 782 കോടി നല്‍കി, സ്‌പെഷല്‍ ഫണ്ട് പരിഗണനയിലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

വയനാട്: കേരളത്തിന് 782 കോടി നല്‍കി, സ്‌പെഷല്‍ ഫണ്ട് പരിഗണനയിലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രത്യേക ഫണ്ട് അനുവദിക്കുന്നതില്‍ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുമ്പോഴാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ബാങ്ക് വായ്പകളുടെ കാര്യത്തില്‍ സര്‍ക്കുലര്‍ ഇറക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിനോട് കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് എവിടെയെല്ലാം കേന്ദ്രഫണ്ട് ഉപയോഗിച്ചു എന്നറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദേശം നല്‍കി.

വയനാട് പുനരധിവാസത്തില്‍ കേന്ദ്രസഹായം വേണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വയനാടിനായി പ്രത്യേക സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അപ്പോള്‍ വയനാടിന് ഫണ്ട് അനുവദിക്കുന്നതില്‍ കാലതാമസമില്ല. മറിച്ച് ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി.

പിഎം റിലീഫ് ഫണ്ട് വയനാട് ജില്ലാ കലക്ടര്‍ വഴി നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ, ഇതിനോടകം വിവിധ ഘട്ടങ്ങളിലായി 782 കോടി രൂപ ദുരന്തങ്ങള്‍ നേരിടാനായി കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട് എന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ കേന്ദ്രം നല്‍കിയത് വാര്‍ഷിക ദുരിതാശ്വാസ സഹായമാണെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടി. അപ്പോള്‍ ഈ തുക ഏതൊക്കെ പദ്ധതികളിലായി, എവിടെയൊക്കെ ചെലവഴിച്ചു എന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

വയനാട് ദുരന്തത്തില്‍ മരിച്ചവരും സ്ഥലം നഷ്ടപ്പെട്ടവരുമായ ഇരകളെല്ലാം കര്‍ഷകരാണെന്ന കാര്യം വിസ്മരിക്കാനാവില്ലെന്ന് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ശ്യാം കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാല്‍ കേന്ദ്രഫണ്ട് ചെലവഴിച്ചതില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തില്‍ കേരളത്തിന് നിങ്ങള്‍ എന്തു സഹായം ചെയ്യുമെന്ന് അറിയിക്കണമെന്ന് കഴിഞ്ഞ തവണ ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വീട് നിർമിച്ച് നൽകി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വീട് നിർമിച്ച് നൽകി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയൂ) കിളിമാനൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ കുന്നുമ്മേൽ പുഷ്പമിത്രനും കുടുംബത്തിനുമായി 10 ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച വീടിന്റെ താക്കോൽ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ കുടുംബത്തിന് കൈമാറി. ബ്ലോക്ക്‌ പ്രസിഡന്റ്‌ ആർ. ശ്രീധരൻ നായർ അധ്യക്ഷൻ ആയി. ബ്ലോക്ക്‌ സെക്രട്ടറി.കെ. എം. മോഹനചന്ദ്രൻ സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക, കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി. പി. മുരളി, ജില്ലാ പഞ്ചായത്ത് അംഗം ജി. ജി. ഗിരികൃഷ്ണൻ, പഴയകുമ്മേൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. സലിൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എൻ. സരളമ്മ, സംസ്ഥാന ട്രഷറർ കെ. സദാശിവൻ നായർ, സംസ്ഥാന സെക്രട്ടറി വി. ജയ്സിംഗ്, ജില്ലാ പ്രസിഡന്റ്‌ കെ. തങ്കപ്പൻ നായർ, ജില്ലാ സെക്രട്ടറി ജി. അജയൻ, എൻ. രാധ, ബി. സുമംഗല, പുഷ്പമിത്രൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി എസ്. അശോകൻ നന്ദി രേഖപെടുത്തി.

പാലക്കാട് ഇടത് സ്വതന്ത്രൻ; പി സരിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്?

പാലക്കാട് ഇടത് സ്വതന്ത്രൻ; പി സരിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്?

പാലക്കാട്: കോൺ​ഗ്രസ് പാർട്ടി വിട്ട ഡോ. പി സരിനെ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി സിപിഎം ഇന്ന് പ്രഖ്യാപിച്ചേക്കും. വിഷയത്തിൽ തീരുമാനമെടുക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് യോ​ഗം ചേരും. രാവിലെ പത്ത് മണിക്കാണ് സെക്രട്ടേറിയറ്റ് യോ​ഗം. യോ​ഗത്തിലെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ഇതിനു ശേഷമായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം.

സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെയാണ് സരിൻ കോൺ​ഗ്രസ് വിട്ടത്. പിന്നാലെ പാലക്കാട് മണ്ഡലം ചുമതലയുള്ള എൻഎൻ കൃഷ്ണദാസ്, സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ സരിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതിനിടെ പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണത്തിനു തുടക്കമിട്ടു. ഇന്നലെ മണ്ഡലത്തിലെത്തിയ രാ​ഹുലിനെ പ്രവർത്തകർ സ്വീകരിച്ചു. പിന്നാലെ തുറന്ന ജീപ്പിൽ റോഡ് ഷോയും നടത്തി.

ബിജെപി സ്ഥാനാർഥിയേയും ഉടൻ പ്രഖ്യാപിച്ചേക്കും. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ ഇന്ന് ജില്ലയിൽ എത്തും.

പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കിയതില്‍ വീഴ്ചയില്ല; നവീന്‍ ബാബുവിന് കലക്ടറുടെ ക്ലീന്‍ചിറ്റ്

പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കിയതില്‍ വീഴ്ചയില്ല; നവീന്‍ ബാബുവിന് കലക്ടറുടെ ക്ലീന്‍ചിറ്റ്

കണ്ണൂര്‍: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിന്റെ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു ഫയല്‍ അകാരണമായി വൈകിപ്പിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. യാത്രയയപ്പ് സമ്മേളനത്തിന്റെ പിറ്റേന്ന് നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറോട് റവന്യൂമന്ത്രി കെ രാജന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് നവീന്‍ ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്.

പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയില്ല. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു ഫയല്‍ അകാരണമായി വൈകിപ്പിച്ചിട്ടില്ലെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രശാന്തിന്റെ അപേക്ഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ സ്വാഭാവിക സമയം മാത്രമാണ് നവീന്‍ ബാബു എടുത്തത്. ഏറ്റവും വിവാദമായി ഉയര്‍ന്നുവന്ന വിഷയം പെട്രോള്‍ പമ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തെ ഭൂമിയുടെ ചരിവാണ്. ഇത് ഒരു പ്രശ്‌നമായി ജില്ലാ പൊലീസ് മേധാവി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആ ഭൂമിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ സംരംഭം തുടങ്ങാവുന്നതാണെന്ന് കാണിച്ച് ടൗണ്‍ പ്ലാനര്‍ റിപ്പോര്‍ട്ട് നല്‍കി. ടൗണ്‍ പ്ലാനറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആറു ദിവസം കൊണ്ട് നവീന്‍ ബാബു ഫയല്‍ തീര്‍പ്പാക്കിയെന്നാണ് റിപ്പോര്‍ട്ടിലെ ജില്ലാ കലക്ടറുടെ കണ്ടെത്തല്‍.

അട്ടിമറി, ഓസീസ് എന്ന ‘വന്‍ മരം’ വീണു! വനിതാ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ഫൈനലില്‍

അട്ടിമറി, ഓസീസ് എന്ന ‘വന്‍ മരം’ വീണു! വനിതാ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ഫൈനലില്‍

ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ വമ്പന്‍ അട്ടിമറി. നിലവിലെ ചാംപ്യന്‍മാരും എട്ട് അധ്യായങ്ങളില്‍ ആറിലും കിരീടം സ്വന്തമാക്കിയവരുമായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. ഹാട്രിക്ക് കിരീട നേട്ടത്തിന്റെ പകിട്ടില്‍ എത്തിയ ഓസീസിനെ നിലംപരിശാക്കി ദക്ഷിണാഫ്രിക്ക ഫൈനല്‍ കണ്ടു. തുടരെ രണ്ടാം വട്ടമാണ് അവര്‍ കലാശപ്പോരിനെത്തുന്നത്.

16 പന്തുകള്‍ ശേഷിക്കേ 8 വിക്കറ്റിന്റെ അനായാസ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ദക്ഷിണാഫ്രിക്ക 17.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 135 റണ്‍സെടുത്ത് വിജയവും ഫൈനല്‍ ബര്‍ത്തും ഉറപ്പിച്ചു.

കഴിഞ്ഞ തവണ ഫൈനലില്‍ ഓസീസിനോടു പരാജയപ്പെട്ടാണ് അവര്‍ക്ക് കിരീടം നഷ്ടമായത്. ഇത്തവണ അതിനു പകരം ചോദിച്ചാണ് ഫൈനല്‍ പ്രവേശം. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ വെസ്റ്റ് ഇന്‍ഡീസ്-ന്യൂസിലന്‍ഡ് പോരാട്ടം. ഇതിലെ വിജയികളാണ് പ്രോട്ടീസ് വനിതകളുടെ ഫൈനല്‍ പോരിലെ എതിരാളികള്‍.

48 പന്തുകള്‍ നേരിട്ട് 8 ഫോറും 1 സിക്‌സും സഹിതം 74 റണ്‍സ് വാരി പുറത്താകാതെ നിന്ന അന്നകി ബോഷിന്റെ കിടിലന്‍ ബാറ്റിങാണ് പ്രോട്ടീസ് ജയം അനായാസമാക്കിയത്.

ഓപ്പണറും ക്യാപ്റ്റനുമായ ലൗറ വോള്‍വാര്‍ട് 37 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സെടുത്തു ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ലൗറയും സഹ ഓപ്പണര്‍ ടസ്മിന്‍ ബ്രിറ്റ്‌സും (15) മാത്രമാണ് പുറത്തായത്. അന്നകിക്കൊപ്പം ക്ലോ േ്രട്യാണ്‍ (1) പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായ രണ്ട് വിക്കറ്റുകളും അന്നബല്‍ സതര്‍ലാന്‍ഡ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കായി ബെത് മൂണിയാണ് ടോപ് സ്‌കോററായത്. താരം 44 റണ്‍സെടുത്തു. 23 പന്തില്‍ 31 റണ്‍സെടുത്ത എല്ലിസ് പെറിയാണ് തിളങ്ങിയ മറ്റൊരാള്‍. ക്യാപ്റ്റന്‍ തഹ്‌ലിയ മഗ്രാത്ത് 27 റണ്‍സ് കണ്ടെത്തി.

ദക്ഷിണാഫ്രിക്കക്കായി അയബോംഗ ഖക 2 വിക്കറ്റുകള്‍ സ്വന്തമാക്കി. മരിസന്‍ കാപ്, നോന്‍കുലുലേക മ്ലാബ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.